ADVERTISEMENT

പത്മഭൂഷന്‍ പുരസ്‌കാരത്തിന് ഇത്തവണയും മമ്മൂട്ടി പരിഗണിക്കപ്പെടാതെ പോയതിന്റെ പശ്ചാത്തലത്തില്‍, മുന്‍കാല പുരസ്‌കാര നിര്‍ണയങ്ങള്‍ക്കു പിന്നിലെ വിചിത്ര മാനദണ്ഡങ്ങളിലൂടെ ഒരു സഞ്ചാരം. റിപ്പബ്ലിക്ക് ദിനത്തില്‍ വിടര്‍ന്ന പത്മപുരസ്‌കാരങ്ങളുടെ കൂട്ടത്തില്‍ ഒരു താമര മാത്രം കാണാതായത് മലയാളികളില്‍ ചിലരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. അതിനു പിന്നിലെ രാഷ്ട്രീയം ഇവിടെ ചര്‍ച്ച ചെയ്യേണ്ടതില്ല. എന്നാല്‍ മമ്മൂട്ടി എന്ന നടന് പത്മഭൂഷണ്‍ ലഭിക്കാത്തതിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അടക്കമുളളവര്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു രംഗത്തു വരികയുണ്ടായി.

ഒരു സാധാരണ മലയാളിയോട് ഇക്കാര്യത്തില്‍ അഭിപ്രായം ചോദിച്ചാല്‍ ഒട്ടും ആലോചിക്കാതെ ലഭിക്കുന്ന മറുപടി ഇങ്ങനെയാവും: ‘അത് പണ്ടേ മൂപ്പര്‍ക്കു കിട്ടേണ്ടതായിരുന്നു.’

പണ്ടും ഇന്നും അത് കിട്ടിയില്ല എന്നതാണ് വാസ്തവം. എന്നാല്‍ മമ്മൂട്ടി അത് അര്‍ഹിക്കുന്നു എന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ ശത്രുക്കള്‍ക്കു പോലും അഭിപ്രായവ്യത്യാസം ഉണ്ടാവാനിടയില്ലെന്നതാണ് സത്യം.

എത്രയോ ദശകങ്ങള്‍ക്കു മുന്‍പ് അദ്ദേഹത്തിന് ലഭിക്കേണ്ടിയിരുന്ന ഒരു അംഗീകാരമായിരുന്നു എന്നതിലും സംശയമില്ല. എന്നാല്‍ പത്മഭൂഷണ്‍ ലഭിച്ചില്ലെന്നു കരുതി മാറ്റു കുറയുന്നതല്ല അദ്ദേഹത്തിന്റെ മഹത്വം. യഥാർഥത്തില്‍ പത്മപുരസ്‌കാരങ്ങള്‍ക്കപ്പുറം വളര്‍ന്ന മഹാനടന്‍ തന്നെയാണ് അദ്ദേഹമെന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാം.

ഭ്രമയുഗം സിനിമയിൽ മമ്മൂട്ടി
ഭ്രമയുഗം സിനിമയിൽ മമ്മൂട്ടി

യഥാർഥത്തില്‍ പലരും പറയും പോലെ, പുരസ്‌കാരങ്ങളാണോ ഒരു കലാകാരന്റെ മികവിന്റെ മാനദണ്ഡം? ശരാശരിക്കാര്‍ വലിയ അംഗീകാരങ്ങള്‍ നേടുമ്പോള്‍ മഹാപ്രതിഭകള്‍ നോക്കുകുത്തികളായി നില്‍ക്കേണ്ടി വരുന്ന മലയാള സിനിമയുടെ ഗതികേടിന് ദശകങ്ങളോളം പഴക്കമുണ്ട്.

മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ പ്രതിഭയായ കെ.ജി.ജോര്‍ജാണ് തന്റെ റോള്‍ മോഡലെന്നും ലോകത്തിലെ തന്നെ ഏറ്റവും മികച്ച 5 സംവിധായകരുടെ പട്ടികയില്‍ താന്‍ ജോര്‍ജ് സാറിന്റെ പേരും ഉള്‍പ്പെടുത്തുമെന്നും പറഞ്ഞത് സാക്ഷാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ്. ദിലീഷ് പോത്തന്‍ അടക്കം മലയാള സിനിമയില്‍ ഭാവുകത്വപരമായ വ്യതിയാനങ്ങള്‍ കൊണ്ടു വന്ന പ്രതിഭാധനര്‍ ഒന്നടങ്കം കെ.ജി.ജോര്‍ജിനെ ഒരേ സ്വരത്തില്‍ വാഴ്ത്തുന്നു. തൊട്ടുപിന്നിലായി ഇവരുടെ പട്ടികയില്‍ ഭരതനും പത്മരാജനുമുണ്ട്. ഇവര്‍ രണ്ടുപേരും ദേശീയ തലത്തില്‍ മികച്ച സംവിധായകനുളള പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടില്ല. തൂവാനത്തുമ്പികള്‍, പെരുവഴിയമ്പലം, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ഒരിടത്തൊരു ഫയല്‍വാന്‍, കളളന്‍ പവിത്രന്‍ തുടങ്ങിയ കള്‍ട്ട് ക്ലാസിക്കുകള്‍ ഒരുക്കിയ പത്മരാജന് സംസ്ഥാന തലത്തില്‍ പോലും മികച്ച സംവിധായകനുളള പുരസ്‌കാരം ലഭിച്ചില്ല.

