ADVERTISEMENT

സുബീഷ് സുധിയെ നായകനാക്കി ടി.വി. രഞ്ജിത് സംവിധാനം ചെയ്ത ‘ഒരു സർക്കാർ ഉത്പന്നത്തെ’ അഭിനന്ദിച്ച് സാഹിത്യകാരന്മായ സന്തോഷ് ഏച്ചിക്കാനവും അംബികാസുതൻ മാങ്ങാടും. പണവും സമയവും നഷ്ടപ്പെടുത്താത്ത മനോഹരമായ സിനിമയെന്നായിരുന്നു അംബാകാസുതൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

‘‘ആദ്യമായിട്ടാണ് ഒരു സിനിമ കണ്ട് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇടുന്നത്. ഒരു സർക്കാർ ഉല്പന്നം എന്ന സിനിമ അത്ര ഇഷ്ടപ്പെട്ടു. പണവും സമയവും നഷ്ടമാവില്ല. ഞാൻ ഗ്യാരണ്ടി. ഈയിടെ രണ്ട് മഹാസിനിമകൾ കണ്ട് ചമ്മിയതാണ്. സംശയിച്ചാണ് കേറി പോയത്. എന്നാൽ സമയം പോയതറിഞ്ഞില്ല. നർമ്മവും കണ്ണീരും നിറഞ്ഞ ഹൃദയ സപർശിയായ ജീവിതകഥ. ശക്തമായ രാഷ്ട്രീയവും ചിരികൾക്കിടയിൽ ആഖ്യാനിക്കുന്നുണ്ട്.

കാസർകോട് ദേശവും ഭാഷയും സൗന്ദര്യത്തോടെ നിറയുന്ന മറ്റൊരു നല്ല സിനിമ. രണ്ടേ രണ്ടു വരിയിൽ എൻഡോസൾഫാൻ ദുരന്തം ശക്തമായും കൃത്യമായും പറയുന്നുണ്ട് ഒരിടത്ത്. സിനിമയുടെ അണിയറയിലുള്ളെ എല്ലാവരേയും അഭിനന്ദിക്കുന്നു.

പിന്നെ നിസാം റാവുത്തർ . ഈ സിനിമയുടെ കഥയും തിരക്കഥയും. താൻ പ്രാണൻ നൽകി ഉണ്ടാക്കിയ സിനിമ .കാണാൻ പ്രിയ കൂട്ടുകാരൻ കാത്തു നിൽക്കാതെ മിനിഞ്ഞാന്ന് തിരശീലയുടെ പിന്നിലേക്ക് പൊയ്ക്കളഞ്ഞു...

സിനിമ കണ്ട് ജനങ്ങൾ കയ്യടിക്കുമ്പോൾ അത് കാണാനും കേൾക്കാനും നീ അരികിൽ  ഉണ്ടായിരുന്നെങ്കിൽ...ഓർക്കുമ്പോൾ വല്ലാതെ സങ്കടം തികട്ടി വരുന്നുണ്ട്.’’–അംബികാസുതന്റെ വാക്കുകൾ.

സന്തോഷ് ഏച്ചിക്കാനത്തിന്റെ കുറിപ്പ് വായിക്കാം:

‘‘പൊട്ടിച്ചിരിയുമായി ഭാരതം ചൈനയെ തോൽപ്പിച്ച കഥ - ഒരു സർക്കാർ ഉൽപ്പന്നം എന്ന സിനിമയുടെ പരസ്യ വാചകം തന്നെ അങ്ങനെയാണ്. ഈ രണ്ട് രാജ്യങ്ങളും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വലിയ പ്രശ്നത്തെ നർമ്മത്തിൽ ചാലിച്ച് രണ്ട് മണിക്കൂർ ബോറടിക്കാത്ത രീതിയിൽ അയത്നലളിതമായി പറഞ്ഞു തീർത്തതിന് ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആദ്യം തന്നെ ഒരു നിറഞ്ഞ കയ്യടി. താര ബാഹുല്യങ്ങളില്ലാതെ, മലയാളത്തിൽ കുറേ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച സുബീഷ് എന്ന നടനെ നായകനാക്കി വച്ച് ചെയ്ത ഈ സിനിമ അത് കൈകാര്യം ചെയ്ത വിഷയത്തിന്റെ പേരിൽ നാളെ വലിയൊരു സിനിമയായി അറിയപ്പെടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

സ്നേഹത്തെപ്പോലും വെറും ഉൽപ്പന്നമായി മാത്രം കാണുന്ന ഒരു സമൂഹത്തിനോട് കച്ചവടത്തോടൊപ്പം ഇച്ചിരി കാര്യങ്ങളും കൂടി പറയാനുളളതാണ് ഓരോ കലാസൃഷ്ടിയും  എന്ന് ഈ സിനിമ ഓർമിപ്പിക്കുന്നു. തുരുത്തി എന്ന കാസർകോടൻ ഗ്രാമത്തിലെ ഒരു പറ്റം സാധാരണ മനുഷ്യരുടെ ജീവിതങ്ങളെ ആഴത്തിൽ തൊട്ടറിയാൻ സംവിധായനു സാധിച്ചിട്ടുണ്ട്. ദൃശ്യഭംഗി കൊണ്ട് ഛായാഗ്രഹകനും.

നടീനടന്മാർ അവരവരുടെ റോളുകൾ അഭിനയ ചതുരി കൊണ്ട് അവിസ്മരണീയമാക്കി.

ദിനം പ്രതി അരാഷ്ടീയവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യങ്ങൾക്ക് മേൽ കൃത്യമായ രാഷ്ട്രീയ നിലപാടുകൾലവ്യക്തമാക്കുന്ന ഈ ഉൽപ്പന്നം കേരളത്തിലെ കുടുംബ പ്രേക്ഷകരെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും.കോടികൾ ധൂർത്തടിച്ച് ബോക്സ്‌ഓഫിസിൽ തകർത്താടുകയും അധിക പക്ഷവും തകർന്നടിയുകയും ചെയ്യുന്ന എമണ്ടൻ സിനിമകൾക്കിടയിലൂടെഅവയിലൊന്നും പെടാതെ തന്റേതായ വഴിയിലൂടെ അന്തസ്സോടെ  നെഞ്ച് വിരിച്ച് നടക്കാനുള്ള കലാത്മകമായ കരുത്ത് ഈ സിനിമക്കുണ്ട്.

വ്യക്തിപരമായി പറഞ്ഞാൽ ഞാൻ മുടക്കിയ 225 രൂപ എനിക്ക് മുതലായിട്ടുണ്ട്. കൂടുതലൊന്നും പറയാനില്ല. നന്ദി .നമസ്കാരം.’’

അകാലത്തിൽ അന്തരിച്ച തിരക്കഥാകൃത്ത് നിസാം റാവുത്തർ തിരക്കഥയെഴുതി ടി.വി. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് 'ഒരു സർക്കാർ ഉൽപ്പന്നം'.  റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ നിരവധി പ്രതിസന്ധികൾ നേരിട്ട ചിത്രത്തിന്  ആദ്യമിട്ട ഒരു ഭാരതസർക്കാർ ഉൽപ്പന്നം എന്ന പേര് സെൻസർ ബോർഡിന്റെ നിർദേശപ്രകാരം ഭാരതം വെട്ടി മാറ്റി സർക്കാർ ഉൽപ്പന്നം എന്ന് മാറ്റിയിരുന്നു.  

English Summary:

Oru Sarkar Ulpannam Movie Getting Positive Reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com