ADVERTISEMENT

തമിഴിലും മലയാളത്തിലും ഉളളടക്കം സൂപ്പര്‍താരമാകുമ്പോള്‍, സ്ഥിരം പാറ്റേണില്‍ ഒരുക്കിയ പല സൂപ്പര്‍സ്റ്റാര്‍ പടങ്ങളും പരാജയത്തിന്റെ രുചി അറിയുന്നു. 2024 ല്‍ സ്‌റ്റൈല്‍ മന്നന്റെ ഏറ്റവും പുതിയ ചിത്രം ‘ലാല്‍സലാം’ ബോക്‌സ്ഓഫിസില്‍ വീണപ്പോള്‍ തമിഴകത്തെ പല സിനിമകളും കലക്‌ഷനിൽ കിതയ്ക്കുന്നതാണ് കാണാനാകുന്നത്. പ്രേമലുവും ഭ്രമയുഗവും മഞ്ഞുമ്മലുമടക്കമുളള സിനിമകൾ തമിഴിൽ സൂപ്പർഹിറ്റായി ഓടുകയാണ്. അതേസമയം കഴിഞ്ഞ ആഴ്ച ഇറങ്ങിയ ജയം രവി ചിത്രം സൈറണെപ്പോലും വെട്ടി തമിഴ്നാട്ടിൽ ഉയർന്ന കലക്‌ഷൻ നേടുന്ന ചിത്രമായി മഞ്ഞുമ്മൽ ബോയ്സ് മാറിയെന്നതും അദ്ഭുതകരമായ കാഴ്ചയാണ് സിനിമാ പ്രേക്ഷകർക്കു സമ്മാനിക്കുന്നത്.

ഭാഷ ഏതെന്നതോ അഭിനയിക്കുന്നത് ആരെന്നതോ ബജറ്റ് എത്രയെന്നോ സിനിമയുടെ വിജയം നിര്‍ണയിക്കുന്ന മാനണ്ഡമല്ലാത്ത കാലം വന്നിരിക്കുന്നു. ഈ പ്രവണത എത്രകാലം നിലനില്‍ക്കുമെന്നോ സ്ഥായിയായി പരിണമിക്കുമെന്നോ ഉറപ്പില്ല. എന്നാല്‍ നിലവില്‍ മലയാളത്തിലും തമിഴിലും ഇതാണ് സ്ഥിതി. 2023 ല്‍ തുടങ്ങിയ വഴിമാറി നടത്തം 2024 ന്റെ തുടക്കത്തിലും തുടരുന്നു. ഉളളടക്കം, ആവിഷ്‌കാര ശൈലി, കെട്ടുറപ്പുളള തിരക്കഥ, ആദിമധ്യാന്തം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ആഖ്യാനം എന്നിവ മാത്രമാണ് ഇന്ന് സിനിമയെ വിജയത്തിലേക്ക് നയിക്കുന്നതെന്ന് അനുഭവം സാക്ഷ്യപ്പെടുത്തുന്നു. ഈ പ്രവണതയ്ക്ക് തുടക്കമിട്ടത് മലയാളമെന്നോ തമിഴെന്നോ പറയാനാവില്ല. രണ്ട് ഭാഷകളിലും ഏറെക്കുറെ ഒരേ സമയത്ത് സംഭവിച്ചു എന്നാണ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. 