ദേശീയ പുരസ്‌കാരത്തിന് മറ്റാരേക്കാളും അര്‍ഹതയുണ്ടായിരുന്ന ഭരതന്റെ സിനിമകള്‍ ഇന്നും ആദരിക്കപ്പെടുന്നു. ആസ്വദിക്കപ്പെടുന്നു. ഇതൊന്നും കാണാന്‍ അവാര്‍ഡ് കമ്മിറ്റികള്‍ക്കു കണ്ണില്ലാതെ പോയെന്നു മാത്രം.

ഉര്‍വശി ലഭിക്കാത്ത ഉര്‍വശി

ഒരാളുടെ അഭിനയശേഷി എങ്ങനെയാണ് നാം വിലയിരുത്തുക? അഭിനയിക്കുകയാണെന്ന് തോന്നാത്തവിധം സ്വാഭാവികമായി പെരുമാറുകയും കഥാപാത്രമായി മാറുകയും ക്ലീഷേ ഭാഷയില്‍ പറഞ്ഞാല്‍, താദാത്മ്യം പ്രാപിക്കുകയും ചെയ്യുമ്പോഴാണെന്ന് വേണമെങ്കില്‍ പറയാം. ആ അർഥത്തില്‍ പറഞ്ഞാല്‍ സ്വാഭാവിക അഭിനയത്തിന്റെ എക്കാലത്തെയും മികച്ച മാതൃകകളായിരുന്നു ശങ്കരാടിയും അടൂര്‍ ഭവാനിയും ഒടുവില്‍ ഉണ്ണികൃഷ്ണനുമെല്ലാം. ഇവര്‍ മൂന്നുപേരും ഒരു ഘട്ടത്തിലും ദേശീയ പുരസ്‌കാര സമിതിയുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.

urvashi
ഉർവശി

ഭരത് അവാര്‍ഡിന് പരിഗണിക്കാവുന്ന എത്രയോ കഥാപാത്രങ്ങള്‍ എത്രയോ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ചെയ്ത് വിസ്മയിപ്പിച്ച നെടുമുടി വേണു ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വൈവിധ്യമുളള അഭിനേതാക്കളില്‍ ഒരാളായിരുന്നു. ഭരത് അവാര്‍ഡും പത്മശ്രീയുമൊന്നും അദ്ദേഹത്തിന് മുന്നിലും വിടര്‍ന്നില്ല.

നെടുമുടിയുടെ അധികമാരും ചര്‍ച്ച ചെയ്യപ്പെടാതെ പോയ രണ്ടു കഥാപാത്രങ്ങളുണ്ട്. ഭാഗ്യദേവതയിലെ ടൂറിസ്റ്റ് ഗൈഡും ധനത്തിലെ പൊലീസുകാരനും. ഗൈഡ് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ തനി തരികിടയാണ്. തട്ടിപ്പുകാരനായ ഒരു മനുഷ്യനെ അയാളുടെ എല്ലാ കളളത്തരങ്ങളും നൂറുശതമാനം പ്രതിഫലിപ്പിക്കുന്ന ഭാവഹാവാദികളിലൂടെ അഭിനയകലയുടെ ഉയരങ്ങളിലേക്ക് നടന്നു കയറുകയായിരുന്നു ഈ നടന്‍. ധനത്തിലെ വെറിയനും സ്ത്രീലമ്പടനുമായ പൊലീസുകാരന് ആരും വെറുക്കുന്ന മനുഷ്യന്‍ എന്ന് തോന്നിപ്പിക്കും വിധം വേണു ജീവന്‍ പകര്‍ന്നു.

അദ്ദേഹത്തിന്റെ മറ്റ് പ്രഖ്യാതമായ പല കഥാപാത്രങ്ങളെപ്പറ്റിയും ഇവിടെ ചര്‍ച്ച ചെയ്യേണ്ടതില്ല. അതൊക്കെ മലയാളികള്‍ക്ക് പകല്‍വെളിച്ചം പോലെ പരിചിതം. തിലകന്‍ പലകുറി അവസാന റൗണ്ടിലെത്തിയെന്ന് മാധ്യമങ്ങള്‍ പറഞ്ഞെങ്കിലും മരണം വരെ അദ്ദേഹം ഭരത് തിലകനായില്ല. എന്നാല്‍ സുരേഷ് ഗോപിക്കും ബാലചന്ദ്രമേനോനും ഭരത് അവാര്‍ഡും പത്മശ്രീയും ലഭിക്കുകയുണ്ടായി. ഇവരാരും മോശം നടന്‍മാരല്ല. എന്നാല്‍ തിലകനെ പോലൊരാളെ അവഗണിച്ച വിധി നിര്‍ണയ സമിതികളുടെ നിലപാടാണ് നാം ചര്‍ച്ച ചെയ്യേണ്ടത്.

