ADVERTISEMENT

‘ഭ്രമയുഗം’ എന്ന സിനിമ കാണാൻ ശൂന്യമായ മനസ്സോടെ പ്രേക്ഷകർ തിയറ്ററുകളിലേക്കെത്തണമെന്ന് മമ്മൂട്ടി. മുൻവിധികളോടെ വന്നു കണ്ടാൽ അത് ആസ്വാദനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അബുദാബിയിൽ സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം.

‘‘ഈ സിനിമ കാണാൻ വരുന്നവരോട് എനിക്കൊരു അപേക്ഷയുണ്ട്. ട്രെയിലർ കാണുമ്പോൾ നിങ്ങൾക്ക് പലതും തോന്നിയിട്ടുണ്ടാകും. പക്ഷേ ഒരു കഥയും മനസ്സിൽ വിചാരിക്കരുത്. സിനിമ കണ്ടതിനു ശേഷം ഞങ്ങൾ അങ്ങനെ വിചാരിച്ചു, ഇങ്ങനെ വിചാരിച്ചു, എന്ന് തോന്നാതെ ഇരിക്കാൻവേണ്ടിയാണ് ഇത്. ഈ സിനിമ ഒരു ശൂന്യമായ മനസോടു കൂടി കാണണം. എങ്കിൽ മാത്രമേ ഈ സിനിമ ആസ്വദിക്കാൻ പറ്റൂ. 

യാതൊരു മുൻവിധികളും ഇല്ലാതെ ഇത് ഭയപ്പെടുത്തുമോ, ഞെട്ടിപ്പിക്കുമോ, സംഭ്രമിക്കുമോ, വിഭ്രമിപ്പിക്കുമോ, സന്തോഷിപ്പിക്കുമോ എന്ന് നിങ്ങൾ ആദ്യമേ ആലോചിക്കരുത്. അങ്ങനെ നിങ്ങൾ പ്രതീക്ഷിച്ചതുപോലെ സംഭവിക്കുമ്പോൾ നിങ്ങളുടെ ആസ്വാദനം കുറഞ്ഞു പോകും. അതുകൊണ്ട് വളരെ ശുദ്ധമായ മനസ്സോടെ, സന്തോഷത്തോടെ വന്ന് സിനിമ കാണൂ. ഇത് ഭയപ്പെടുത്തുമെന്നോ ഭീതിപ്പെടുത്തുമെന്നോ ആകുലപ്പെടുത്തുമെന്നോ ഞാൻ പറയുന്നില്ല.

ഇത് പുതുതലമുറയുടെ മലയാള സിനിമയിലെ പുത്തൻ അനുഭവം ആയിരിക്കും. ഈ സിനിമ 45 വർഷം മുമ്പ് എടുത്തിരുന്നെങ്കിലും ഇതുപോലെ ഇരിക്കുമായിരിക്കാം. പക്ഷേ നമ്മൾ വർണങ്ങളിൽ കാണുന്ന പല കാഴ്ചകളും കറുപ്പിലും വെളുപ്പിലും കാണിക്കുന്ന സിനിമയാണിത്. 18ാം നൂറ്റാണ്ടിന്റെ അവസാനം നടക്കുന്ന കഥയാണ് ഇത്. ആ കാലഘട്ടത്തിലാണ് പോർച്ചുഗീസുകാർ ഇന്ത്യയിൽ വരുന്നത്. ഇന്ത്യയിലെ തന്നെ സാമൂഹിക രാഷ്ട്രീയ വ്യത്യാസത്തിന്റെ സമയമാണ്. ആ സമയത്തിനൊക്കെ ഈ സിനിമയിൽ പ്രധാന്യമുണ്ട്. അതിനു മുമ്പൊന്നും ഈ സിനിമയെക്കുറിച്ച് ഒന്നും ആലോചിക്കരുത്, തീരുമാനിക്കരുത്, ഉറപ്പിക്കരുത്.’’– മമ്മൂട്ടി പറഞ്ഞു. 

‘ഭൂതകാല’ത്തിനു ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകും. 300ൽപരം സ്‌ക്രീനുകളിൽ ചിത്രം പ്രദർശനത്തിന് എത്തും എന്നാണ് വിവരം. ഫെബ്രുവരി 15 ആണ് റിലീസ് തിയതി.

English Summary:

Mammootty about Bramayugam movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com