ADVERTISEMENT

നടി അപർണ ഗോപിനാഥ് കുറച്ചു നാളുകളായി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ പ്രേക്ഷകരിൽ ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ച പോസ്റ്റിലെ അടിക്കുറിപ്പുകളാണ് ആശങ്കയ്ക്കു കാരണമായത്. ‘‘തിരിച്ചു വരില്ല എന്ന് കരുതിയ ഇടത്തു നിന്ന് മനോധൈര്യം കൊണ്ടും, വിധി അതായതുകൊണ്ടും, പ്രാർഥന കൊണ്ടും തിരിച്ചുവന്നു’ എന്ന് പറഞ്ഞാണ് ആദ്യത്തെ പോസ്റ്റ്. ‘‘പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി, ദൈവത്തിന് നന്ദി’’ എന്ന് മറ്റൊരു ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു. അപര്‍ണ ഏതോ അപകടകരമായ സാഹചര്യത്തില്‍ നിന്നോ അസുഖത്തിൽ നിന്നോ തിരിച്ചുവന്നെന്നായിരുന്നു ഈ പോസ്റ്റുകളിലൂടെ പ്രേക്ഷകര്‍ മനസ്സിലാക്കിയത്. പലരും ഇക്കാര്യം കമന്റുകളിലൂടെ ചോദിച്ചെങ്കിലും നടി മറുപടിയും നൽകിയില്ല. ഒടുവിലിതാ ആരാധകരുടെ ആശങ്കൾക്കെല്ലാം മറുപടിയുമായി എത്തുകയാണ് നടി. താൻ സുഖമായി ഇരിക്കുന്നുവെന്നും എല്ലാം ഓക്കേ ആണെന്നുമാണ് നടിയുടെ പുതിയ കുറിപ്പ്. 

വളരെക്കാലമായി അപർണ ഗോപിനാഥ്‌ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ബ്ലാക്ക് ആൻഡ് വൈറ്റില്‍ ഉള്ളവയാണ്. ഇതോടെയാണ് താരത്തിന് എന്തോ പറ്റി എന്ന ആരാധകരുടെ ചർച്ചകൾക്ക് ചൂട് പിടിച്ചത്. അപർണയുടെ പുതിയ പോസ്റ്റ് കാര്യങ്ങൾക്ക് വ്യക്തത വരുത്തിയിരിക്കുകയാണ്. മാത്രമല്ല മുൻപ് നടി പങ്കുവച്ച പോസ്റ്റിലെ അടിക്കുറിപ്പുകളിലെല്ലാം മാറ്റവും വരുത്തിയിട്ടുണ്ട്.

‘‘ഞാൻ സുഖമായി സന്തോഷത്തോടെയിരിക്കുന്നു.  അങ്ങനെയല്ല എന്ന് ചിന്തിച്ച് എനിക്കുവേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി.  ഇവിടെ എല്ലാം ഓക്കേ ആണ്.’’ അപർണ ഗോപിനാഥ്‌ കുറിച്ചു.  ചില യുദ്ധങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നു, ചിലത് അങ്ങനെയല്ല എന്ന ഹാഷ് ടാഗിനൊപ്പമാണ് അപർണ ഗോപിനാഥ്‌ പുതിയ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.  

എബിസിഡി എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് അപര്‍ണ ഗോപിനാഥ്.  മുന്നറിയിപ്പ്, ചാര്‍ലി, ഗ്യാങ്സ്റ്റർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം കുറച്ചു നാളായി സിനിമയിൽ സജീവമല്ല.  തിയറ്റര്‍ ആര്‍ട്ടിസ്റ്റും, കണ്ടംപററി ഡാന്‍സറുമാണ് അപര്‍ണ.  സമൂഹ മാധ്യമങ്ങളിൽ സജീവമായ അപര്‍ണ തന്റെ യാത്രാ ചിത്രങ്ങളെല്ലാം പങ്കുവക്കാറുണ്ട്. 

2019 ൽ റിലീസ് ചെയ്ത സേഫ് എന്ന സിനിമയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. 

English Summary:

What happened to Aparna Gopinath, Actress responds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com