അഭിനയകലയുടെ അവസാന വാക്കെന്ന് പ്രേക്ഷകര്‍ വിലയിരുത്തിയ പല മഹാപ്രതിഭകളും നിര്‍ഭാഗ്യവശാല്‍ ജൂറിയുടെ കണ്ണില്‍പെടാതെ പോയി. സുരാജ് വെഞ്ഞാറമൂട് മികച്ച നടനാണെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. നിരവധി സിനിമകളിലൂടെ അദ്ദേഹം അത് ആവര്‍ത്തിച്ച് തെളിയിച്ചിട്ടുമുണ്ട്. സലിംകുമാറും മോശം നടനല്ല. എന്നാല്‍ ഒരു പ്രത്യേക ശൈലിയുടെ തടവുകാരനായ അദ്ദേഹം എത്രത്തോളം വൈവിധ്യം കൊണ്ടു വന്നിട്ടുണ്ട് എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട അദ്ദേഹം അടക്കം പല അഭിനേതാക്കളും ഒരു പ്രത്യേക വര്‍ഷം കമ്മിറ്റിയുടെ മുന്നില്‍ വന്ന സിനിമകളില്‍നിന്ന്, താരതമ്യേന മികച്ചതെന്നു തോന്നിയ പ്രകടനം എന്ന നിലയില്‍ ലഭിച്ച അംഗീകാരത്തിന്റെ ഗുണഭോക്താക്കളാണ്.

monisha
മോനിഷ

നെടുമുടി വേണുവിനെ പോലൊരു നടനുമായി ഇവരാരും താരതമ്യം പോലും അര്‍ഹിക്കുന്നില്ല എന്നതാണ് വസ്തുത. ‘നഖക്ഷതങ്ങള്‍’ എന്ന സിനിമയിലൂടെ മോനിഷ ഉര്‍വശി അവാര്‍ഡ് നേടിയ വര്‍ഷം കമ്മിറ്റിക്കു മുന്നില്‍ പരിഗണനയ്ക്ക് വന്ന രണ്ട് നടികളാണ് ഗീതയും (പഞ്ചാഗ്നി) സലീമയും (നഖക്ഷതങ്ങള്‍). ആരണ്യകത്തിലും മറ്റും അനന്യമായ അഭിനയപാടവം കൊണ്ട് വിസ്മയിപ്പിച്ച സലീമ നഖക്ഷതങ്ങളിലും മോനിഷയേക്കാള്‍ മികവാര്‍ന്ന തലത്തില്‍ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു. പഞ്ചാഗ്നിയിലെ ഗീതയുടെ പ്രകടനം ഇവരെക്കാളൊക്കെ പതിന്‍മടങ്ങ് ഉയരത്തിലായിരുന്നു. എന്നാല്‍ അവാര്‍ഡ് കമ്മിറ്റിയുടെ കാഴ്ചപപ്പാടില്‍ എന്തുകൊണ്ടോ അവര്‍ മികച്ച നടിയായില്ല.

മലയാള സിനിമാ ചരിത്രത്തില്‍ അഭിനയത്തികവിന്റെ പേരില്‍ അനന്യമായ സ്ഥാനം നേടിയ രണ്ട് പ്രതിഭകളാണ് കെപിഎസി ലളിതയും ഉള്‍വശിയുമെന്നത് വ്യാപകമായി അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എന്നാല്‍ മോനിഷയ്ക്കും മറ്റും ലഭിച്ച ഉര്‍വശി അവാര്‍ഡ് അവര്‍ക്കു ലഭിച്ചില്ല. മലയാള സിനിമയില്‍ ഉര്‍വശിക്കു ശേഷം അഭിനയത്തികവിന്റെ അവസാന വാക്കായി പരിഗണിക്കപ്പെടുന്ന മഞ്ജു വാര്യര്‍ ഉർവശി പുരസ്‌കാരങ്ങള്‍ക്ക് അപ്പുറത്തായതു കൊണ്ടാവാം ‘നിര്‍ഭാഗ്യവശാല്‍ ആ അംഗീകാരം നല്‍കി ആരും അവരെ പരിമിതപ്പെടുത്തിയിട്ടില്ല!’

പെരുന്തച്ചനിലും മൂന്നാംപക്കത്തിലും അതുല്യമായ അഭിനയം കാഴ്ചവച്ച തിലകനും പുരസ്കാര നിർണയത്തിന്റെ അവസാനഘട്ടത്തിലെത്തിയ വര്‍ഷങ്ങളില്‍ ശരാശരി നടന്‍മാര്‍ക്ക്  വഴിമാറി കൊടുക്കേണ്ടി വന്നു.

ചിരഞ്ജീവിക്ക് ലഭിച്ച പത്മഭൂഷണും പത്മവിഭൂഷണും മമ്മൂട്ടിക്കു ലഭിക്കാതെ പോയതു പോലെ ഒരു വൈരുധ്യമോ ചരിത്രത്തിലെ ഫലിതമോ ആയി ഇത്തരം തീരുമാനങ്ങളെ കണക്കാക്കേണ്ടി വരും.

