ADVERTISEMENT

ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാല്‍ ചിത്രം ‘ദൃശ്യം’ ഇനി ഹോളിവുഡിലേക്ക്. സിനിമയുടെ ഇന്ത്യൻ–ഇതര ഭാഷ റീമേക്കുകളുടെ അവകാശം സ്വന്തമാക്കിയ പനോരമ സ്റ്റുഡിയോസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎസ് കമ്പനികളായ ഗൾഫ്സ്ട്രീം പിക്ചേഴ്സും ജോട്ട് ഫിലിംസും പനോരമ സ്റ്റുഡിയോസും ചേര്‍ന്നാകും ദൃശ്യം റീമേക്ക് നിർമിക്കുക.

അജയ് ദേവ്ഗൺ നായകനായെത്തിയ ദൃശ്യം ഹിന്ദി റീമേക്കിന്റെ രണ്ട് ഭാഗങ്ങളും വൻ വിജയമായിരുന്നു. ഇതേ തുടർന്നാണ് ദൃശ്യം 1, ദൃശ്യം 2 എന്നിവയുടെ ഇന്ത്യൻ ഇതര ഭാഷകളുടെ റീമേക്ക് അവകാശം പനോരമ സ്റ്റുഡിയോസ് ഇന്റർനാഷനൽ സ്വന്തമാക്കുന്നത്. ഫിലിപ്പിനോ, സിംഹള, ഇന്തോനേഷ്യൻ എന്നിവ ഒഴികെ ഇംഗ്ലിഷ് ഉൾപ്പെടെ മറ്റെല്ലാ  വിദേശ ഭാഷകളുടെയും അവകാശമാണിത്.

സിനിമയുടെ കൊറിയൻ റീമേക്കും അണിയറയിൽ ഒരുങ്ങുകയാണ്. പനോരമ സ്റ്റുഡിയോസും തെക്കന്‍ കൊറിയയില്‍ നിന്നുള്ള ആന്തോളജി സ്റ്റുഡിയോസും ചേര്‍ന്നുള്ള ഇന്‍ഡോ- കൊറിയൻ സംയുക്ത നിർമാണ സംരംഭമാണിത്.

ഐ സോ ദ് ഡെവിൾ എന്ന സിനിമയിലൂടെ ലോക സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധേയനായ സംവിധായകന്‍ കിം ജൂ വൂണ്‍ ആയിരിക്കും കൊറിയൻ പതിപ്പ് ഒരുക്കുക. ദ് ഹോസ്റ്റ്, മെമറീസ് ഓഫ് മർഡർ, പാരസൈറ്റ് എന്നീ സിനിമകളിലൂടെ പ്രശസ്തനായ സോങ് കാങ് ഹോ ആകും നായകൻ. ഇവർ തന്നെ  ഉടമകളായിട്ടുള്ള നിര്‍മാണ കമ്പനിയാണ് ആന്തോളജി സ്റ്റുഡിയോസ്. ഹോളിവുഡ് സ്റ്റുഡിയോ വാര്‍ണര്‍ ബ്രദേഴ്സിന്‍റെ മുന്‍ എക്സിക്യൂട്ടിവ് ജാക്ക് ഗൂയന്‍ ആയിരിക്കും ദൃശ്യം റീമേക്കിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. 

ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രം കൊറിയന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. ദൃശ്യം ഇറങ്ങിയ സമയത്ത് ഇത് കൊറിയൻ സിനിമയുടെ റീമേക്ക് ആണെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ആ ആരോപണങ്ങളെയൊക്കെ കാറ്റില്‍ പറത്തിയാണ് ചിത്രമിപ്പോൾ അതേ ഭാഷയില്‍ തന്നെ റീമേക്ക് ചെയ്യപ്പെടുന്നത്.

മലയാളത്തിലെ വമ്പൻ വിജയത്തിന് ശേഷം തമിഴിൽ കമല്‍ഹാസനും ഹിന്ദിയിൽ അജയ് ദേവ്ഗണും നായകന്മാരായി എത്തിയ ദൃശ്യം ബോക്സ് ഓഫിസിൽ വമ്പൻ വിജയം നേടിയിരുന്നു. പിന്നീട് ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വിഡിയോയിലൂടെ 2021 ല്‍ എത്തിയ ദൃശ്യം 2 സിനിമയും ഹിന്ദി അടക്കമുള്ള ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടുകയും വിജയിക്കുകയും ചെയ്തിരുന്നു. അജയ് ദേവ്ഗണ്ണിനെ നായകനാക്കി അഭിഷേക് പഥക് സംവിധാനം ചെയ്ത 'ദൃശ്യം 2' ഹിന്ദി പതിപ്പ് ബോക്‌സ് ഓഫിസിൽ വൻ വിജയവും നിരൂപക പ്രശംസയും നേടിയതിനെത്തുടർന്നാണ് പനോരമ സ്റ്റുഡിയോസ് വിദേശ ഭാഷകളിലേക്കുള്ള സിനിമയുടെ കമേഴ്സ്യൽ സാധ്യത തിരിച്ചറിയുന്നത്.

English Summary:

Jeetu Joseph’s Mohanlal-starrer Drishyam to be remade in Hollywood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com