‘കൊടുമണ്‍ പോറ്റി’ക്കു മുത്തം നൽകി ദുൽഖർ സൽമാൻ

Mail This Article
‘ഭ്രമയുഗം’ തിയറ്ററുകളിൽ ഗംഭീര പ്രതികരണം നേടി മുന്നേറുമ്പോൾ മമ്മൂട്ടിക്കു സ്നേഹ ചുംബനം നല്‍കി മകൻ ദുൽഖർ സൽമാൻ. മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കൊടുമൺ പോറ്റിയുടെ ചിത്രത്തിനു താഴെയാണ് ‘മുത്ത’വുമായി ദുൽഖർ എത്തിയത്.
മമ്മൂട്ടിയുടെ വെല്ലുവിളി നിറഞ്ഞ വേഷങ്ങളെ എന്നും പിന്തുണച്ച് മഹാനടന്റെ നിഴലായി നിൽക്കുന്ന ദുൽഖർ ആകാംക്ഷയോടെയാണ് ‘ഭ്രമയുഗം’ സിനിമയെ കാത്തിരുന്നത്. ഭ്രമയുഗമെന്ന അമാനുഷിക വിസ്മയ ചിത്രം തിയറ്ററിൽ തന്നെ അനുഭവിച്ചറിയണം എന്ന കുറിപ്പുമായി ദുൽഖർ എത്തുകയും ചെയ്തിരുന്നു.
കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മെഗാ സ്റ്റാര്‍ വീണ്ടും ആരാധകരെ വിസ്മയിപ്പിക്കാനെത്തുമ്പോൾ താരങ്ങളടക്കമുളളവർ ആ കാഴ്ചയുടെ ഞെട്ടലിലാണ്.കൊടുമൺ പോറ്റിയുടെ പിന്നിലെ നിഗൂഢതയും അയാളുടെ മാന്ത്രികതയുമാണ് സിനിമയുടെ ഉള്ളടക്കം. പാണനായി എത്തുന്ന അർജുൻ അശോകനും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി വരുന്ന സിദ്ധാർഥ് ഭരതനും കയ്യടിപ്പിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുന്നു.

രാഹുല്‍ സദാശിവന്റെ മേക്കിങ് ആണ് സിനിമയുടെ മറ്റൊരു പ്രത്യേകത. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മമ്മൂട്ടിയുടെ കൂടാതെയുള്ള താരങ്ങൾ.
‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറർ ത്രില്ലർ സിനിമകൾക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്‌ഷൻ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.
കൊച്ചിയും ഒറ്റപ്പാലവുമാണ് ‘ഭ്രമയുഗ’ത്തിന്റെ പ്രധാന ലൊക്കേഷനുകൾ. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയമായിരിക്കും ‘ഭ്രമയുഗ’ത്തിന്റെ റിലീസ്.