ADVERTISEMENT

കൊടൈക്കനാലിന്റെയും ഗുണാകേവിന്റെയുമൊക്കെ അതിര്‍ത്തി വിട്ട് ഇന്ന് തമിഴ്‌നാട് മുഴുവന്‍ ചുറ്റിക്കറങ്ങുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കൈവിടാതെ കൈചേര്‍ത്തു പിടിച്ചവര്‍ ഈ ബോയ്‌സിനെ രാജകീയമായി ആഘോഷമാക്കുകയാണ് എന്നതാണ് തമിഴ് സിനിമാലോകത്തെ ഏറ്റവും വലിയ വിശേഷം. പതിനൊന്നുദിവസം കൊണ്ട് തമിഴ്നാട്ടിൽ നിന്നും മാത്രം ചിത്രം വാരിയത് 15 കോടി രൂപ. മലയാള സിനിമയെ സംബന്ധിച്ചടത്തോളം ഇത് റെക്കോർഡ് ആണ്.

കമല്‍ഹാസനെയും കണ്‍മണി അന്‍പോടു കാതലന്‍ എന്ന പാട്ടിനെയുമൊക്കെ പ്രാണവായുവായി ചേര്‍ത്തു പിടിക്കുന്ന തമിഴ്മക്കള്‍ മലയാള സിനിമാ വേറെ ലെവല്‍ അണ്ണാ എന്ന് ഒരേ ശബ്ദത്തില്‍ പറഞ്ഞു കഴിഞ്ഞു. തമിഴ്‌സിനിമയുടെ ബോക്‌സ്ഓഫിസില്‍ ഇടിമുഴക്കമുണ്ടാക്കി കാശുവാരുന്നതില്‍ പുതുചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഈ സൗഹൃദചിത്രം. രസകരമായ ചില കഥകളും പുറത്തു വരുന്നുണ്ട്. കൊടൈക്കനാലില്‍ നിന്ന് ഗുണാകേവ് കാണാനെത്തുന്ന സഞ്ചാരികളുടെയും എണ്ണം വര്‍ധിച്ചിട്ടുണ്ട്.

സമീപകാലത്തൊന്നും ഒരു മലയാള സിനിമയ്ക്ക് കിട്ടാത്ത സ്വീകാര്യതയാണ് തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്നത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ മാത്രം റിലീസ് ചെയ്ത ചിത്രമിന്ന് കൂടുതല്‍ തിയറ്ററുകളിലേക്ക് എത്തി കഴിഞ്ഞു. ഗുണാകേവും തമിഴ് പശ്ചാത്തലവുമൊക്കെ സിനിമയില്‍ എത്തിയതോടെ സാധാരണക്കാരും തിയറ്ററിലേക്ക് ഒഴുകിയെത്തി. ബുക്ക്‌മൈ ഷോയില്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് ടിക്കറ്റുകള്‍ വിറ്റു പോകുന്നത്. കമല്‍സാറിനുള്ള മലയാളത്തിന്റെ ആദരവെന്നും ഒരു മലയാള സിനിമയ്ക്ക് തമിഴ് സിനിമ കാരണമാകുന്നത് തമിഴ് സിനിമയ്ക്ക് തന്നെയുള്ള ആദരവാണെന്നും പലരും വിധി എഴുതി കഴിഞ്ഞു. എന്തായാലും നിറഞ്ഞ കയ്യടികളോടെയാണ് സിനിമ കഴിഞ്ഞ് പ്രേക്ഷകര്‍ തിയറ്റര്‍ വിട്ടിറങ്ങുന്നത്.