തിരിച്ചറിയപ്പെടാത്ത നടനവെഭവം

മികച്ച സംവിധായകനുളള ദേശീയ പുരസ്‌കാരപ്പട്ടികയില്‍ ഒരിക്കല്‍ പോലും പരിഗണിക്കപ്പെടാതിരുന്ന സംവിധായകനാണ് സിബി മലയില്‍. കിരീടം, ഭരതം, തനിയാവര്‍ത്തനം എന്നീ സിനിമകളില്‍ ഏതെങ്കിലും ഒന്നിന്റെ പേരില്‍ അംഗീകാരം ലഭിക്കാന്‍ യോഗ്യതയുണ്ടായിരുന്നു അദ്ദേഹത്തിനെന്ന വസുതുത സാമാന്യ ചലച്ചിത്രബോധമുളളവര്‍ക്ക് പോലും അറിയാം. കിരീടത്തിലെയും ഭരതത്തിലെയും നായകനടനായ മോഹന്‍ലാലിനെ രണ്ടു തവണ ദേശീയ പുരസ്‌കാരത്തിനു തിരഞ്ഞെടുത്തെങ്കിലും പുരസ്കാര നിർ‌ണയസമിതികൾ സംവിധാന മികവു കണ്ടില്ലെന്ന് നടിച്ചു.

sethumadhavan-kireedam
മോഹൻലാൽ

കിരീടത്തിലെ പ്രകടനത്തിന് മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം എന്ന പ്രോത്സാഹന സമ്മാനമാണ് ദേശീയ അവാര്‍ഡ് കമ്മിറ്റി നല്‍കിയത്.അതിഭാവുകത്വത്തിലേക്ക് വഴിതിരിഞ്ഞു പോകാവുന്ന കഥാസന്ദര്‍ഭങ്ങളെ മിതത്വമാര്‍ന്ന ഭാവ ഹാവാദികളിലൂടെയും നിയന്ത്രിത വൈകാരികതയിലൂടെയും പ്രകാശിപ്പിക്കുന്ന മോഹന്‍ലാല്‍ സമാനതകളില്ലാത്ത നടനവിസ്മയമാണ്. ലോകസിനിമയിലെ തന്നെ മികച്ച അഭിനേതാക്കളുടെ പട്ടികയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.

കിരീടത്തില്‍, തന്റെ കൈപ്പിടിയില്‍ നില്‍ക്കാത്ത സാഹചര്യങ്ങള്‍ അനിവാര്യമായ ദുരന്തങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുമ്പോള്‍ സമൂഹത്തിനും കുടുംബത്തിനും തൃപ്തികരമായ ഒരു ഉത്തരം നല്‍കാന്‍ കഴിയാതെ വിഷമിക്കുന്ന മനുഷ്യന്റെ നിസ്സഹായത ലാല്‍ അവതരിപ്പിക്കുന്നത് അദ്ഭുതാദരങ്ങളോടെയേ നോക്കിക്കാണാന്‍ സാധിക്കൂ.

മനസ്സില്‍ പക ചുരമാന്തുന്ന ഒരുവന്റെ മുഖത്ത് പ്രതിഫലിക്കുന്ന ഭാവഭദ്രത ഉറപ്പിക്കാന്‍ ലാല്‍ എന്തോ ചവയ്ക്കുന്ന ഒരു സീനുണ്ട്. ക്ലൈമാക്‌സില്‍ കീരിക്കാടനെ വീഴ്ത്തിയ ശേഷമുളള സീനിലാണ് അപുര്‍വങ്ങളില്‍ അപൂര്‍വമായ ഈ ഭാവം. ഇതൊക്കെ ഒരു പ്രോത്സാഹന സമ്മാനത്തിനപ്പുറം നില്‍ക്കുന്ന നടനവിസ്മയമാണെന്നത് അവാര്‍ഡ് കമ്മിറ്റികള്‍ തിരിച്ചറിഞ്ഞില്ല.

ഈ സിനിമ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടപ്പോള്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച നടന്‍മാര്‍ പറഞ്ഞ പരാതി, ഞങ്ങള്‍ക്ക് ആര്‍ക്കും മോഹന്‍ലാല്‍ ചെയ്തതിന്റെ നൂറിലൊരംശം ചെയ്ത് ഫലിപ്പിക്കാന്‍ കഴിയുന്നില്ല എന്നതാണ്.

സംവിധാനകലയുടെ മര്‍മം

കിരീടവും ഭരതവും തനിയാവര്‍ത്തനവും ദേശീയ തലത്തില്‍ മാത്രമല്ല സംസ്ഥാന തലത്തിലും സിബി മലയിലിനെ പുരസ്‌കൃതനാക്കിയില്ല. പകരം, ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സാന്ത്വന സമ്മാനം പോലെ അദ്ദേഹത്തിന് പുരസ്‌കാരം നല്‍കിയ സിനിമയുടെ പേര് എന്റെ വീട് അപ്പൂന്റേം. അത് പ്രമേയപരമായി വേറിട്ട സിനിമയായിരുന്നെങ്കിലും സിബി മലയിലിന്റെ മുന്‍കാല ചിത്രങ്ങളുടെ ഔന്നത്യം അതിനുണ്ടായിരുന്നില്ല.

