ADVERTISEMENT

ഇന്ത്യയിലെ ആദ്യ ടെന്നീസ് ബോൾ ടി10 ക്രിക്കറ്റ് ടൂർണമെന്റ് ആഘോഷമാക്കി സിനിമാ–ക്രിക്കറ്റ് താരങ്ങൾ. സച്ചിൻ തെൻഡുൽക്കർ, അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, രാം ചരൺ, സൂര്യ തുടങ്ങി വമ്പ​ൻ താരനിരയാണ് ഇന്ത്യൻ സ്ട്രീറ്റ് പ്രിമിയർ ലീഗ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. 

ക്രിക്കറ്റ് താരങ്ങളെയും സിനിമാ മേഖലയിലെ പ്രമുഖരെയും ഉള്‍പ്പെടുത്തി സൗഹൃദ മത്സരം സംഘടിപ്പിച്ചിരുന്നു. മാസ്റ്റര്‍ ഇലവനും ഖിലാഡി ഇലവനും തമ്മിലായിരുന്നു മത്സരം. സച്ചിന്‍ തെൻഡുല്‍ക്കര്‍ ഇടവേളക്ക് ശേഷം കളത്തിലെത്തുകയും ബാറ്റിങ്ങിലും ബൗളിങ്ങിലും കൈവെയ്ക്കുകയും ചെയ്തത് ആരാധകര്‍ക്ക് ആവേശക്കാഴ്ചയായി. നടൻ സൂര്യയ്ക്കെതിരെയും സച്ചിൻ ബോൾ ചെയ്യുകയുണ്ടായി.

സച്ചിന്റെ കടുത്ത ആരാധകനാണ് സൂര്യ. നേരത്തെ സച്ചിനൊപ്പം നിന്ന് ചിത്രമെടുക്കാന്‍ സാധിച്ചത് ജീവിതത്തിലെ വലിയ മുഹൂര്‍ത്തമാണെന്ന് സൂര്യ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് ഇതിഹാസത്തോടൊപ്പം ഒരുമിച്ചു മത്സരിക്കാൻ അവസരം ലഭിച്ചത് സൂര്യക്ക് അവിസ്മരണീയ നിമിഷമായിരുന്നു. 

ബാറ്റു ചെയ്യാനിറങ്ങിയ സച്ചിന്‍ 16 പന്തില്‍ 30 റണ്‍സെടുത്താണ് പുറത്തായത്. സച്ചിന്റെ വിക്കറ്റ് ബിഗ്‌ബോസ് 17ാം സീസണ്‍ ജേതാവായ മുനവര്‍ ഫറൂഖിയാണ് നേടിയത്. 10 ഓവറില്‍ സംഘടിപ്പിച്ച സൗഹൃദ മത്സരത്തില്‍ 6 റണ്‍സിന് മാസ്റ്റര്‍ 11 ജയിച്ചു.

ഇന്ത്യയിലെ ആദ്യത്തെ ടെന്നീസ് ബോൾ ടി10 ക്രിക്കറ്റ് ടൂർണമെൻ്റാണ് ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ്. കേരളത്തില്‍ നിന്നടകം പല യുവതാരങ്ങള്‍ക്കും ടൂര്‍ണമെന്റില്‍ അവസരം ലഭിച്ചിട്ടുണ്ട്.

അക്ഷയ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ശ്രീനഗർ കെ വീർ, അമിതാഭ് ബച്ചന്റെ ഉടമസ്ഥതയിലുള്ള മജ്ഹി മുംബൈ, ഹൃതിക് റോഷന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരു സ്‌ട്ടിക്കേഴ്‌സ്, സൂര്യയുടെ ഉടമസ്ഥതയിലുള്ള  ചെന്നൈ സിങ്കംസ്, രാം ചരണിന്റെ ഉടമസ്ഥതയിലുള്ള ഫാൽക്കൺ റൈസേഴ്സ് ഹൈദരാബാദ്, കരീന–സെയ്ഫ് അലിഖാൻ ദമ്പതികളുടെ ടൈഗേഴ്‌സ് ഓഫ് കൊൽക്കത്ത എന്നിവയാണ് ടൂർണമെന്റിലെ പ്രമുഖ ടീമുകൾ.

മാർച്ച് 6 മുതൽ 15 വരെ മുംബൈയിലാണ് ഐഎസ്പിഎൽ നടക്കുക.

English Summary:

ISPL Highlight: Sachin Bowls And Actor Suriya Bats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com