ADVERTISEMENT

രൺബീർ കപൂറിന്റെ ‘അനിമൽ’ സിനിമയെയും അതിന്റെ ആരാധകരെയും വിമർശിച്ച് നടിയും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുശ്ബു സുന്ദർ. ‘അനിമല്‍’ പോലൊരു സ്‌ത്രീവിരുദ്ധ സിനിമ ഏറ്റവും വലിയ ബോക്സ്ഓഫിസ് വിജയങ്ങളിലൊന്നായി മാറിയിട്ടുണ്ടെങ്കില്‍ ആളുകളുടെ മാനസികാവസ്ഥയെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് ഖുശ്‌ബു പറഞ്ഞു. ഈ സിനിമ കാണരുതെന്ന് തന്റെ പെൺമക്കൾ ഉപദേശിച്ചു. അതുകൊണ്ട് ചിത്രം കണ്ടില്ല. അനിമൽ സിനിമയുടെ പ്ലോട്ടിനെക്കുറിച്ച് വിമർശനം ഉണ്ടെന്നല്ലാതെ ചിത്രത്തിന്റെ സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്കയോട് തനിക്ക് യാതൊരു വിരോധവുമില്ലെന്നും ഖുശ്ബു സുന്ദർ വ്യക്തമാക്കി.

‘‘പീഡനം, വൈവാഹിക ബലാത്സംഗം തുടങ്ങിയ നിരവധി കേസുകൾ ദേശീയ വനിതാ കമ്മീഷൻ അംഗമെന്ന നിലയിൽ ഞാൻ കണ്ടിട്ടുണ്ട്. ‘അനിമൽ’ പോലുള്ള സ്ത്രീവിരുദ്ധ സിനിമകൾ ഏറ്റവും വലിയ ബോക്സ്ഓഫിസ് കലക്‌ഷൻ ചിത്രങ്ങളിലൊന്നായി മാറുകയാണെങ്കിൽ, അത് വിജയിപ്പിക്കുന്ന ആളുകളുടെ മാനസികാവസ്ഥയെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ടതുണ്ട്.  കബീർ സിങ്, അർജുൻ റെഡ്ഡി എന്നീ ചിത്രങ്ങളോടും എനിക്ക് വിയോജിപ്പുണ്ട്. പക്ഷേ ഞാൻ സംവിധായകനെ കുറ്റപ്പെടുത്തുന്നില്ല, കാരണം അദ്ദേഹത്തിന്റെ ലക്‌ക്ഷ്യം സിനിമയുടെ വിജയം മാത്രമാണ്. സമൂഹത്തിൽ എന്താണ് സംഭവിക്കുന്നതെന്നാണ് സിനിമകളിൽ കാണിക്കുന്നത്. സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറണമെന്ന് വാതോരാതെ ഞങ്ങളൊക്കെ പ്രഘോഷിക്കുമ്പോഴും ആളുകൾ ‘അനിമൽ’ പോലെയുള്ള സിനിമകൾ കാണുകയും ആഘോഷിക്കുകയും ചെയ്യുന്നു.  

എന്റെ പെണ്മക്കൾ ഈ സിനിമ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഈ സിനിമയിൽ എന്താണുള്ളതെന്ന് അറിയാൻ വേണ്ടി അവർ അത് കണ്ടു.  അവർ തിരിച്ചുവന്ന് എന്നോട് പറഞ്ഞത് അമ്മ ദയവായി ഈ സിനിമ കാണരുത് എന്നാണ്. പ്രേക്ഷകർ ഇത്തരം സിനിമകൾ വിജയിപ്പിക്കുന്നത് കാണുമ്പോൾ നമ്മുടെ സമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഞാൻ അദ്ഭുതപ്പെടുകയാണ്.’’– ഖുശ്‌ബു പറയുന്നു.  

രൺബീർ കപൂർ, ബോബി ഡിയോൾ, രശ്മിക മന്ദാന, അനിൽ കപൂർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘അനിമൽ’.  സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ചിത്രം വയലൻസിന്റെയും സ്ത്രീവിരുദ്ധതയുടെയും പേരിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും ബോക്സ്ഓഫിസിൽ വമ്പൻ ഹിറ്റ് ആയിരുന്നു.

English Summary:

Kushboo Sundar Calls Animal 'Misogynistic'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com