ADVERTISEMENT

അന്തരിച്ച തിരക്കഥാകൃത്ത് നിസാം റാവുത്തറിനെ അനുസ്മരിച്ച് സംവിധായകൻ ഡോ. ബിജു. രണ്ട് ദിവസം മുമ്പാണ് നിസാം അവസാനമായി വിളിച്ചതെന്നും ജീവിതത്തിലെ ആത്മസുഹൃത്താണ് നഷ്ടമായതെന്നും ബിജു കുറിച്ചു.

‘‘അവിശ്വസനീയം ...പ്രിയ നിസാം  യാത്രയായി ..വെളുപ്പാൻ കാലത്ത് നിശബ്ദമായി കടന്നു വന്ന ഹാർട്ട് അറ്റാക്ക് ..

രണ്ടു ദിവസം മുൻപാണ് അവസാനമായി വിളിച്ചത്. നിസാം എഴുതിയ പുതിയ സിനിമ ഒരു ഭാരത സർക്കാർ ഉത്പന്നം സെൻസറിങ് കഴിഞ്ഞപ്പോൾ ഭാരതം എന്ന പേര് വെട്ടി മാറ്റിയ കാര്യം പറയാൻ. അടുത്ത ദിവസങ്ങളിൽ അടൂരിൽ വീട്ടിലേക്ക് വരാം എന്ന് പറഞ്ഞാണ് ഫോൺ വച്ചത്. എത്രയോ വർഷങ്ങളുടെ സൗഹൃദം ആണ്.

കാസർഗോഡ് ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫിസർ ആയി ജോലിചെയ്ത സമയത്ത് നിസാമിന്റെ കൂടെ ആയിരുന്നു താമസം. നിസാം അന്ന് കാസർഗോട്ട് ഹെൽത്ത് ഇൻസ്‌പെക്ടർ ആയി ജോലി ചെയ്യുന്നു. വലിയ ചിറകുള്ള പക്ഷികൾ സിനിമ ഉണ്ടാകുന്നത് തന്നെ നിസാം കൂടെ ഉണ്ടായിരുന്നതിനാൽ ആണ്. ആ സിനിമയുടെ സ്ക്രിപ്റ്റ് മുതൽ നിസാം ഒപ്പം ഉണ്ടായിരുന്നു. കാസർഗോട്ടെ എൻഡോസൾഫാൻ ദുരന്ത ബാധിതർക്ക് ഒപ്പം അവരുടെ എല്ലാ പോരാട്ടങ്ങൾക്കും സമരങ്ങൾക്കും ഒപ്പം നിസാം ഉണ്ടായിരുന്നു എപ്പോഴും.

ആദർശവും നിലപാടും മനുഷ്യ സ്നേഹവുമുള്ള കഥാകൃത്തും സിനിമാ പ്രവർത്തകനും ആയിരുന്നു നിസാം. ഇക്കാലത്തെ അപൂർവമായ ഒന്ന്.

എന്റെ എല്ലാ സിനിമകളുടെയും കഥയും തിരക്കഥയും ഒക്കെ ആദ്യം ഞാൻ വിളിച്ചു പറയുന്ന ചുരുക്കം ചിലരിൽ  ഒരാൾ ആയിരുന്നു നിസാം. ഒരു ദിവസം അടൂരെ എന്റെ വാടക വീട്ടിൽ വെച്ച് പേരറിയാത്തവർ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചു കുറെ നേരം കരഞ്ഞ നിസാം. ഏറ്റവും പുതിയ സിനിമയായ അദൃശ്യ ജാലകങ്ങൾ സിനിമയ്ക്ക് കാസർഗോട് മുഴുവൻ സഞ്ചരിച്ചു ലൊക്കേഷൻ കാട്ടി തന്നത് നിസാം ആണ്. ഗോവയിലും  കേരളത്തിലും ചലച്ചിത്ര മേളാ യാത്രകൾക്ക്  ഒപ്പം എപ്പോഴും ഉണ്ടാകും നിസാം. സ്വന്തമായി തിരക്കഥ എഴുതിയ പുതിയ സിനിമയുടെ റിലീസിന് തൊട്ടു മുൻപ് യാത്രയാവുക.