ബിഗ്ബജറ്റ് സിനിമകള്‍ക്ക് ശനിദശ

മലയാളത്തില്‍ ഏറെക്കാലമായി ബിഗ് ബജറ്റ് സിനിമകള്‍ക്ക് ശനിദശയാണ്. അതേസമയം മലയാളത്തിലും തമിഴിലും ലോബജറ്റ് സിനിമകള്‍ പണം വാരിപ്പടങ്ങളായി. എന്താണ് ഇതിന്റെ മാജിക്ക് എന്ന് പരിശോധിച്ചാല്‍ ഉത്തരം വളരെ ലളിതം. 150 - 200 രൂപ മുടക്കി തിയറ്ററില്‍ വരുന്ന പ്രേക്ഷകന്‍ സംവിധായകരുടെ പരീക്ഷണങ്ങള്‍ക്ക് തലവച്ചുകൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. പ്രമേയം പഴയതോ പുതിയതോ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ നിറച്ചതോ വന്‍കിട താരങ്ങള്‍ ഉണ്ടെന്നതോ ഇല്ലെന്നതോ ഒന്നും അവര്‍ക്ക് പ്രശ്‌നമല്ല. രണ്ടര മണിക്കൂര്‍ മുഷിവില്ലാതെ സാമാന്യം രസകരമായി തിയറ്ററില്‍ പിടിച്ചിരുത്താന്‍ കഴിയണം.

ഫാലിമി മുതല്‍ ഏറ്റവും പുതിയ ഹിറ്റ് ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സ് വരെയുളള സിനിമകള്‍ അദ്ഭുത പ്രതിഭാസങ്ങളായിരുന്നില്ല. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വന്നിരുന്ന് അതിന്റെ അണിയറ ശില്‍പ്പികള്‍ അവകാശവാദങ്ങള്‍ നടത്തുന്നതുമില്ല. പക്ഷേ പ്രേക്ഷകര്‍ അത്തരം സിനിമകള്‍ തിരഞ്ഞുപിടിച്ച് കാണുന്നു. ബേസിലിനെ പോലെ തന്നെ നസ്‌ലിന്‍-മാത്യുസ് ടീം നയിച്ച നെയ്മറും ജോ ആന്‍ഡ് ജോയും ഏറ്റവും ഒടുവില്‍ പ്രേമലുവും എല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുമ്പോള്‍ വന്‍ബജറ്റും പടുകൂറ്റന്‍ സെറ്റുകളും 100 ദിവസത്തെ ഷൂട്ടിങ് വിശേഷങ്ങളും പറഞ്ഞ് പ്രേക്ഷകരെ മയക്കിക്കളയാന്‍ സാധിക്കില്ലെന്ന് പറയുന്നത് മലയാളം പ്രേക്ഷകര്‍ മാത്രമല്ല തെന്നിന്ത്യ ഒന്നാകെയാണ്.

16 കോടിയില്‍ പൂര്‍ത്തിയായെന്ന് പറയപ്പെടുന്ന കാന്താര (2022) എന്ന കന്നഡ പടം 400 കോടി ക്ലബ്ബില്‍ കയറുകയും 12.50 കോടിയില്‍ തീര്‍ത്ത പ്രേമലു 70 കോടി പിന്നിടുകയും ചെയ്തപ്പോള്‍, ചെലവാക്കുന്ന കോടികളുടെ സ്ഥാനത്ത് സിനിമയുടെ ഇതിവൃത്തത്തിലും ആഖ്യാനത്തിലും ശ്രദ്ധിച്ചാല്‍ തിരിച്ച് കോടികളുടെ കിലുക്കമുണ്ടാവുമെന്ന് വിവേചന ശേഷിയുളള നിർമാതാക്കളും സംവിധായകരും തിരിച്ചറിഞ്ഞു. അവകാശവാദങ്ങളില്ലാതെ സിനിമകള്‍ സൃഷ്ടിക്കുന്ന ജിത്തു ജോസഫിന്റെ ഏറ്റവും പുതിയ ഹിറ്റ് നേര് തന്നെ ഉദാഹരണമായെടുക്കാം. മോഹന്‍ലാല്‍ എന്ന മലയാളത്തിലെ ഏറ്റവും വിലപിടിപ്പുളള താരം കൂട്ടിനുണ്ടായിട്ടും 100 കോടി ബജറ്റിന് പിന്നാലെ പോകാതെ 12 കോടിയില്‍ തീര്‍ത്ത പടം 100 കോടി കലക്ട് ചെയ്തു. സൂപ്പര്‍താരത്തെ സഹകരിപ്പിച്ചുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ യശസ്സിന് കോട്ടം തട്ടാത്ത വിധത്തില്‍ അന്തസ്സുളള ഒരു ചിത്രം ഒരുക്കാന്‍ ശ്രമിക്കുന്നു എന്നതാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജിത്തുജോസഫ് അനുവര്‍ത്തിച്ചു വരുന്ന നയം. നേരിലും സമാനമായ പാത തന്നെയാണ് അദ്ദേഹം പിന്‍തുടര്‍ന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്തു മയക്കവും ലോ ബജറ്റിൽ ഒരുക്കി ശ്രദ്ധ നേടിയതാണ്. അതേസമയം കണ്ണൂർ സ്ക്വാഡിലൂടെ മമ്മൂട്ടി വീണ്ടും 100 കോടി ക്ലബ്ബ് ഉറപ്പിച്ചു. കാതല്‍ എന്ന ചിത്രവും തിയറ്ററുകളിൽ പ്രദർശന വിജയം നേടിയിരുന്നു.