എംടിയുടെ തിരക്കഥയില്‍ ആരൂഢം, അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം എന്നിങ്ങനെ എണ്ണം പറഞ്ഞ സിനിമകള്‍ ഒരുക്കിയ ഐ.വി.ശശിക്ക് വര്‍ഷങ്ങള്‍ക്കു ശേഷം മൃഗയ എന്ന സിനിമയിലൂടെയാണ് പുരസ്‌കാരം ലഭിച്ചത്. 

തനിയാവര്‍ത്തനം ലോഹിതദാസിന് മികച്ച കഥാകൃത്തിനുളള സംസ്ഥാന പുരസ്‌കാരമാണ് നേടിക്കൊടുത്തത്. അവിടെയും തിരക്കഥ അവഗണിക്കപ്പെട്ടു. എം.ടിയുടെ അമൃതം ഗമയ ആ വര്‍ഷം മികച്ച തിരക്കഥയായി. ഘടനാപരമായും പരിചരണരീതിയിലും കൃത്യതയിലും ധ്വനിഭംഗിയിലും ആഴം കൊണ്ടും അമൃതം ഗമയയേക്കാള്‍ ഒട്ടും താഴെയായിരുന്നില്ല തനിയാവര്‍ത്തനം എന്നത് ജൂറി ഗൗരവപൂര്‍വം പരിഗണിച്ചില്ല.

siby-malayil
സിബി മലയിൽ

ന്യൂജനറേഷന്‍ തരംഗത്തിലും വാഴ്ത്തപ്പെടുന്ന ചലച്ചിത്രകാരനാണ് പത്മരാജന്‍. 36 സിനികള്‍ രചിച്ച അദ്ദേഹം സംസ്ഥാന തലത്തില്‍ മികച്ച തിരക്കഥാകൃത്താകാന്‍ കാണാമറയത്ത് വരെ കാത്തിരിക്കേണ്ടി വന്നു. ദേശീയ തലത്തില്‍ അത്തരമൊരു പുരസ്‌കാരപ്പട്ടികയിലേക്ക് അദ്ദേഹം ഒരിക്കലും കടന്നു വന്നില്ല.മികച്ച സംവിധായകന്‍ എന്ന നിലയിലും പുരസ്കാര സമിതികൾ അദ്ദേഹത്തെ പരിഗണിച്ചില്ല. എന്നാല്‍ പത്മരാജന്റെ സിനിമകള്‍ നാല് പതിറ്റാണ്ടിന് ശേഷവും പുതുമയാര്‍ന്ന അനുഭവങ്ങളായി തുടരുന്നു.

സാഹിത്യസേവനങ്ങള്‍ കൂടി കണക്കിലെടുത്താല്‍ മരണാനന്തരം പോലും ഒരു പത്മശ്രീക്കോ പത്മഭൂഷണോ അര്‍ഹനാണ് അദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന്റെ കണ്ടെത്തലായ നടന്‍ ജയറാം തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ പത്മശ്രീ നേടുകയുണ്ടായി. 

ഹരിഹരന്‍ ഒരു വെണ്‍ടൈം വണ്ടറല്ല. ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്നി, പഴശ്ശിരാജ, ആരണ്യകം, സര്‍ഗം എന്നിങ്ങനെ നിരവധി സിനിമകളിലൂടെ സംവിധാന മികവ് തെളിയിച്ച അദ്ദേഹത്തെ ദേശീയ അവാര്‍ഡ് കമ്മിറ്റികളോ പത്മപുരസ്‌കാരങ്ങളോ നാളിതുവരെ കണ്ടിട്ടില്ല. സംസ്ഥാന തലത്തില്‍ത്തന്നെ മികച്ച സംവിധായകനുളള പുരസ്‌കാരം ലഭിക്കാന്‍ സര്‍ഗം വരെ കാത്തിരിക്കേണ്ടി വന്നു ഹരിഹരന്. വടക്കന്‍ വീരഗാഥ, പഞ്ചാഗ്നി, ആരണ്യകം എന്നിങ്ങനെ ഹരിഹരനിലെ സംവിധാന പ്രതിഭ ഉയരങ്ങളിലെത്തിയ സിനിമകളുടെ പേരില്‍ അദ്ദേഹം അംഗീകരിക്കപ്പെട്ടില്ല.

