ADVERTISEMENT

വീട്ടിലെ ഏറ്റവും മികച്ച താരം അമ്മയാണെന്ന് ഇന്ദ്രജിത്ത് സുകുമാരൻ. അച്ഛൻ സുകുമാരനും  സഹോദരൻ പൃഥ്വിരാജും താനുമുൾപ്പടെ എല്ലാവരും അഭിനേക്കളാണെകിലും അമ്മയാണ് ഏറ്റവും മികച്ച താരം എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. മല്ലിക സുകുമാരൻ സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്നത് ആഘോഷിക്കാൻ ഒത്തുകൂടിയതായിരുന്നു മല്ലികയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും. അച്ഛൻ മരിച്ചശേഷം, ഇനി എന്തു ചെയ്യും എന്നറിയാതെ നിൽക്കുന്ന സമയത്ത്, വീട്ടമ്മയായിരുന്ന അമ്മ ധൈര്യം സംഭരിച്ച് തങ്ങൾക്ക് വേണ്ടുന്നതെല്ലാം ചെയ്തുതന്ന് കൂടെ നിന്നതു കാരണമാണ് പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്ന രണ്ടു മക്കൾ ഇന്നത്തെ നിലയിൽ എത്തിയതെന്നും ഇന്ദ്രജിത്ത് പറഞ്ഞു. 

‘‘അമ്മ സിനിമയിൽ 50 വർഷം ആഘോഷിക്കുന്ന ഈ സമയത്ത് അമ്മയ്ക്കു വേണ്ടി ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കാനും നല്ല കുറച്ച് ഓർമകൾ അമ്മയ്ക്ക് സമ്മാനിക്കാനുമായി മനസ്സ് കാണിച്ച നിങ്ങൾ ഓരോരുത്തരോടും ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ നന്ദി അറിയിക്കുന്നു. ഒരുപാട് പ്രിയപ്പെട്ട സുഹൃത്തുക്കളും സഹപ്രവർത്തകരും ഇവിടെ ഒത്തുകൂടിയിട്ടുണ്ട് അവരോടൊക്കെ വ്യക്തിപരമായി ഞാൻ നന്ദി അറിയിക്കുകയാണ്. ശരിക്കും മനസ്സിന്റെ ശക്തി എന്നൊരു കാര്യമുണ്ട്. ഈ പരിപാടി പ്ലാൻ ചെയ്ത സമയം മുതൽ അമ്മ വളരെ എക്സൈറ്റഡ് ആയിരുന്നു. ഇങ്ങനെ ഒരു പരിപാടി നടക്കുന്നുണ്ട്, തിരുവനന്തപുരത്താണ് തീയതി തീരുമാനിച്ചിട്ടില്ല, നിങ്ങളെല്ലാവരും വരണം എന്നൊക്കെ അമ്മ നിരന്തരം എന്നോടും പൃഥ്വിയോടും പറയുന്നുണ്ടായിരുന്നു. 

പക്ഷേ ഞാനും പൃഥ്വിരാജും അവന്റെ ഏറ്റവും പുതിയ സിനിമയായ എമ്പുരാന്റെ ഷൂട്ടിങ്ങിനായി പതിനാലാം തീയതി ഇവിടെനിന്ന് യുഎസിലേക്ക് പോകാൻ നിൽക്കുകയായിരുന്നു. അമ്മയുടെ വലിയൊരു ആഗ്രഹമായിരുന്നു ഞങ്ങൾ ഇവിടെ ഉണ്ടായിരിക്കണമെന്ന്. നമ്മൾ മനസ്സുകൊണ്ട് ഒരു കാര്യം അത്രയേറെ ആത്മാർഥമായി ആഗ്രഹിച്ചാൽ നമുക്കത് കിട്ടും എന്ന് കേട്ടിട്ടില്ലേ. അതുപോലെ സംഭവിച്ചതാകാം ഞാനും സുപ്രിയയും പൂർണിമയും അമ്മാവനും എല്ലാവരും ഒരുമിച്ച് ഇവിടെ എത്തി ഈ ആഘോഷത്തിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് എല്ലാവർക്കും സാധിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു. 

