ADVERTISEMENT

‘നേരി’ന്റെ തിരക്കഥ വായിക്കുമ്പോൾ സംവിധായകൻ ജീത്തു ജോസഫ് പ്രൊഡക്‌ഷൻ ഡിസൈനർ ബോബനോടു പറഞ്ഞു, ‘‘ഈ സിനിമയുടെ ക്ലൈമാക്സ് നിങ്ങളുടെ കയ്യിലാണ്’’. അക്ഷരാർഥത്തിൽ ബോബന്റെ ‘കയ്യിൽ’ തന്നെ ആയിരുന്നു നേരിന്റെ ക്ലൈമാക്സിന്റെ വിജയം. കാരണം, പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തിയ ശിൽപം പിറവിയെടുത്തത് ബോബന്റെ കയ്യിലാണ്. സിനിമയുടെ കഥാഗതിയെ മാറ്റി മറിച്ച രണ്ടു ശിൽപങ്ങളാണ് ‘നേരി’നു വേണ്ടി സിനിമയുടെ കലാസംവിധായകൻ കൂടിയായ ബോബൻ നിർമിച്ചത്. രണ്ടും രണ്ട് അനുഭവങ്ങളായിരുന്നുവെന്ന് ബോബൻ പറയുന്നു. 

‘‘ഞാനും എന്റെ ടീമും നല്ല ടെൻഷനിലായിരുന്നു. പ്രത്യേകിച്ചും സിദ്ദീഖിന്റെ ശിൽപം. അതുണ്ടാക്കി കഴിഞ്ഞ് സെറ്റിൽ ആരെയും കാണിക്കണ്ട എന്ന് ജീത്തു സർ പ്രത്യേകം പറഞ്ഞു. വർക്ക് പൂർത്തിയായപ്പോൾ ഒരു ഫോട്ടോ എടുത്ത് അദ്ദേഹത്തിന് മാത്രം അയച്ചു. സിനിമയിൽ കാണിക്കുന്നതു പോലെ തന്നെയാണ് ശരിക്കും നടന്നത്. ആരും അതിനു മുൻപ് ആ ശിൽപം കണ്ടിരുന്നില്ല. എല്ലാവരുടെയും റിയാക്‌ഷൻ ഒറിജിനൽ ആയി തന്നെ കിട്ടണമെന്ന് ജീത്തു സാറിനുണ്ടായിരുന്നു. അതു ശരിക്കും വർക്കൗട്ട് ആയി,’’ ബോബന്റെ വാക്കുകളിൽ സംതൃപ്തിയുടെ പൂർണത. 

siddique-neru

ആ ഷോട്ട് കഴിഞ്ഞിട്ടും എന്റെ ടെൻഷൻ തീർന്നിരുന്നില്ല, ബോബൻ തുടർന്നു. ‘‘ഷോട്ട് ഓകെ ആയതിനുശേഷം ലാൽ സർ എന്നെ നോക്കി തമ്പ്സ് അപ്പ് കാണിച്ചു. അപ്പോഴാണ് എനിക്ക് സമാധാനമായത്. ഞാൻ സാറിന്റെ റിയാക്‌ഷൻ അറിയാൻ അദ്ദേഹത്തിന്റെ മുഖം തന്നെ ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു. കൈ ഉയർത്തി തമ്പ്സ് അപ്പ് കാണിച്ചപ്പോൾ സന്തോഷമായി,’’ ബോബൻ പറഞ്ഞു. 

നടൻ സിദ്ദീഖിന്റെ പ്രതികരണവും ഹൃദയത്തിൽ സൂക്ഷിക്കുന്നുവെന്ന് ബോബൻ. ‘‘സിദ്ദീഖ് സാറും നല്ല അഭിപ്രായം പറഞ്ഞു. ‘നന്നായിട്ടുണ്ട്, ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല,’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹവും ആ സീനിലാണ് ശിൽപം കാണുന്നത്.’’ രണ്ടു ശിൽപങ്ങളും ബോബൻ സ്വന്തം വീട്ടിൽ ‘നേരി’ന്റെ ഓർമയ്ക്കായി സൂക്ഷിച്ചു വച്ചിട്ടുണ്ട്.

ബോബനും ഒരു സഹായിയും ചേർന്നാണ് ശിൽപങ്ങൾ തയാറാക്കിയത്. ‘‘ആദ്യം ചെയ്തത് ശരിയായില്ല. മുഖസാദൃശ്യം അത്രയും വന്നില്ല. കൂടാതെ ഒരു ചെറിയ പെൺകുട്ടി ചെയ്യുന്ന രീതിയിലും വേണമല്ലോ. അതും കാഴ്ചപരിമിതിയുള്ള ഒരു കുട്ടി! സിദ്ദീഖ് സാറിന്റെ ശിൽപം നേരത്തെ ചെയ്തു വയ്ക്കാനും പറ്റില്ല. കാരണം, കോടതിയിൽ ഈ ശിൽപം അപ്പോഴുണ്ടാക്കി കൊണ്ടുവരുന്നതായിട്ടാണല്ലോ കാണിക്കേണ്ടത്. ആ മണ്ണിലെ നനവു പോലും അങ്ങനെ തന്നെ വേണം. അതൊരു വലിയ വെല്ലുവിളി ആയിരുന്നു. അദ്ദേഹത്തിന്റെ മുഖത്തിന്റെ ഒരു മോൾഡ് എടുത്തിരുന്നു. അതു വച്ചാണ് സമയബന്ധിതമായി വർക്ക് ചെയ്തത്,’’ ബോബൻ ഓർത്തെടുത്തു.

siddique-shakar
സിദ്ദീഖിന്റെയും ശങ്കർ ഇന്ദുചൂഢന്റെയും ശിൽപം

കളിമണ്ണു കൊണ്ടുള്ള ശിൽപം ഉണ്ടാക്കി രണ്ടു മൂന്നു ദിവസം വച്ചു കഴിഞ്ഞാൽ അത് ഡ്രൈ ആകും. ഒറിജിനൽ ഫീൽ കിട്ടില്ല. അതുകൊണ്ടാണ് ക്ലൈമാക്സ് സീനിലെ ശിൽപം മുൻപ് തയാറാക്കാതിരുന്നത്, ബോബൻ വിശദീകരിച്ചു. അതേസമയം, മൈക്കിൾ എന്ന കഥാപാത്രത്തിന്റെ ശിൽപം ചെയ്യാൻ സമയം കിട്ടി. ചിത്രാഞ്ജലിയിൽ വച്ചാണ് അതു ചെയ്തത്. ആ കഥാപാത്രം ചെയ്ത ശങ്കർ ഇന്ദുചൂഢൻ അവിടെ വന്നിരുന്നു. ഒന്നര ദിവസമെടുത്താണ് ആ ശിൽപം പൂർത്തിയാക്കിയത്, ബോബൻ കൂട്ടിച്ചേർത്തു. 

jeethu-boban

34 വർഷമായി സിനിമയിൽ സജീവമാണ് ബോബൻ. മലയാളം, തമിഴ്, ഹിന്ദി അടക്കം 150 ചിത്രങ്ങളിൽ പ്രവർത്തിച്ചു. രഥോൽസവം, ആറാം തമ്പുരാൻ, നരസിംഹം, സമ്മർ ഇൻ ബത്‍ലഹം തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. 

English Summary:

Art Director Boban About Neru Movie Climax

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com