നമ്മുടെ നാട്ടില്‍ പലപ്പോഴും സൃഷ്ടിയുടെ മികവിനേക്കാള്‍ വ്യക്തികള്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കപ്പെടുന്നത്. ഭാഗ്യവും ഇക്കാര്യത്തില്‍ ഒരു ഘടകമാണെന്ന് പറയാതെ വയ്യ. പ്രേക്ഷകരും നിരൂപകരും സംസ്ഥാന പുരസ്‌കാര സമിതിയും ഒരുപോലെ തളളിക്കളഞ്ഞ കുഞ്ഞാലി മരക്കാര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. കാഞ്ചീവരത്തിനും ഇതേ പുരസ്‌കാരം പ്രിയന് ലഭിക്കുകയുണ്ടായി. രണ്ടും രണ്ട് തലത്തിലാണ് ഉന്നതചലച്ചിത്രാവബോധമുളള പ്രേക്ഷകര്‍ സ്വീകരിച്ചത് എന്ന് മാത്രം. പുരസ്‌കാര നിര്‍ണയ സമിതികളെ സംബന്ധിച്ച് ഇതൊന്നും ബാധകമല്ല. പ്രിയദര്‍ശനെ പത്മശ്രീ നല്‍കി രാഷ്ട്രം ആദരിക്കുകയും ചെയ്തു. പ്രിയദര്‍ശന്‍ മികച്ച സംവിധായകനാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പല ജോണറുകളിലുളള പടങ്ങള്‍ ചെയ്ത് പ്രതിഭ തെളിയിച്ച അദ്ദേഹം ആദരിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാല്‍  ഗൗരവപൂര്‍ണമായി സിനിമയെ സമീപിച്ചവര്‍ അവഗണിക്കപ്പെടുമ്പോഴാണ് പുരസ്‌കാരങ്ങളുടെ മാനദണ്ഡം സംശയാസ്പദമായിത്തീരുന്നത്.

കളിയാട്ടം പോലുളള ഒന്നാംതരം സിനിമകള്‍ ഒരുക്കിയ ജയരാജിന് പത്മപുരസ്‌കാരം ലഭിച്ചില്ലെങ്കിലും മികച്ച സംവിധായകനുളള ദേശീയ പുരസ്‌കാരം രണ്ട് തവണ ലഭിക്കുകയുണ്ടായി. എന്നാല്‍ കെ.ജി.ജോര്‍ജ്, ഭരതന്‍, പത്മരാജന്‍, ഐ.വി.ശശി എന്നിവര്‍ക്ക് മുന്നില്‍ പത്മദളങ്ങള്‍ പോയിട്ട് മികച്ച സംവിധായകനുള്ള ദേശീയ അംഗീകാരം ഒരിക്കല്‍ പോലും വിടര്‍ന്നില്ല. എന്നാല്‍ പുരസ്‌കാരങ്ങളല്ല, കര്‍മ വഴിയിലെ മികവാണ് പ്രധാനമെന്ന് നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ട് സിനിമ സംഭവിച്ച് മൂന്നും നാലും പതിറ്റാണ്ടുകള്‍ക്കു ശേഷവും ഇവരുടെ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഗണനീയ സംഭാവനകളായി വിലയിരുത്തപ്പെടുന്നു.

തിരക്കഥയുടെ മികവും അംഗീകാരവും

തിരക്കഥാകൃത്ത് എന്ന നിലയില്‍ കൊണ്ടുവന്ന ഇതിവൃത്തപരവും പ്രമേയപരവുമായ വൈവിധ്യങ്ങള്‍ കണക്കിലെടുത്താല്‍ പത്മരാജന് തൊട്ടുപിന്നിലോ ഒപ്പമോ തന്നെയാണ് ലോഹിതദാസിന്റെയും സ്ഥാനം. എന്നാല്‍ മികച്ച തിരക്കഥാകൃത്തിനുളള ദേശീയ പുരസ്‌കാരം ഒരിക്കല്‍ പോലും ലോഹിതദാസിന് ലഭിച്ചില്ല.

padmarajan-mohanlal

പത്മരാജനെയും ദേശീയ പുരസ്‌കാര ജൂറികള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തായി പരിഗണിച്ചില്ല. ഒറ്റാല്‍ എഴുതിയ ജോഷി മംഗലത്തും ദൃക്‌സാക്ഷിയും തൊണ്ടിമുതലും എഴുതിയ സജീവ് പാഴൂരും ഇതേ അംഗീകാരത്തിന് പരിഗണിക്കപ്പെട്ടപ്പോഴാണ് (അവരുടെ പ്രാധാന്യവും മികവും കുറച്ച് കാണുന്നില്ല) തിരക്കഥയിലെ അതികായന്‍മാര്‍ക്ക് ഈ ദുരന്തം സംഭവിച്ചത്.

മലയാളത്തില്‍ തിരക്കഥാ രചനയുടെ ഏറ്റവും മികച്ച മാതൃകയെന്ന് എം.ടി പോലും വിശേഷിപ്പിച്ച സ്‌ക്രീന്‍ റൈറ്ററാണ് കെ.ജി.ജോര്‍ജ്. സംവിധായകന്‍ എന്നതിലുപരി തിരക്കഥയിലും അദ്ദേഹം താണ്ടിയ ഉയരങ്ങള്‍ അനുപമമാണ്.

kg-george-1
കെ.ജി. ജോർജ്

ഒരു എന്റയര്‍ ലൈഫ് സ്‌ക്രീന്‍പ്ലേയിലേക്ക് സന്നിവേശിപ്പിക്കുന്നതിന്റെ ഏറ്റവും മികച്ച മാതൃകയായി വിലയിരുത്തപ്പെടുന്ന ലേഖയുടെ മരണവും കുറ്റാന്വേഷണ സിനിമകളുടെ ക്ലാസിക്ക് മോഡലായ യവനികയും പോലുളള തിരക്കഥകള്‍ ഒരുക്കിയ ജോര്‍ജിനെയും വിധി നിര്‍ണ്ണയ സമിതികള്‍ എന്തുകൊണ്ടോ കണ്ടില്ലെന്ന് നടിച്ചു.

