ADVERTISEMENT

‘നടൻ ജയസൂര്യ പിറന്നാൾ ആശംസ നേർന്നാലേ ഈ കേക്ക് മുറിക്കൂ’ എന്ന വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുടുംബത്തിനു സർപ്രൈസുമായി താരം. അനാൻ എന്ന കുട്ടിക്ക് പിറന്നാൾ ആശംസ പങ്കുവച്ചുകൊണ്ട് നിഷാദ് എന്നയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച റീൽ വിഡിയോയിലാണ് മധുരകരമായ കമന്റുമായി ജയസൂര്യ എത്തിയത്.

‘ഹാപ്പി ബർത് ഡേ അനാൻ’ എന്നെഴുതിയ കേക്ക് മുറിക്കാതെ എല്ലാവരും ജയസൂര്യയെ കാത്തിരിക്കുന്നതാണ് വിഡിയോയിൽ കാണാനാകുന്നത്. ജയസൂര്യ തന്നെ പാടിയ ‘ആശിച്ചവന് ആകാശത്തിന്നൊരു’ എന്ന, പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലെ പാട്ടിനൊപ്പമാണ് കുട്ടിയുടെ വിഡിയോ പങ്കുവച്ചത്. കുട്ടികളും മുതിർന്നവരും അടക്കം ജയസൂര്യ വരുന്നതും കാത്ത് താടിക്ക് കൈകൊടുത്ത് ദുഃഖ ഭാവത്തിൽ ഇരിക്കുന്ന രസിപ്പിക്കുന്ന വിഡിയോയ്ക്ക് ഒടുവിൽ ജയസൂര്യ കമന്റ് ചെയ്തു.  

jayasurya-comment-5

മൂന്നു ദിവസം കഴിഞ്ഞാണ് ഈ വിഡിയോ ആകസ്മികമായി താരം കാണാൻ ഇടയായത്. അതുകൊണ്ടുതന്നെ രസകരമായിരുന്നു അദ്ദേഹത്തിന്റെ കമന്റും. ‘‘എന്തായി കേക്ക് കട്ട് ചെയ്തോ?  ഇപ്പൊ ദിവസം മൂന്നുനാല് ആയില്ലേ, ആ കേക്ക് ഇപ്പൊ എന്തായി കാണുവോ ആവോ. പുതിയ കേക്ക് വാങ്ങി മുറിക്കണം കേട്ടോ. അനാൻ മോന് പിറന്നാൾ ആശംസകൾ’’.– ഇതായിരുന്നു ജയസൂര്യയുടെ കമന്റ്.

‘‘ഞങ്ങളുടെ ജയേട്ടൻ വന്നേ, ഇനി കേക്ക് മുറിക്കാം’’ എന്ന് വിഡിയോ പങ്കുവച്ചയാൾ മറുപടിയായി പറഞ്ഞു. ‘‘ഞങ്ങളുടെ ജയേട്ടൻ വന്നേ, ആശിച്ചവന് ആകാശവും കൂടെ പോരും എന്ന് മനസ്സിലായില്ലേ’’ എന്നും ആരാധകർ കമന്റ് ചെയ്യുന്നു.

ഇഷ്ടതാരങ്ങളുടെ കമന്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റുകൾ ഇൻസ്റ്റഗ്രാമിൽ പതിവാകുകയാണ്. കുറച്ചു ദിവസം മുൻപാണ് ‘ഈ വിഡിയോക്ക് ടൊവിനോ തോമസ് കമന്‍റ് ചെയ്താലേ ഞാൻ പഠിക്കൂ’ എന്ന അടിക്കുറിപ്പോടെ താഹ എന്ന യുവാവ് എത്തിയത്. ‘പോയിരുന്ന് പഠിക്ക് മോനേ’ എന്നായിരുന്നു പോസ്റ്റിനു ടൊവിനോ തോമസിന്റെ മറുപടി.  ബേസിൽ ജോസഫ് കമന്റ് ചെയ്താലേ കാനഡയിൽ നിന്ന് വരൂ എന്നുപറഞ്ഞു വിഡിയോ പങ്കുവച്ച വിരുതന് ‘മകനേ മടങ്ങിവരൂ’ എന്ന രസകരമായ കമന്റുമായി ബേസിൽ ജോസഫും എത്തിയിരുന്നു. 

English Summary:

Jayasurya joins social media craze

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com