പുതുതായി മറ്റൊരു സിനിമയുടെ തിരക്കഥാ രചനയിൽ ആയിരുന്നു നിസാം. എത്രയൊ സിനിമകൾ ഇനിയും ഉണ്ടാകേണ്ടിയിരുന്നത് ആണ്. പാതി വഴിയിൽ പൂർണ വിരാമം ഇട്ടു യാത്രയായി. എന്നാലും ഇത്ര പെട്ടന്ന്. ഒട്ടും വിശ്വസിക്കാൻ ആവുന്നില്ല ..

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആണ് പോസ്റ്റ്മാർട്ടം എന്നറിഞ്ഞു ഞാൻ അവിടെ എത്തുമ്പോഴേക്കും പോസ്റ്റ്‌മോർട്ടം കഴിഞ്ഞു നിസാം ഇപ്പോൾ താമസിക്കുകയും ജോലി  ചെയ്യുകയും ചെയ്യുന്ന കടമ്മനിട്ടയിലേക്ക് കൊണ്ട് പോയി. കടമ്മനിട്ടയിൽ ചെന്നപ്പോൾ നിസാമിന്റെ നാട് ആയ പഴകുളത്തേക്ക് കൊണ്ട് പോകാനായി ആംബുലൻസിൽ യാത്ര തിരിക്കുന്നു. നാളെ രാവിലേ പത്തു മണിക്ക് ആണ് മരണാനന്തര ചടങ്ങുകൾ. മുൻപിൽ സാവധാനത്തിൽ പോകുന്ന ആംബുലൻസിൽ നിസാം കിടക്കുന്നുണ്ട് ..എന്തിനാന് നിസാം ഇത്ര പെട്ടന്ന്  ഇങ്ങനെ യാത്ര പോകുന്നത്.’’–ഡോ. ബിജുവിന്റെ വാക്കുകൾ.

മനുഷ്യപ്പറ്റുള്ള ഉടപ്പിറപ്പിനെയാണ് നഷ്ടപ്പെട്ടതെന്ന് സംവിധായകൻ ശങ്കര്‍ രാമകൃഷ്ണൻ.

ശങ്കർ രാമകൃഷ്ണൻ: നഷ്ടപ്പെടുന്നത് നല്ല കഥകളും സിനിമകളും മാത്രമല്ല, നിസാം- നീയെന്ന മനുഷ്യപ്പറ്റുള്ള ഉടപ്പിറപ്പിനെയാണ്. സ്നേഹവും, കലഹവും ;. പ്രതീക്ഷയും,നിരാശയും; ആഹ്ലാദവും,നിരാസവും; അറിവും, നിന്ദയും അനുനിമിഷം തന്ന സമ്മർദ്ദത്തിലും അല്ലാഹുവിന്റെ അത്ഭുതകരമായ കനിവിൽ നീ വർഷങ്ങൾ ഇവിടെ തുടരുമെന്നും നിനക്കു മാത്രം കഴിയുന്ന മഹാസൃഷ്ടികൾ നടത്തുമെന്നും കരുതിയ ഞങ്ങൾ വിഡ്ഢികൾ! നാളത്തെ റിലീസിൽ, ഇന്നത്തെ പ്രിവ്യൂവിൽ ആഹ്ലാദിക്കേണ്ട മനസ്സിനെ നീയെന്തിന് മരണത്തിന് വിട്ടു കൊടുത്തു? തിരശ്ശീലയിൽ ഇനി എത്രയോവട്ടം അടയാളപ്പെടുത്തേണ്ടതായിരുന്നു നിന്റെ നാമം. നീ ഇനി ഇല്ല എന്നു വിശ്വസിക്കാനാവുന്നില്ല. എത്ര കാര്യക്ഷമമായിട്ടാണ് നീ ആ മഹാമാരിയുടെ പേക്കാലവും നിർഭയം പണിയെടുത്തത്: തുളുനാട് നിന്നോളം അറിഞ്ഞവർ ചുരുക്കം. അവിടത്തെ മണ്ണും മനുഷ്യരും നിറഞ്ഞാടിയ നിഷ്കളങ്കതയും നിസാം റാവുത്തർ എന്ന പ്രതിഭയുടെ കൈയ്യൊപ്പോടെ ഇനിയും തെളിയട്ടെ'''നീ' ബാക്കിവച്ചതെല്ലാം റസൂൽ ചെയ്യട്ടെ : വീണ്ടും കാണുംവരെ ഒരിടവേള

English Summary:

Dr Biju remembering Nizam Rowther

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com