ADVERTISEMENT

സ്നേഹം പ്രകടിപ്പിക്കാനെത്തുന്ന ആരാധകര്‍ക്കെതിരെ പ്രകോപിതനാകാറുള്ള നടൻ ശിവകുമാറിന്റെ പെരുമാറ്റം പലപ്പോഴും വിവാദമാകാറുണ്ട്. ഇപ്പോഴിതാ സമാനമായ ഒരു സംഭവത്തിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇഷ്ടതാരത്തിനെ കാണാനെത്തിയ വയോധികൻ നൽകിയ സമ്മാനം പിടിച്ചുവാങ്ങി നിലത്തെറിയുകയും അദ്ദേഹത്തെ ചീത്തവിളിക്കുകയും ചെയ്ത ശിവകുമാറിനെയാണ് വൈറൽ‌ വിഡിയോയിൽ കാണാൻ സാധിക്കുക.

പാഷാ കറുപ്പയ്യ രചിച്ച 'ഇപ്പിത്താന്‍ ഉരുവാനേന്‍' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനിടെയായിരുന്നു സംഭവം. പരിപാടിക്കായി കാരക്കുടി ശിവഗംഗ ജില്ലയിലെ കണ്ണദാസന്‍ മണി മണ്ഡപത്തില്‍ എത്തിയ ശിവകുമാറിന് വയോധികൻ ഷാള്‍ സമ്മാനമായി നല്‍കാൻ ഒരുങ്ങുന്നതിനിടെയാണ് താരം പെട്ടെന്നു പ്രകോപിതനായത്.
 

ശിവകുമാര്‍ പെട്ടന്നു ഷാള്‍ നിലത്തേക്ക് വലിച്ചെറിഞ്ഞശേഷം നടന്നുപോകുകയായിരുന്നു. വിഡിയോ വൈറലായതോടെ നടനെതിരെ വലിയ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. ശിവകുമാറിന്റെ മക്കളായ സൂര്യയെയും കാര്‍ത്തിയേയും ടാഗ് ചെയ്തും ആളുകൾ ഈ വിഡിയോ പങ്കുവയ്ക്കുന്നുണ്ട്. അച്ഛനെ നിലയ്ക്ക് നിര്‍ത്തണമെന്ന് ഇരുവരോടും ആവശ്യപ്പെട്ട വിമര്‍ശകര്‍, ഇത്തരം ആളുകളെ എന്തിനാണ് പൊതുചടങ്ങില്‍ വിളിക്കുന്നതെന്നും ചോദിക്കുന്നു.

എന്നാല്‍ വയോധികനും ശിവകുമാറും അടുത്ത സുഹൃത്തുക്കളാണെന്നും തമാശയ്ക്കാണ് അദ്ദേഹം ഷാൾ വലിച്ചെറിഞ്ഞതെന്നും വയോധികന്റെ അടുത്ത ബന്ധു സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. കഴിഞ്ഞ അൻപതു വർഷമായി ഇവർക്കു പരസ്പരം അറിയാമെന്നും വയോധികന്റെ കുടുംബ പരിപാടികളിൽ ശിവകുമാർ പങ്കെടുത്തിട്ടുണ്ടെന്നും ബന്ധു പറഞ്ഞു. 

ഈ വിഷയം താൻ വയോധികനുമായി സംസാരിച്ചെന്നും ശിവകുമാർ ഒരു സുഹൃത്തെന്ന രീതിയിലാണ് ഷാൾ വലിച്ചെറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞതായും ബന്ധു അറിയിച്ചു. കാര്യങ്ങൾ വളച്ചൊടിക്കരുതെന്നും ഇക്കാര്യത്തിൽ ശിവകുമാർ തെറ്റുചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയ ബന്ധു, വയോധികനും ശിവകുമാറുമൊത്തുള്ള പഴയകാല ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

sivakumar-3
വയോധികന്റെ ബന്ധു പങ്കുവച്ച കുറിപ്പും ചിത്രവും

നേരത്തേ ഒരു ചടങ്ങില്‍ സെല്‍ഫി എടുക്കാനെത്തിയ ആരാധകന്റെ ഫോണ്‍ ശിവകുമാര്‍ എറിഞ്ഞുടച്ചിരുന്നു. പിന്നീട് പരസ്യമായി ക്ഷമാപണം നടത്തുകയും ആരാധകന് പുതിയ ഫോണ്‍ നല്‍കുകയും ചെയ്തു.

English Summary:

Did Sivakumar mistreat a fan by throwing his gift?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com