ADVERTISEMENT

ബോളിവുഡ് താരം രാകുൽ പ്രീത് സിങും നടനും നിർമാതാവുമായ ജാക്കി ഭഗ്‌നാനിയും ബുധനാഴ്ച ഗോവയിൽ വിവാഹിതരായി. രാവിലെ സിഖ് ആചാരപ്രകാരം വിവാഹിതരായ ഇരുവരും, വൈകിട്ട് സിന്ധ് ആചാരപ്രകാരവും വിവാഹച്ചടങ്ങുകൾ നടത്തുകയുണ്ടായി. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹത്തിനു പിന്നാലെ വിവാഹത്തിന്റെ ചിത്രങ്ങളും ദമ്പതികൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. വരുൺ ധവാൻ , അർജുൻ കപൂർ , ഭൂമി പെഡ്‌നേക്കർ, ഇഷാ ഡിയോൾ, ഡേവിഡ് ധവാൻ, ആയുഷ്മാൻ ഖുറാന തുടങ്ങിയ വൻ താരനിരയാണ് വിവാഹത്തിന് പങ്കെടുത്തത്. 

നേരത്തെ വിദേശത്തുനടത്താൻ പദ്ധതിയിട്ടിരുന്ന വിവാഹച്ചടങ്ങുകൾ പ്രധാനമന്ത്രിയുടെ നിർദേശങ്ങളെ തുടർന്ന് ഇവർ ഉപേക്ഷിക്കുകയായിരുന്നു. സമ്പന്നരും സ്വാധീനമുള്ളവരുമായ കുടുംബങ്ങൾ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങൾ ആഘോഷമാക്കാൻ വിദേശത്ത് പോകാതെ ഇന്ത്യയിലെ മനോഹരമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ശിരസാവഹിച്ച്, വിവാഹവേദി ഇവർ ഗോവയിലേക്കു മാറ്റി.

ഏകദേശം ആറു മാസത്തെ ആസൂത്രണത്തിന് ശേഷമാണ് രാകുൽപ്രീതും ജാക്കി ഭഗ്‌നാനിയും വിവാഹം വിദേശത്തു നടത്താൻ പദ്ധതിയിട്ടത്.  വിവാഹത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കവെയാണ് രാകുൽപ്രീത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ വാക്കുകൾ ശ്രദ്ധിച്ചത്. പിന്നാലെ മാലിദ്വീപ് വിവാദങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ ആഹ്വാനങ്ങളും ഇരുവരേയും മാറി ചിന്തിപ്പിച്ചു. രാജ്യത്തോടുള്ള സ്‌നേഹവും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ ഭാഗമാകാനുള്ള താരങ്ങളുടെ ആഗ്രഹവുമാണ് ഇതിനു പിന്നില്‍ എന്നാണ് രാകുലിന്റെ കുടുംബത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

rakul-preet-wedding-story

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള നടിയും മോഡലുമാണ് രാകുൽ പ്രീത് സിങ്. 2009-ൽ രാഘവ ലോക്കി സംവിധാനം ചെയ്ത ‘ഗില്ലി’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് രാകുൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.  2011-ൽ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത രാകുൽ മിസ് ഇന്ത്യ പീപ്പിൾസ് ചോയ്‌സ് ഉൾപ്പെടെ അഞ്ച് മത്സര കിരീടങ്ങൾ നേടി അഞ്ചാം സ്ഥാനത്തെത്തി. ശിവകാർത്തികേയൻ നായകനായെത്തിയ ‘അയലാൻ’ ആണ് രാകുൽ ഒടുവിൽ അഭിനയിച്ച ചിത്രം. 

ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവ് വാഷു ഭഗ്നാനിയുടെ മകനാണ് ജാക്കി ഭഗ്നാനി. നായകനായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും അഭിനയത്തില്‍ തിളങ്ങാൻ ജാക്കിക്ക് ആയില്ല. ഇപ്പോൾ നിര്‍മാണ രംഗത്ത് സജീവമാണ് താരം. അക്ഷയ് കുമാർ, പൃഥ്വിരാജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ബഡേ മിയാ ചോട്ടെ മിയാൻ’ സിനിമയുടെ നിർമാതാക്കളിലൊരാളാണ് ജാക്കി.

അയൽവാസികളായിരുന്ന, രാകുൽ പ്രീതും ജാക്കി ഭഗ്‌നാനിയും 2021ലായിരുന്നു ഇരുവരുടെയും പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

English Summary:

Rakul Preet And Jackky Bhagnani's Goa Weddin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com