ഒപ്പം റിലീസ് ചെയ്ത തമിഴ്‌സിനിമകളെയും പിടിച്ചു കുലുക്കിയാണ് സിനിമയുടെ മുന്നേറ്റം. കേരളത്തില്‍ ഉയര്‍ന്നു വന്ന മികച്ച അഭിപ്രായം തമിഴ്‌നാട്ടില്‍ അതിവേഗത്തില്‍ തിയറ്ററുകളിലേക്ക് ആളുകളെ എത്തിച്ചു. മാർച്ച് ഒന്നിനു തമിഴിൽ റിലീസ് ചെയ്ത ഗൗതം മേനോൻ ചിത്രം ജോഷ്വ: ഇമൈ പോല്‍ കാക എന്ന സിനിമയ്ക്കും നിലം തൊടാനായിട്ടില്ല. ചിത്രത്തിന് ആദ്യ ദിനത്തില്‍ തമിഴ്നാട്ടില്‍ നിന്നും വെറും 30 ലക്ഷം മാത്രമാണ് കലക്‌ഷൻ. . രണ്ടാം ദിനത്തില്‍ ചിത്രത്തിന്‍റെ 60 ലക്ഷവും. അതേസമയം മഞ്ഞുമ്മൽ ബോയ്സ് ഞായറാഴ്ച മാത്രം തമിഴ്നാട്ടിൽ നിന്നും വാരിക്കൂട്ടിയത് 4.82 കോടി.

കേരളത്തിലെയും തമിഴ്നാട്ടിലെയും ഞായറാഴ്ചയിലെ കലക്‌ഷൻ വച്ചു നോക്കിയാൽ ഇന്ത്യൻ ബോക്സ്ഓഫിസിൽ ഏറ്റവുമധികം ഗ്രോസ് കലക്‌ഷൻ നേടിയ ചിത്രമായും മഞ്ഞുമ്മൽ മാറി. 30 കോടിയാണ് പത്തുദിവസംകൊണ്ട് കേരളത്തില്‍ നിന്നും നേടിയത്. ആഗോള കലക്‌ഷൻ 90 കോടി പിന്നിട്ടു കഴിഞ്ഞു.

വലിയ സൂപ്പര്‍ സ്റ്റാറുകളൊന്നും തന്നെയില്ലാതെ ഒരു മലയാള സിനിമ അദ്ഭുതങ്ങളാണ് സൃഷ്ടിക്കുന്നത്. പിന്നാലെ മഞ്ഞുമ്മല്‍ ബോയ്‌സ് കാണാതിരിക്കരുതെന്ന് നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍കൂടി കുറിച്ചതോടെ ജനം ഒഴുകിയെത്തി. പിന്നാലെ ചിത്രം ഇഷ്ടമായത് നേരിട്ടറിയിക്കാന്‍ സാക്ഷാല്‍ കമല്‍ഹാസന്‍ തന്നെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ വിളിച്ചത് വലിയ വാര്‍ത്തകളാണ് തമിഴ്‌നാട്ടില്‍ സൃഷ്ടിച്ചത്.

സമീപകാലത്ത് മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത ഹൈപ്പ് മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്നതില്‍ യൂട്യൂബ് ചാനലുകള്‍ വഹിച്ച പങ്കും ചെറുതല്ല. റിവ്യു ചെയ്യുന്നവര്‍ എല്ലാവരും ചിത്രത്തിന് നൂറില്‍ നൂറ് മാര്‍ക്കും നല്‍കി. തമിഴ്മക്കള്‍ തീര്‍ച്ചയായും ഈ സിനിമ കാണണമെന്ന വാചകം എല്ലാവരും ഒരേ ശബ്ദത്തില്‍ പറഞ്ഞു. പിന്നാലെ ഗുണ സിനിമയും പാട്ടുമൊക്കെ വീണ്ടും തമിഴ്‌നാട്ടില്‍ ചര്‍ച്ച ചെയ്യുന്നതിന് കാരണമായി. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ അണിയറ പ്രവര്‍ത്തകരുടെ അഭിമുഖം മത്സരിച്ചാണ് ഓരോ ചാനലുകളും നിലവില്‍ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്നത്. ഗുണ സിനിമ വീണ്ടും ചര്‍ച്ച ആയതോടെ സംവിധായകന്‍ സന്താന ഭാരതിയും വാര്‍ത്തകളില്‍ ഇടം നേടി. മലയാള സിനിമ തനിക്ക് നല്‍കിയ ആദരവില്‍ നന്ദി പറയുകയാണ് അദ്ദേഹവും. അതോടെ ഗുണ ഫോര്‍ കെയില്‍ റിലീസ് ചെയ്യണമെന്ന ആവശ്യവും ശക്തമായി. ചിലപ്പോഴത് സംഭവിച്ചേക്കാമെന്ന തരത്തില്‍ അദ്ദേഹവും പ്രതികരിച്ചിട്ടുണ്ട്.

English Summary:

Manjummel Boys Beats Gautham Menon Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com