ഞാൻ നേരത്തേ ഇവിടെ വിഡിയോയിൽ പറഞ്ഞതുപോലെ, ഞങ്ങളുടെ വളരെ ചെറുപ്പത്തിൽത്തന്നെ, ശരിക്കും പറഞ്ഞാൽ ഞാൻ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞും പൃഥ്വി 9 കഴിഞ്ഞ് പത്തിലേക്കും കടക്കുന്ന സമയത്താണ് അച്ഛൻ ഞങ്ങളെ വിട്ടു പോയത്. അമ്മയ്ക്ക് അന്ന് 41-42 വയസ്സാണ്. എനിക്ക് ഇപ്പോൾ ഉള്ളതിനേക്കാൾ പ്രായക്കുറവായിരുന്നു അന്ന് അമ്മയ്ക്ക്. ആ പ്രായത്തിൽ, ഒരു വീട്ടമ്മയായി നിൽക്കുന്ന സമയത്താണ് ഞങ്ങളുടെയൊക്കെ ഉത്തരവാദിത്തം അമ്മയുടെ ചുമലിൽ വന്നു വീഴുന്നത്. എന്താണ് ചെയ്യേണ്ടത് എന്ന് ഒരു കൺഫ്യൂഷനും പേടിയുമൊക്കെ ആ സമയത്ത് ഉണ്ടായിരുന്നു. എന്നാലും കരുത്ത് നേടിയെടുത്ത് ഞങ്ങളുടെ ഒരു ശക്തിയായി അമ്മ നിലകൊണ്ടു.  അത് അമ്മയുടെ മനസ്സിന്റെ ധൈര്യം കൊണ്ട് ആയിരിക്കാം. 

എന്താണു വേണ്ടതെന്നു ചോദിച്ചു മനസ്സിലാക്കി, ഞങ്ങൾക്ക് വേണ്ട കാര്യങ്ങൾ ചെയ്തു തന്ന് ഞങ്ങളോടൊപ്പം ചേർന്നുനിന്ന് ഞങ്ങളുടെ വളർച്ചയുടെ വലിയൊരു ഭാഗമായി നിന്ന വ്യക്തിയാണ് ഞങ്ങളുടെ അമ്മ മല്ലിക സുകുമാരൻ. ഈ അവസരത്തിൽ ഞാൻ അമ്മയോട് വലിയ സ്നേഹവും നന്ദിയും അറിയിക്കുകയാണ്. നമുക്ക് ആർക്കും നമ്മുടെ അമ്മയെക്കുറിച്ച് പറയുമ്പോൾ ഇങ്ങനെ രണ്ട് വാക്കിൽ പറഞ്ഞു ഒതുക്കാൻ കഴിയില്ല. പക്ഷേ സമയത്തിന്റെ പരിമിതികൾ ഉണ്ട്. ഈ അവസരത്തിൽ അമ്മയ്ക്ക് ദീർഘായുസ്സ് നേരുന്നു. ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും അഭിനേതാക്കൾ ആണെങ്കിലും എന്റെ അഭിപ്രായത്തിൽ ഞങ്ങളുടെ അമ്മയാണ് ഏറ്റവും മികച്ച താരം. 

അച്ഛൻ, അമ്മ, ഞാൻ, പൃഥ്വി ഞങ്ങളുടെ എല്ലാവരുടെയും ലിസ്റ്റ് എടുത്താലും ഏറ്റവും മികച്ച അഭിനേതാവ് അമ്മ തന്നെയാണ്. അമ്മയുടെ കഴിവ് ഇനിയും മലയാള സിനിമ എക്സ്പ്ലോർ ചെയ്യാൻ കിടക്കുന്നതേയുള്ളൂ എന്നാണ് എന്റെ വിശ്വാസം. നല്ല സിനിമകൾ, അല്ലെങ്കിൽ അമ്മ ആഗ്രഹിച്ച പോലെയുള്ള കഥാപാത്രങ്ങൾ അമ്മയെ തേടിയെത്തട്ടെ എന്ന് ആശംസിക്കുന്നു. നല്ല ഒരുപാട് സിനിമകൾ അമ്മയിലൂടെ മലയാളി പ്രേക്ഷകർക്ക് കാണാൻ സാധിക്കട്ടെ എന്നും ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു അമ്മയ്ക്ക് ദീർഘായുസ്സ് നേരുന്നു.’’  ഇന്ദ്രജിത്ത് പറഞ്ഞു.

മല്ലിക സുകുമാരന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50 വർഷങ്ങൾ തലസ്ഥാനം ആഘോഷിച്ച ചടങ്ങിനെത്തിയത് ചലച്ചിത്ര,സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖരുടെ നീണ്ട നിരയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും ശക്തയായ സ്ത്രീയാണ് അമ്മയെന്നു പൃഥ്വിരാജും പറഞ്ഞു. അച്ഛൻ സുകുമാരന്റെ മരണത്തിനു ശേഷം അമ്മ കടന്നുപോയ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെക്കുറിച്ചു മക്കൾ വികാരാധീനരായി പറഞ്ഞപ്പോൾ മല്ലികയുടെ കണ്ണുകൾ നിറഞ്ഞു. ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമയും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും മറ്റു കുടുംബാംഗങ്ങളും ചടങ്ങിനെത്തിയിരുന്നു.

English Summary:

Indrajith Sukumaran about his mother Mallika Sukumaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com