താരമൂല്യത്തേക്കാള്‍ ആസ്വാദനക്ഷമത പ്രധാനം

കോടാനുകോടികളുടെ ബജറ്റ് മാഹാത്മ്യം മലയാളത്തിന് സ്വപ്നം മാത്രമായിരുന്ന കാലത്ത് പോലും അത്തരം സിനിമകള്‍ നിർമിച്ച് വിജയിപ്പിച്ച ചരിത്രമുണ്ട് തമിഴ്‌നാടിന്. കെ.ടി.കുഞ്ഞുമോന്റെ ജന്റില്‍മാനും കാതലനും മുതല്‍ രജനികാന്തിന്റെ യന്തിരന്‍ വരെ ഇതിന്റെ ഉദാഹരണങ്ങളാണ്. കോടികള്‍ എറിഞ്ഞ് കോടികള്‍ പിടിക്കാന്‍ മലയാളത്തിന് ധൈര്യം നല്‍കിയ ആദ്യ സിനിമ വാസ്തവത്തില്‍ പുലിമുരുകനാണ്. ‘ലൂസിഫര്‍’ അത് അരക്കിട്ടുറപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ വിജയത്തെ പിന്‍പറ്റി വന്ന പല പടങ്ങളും ബോക്‌സ്ഓഫിസില്‍ മൂക്കും കുത്തി വീണതോടെ ഇത്തരം വിജയങ്ങള്‍ തുടര്‍ക്കഥയാക്കാമെന്ന വ്യാമോഹം അസ്ഥാനത്തായി.

യഥാർഥത്തില്‍ സിനിമയുടെ ബജറ്റ് കൂടിപ്പോയി എന്നതായിരുന്നില്ല പല ഫ്‌ളോപ്പുകളുടെയും കാരണം. വന്‍മുതല്‍മുടക്കില്‍ ഒരുങ്ങിയ പഠാനും ആര്‍ആര്‍ആറും പൊന്നിയന്‍ ശെല്‍വനും പോലെ ആസ്വാദനക്ഷമമായ സിനിമകള്‍ ഇതിനിടയില്‍ വിജയം നേടുകയും ചെയ്തു. അതിനോളമൊന്നും വരില്ലെങ്കിലും 24 കോടി മുടക്കിയെടുത്ത ആര്‍ഡിഎക്‌സ് എന്ന മലയാള ചിത്രം 100 കോടിയും 26 കോടി മുടക്കിയ 2018 എന്ന ചിത്രം 177 കോടിയും കടന്നു. 3.5 കോടിയില്‍ തീര്‍ത്ത മാളികപ്പുറവും സമാനമായ തലത്തില്‍ കോടികള്‍ വാരി.

