ADVERTISEMENT

നർത്തകി, റിയാലിറ്റി ഷോ താരം എന്നീ നിലകളിൽ ശ്രദ്ധേയയാണ് രഞ്ജിനി കുഞ്ചു. രഞ്ജിനിയുടെ ഡാന്‍സ് കവറുകള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. നടൻ സണ്ണി വെയ്ൻ ആണ് രഞ്ജിനിയുടെ ഭർത്താവ്. അതേസമയം സമൂഹമാധ്യമങ്ങളിലോ പൊതുവേദികളിലോ സണ്ണിയും രഞ്ജിനിയും ഒരുമിച്ച് എത്താറില്ല. രണ്ടുപേരുടെയും തിരക്കുകൾ കാരണമാണ് ഒന്നിച്ചെത്താൻ കഴിയാതിരിക്കുന്നതെന്ന് രഞ്ജിനി പറയുന്നു. സണ്ണി വെയ്‍നിന്റെ ഭാര്യ എന്നതിനപ്പുറം ഡാൻസര്‍ എന്ന നിലയില്‍ തിരിച്ചറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും രഞ്ജിനി പറഞ്ഞു. സൈന സൗത്ത് പ്ലസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രഞ്ജിനി കുഞ്ചു.

‘‘സിനിമ അത്ര താൽപര്യമില്ലാത്ത കാര്യമാണ്. വിവാഹം കഴിഞ്ഞ ഉടനേയാണ് സണ്ണിക്കൊപ്പം അഭിനയിച്ചത്. ഡാൻസ് ആണ് എന്റെ പാഷൻ. അതിൽ എന്തു പരീക്ഷണത്തിനും തയാറാണ്. നമ്മളെല്ലാവരും ഓരോ ജോലിയിൽ ആത്മാർഥമായി പണിയെടുക്കുന്നവരാണ്.  ഫോര്‍ ഡാൻസിനുശേഷം കല്യാണവും പെട്ടെന്നു കഴിഞ്ഞപ്പോൾ, ഇന്നയാളുടെ വൈഫ് ആണ് എന്ന് ഹൈപ്പ് വന്നു.

നമ്മൾ ചെയ്യുന്ന ഓരോ വർക്കിനെയും ഇവർ താരതമ്യപ്പെടുത്താൻ തുടങ്ങി. നമ്മൾ കഷ്ടപ്പെട്ടു ചെയ്യുന്നതിനൊരു വിലയും ലഭിക്കുന്നില്ലെന്നൊരു ചിന്ത ഒരു സൈഡിൽ ഉണ്ടായിരുന്നു. എന്റെ മാതാപിതാക്കൾ പ്രശസ്തരായ സംഗീതജ്ഞരാണ്. സ്വന്തം ഐഡന്റിറ്റിയിൽ എന്തു ചെയ്യാൻ പറ്റുമെന്നാണ് അവർ നോക്കിയിട്ടുള്ളത്, അത് കണ്ടാണ് ഞാനും വളർന്നത്. 

എന്റെ അമ്മയും അച്ഛനും ആകാശവാണി ആർട്ടിസ്റ്റുകളാണ്. അമ്മ ടി.എച്ച്. ലളിത വയലനിസ്റ്റാണ്. ഒരിക്കലും എൻ. ഹരിയുടെ ഭാര്യയായിട്ടല്ല അറിയപ്പെടുന്നത്, തിരിച്ചും അങ്ങനെ അല്ല. എന്റെ അച്ഛനും അമ്മയും അവരവരുടെ വ്യക്തിത്വമുള്ളവരാണ്. എന്റെ ഐഡന്റിറ്റി കീപ്പ് ചെയ്ത് മുന്നോട്ടുപോകണമെന്നത് നിർബന്ധമുള്ള കാര്യമായിരുന്നു. സണ്ണിയും ഇക്കാര്യത്തിൽ ഏറെ പിന്തുണ നൽകുന്ന ആളാണ്.

