ADVERTISEMENT

ആടുജീവിതം നോവലിലെ അതിജീവന കഥ പോലെ തന്നെയായിരുന്നു ഈ സിനിമയുടെ ചിത്രീകരണത്തിനിടെ അണിയപ്രവർത്തകര്‍ നേരിടേണ്ടി വന്ന അനുഭവങ്ങളും. കോവിഡ് കാലത്ത് ഇവർ മരുഭൂമിയിൽ കുടുങ്ങിയതടക്കം ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നിരവധി തടസ്സങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴിതാ ആ സംഭവങ്ങളുടെ ഓർമകൾ ഡോക്യുമെന്ററി വിഡിയോയായി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജോർദാനിൽ ഏതാണ്ട് അറുപത് ദിവസത്തോളമാണ് സംവിധായകൻ ബ്ലെസിയും പൃഥ്വിരാജും അടക്കമുള്ളവർ കുടുങ്ങിയത്. 30 കിലോയോളം പൃഥ്വിരാജ് ഭാരം കുറച്ച് നിൽക്കുന്ന അവസ്ഥയിലായിരുന്നു അന്ന്. അതിനാൽ ചിത്രീകരണം മാറ്റുകയോ നീട്ടിവച്ചാലോ താൻ വീണ്ടും ആ അവസ്ഥയിലേക്ക് മാറേണ്ടതുണ്ടെന്നതാണ് സംവിധായകന് പ്രധാന വെല്ലുവിളിയായിരുന്നത് എന്ന് പൃഥ്വിരാജ് വ്യക്തമാക്കുന്നു. 

ഒരുഘട്ടത്തിൽ ഷൂട്ടിങ് മാറ്റിവയ്ക്കുന്നതിനെ പറ്റി പോലും ആലോചിച്ചിരുന്നു. കോവിഡ് പ്രഖ്യാപിച്ചതിനുശേഷം എല്ലാ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും ലൊക്കേഷനിലേക്ക് കൊണ്ടുവരികയും അവിടെ താമസിപ്പിക്കുകയും ചെയ്തു. അവർക്കുള്ള ഭക്ഷണവും സുരക്ഷിതമായ അന്തരീക്ഷവും ഒരുക്കുക എന്നതിലായിരുന്നു കൂടുതൽ ശ്രദ്ധ. ലൊക്കേഷനിൽ ഇന്ത്യക്കാർക്കൊപ്പം  ജോർദാനിൽ നിന്നുമുള്ള അണിയറ പ്രവർത്തകരും  ഉണ്ടായിരുന്നു. പല സാങ്കേതിക ഉപകരണങ്ങളും ലഭിക്കാൻ ഏറെ പ്രയാസമുണ്ടായിരുന്നതായി ടെക്നിക്കൽ വിഭാഗം പറയുന്നു. എല്ലാവരുടെയും മാനസിക ആരോഗ്യം നിലനിർത്തുന്നതിനാണ് കൂടുതൽ ശ്രദ്ധ കൊടുത്തിരുന്നത്. എല്ലാവരും തന്നെ വീട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നത് കൊണ്ടും കോവിഡിന്റെ ഒരു ഭീതി നില നിന്നതുകൊണ്ടും അത് ഏറെ പ്രയാസകരമായിരുന്നു എന്ന് ബ്ലെസി പറയുന്നു.

ശരീരത്തിന്റെ ഭാരം കുറയ്ക്കുന്നതിനായി ഓസ്ട്രിയയിൽ പോയും പ്രത്യേക തയാറെടുപ്പുകൾ പൃഥ്വി നടത്തിയിരുന്നു. പക്ഷേ ലോക്‌ഡൗണും കോവിഡ് നിയന്ത്രണങ്ങളും കാര്യങ്ങള്‍ കൂടുതൽ സങ്കീർണമാക്കി. വിശാലമായ മരുഭൂമിയില്‍ ഷൂട്ടിങ് തുടരാനാവില്ലെന്നും നാട്ടിലേക്ക് പോവാനാവില്ലെന്നും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. ചിത്രീകരണസംഘത്തില്‍ പെട്ടവര്‍ വിഷാദത്തിലേക്ക് വഴുതിവീഴുന്ന സാഹചര്യമുണ്ടായി. ഒരു ക്യാപ്റ്റനായി ബ്ളെസ്സി എല്ലാവരേയും വിളച്ചുകൂട്ടി. ധൈര്യം പകരാന്‍ പൃഥ്വിരാജും ഉണ്ടായിരുന്നു. എന്തു വന്നാലും ഒത്തൊരുമിച്ച് നേരിടാം. സുരക്ഷിതമായ സ്ഥലവും ഭക്ഷണവും നമുക്കുണ്ടല്ലോ എന്നൊക്കെ പറഞ്ഞ് ഓരോ ദിവസം പൃഥ്വിയും ബ്ലെസിയും സംഘത്തെ ആശ്വസിപ്പിച്ചു.

എല്ലാവരെയും ഉണർവോടെ നിർത്താൻ വേണ്ടി വിവിധ ഗെയിംസ് ഉൾപ്പെടുത്തുകയും എല്ലാ ദിവസവും വൈകിട്ട് എല്ലാവരും കൂടി ചേർന്ന് ആഘോഷങ്ങളും സംഘടിപ്പിച്ചു. ആർട്ട് ഡിപ്പാർട്ട്മെൻറ് ക്രിക്കറ്റ് കളിക്കാൻ വേണ്ട ബാറ്റും ഹവായി ചപ്പൽ കൊണ്ട് ബോളും ഉണ്ടാക്കുകയും ചെയ്തു. പൃഥ്വിരാജ് ഉൾപ്പെടെ എല്ലാവരും ക്രിക്കറ്റുകളിയിൽ മുഴുകി. ലുഡോ ആയിരുന്നു പലപ്പോഴും തങ്ങളെ സഹായിച്ചത് എന്ന് അണിയറ പ്രവർത്തകർ പറയുന്നു. 

ദുഃഖവെള്ളി വിഷു തുടങ്ങിയ ആഘോഷങ്ങളിൽ നിന്നും അവർ വിട്ടു നിന്നില്ല. ദുഃഖവെള്ളിക്ക് യേശുവിനെ പോലെ ഒരുങ്ങി  കുരിശിന്റെ വഴിയെ പോലെ പരമ്പരാഗത രീതിയിലുള്ള ചടങ്ങുകൾ നടത്തി. വിഷുവിന് കണിക്കൊന്നയ്ക്ക് പകരം പേപ്പർ ഉപയോഗിച്ച് കണിക്കൊന്ന തീർത്ത് കണിയൊരുക്കി.എല്ലാവർക്കും .മാനസിക പിന്തുണയുമായി മോഹൻലാൽ ഫോണിൽ സംസാരിക്കുകയുണ്ടായി. അണിയറപ്രവർത്തകർക്കിടയിൽ സൗഹൃദവും സ്നേഹവും ഉടലെടുക്കാൻ കോവിഡ് കാലം സഹായിച്ചു എന്ന് തന്നെയാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയില്ലായിരുന്നെങ്കിൽ ഏതൊരു സിനിമാ ലൊക്കേഷൻ പോലെയും ആടുജീവിതം മാറുമായിരുന്നു.

English Summary:

The Goat Life - Aadujeevitham: Corona Days Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com