ഇതെല്ലാം വ്യത്യസ്ത ജോണറിലുളള സിനിമകളായിരുന്നെങ്കിലും എല്ലാറ്റിനെയും പരസ്പരം കൂട്ടിയിണക്കുന്ന ഒരു പൊതുഘടകമുണ്ടായിരുന്നു. രസകമായി കണ്ടിരിക്കാവുന്ന സിനിമകള്‍. പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കാത്ത സിനിമകള്‍. ശരാശരി പ്രേക്ഷകന്‍ ഒരു സിനിമയില്‍ നിന്നും അടിസ്ഥാനപരമായി ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും ഈ രസനീയത തന്നെയാണ്. അത് നഷ്ടപ്പെടുന്നു എന്ന് തോന്നുന്ന നിമിഷം അവര്‍ നെഗറ്റീവ് കമന്റുകളുമായി രംഗത്ത് വരുന്നു. പരിചിതരോട് വിവരം കൈമാറുന്നു. മൗത്ത് പബ്ലിസിറ്റിയിലുടെ തന്നെ സിനിമ തിയറ്റര്‍ വിട്ടൊഴിയുന്നു.

എന്നാല്‍ ഈ യാഥാർഥ്യം തിരിച്ചറിയാനുളള വിവേചനശേഷിയില്ലാത്ത ചില ചലച്ചിത്ര പ്രവര്‍ത്തകര്‍ റിവ്യൂവേഴ്‌സിനെയും പരസ്യമായി അഭിപ്രായം പറയുന്ന പ്രേക്ഷകരെയും വെല്ലുവിളിക്കുന്നു. അവര്‍ തങ്ങളുടെ സിനിമ നശിപ്പിച്ചുവെന്ന് പരാതിപറയുന്നു. ഹേറ്റ് ക്യാംപെയ്ൻ മൂലമാണ് തങ്ങളുടെ പടം പരാജയപ്പെട്ടതെന്ന് ആരോപിക്കുന്നു. ഇങ്ങനെ തടിതപ്പുന്ന പലരും ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുകയാണ്.

നല്ല സിനിമകള്‍ക്കെതിരെ ആരൊക്കെ വാളുയര്‍ത്തിയാലും അത് വിജയിക്കുക തന്നെ ചെയ്യും. തീയറ്ററുകളില്‍ വലിയ തരംഗമായില്ലെങ്കില്‍ക്കൂടി മികച്ച അഭിപ്രായം സൃഷ്ടിച്ച സിനിമയാണ് വിനയ് ഫോര്‍ട്ട് നായകനായ ആട്ടം. നരേറ്റീവില്‍ പുതിയ സമീപനം സ്വീകരിച്ച ആട്ടം പല അടരുകളുളള പ്രമേയത്തിന്റെ കരുത്തിലും മികച്ചു നിന്നു. വിനയ് തന്നെ മുഖ്യവേഷത്തില്‍ അഭിനയിച്ച സോമന്റെ കൃതാവും ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിക്കാതെ തന്നെ രക്ഷപ്പെട്ട സിനിമയാണ്. തിയറ്ററില്‍ ആളെ നിറയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും മികച്ച അഭിപ്രായം നേടിയ ചിത്രം ഒടിടിയിലും ടെലിവിഷനിലും വിറ്റുപോയി.

