ADVERTISEMENT

13 നോമിനേഷനുകളുമായി 96-ാമത് ഓസ്‌കറില്‍ ചരിത്രം കുറിക്കാനെത്തുകയാണ് ക്രിസ്റ്റഫര്‍ നോളനും സംഘവും.  മികച്ച ചിത്രം, നടന്‍, നടി, സഹനടി, സഹനടന്‍,സംവിധായകന്‍ എന്നിങ്ങനെ ലഭിച്ച നോമിനേഷനുകളില്‍ എട്ടെണ്ണമെങ്കിലും പുരസ്‌കാരത്തിലേക്ക് എത്തിയാല്‍ നൂറ്റാണ്ടിലെ ഓസ്‌കര്‍ വിജയമെന്ന നേട്ടമാകും ഓപ്പൻഹൈമറെ കാത്തിരിക്കുന്നത്

നിലവിലുള്ള 13 നോമിനേഷനുകളില്‍ മികച്ച ചിത്രം, നടന്‍, സംവിധായകന്‍, സഹനടന്‍, സഹനടി, എഡിറ്റിങ്, ഛായാഗ്രഹണം,സംഗീതം, ശബ്ദം എന്നിവയ്ക്കുള്ള ഓസ്‌കര്‍ ഓപ്പന്‍ഹൈമര്‍  ഉറപ്പായും നേടുമെന്നും മികച്ച അവലംബിത തിരക്കഥ, പ്രൊഡക്ഷന്‍ ഡിസൈന്‍, മേക്കപ്പ് ആൻഡ് ഹെയര്‍സ്റ്റൈലിങ് എന്നിവയ്ക്ക് ചിലപ്പോള്‍ കിട്ടിയേക്കാമെന്നുമാണ് പ്രവചനങ്ങള്‍. 

മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഓസ്‌കറില്‍ ഏറെ സാധ്യത ' അമേരിക്കന്‍ ഫിക്ഷനാ'ണ്. ബാഫ്റ്റയിലും അമേരിക്കന്‍ ഫിക്ഷന്‍ തന്നെയാണ് ഈ പുരസ്‌കാരം നേടിയത്.  പ്രൊഡക്ഷന്‍ ഡിസൈനിലും വസ്ത്രാലങ്കാരത്തിലും ഓപന്‍ഹൈമറെ പിന്തള്ളുന്നത് 'പുവര്‍ തിങ്‌സും' ബാര്‍ബിയുമാണ്. ബാര്‍ബി തന്നെ ഈ രണ്ട് വിഭാഗത്തിലും നേട്ടം സ്വന്തമാക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 

മേക്കപിലും ഹെയര്‍സ്‌റ്റൈലിങിലും 'മാസ്്‌ട്രോ'യും 'പുവര്‍ തിങ്‌സു'മാണ് വെല്ലുവിളി. അതേസമയം, നോമിനേഷനുണ്ടെങ്കിലും സഹനടിക്കുള്ള പുരസ്‌കാരം ഓപന്‍ഹൈമറിന് കിട്ടില്ലെന്ന് വിലയിരുത്തുന്നവരുമുണ്ട്. എമിലിക്ക് പകരം ഡിവൈന്‍ ജോയ് ആ ഓസ്‌കര്‍ നേടുമെന്നുമാണ് കണക്കുകൂട്ടല്‍. നോമിനേഷനുകളുടെ ചരിത്രത്തില്‍ 'ഓപന്‍ഹൈമറി'ന് മുന്നിലുള്ളത് 'ഓള്‍ എബൗട്ട് ഈവ്' (1950), ടൈറ്റാനിക് (1997), ലാ ലാ ലാന്‍ഡ്(2016) എന്നീ സിനിമകളാണ്. 14 നോമിനേഷനുകളാണ് ഈ ചിത്രങ്ങള്‍ നേടിയത്.

11വീതം ഓസ്‌കര്‍ നേടിയ 'ലോര്‍ഡ് ഓഫ് ദ് റിങ്‌സ്: ദ് റിട്ടേണ്‍ ഓഫ് ദ് കിങ് (2003, ടൈറ്റാനിക് (1997) ബെന്‍ഹര്‍ (1959) എന്നീ സിനിമകളാണ് ഓസ്‌കര്‍ ചരിത്രത്തില്‍ ഓപ്പന്‍ഹൈമറിന് മുന്നിലുള്ളത്.  എട്ടോ അതിലധികമോ ഓസ്‌കര്‍ നേടാന്‍ വെറും 15 ചിത്രങ്ങള്‍ക്ക് മാത്രമാണ് ഇക്കാലത്തിനിടയില്‍ സാധിച്ചിട്ടുള്ളതും. എട്ട് ഓസ്‌കറെന്ന നേട്ടം സമീപകാലത്ത് സ്വന്തമാക്കിയത് 'സ്ലം ഡോഗ് മില്യണയറാ'(2008)യിരുന്നു. പോയ വര്‍ഷം 11 നോമിനേഷനുകളുമായെത്തിയ 'എവ് രിതിങ് എവ് രിവെയര്‍ ഓള്‍ അറ്റ് വണ്‍സ്' ഏഴ് ഓസ്‌കറാണ് നേടിയത്. 

സ്ലം ഡോഗിന് ശേഷം ഒരു ചിത്രം നേടിയ ഏറ്റവുമധികം ഓസ്‌കറെന്ന നേട്ടവും അങ്ങനെ എവ്‌രിതിങിന്റെ പേരിലായി. അതുകൊണ്ട് 13 നോമിനേഷനുകളില്‍ എട്ടെണ്ണമെങ്കിലും നേടാനായാല്‍ നോളന്‍ ചിത്രം ചരിത്രം കുറിക്കും. 15 വര്‍ഷത്തിനിടെ 8 ഓസ്‌കര്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡ് ചേര്‍ത്തുവച്ചാകും ക്രിസ്റ്റഫര്‍ നോളന്‍ ഡോള്‍ബി തിയറ്റര്‍ വിടുക.

English Summary:

Oscars 2024 full list of nominations: 'Oppenheimer', 'Poor Things' dominate 96th Academy Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com