ADVERTISEMENT

നൂറുകോടിയും കടന്നു ബോക്സ്ഓഫിസിൽ കുതിപ്പു തുടരുന്ന ‘മഞ്ഞുമ്മൽ ബോയ്സി’നെ പ്രശംസിച്ച് അനുരാഗ് കശ്യപ്. അസാധാരണമായ നിലാവരം പുലർത്തുന്ന മുഖ്യധാരാ ചിത്രമെന്നാണ് മഞ്ഞുമ്മലിനെ അനുരാഗ് കശ്യപ് വിശേഷിപ്പിച്ചത്. ബോളിവുഡിൽ ഇത്തരം സിനിമകളുടെ റീമേക്കുകൾ മാത്രമേ ചെയ്യാൻ സാധിക്കുകയൊളളുവെന്നും സമീപകാലത്തിറങ്ങിയ മൂന്ന് മികച്ച മലയാള സിനിമകളുടെ മുന്നിൽ ഹിന്ദി സിനിമ വളരെ പിന്നിലായി പോയെന്നും സിനിമ റിവ്യൂ ആപ്പായ ലെറ്റർബോക്സ് ഡിയിൽ അനുരാഗ് കശ്യപ് കുറിച്ചു. വാച്ച്ലിസ്റ്റിൽ രണ്ട് തവണ ഈ സിനിമ കണ്ടതായാണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നതും.

manjummel-boys

“അസാധാരണമായ നിലവാരം പുലർത്തുന്ന മുഖ്യധാരാ ചിത്രം. ഇന്ത്യയിലെ എല്ലാ ബിഗ് ബജറ്റ് സിനിമകളേക്കാളും വളരെ മികച്ചതാണ് ഈ ചിത്രം. ആത്മവിശ്വാസം നിറഞ്ഞതും അസാധ്യവുമായ കഥപറച്ചിൽ. ഈ ആശയത്തെ എങ്ങനെ ഒരു നിർമാതാവിന് മുന്നിലെത്തിച്ചു എന്നതിൽ ഞാൻ അദ്ഭുതപ്പെടുന്നു. ഹിന്ദിയിൽ ഇത്തരം സിനിമകളുടെ റീമേക്ക് മാത്രമേ ചെയ്യാൻ കഴിയൂ. ഈ അടുത്ത് റിലീസ് ചെയ്ത മൂന്ന് മികച്ച മലയാള സിനിമകളുടെ മുന്നിൽ ഹിന്ദി സിനിമ ശരിക്കും പിന്നിലാണ്.” അനുരാഗ് കശ്യപ് കുറിച്ചു.

റിലീസ് ചെയ്ത് 12 ദിവസങ്ങൾകൊണ്ടാണ് മഞ്ഞുമ്മൽ ബോയ്സ് നൂറ് കോടി ക്ലബ്ബിലെത്തിയത്. കേരളത്തിൽ മാത്രമല്ല അന്യഭാഷകളിലും വിദേശത്തും ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. തമിഴ്‌നാട്ടിലെ ‍വൻ സ്വീകാര്യതയാണ് ഈ സുവർണനേട്ടത്തിലെത്താൻ ചിത്രത്തെ സഹായിച്ചത്.

ഇന്ത്യയിൽ നിന്നു മാത്രം 56 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. വിദേശത്തു നിന്നും നാൽപതുകോടിക്കു മുകളിൽ ലഭിച്ചു. പതിനൊന്നുദിവസം കൊണ്ട് തമിഴ്നാട്ടിൽ നിന്നും മാത്രം ചിത്രം വാരിയത് 15 കോടി രൂപ. മലയാള സിനിമയെ സംബന്ധിച്ചടത്തോളം ഇത് റെക്കോർഡ് ആണ്. തിയറ്റർ കലക്‌ഷനിലൂടെ 100 കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മലയാള ചിത്രം കൂടിയാണിത്. ലൂസിഫർ, പുലിമുരുകന്‍, 2018 എന്നിവയാണ് ഇതിനു മുമ്പ് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച സിനിമകൾ.

ഭീഷ്മ പർവം, കുറുപ്പ്, മധുര രാജ, മാമാങ്കം, കായംകുളം കൊച്ചുണ്ണി, മാളികപ്പുറം എന്നീ സിനിമകളാണ് 100 കോടി ക്ലബ്ബിൽ ഇടംനേടിയെന്ന് അവകാശപ്പെടുന്ന മറ്റ് മലയാള സിനിമകൾ. ജൂഡ് ആന്തണിയുടെ ‘2018’ ആണ് മലയാളത്തിൽ ഏറ്റവുമധികം കലക്‌ഷൻ നേടിയ സിനിമ. ‘മഞ്ഞുമ്മൽ’ തെലുങ്ക് പതിപ്പും റിലീസിനൊരുങ്ങുകയാണ്. 30 കോടിയാണ് തമിഴ്നാട്ടിൽ നിന്നും പ്രതീക്ഷിക്കുന്ന കലക്‌ഷൻ. ഈ കുതിപ്പു തുടരുകയാണെങ്കിൽ ‘2018’ന്റെ റെക്കോർഡും പഴങ്കഥ ആയേക്കും.

സമീപകാലത്തൊന്നും ഒരു മലയാള സിനിമയ്ക്ക് കിട്ടാത്ത സ്വീകാര്യതയാണ് തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്നത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ മാത്രം റിലീസ് ചെയ്ത ചിത്രമിന്ന് കൂടുതല്‍ തിയറ്ററുകളിലേക്ക് എത്തി കഴിഞ്ഞു. ഗുണാകേവും തമിഴ് പശ്ചാത്തലവുമൊക്കെ സിനിമയില്‍ എത്തിയതോടെ സാധാരണക്കാരും തിയറ്ററിലേക്ക് ഒഴുകിയെത്തി. ബുക്ക്‌മൈ ഷോയില്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് ടിക്കറ്റുകള്‍ വിറ്റു പോകുന്നത്. കമല്‍സാറിനുള്ള മലയാളത്തിന്റെ ആദരവെന്നും ഒരു മലയാള സിനിമയ്ക്ക് തമിഴ് സിനിമ കാരണമാകുന്നത് തമിഴ് സിനിമയ്ക്ക് തന്നെയുള്ള ആദരവാണെന്നും പലരും വിധി എഴുതി കഴിഞ്ഞു. എന്തായാലും നിറഞ്ഞ കയ്യടികളോടെയാണ് സിനിമ കഴിഞ്ഞ് പ്രേക്ഷകര്‍ തിയറ്റര്‍ വിട്ടിറങ്ങുന്നത്.

English Summary:

Anurag Kashyap watched Manjummel boys two times, here's his review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com