തമിഴിലും മാറ്റത്തിന്റെ കാറ്റ് വീശുന്നു

രജനികാന്ത് എന്ത് ചെയ്താലും സ്വീകരിക്കപ്പെടും എന്ന ധാരണയൊക്കെ തമിഴര്‍ പൊളിച്ചടുക്കി. 2024 ല്‍ രജനിക്ക് കാലിടറിയപ്പോള്‍ മുന്‍മരുമകന്‍ ധനുഷ് തല ഉയര്‍ത്തി നിന്നു. തമിഴ് സിനിമയിലും സമീപകാലത്ത് കണ്ടു വരുന്ന പ്രവണത മലയാളത്തിന് സമാനമാണ്. വലിയ കൊട്ടിഘോഷങ്ങളും തളളിമറിക്കലുകളുമായി വരുന്ന പല പടങ്ങളും ക്ലച്ച് പിടിക്കാതെ പോകുമ്പോള്‍ നിശ്ശബ്ദമായി വന്ന് രംഗം കീഴടക്കുന്ന സിനിമകളുണ്ട്. മലയാളത്തിലെ പ്രേമലുവിന് സമാനമായി തരംഗം സൃഷ്ടിച്ച പ്രണയചിത്രങ്ങളാണ് 2023 ല്‍ പുറത്തു വന്ന ജോയും ലവ് ടുഡേയും. രണ്ടും ബമ്പര്‍ ഹിറ്റുകള്‍. മുതല്‍മുടക്കോ പരിമിതവും.

ട്രെയിലറില്‍ നിന്നും
ട്രെയിലറില്‍ നിന്നും

എന്നാല്‍ പണം വാരിവലിച്ചെറിഞ്ഞ് നിർമിക്കപ്പെട്ട സിനിമകളുടെ സ്ഥിതി നോക്കാം. രജനികാന്തിനെ നായകനാക്കി അദ്ദേഹത്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്ത ലാല്‍സലാം 90 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രമാണ്. രജനിയുടെ കരിയറിലെ അപൂര്‍വം ഫ്‌ളോപ്പുകളില്‍ ഒന്ന് എന്ന അപൂര്‍വബഹുമതിയാണ് ചിത്രത്തിന് ലഭിച്ചത്. ജയം രവിയുടെ സൈറണ്‍ എന്ന സിനിമയ്ക്കും സമാനമായ ദുരന്തം നേരിടേണ്ടി വന്നു. 30 കോടിയില്‍ തീര്‍ത്ത സിനിമയുടെ വരവ് സംബന്ധിച്ച കണക്കുകള്‍ പുറത്ത് പറയാന്‍ പോലും പറ്റാത്ത വിധം ദയനീയമാണ്. 

ട്രെയിലറിൽ നിന്നും
ട്രെയിലറിൽ നിന്നും

പൊങ്കല്‍ റിലീസായി വന്ന ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍ എന്ന സിനിമ മാത്രമാണ് കഷ്ടിച്ച് രക്ഷപ്പെട്ടത്. 50 കോടി മുടക്കിയ സിനിമ നുറുകോടിയോട് അടുക്കുന്നതായി പറയപ്പെടുന്നു. ശിവകാര്‍ത്തികേയന്റെ അയലാന്‍ എന്ന ചിത്രവും 50 കോടി മുടക്കി 80 കോടി തിരിച്ചു പിടിച്ച് കഷ്ടിച്ച് മുഖം രക്ഷിച്ചു.

2022-2023 വര്‍ഷങ്ങളില്‍ തമിഴില്‍ കോടികളുടെ കിലുക്കമുളള സിനിമകള്‍ സംഭവിച്ചെങ്കിലും അതില്‍ മുന്‍പന്തിയില്‍ നിന്ന ലവ് ടുഡേ കേവലം 5 കോടിയില്‍ തീര്‍ത്ത പുതുമുഖ ചിത്രമായിരുന്നു. നായകനായ പ്രദീപ് രംഗനാഥന്‍ കേവലം ഒരു ഷോര്‍ട്ട് ഫിലിമിലെ അഭിനയ പരിചയവും കൊണ്ടാണ് സിനിമയില്‍ ഭാഗ്യം പരീക്ഷിച്ചത്. പ്രദീപ് തന്നെ സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബ്ബില്‍ കയറിപ്പറ്റി.