ഞങ്ങൾ പൊതുവേദികളിലും മറ്റും ഒരുമിച്ചെത്താത്തിന്റെ  പ്രധാന ഘടകം തിരക്കു തന്നെയാണ്. ഞങ്ങള്‍ രണ്ടാളും ഓടി നടന്നു ജോലി ചെയ്യുന്ന ആള്‍ക്കാരാണ്. നേരത്തേ സൂചിപ്പിച്ച ടാഗ്‍ലൈൻ എന്റെ കരിയറിനെ ബാധിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്. അതാണ് അങ്ങനെയൊരു എക്സ്പോഷര്‍ കൊടുക്കാത്തത്. വിശേഷ അവസരങ്ങളിലൊക്കെ ഞാൻ അദ്ദേഹത്തിനൊപ്പമുളള ചിത്രങ്ങൾ ഇടാറുണ്ട്. പരമാവധി ഞാൻ ഒഴിവാക്കുന്നതിന്റെ പ്രധാന കാരണം, നേരത്തേ സൂചിപ്പിച്ചതു പോലെ കറങ്ങിത്തിരിച്ച് ആ ടാ‍ഗ്‍ലൈനിലാണ് വരുക. 

maniyarayile-ashokan
മണിയറയിലെ അശോകൻ എന്ന സിനിമയിൽ നിന്നും

സിനിമയാണ് എന്നതിനാലാകും കാരണം. ആദ്യമൊക്കെ, നേരിട്ടും അല്ലാതെയും അത്തരം കമന്റുകള്‍ കേട്ടിട്ടുണ്ട്. ഒന്നരവര്‍ഷമായി അങ്ങനെ കേള്‍ക്കുന്നത് കുറവാണ് എന്ന് തോന്നുന്നു. ഞാൻ ഇങ്ങനെ കുറച്ചൊന്നു തടയുന്നതുകൊണ്ടാകാം.

എന്റെ സ്റ്റുഡന്റ്സിനൊപ്പമാണ് ‍ഞാൻ റീല്‍സ് ചെയ്യാറുള്ളത്. സെലിബ്രിറ്റീസിനൊപ്പം ചെയ്താൽ റീച്ച് കൂടുതൽ ലഭിക്കും. പക്ഷേ സ്വന്തമായൊരു ഫെയിം കൊണ്ടുവരാനാണ് ഞാൻ ഇതിലൂടെ ശ്രമിക്കുന്നത്.’’–രഞ്ജിനിയുടെ വാക്കുകൾ.

ഏറ്റവും ഇഷ്ടപ്പെട്ട സണ്ണി വെയ്ന്‍ കഥാപാത്രം മോസയിലെ കുതിര മീനുകളിലേതാണെന്നും രഞ്ജിനി പറയുന്നു. കുറേ വർഷം പ്രണയിച്ച ശേഷമായിരുന്നു സണ്ണിയുടെയും രഞ്ജിനിയുടെയും വിവാഹം. എന്നാല്‍ പ്രണയിച്ചിരുന്ന കാലത്തൊന്നും അതേക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു. ദുല്‍ഖര്‍ തന്നെ അറിയുന്നത് വൈകിയാണ്. അതേക്കുറിച്ചും രഞ്ജിനി സംസാരിക്കുന്നുണ്ട്.

‘‘പ്രണയം മറച്ചുവയ്ക്കുന്നതാണ് നല്ലതെന്നു രണ്ടു പേര്‍ക്കും തോന്നി. അതുകാരണം ആണല്ലോ ഇപ്പോഴും ഇങ്ങനെ പോകാന്‍ സാധിക്കുന്നത്. അന്നേ അത് ചെയ്തിരുന്നുവെങ്കില്‍ എന്റെ ഐഡന്റിറ്റിയ്ക്ക് പ്രശ്‌നം വന്നിരുന്നേനെ. പിന്നെ പ്ലാന്‍ഡുമായിരുന്നില്ല. രണ്ടു പേരും അവരവരുടെ പ്രൈവസി ആസ്വദിക്കുന്നവരാണ്. എനിക്ക് എന്റെ സ്‌പേസ് വേണം. ആള്‍ക്ക് ആളുടെ സ്‌പേസ് വേണം. സൗഹൃദം ആണ് ഞങ്ങളുടെ പങ്കാളിത്തത്തിന്റെ അടിത്തറ. രണ്ടുപേരും അവരുടേതായ കാഴ്ചപ്പാടുകളും സ്വപ്‌നങ്ങളുമുണ്ട്. രണ്ടു റൂട്ടില്‍ പോകുന്ന ആളുകളാണ്. തുടക്കത്തിലേ അതങ്ങനെ ആയതിനാല്‍ ആയിരിക്കാം ഇപ്പോഴും ഇങ്ങനെ പോകാന്‍ സാധിക്കുന്നത്.’’–രഞ്ജിനി കുഞ്ചു പറയുന്നു.

English Summary:

Renjini Kunju explains why she doesnt post photos with husband Sunny Wayne

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com