ശ്രീനിവാസനും സമാനമായ ദുര്‍ഗതി നേരിടേണ്ടി വന്നു. എത്രയോ മികച്ച സിനിമകള്‍ ഒരുക്കിയ ജോണ്‍പോളിന് സംസ്ഥാന തലത്തില്‍ പോലും അംഗീകാരങ്ങള്‍ അന്യമായി.

മണിച്ചിത്രത്താഴ് മലയാളത്തിലെ എവര്‍ഗ്രീന്‍ ക്ലാസിക്കുകളിലൊന്നായി പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും റിലീസ് വര്‍ഷത്തില്‍ അതിന് കിട്ടിയ പുരസ്‌കാരത്തിന് മാറ്റ് കുറഞ്ഞു പോയി. ജനപ്രീതിയും കലാമൂല്യവുമുളള സിനിമ എന്ന തലത്തിലാണ് അവാര്‍ഡ് കമ്മിറ്റി അതിനെ കണ്ടത്. മികച്ച സിനിമ, മികച്ച സംവിധാനം, മികച്ച തിരക്കഥ ഈ തലങ്ങളിലൊന്നും സിനിമ പരിഗണിക്കപ്പെട്ടില്ല. ശോഭന മികച്ച നടിക്കുളള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ മണിച്ചിത്രത്താഴിലൂടെ നേടിയെങ്കിലും കള്‍ട്ട് ക്ലാസിക്ക് എന്ന വിശേഷണത്തിന് എല്ലാ തലത്തിലും അര്‍ഹമായ ആ സിനിമയുടെ ആകത്തുകയിലെ ഗുണമേന്മ അംഗീകരിക്കപ്പെട്ടില്ല.

കേരളീയ ഗ്രാമീണജീവിതത്തിന്റെ സൂക്ഷ്മഭാവങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തുകയും മനുഷ്യമനസിന്റെയും പ്രകൃതത്തിന്റെയും വ്യതിരിക്തതകള്‍ തുറന്ന് കാട്ടുകയും സാമൂഹ്യപ്രതിബദ്ധതയുളള നിരവധി സിനിമകള്‍ സാക്ഷാത്കരിക്കുകയും ചെയ്ത സത്യന്‍ അന്തിക്കാട് അവാര്‍ഡ് കമ്മിറ്റികളുടെ കണ്ണില്‍ ദേശീയ തലത്തിലെന്നല്ല സംസ്ഥാന തലത്തില്‍ പോലും ഇതുവരെ മികച്ച സംവിധായകനായില്ല. വികെഎന്‍ കഥയ്ക്ക് അതിസമര്‍ത്ഥമായ ദൃശ്യഭാഷ്യം ചമച്ച അപ്പുണ്ണിയും സന്ദേശവും അടക്കം എത്രയോ സിനിമകളുടെ പേരില്‍ അദ്ദേഹം അംഗീകരിക്കപ്പെടാമായിരുന്നു. എന്നാല്‍ വിനോദയാത്ര എന്ന ശരാശരി സിനിമയുടെ പേരില്‍ മികച്ച തിരക്കഥാകൃത്തായി സംസ്ഥാന അവാര്‍ഡ് ജൂറി അദ്ദേഹത്തെ പുരസ്‌കരിക്കുകയുണ്ടായി.

ഗവേഷണാത്മകമായി സമീപിച്ചാല്‍ ഈ തരത്തില്‍ നൂറുകണക്കിന് വൈരുദ്ധ്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ഒരു ലേഖനത്തിന്റെ സ്ഥലപരിമിതി അനുവദിക്കാത്തതു കൊണ്ട് കൂടുതല്‍ ഉദാഹരണങ്ങള്‍ നിരത്തുന്നില്ല.