പോസ്റ്റർ
പോസ്റ്റർ

ഈ സിനിമകളുടെ എല്ലാം വിജയവും ആദ്യം പറഞ്ഞ സിനിമകളുടെ പരാജയവും വിരല്‍ ചൂണ്ടുന്നത് ഒരേ യാഥാർഥ്യത്തിലേക്കാണ്. ജോണര്‍ ഏതുമാകട്ടെ, അവതരണം ലീനിയറോ നോണ്‍ലീനിയറോ ആകട്ടെ, പ്രേക്ഷകരെ രസിപ്പിക്കാനും തൃപ്തിപ്പെടുത്താനും സിനിമയ്ക്ക് കഴിയണം. അല്ലാത്ത പക്ഷം രജനികാന്ത് എന്നല്ല ഏത് കൊലകൊമ്പനെയും അവര്‍ നിഷ്‌കരുണം നിരാകരിക്കും. കാരണം സിനിമയെ ഒരു വിനോദോപാധിയായി മാത്രമാണ് പ്രേക്ഷകര്‍ കാണുന്നത്. വിനോദത്തിനിടയിലൂടെ പ്രസക്തമായ വിഷയങ്ങള്‍ പറയാം, പറയാതിരിക്കാം.

പോസ്റ്റർ
പോസ്റ്റർ

2018 പോലെ, കാതല്‍ പോലെ, വളരെ ഗൗരവമേറിയ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന സിനിമകള്‍ പോലും രസകരമായും കൗതുകകരമായും അവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ സഹര്‍ഷം ഏറ്റെടുത്തു.

മലയാളത്തില്‍ തിയറ്ററുകള്‍ പൂരപ്പറമ്പുകളാക്കി മുന്നേറുകയാണ് 2024 ലെ റിലീസ് ചിത്രങ്ങള്‍ ഒന്നടങ്കം. ഇതൊന്നും ഓവര്‍ ബജറ്റ് സിനിമകള്‍ അല്ല. അതേസമയം ലോകോസ്റ്റുമല്ല. എന്നാല്‍ മുടക്കുമുതലിന്റെ പല മടങ്ങ് തിരിച്ചു പിടിക്കാന്‍ ഈ സിനിമകള്‍ക്ക് കഴിയുന്നത് ഉളളടക്കത്തിന്റെയും അവതരണത്തിന്റെയും ഭംഗി ഒന്നുകൊണ്ട് മാത്രമാണ്. അന്വേഷിപ്പിന്‍ കണ്ടെത്തും, പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്... ആ നിരയില്‍ പ്രതീക്ഷയ്ക്ക് വകയുളള വേറെയും സിനിമകള്‍ റിലീസിന് കാത്തു നില്‍ക്കുന്നു.

വര്‍ഷം തുടങ്ങിയതേയുളളു. കാര്യങ്ങള്‍ മാറിമറിയാം. ഹിറ്റ് പരമ്പരകള്‍ തീര്‍ക്കുന്ന മലയാളത്തില്‍ അടുത്ത മാസങ്ങളില്‍ എന്തു സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല. ഫ്‌ളോപ്പുകള്‍ നേരിടുന്ന തമിഴ് സിനിമയില്‍ ലവ് ടുഡേകള്‍ ആവര്‍ത്തിച്ചു കൂടെന്നില്ല. ഋഷഭ്‌ഷെട്ടി കാന്താര 2 വിന്റെ ഒരുക്കങ്ങളിലാണ്. ഭാഷ ഏതായാലും വിജയങ്ങള്‍ നന്നായി അപഗ്രഥിച്ചും പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടും അടുത്ത വിജയത്തിനായി ശ്രമിക്കുക എന്നതാണ് പരാതിപ്പെട്ടികളായി മാറാതെ ചലച്ചിത്ര പ്രവര്‍ത്തകര്‍ അനുവര്‍ത്തിക്കേണ്ട പ്രാഥമികമായ ദൗത്യം.

English Summary:

Malayalam Movies Rules Tamilnadu Boxoffice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com