ADVERTISEMENT

രജനികാന്തിന്റെ പുതിയ ചിത്രം ‘ലാൽ സലാം’ തിയറ്ററുകളില്‍. രജനിയുടെ മകൾ ഐശ്വര്യ രജനികാന്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ‘മൊയ്ദീൻ ഭായ്’ എന്ന കാമിയോ റോളിലാണ് തലൈവർ എത്തുന്നത്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് എക്സ് പ്ലാറ്റ്ഫോമിൽ രജനി പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ആരാധകരുടെ ഇടയിൽ ശ്രദ്ധനേടുന്നത്.

‘‘എന്റെ പ്രിയപ്പെട്ട മകൾ ഐശ്വര്യയ്‌ക്ക് സ്‌നേഹപൂർവമായ ആശംസകൾ. ‘ലാൽ സലാം’ എന്ന ചിത്രം വിജയിക്കട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു” രജനികാന്ത് എക്‌സിൽ കുറിച്ചു. വീൽചെയറിൽ ഇരിക്കുന്ന തന്നെ തളളിക്കൊണ്ടുപോകുന്ന മകളുടെ ചിത്രവും കുറിപ്പിനൊപ്പം രജനി പങ്കുവച്ചു.

അതേസമയം സിനിമയ്ക്കു ഭേദപ്പെട്ട പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഐശ്വര്യ രജനികാന്തിന്റെ ഏറ്റവും മികച്ച ചിത്രമെന്നാണ് പ്രേക്ഷക കമന്റുകൾ. രജനി ആരാധകരെ പൂർണമായും തൃപ്തിപ്പെടുന്ന കഥാപാത്രമായാണ് മൊയ്ദീൻ ഭായിയെ ഐശ്വര്യ ഒരുക്കിയതെന്നും പ്രേക്ഷകർ പറയുന്നു.

വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയുടെ തിരക്കഥയും ഐശ്വര്യയുടേതാണ്. വിഷ്ണു രംഗസ്വാമി കഥയും സംഭാഷണങ്ങളും ഒരുക്കിയ ചിത്രത്തിന്റെ പ്രമേയം ക്രിക്കറ്റാണെങ്കിലും അതിലുപരി മറ്റു ചില സാമൂഹിക വിഷയങ്ങൾകൂടി സംസാരിക്കുന്നുണ്ട്. സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

'3', 'വൈ രാജ വൈ' എന്നീ ചിത്രങ്ങൾക്കും 'സിനിമാ വീരൻ' എന്ന ഡോക്യുമെന്ററിക്കും പിന്നാലെ 8 വർഷത്തിനുശേഷം ഐശ്വര്യ രജനികാന്ത് സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ലാൽ സലാം.

ഛായാഗ്രഹണം: വിഷ്ണു രംഗസാമി, ചിത്രസംയോജനം: പ്രവീൺ ഭാസ്‌കർ, കലാസംവിധാനം: രാമു തങ്കരാജ്, കോറിയോഗ്രഫി: ദിനേഷ്, സംഘട്ടനം: അനൽ അരസ്, കിക്കാസ് കാളി, സ്റ്റണ്ട്: വിക്കി, ഗാനരചന: കബിലൻ, പിആർഒ: ശബരി.

ഫെബ്രുവരി 9ന് തിയറ്റർ റിലീസ് ചെയ്ന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ 5 ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ചിത്രത്തിന് എ.ആർ. റഹ്മാനാണ് സംഗീതം പകരുന്നത്.

English Summary:

Lal Salaam movie audience review: Aishwarya Rajinikanth is back with a bang

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com