സാഹിത്യത്തിലെ വൈരുധ്യങ്ങള്‍

ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം മലയാള സാഹിത്യചരിത്രത്തിലെ എക്കാലത്തെയും മികച്ച നോവലാണ്. കേന്ദ്ര-കേരള സാഹിത്യ അക്കാദമികള്‍ കണ്ണടച്ച ഈ നോവലിന് ആകെ ലഭിച്ചത് രണ്ട് സര്‍ക്കാര്‍ ഇതര പുരസ്‌കാരങ്ങള്‍. ഓടക്കുഴല്‍ അവാര്‍ഡും മുട്ടത്തുവര്‍ക്കി അവാര്‍ഡും. പുതിയ കാലത്ത് പോലും ഏറ്റവും സ്വീകാര്യതയുളള വൈക്കം മുഹമ്മദ് ബഷീറിന് കഥയ്ക്കും നോവലിനും കേരള-കേന്ദ്രസാഹിത്യ അക്കാദമികള്‍ അവാര്‍ഡ് നല്‍കിയില്ല. പില്‍ക്കാലത്ത് അദ്ദേഹം നിഷേധിക്കാനാവാത്ത ശക്തിയാണെന്ന് വ്യാപകസ്വീകാര്യതയുണ്ടായപ്പോള്‍ ഈ നിരാകരണം അക്കാദമികള്‍ക്ക് നാണക്കേടാവുമെന്ന് തോന്നിയിരിക്കണം. എന്തായാലും ഫെലോഷിപ്പ് നല്‍കി അക്കാദമി ഈ കുറവ് പരിഹരിച്ചു.

ബാല്യകാലസഖിയും മതിലുകളും ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നുവും അക്കാദമികളുടെ സാക്ഷ്യപത്രങ്ങളില്ലാതെ തന്നെ മലയാള സാഹിത്യത്തിലെ നെടുംതൂണുകളായി മാറിയ കൃതികളാണ്. മറിച്ച്, പുറത്തിറങ്ങിയ കാലത്ത് പോലും മികച്ച കൃതികളായി പരിഗണിക്കപ്പെടാതെ പോയ പല നോവലുകളും അക്കാദമിയുടെ പ്രശസ്തിപത്രം നേടി.

കാഴ്ചപ്പാടിലെ പരിമിതികള്‍

എല്ലാത്തരം പുരസ്‌കാരങ്ങളും വിരലിലെണ്ണാവുന്ന ചിലര്‍ മാത്രം ഉള്‍പ്പെടുന്ന ഒരു പുരസ്‌കാരനിര്‍ണ്ണയ സമിതിയുടെ അഭിരുചികളും സെന്‍സിബിലിറ്റിയും വൈയക്തികമായ താത്പര്യങ്ങളും അനുസരിച്ച് തന്നെയാണ് സംഭവിക്കുന്നത്. രാഷ്ട്രീയ തലത്തിലുളള ഇടപെടലുകളും ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം തീരുമാനങ്ങളെ സ്വാധീനിക്കാം. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ തലത്തിലുളള  അംഗീകാരങ്ങള്‍ ഉള്‍പ്പെടെ ഒരു അവാര്‍ഡുകളും കലാകാരന്റെ മികവിന്റെ മാനദണ്ഡമാവുന്നില്ല.

അവാര്‍ഡുകളും ബഹുമതികളും വാരിക്കൂട്ടിയവര്‍ സമര്‍ത്ഥരും മറ്റുളളവര്‍ അവര്‍ക്ക് താഴെ നില്‍ക്കുന്നവരും എന്ന പൊതുധാരണ അതുകൊണ്ട് തന്നെ അപ്രസക്തമാണ്.

അവാര്‍ഡ് നിര്‍ണയ സമിതികള്‍ക്കില്ലാത്ത നിഷ്പക്ഷതയും ആസ്വാദനബോധവുമുളള സാധാരണ പ്രേക്ഷകരുടെ മനസ്സില്‍ ലഭിക്കുന്ന വലിയ സ്ഥാനത്തിന് തന്നെയാണ് അതുകൊണ്ട് തന്നെ കൂടുതല്‍ പ്രസക്തി. ആ നിലയില്‍ വിലയിരുത്തുമ്പോള്‍ മലയാളി മനസ്സുകളില്‍ എന്നേ പത്മഭൂഷണും പത്മവിഭൂഷണും ലഭിച്ച നടനാണ് മമ്മൂട്ടി.

ഞങ്ങള്‍ മനസില്‍ കൊത്തിയ വിഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് മാറ്റി വരയ്ക്കാന്‍ കഴിയില്ല അധികൃതരേ എന്ന് പറയാതെ പറയുന്ന ജനകോടികളുടെ ഹൃദയത്തില്‍ മമ്മൂട്ടി എന്ന മഹാനടനുണ്ട്.

ശ്രീകുമാരന്‍തമ്പിക്ക് ഇനിയും പത്മശ്രീ ലഭിച്ചില്ല എന്നതും ഇതുമായി ചേര്‍ത്തു വച്ച് വായിക്കപ്പെടേണ്ടതാണ്. ഈ സന്ദര്‍ഭത്തില്‍  ഓര്‍മ വരുന്നത് ശ്രീകുമാരന്‍ തമ്പിയുടെ തന്നെ പഴയ ഒരു പാട്ടിന്റെ വരികളാണ്

''സന്ധ്യയ്ക്കെന്തിനു സിന്ദൂരം

ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം

കാട്ടാറിനെന്തിനു പാദസരം

എന്‍ കണ്‍മണിക്കെന്തിനാഭരണം?''

(എഴുത്തുകാരനും മാധ്യമപ്രവർത്തകനുമാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം.)

English Summary:

Celebrities who have not received Padma Awards yet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com