ADVERTISEMENT

കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമാകുന്ന തരത്തിൽ പറയത്തക്ക ആരവങ്ങളില്ലാതെയാണ് ഈ വർഷത്തെ ഓസ്കർ കടന്നു പോയത്. പതിവിലും നേരത്തെ ആരംഭിച്ച ഓസ്കർ വേദിയിൽ അവതരണങ്ങളിൽ പിശുക്കുണ്ടായെങ്കിലും, ഒട്ടനവധി പ്രത്യേകതകളാണ് അവാർഡുകൾക്കുള്ളത്. ക്രിസ്റ്റഫർ നോളനും റോബർട്ട് ഡൗണി ജൂനിയറിനും കിലിയർ മർഫിക്കും ഇതാദ്യ ഓസ്കർ ആണ്. അന്യഭാഷാചിത്രങ്ങൾക്ക് കാലം തോറും ഉണ്ടായിവരുന്ന അംഗീകാരത്തിന്റെയും കിടപിടുത്തതിന്റെയും തുടർച്ചകൂടെയാണ് തൊണ്ണൂറ്റിയാറാമത് ഓസ്കർ.  

നാമനിർദേശപട്ടിക പുറത്ത് വന്നപ്പോൾ തന്നെ അതിലെ ഇത്തരം സാധ്യതകളെ ചൂണ്ടിക്കാണിക്കുന്ന അവലോകങ്ങളും സിനിമാ ലോകം പുറത്ത് വിട്ടിരുന്നു. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ച ചിത്രം ഓപ്പൻഹൈമർ തന്നെ ആയിരുന്നു. ഏറ്റവുമധികം അവാർഡുകൾ നേടുന്നതിലുപരി, നേടിയ ഓരോ പുരസ്കാരത്തിനും പ്രത്യേകതകളുണ്ടെന്നതാണ് അതിലെ ആകർഷണം. 

ഇൻ നോളൻ വി ട്രസ്റ്റ്

വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളൻ ഓസ്കർ നേടുന്ന നിമിഷം അയാളേക്കാൾ ഒരുപക്ഷേ ആഗ്രഹിച്ചിരുന്നത് ആരാധകലോകമാകണം. കാൽനൂറ്റാണ്ടിനു മുകളിൽ നീണ്ട കാത്തിരിപ്പാണത്. 1998 ൽ ആദ്യ ചിത്രം ഫോളോവിങ്ങിൽ തുടങ്ങി ദൃശ്യമാധ്യമത്തിന്റെ നൂതനസാധ്യതകൾ കൊണ്ട് അമ്പരപ്പിക്കുകയാണ് അയാൾ. ഡിജിറ്റൽ ഫിലിമിങ്ങിന്റെ കാലത്ത്, പൂർണമായും ഫിലിം ക്യാമറയിൽ ചിത്രം പകർത്തുകയെന്നത്, വിഷ്വൽ ഗ്രാഫിക്സിനെ ദൂരെ നിർത്തുകയെന്നത് ഒരുപക്ഷേ നോളന് മാത്രം എടുത്താൽ പൊങ്ങുന്ന ശ്രമമായിരുന്നിരിക്കണം. ശാസ്ത്രലോകം മുന്നോട്ടുവയ്ക്കുന്ന ഓരോ ആശയത്തെയും അയാൾ പ്രാക്ടിക്കലായും, സങ്കല്പികമായും ആറ്റിക്കുറുക്കുന്നത് അങ്ങനെയാണ്. അവിടെ അയാളുടെ ഭാവനയെ സ്‌ക്രീനിലെത്തിക്കാൻ അത്രയും സജ്ജമായ സാങ്കേതികവിദ്യകളും, തലച്ചോറുകളും ആവശ്യമാണ്. അതുകൊണ്ട് തന്നെ ഓപ്പൻഹൈമറിലെ ചിത്രീകരണത്തെകുറിച്ച് സംസാരിക്കുമ്പോൾ ഛായാഗ്രഹണവും ചിത്രസംയോജനവും പ്രാധാന്യമർഹിക്കുന്നു. ഇരു വിഭാഗത്തിന്റെയും ഓസ്കർ നേട്ടം അത്ഭുതപ്പെടുത്തുന്നതല്ല. 

നോളന്റെ ഐമാക്സ് ചിത്രീകങ്ങളിലൊക്കെയും ഒപ്പമുണ്ടായിരുന്ന ഛായാഗ്രാഹകനാണ് ഈ വർഷത്തെ മികച്ച സിനിമാട്ടോഗ്രാഫറായി തിരഞ്ഞെടുക്കപ്പെട്ട ഹൊയ്തെ വാൻ ഹൊയ്തെമ. ഓപ്പൻഹൈമറിന്റെ സെറ്റിലെ ചില വിഷ്വലുകൾ പുറത്തുവന്നപ്പോൾ മുതൽ ചർച്ചയാകുന്ന പേരാണത്. മുൻപ് ഇന്റെർസ്റ്റെല്ലാറിലും, ഡൻകിർകിലും, ടെനറ്റിലും ക്യാമറ ചലിപ്പിച്ച ഹോയ്‌തെക്ക് ഡൻകിർക്കിന് നാമനിർദ്ദേശവും ഉണ്ടായിരുന്നു. എന്നാൽ എഡിറ്റിങിൽ ജെന്നിഫർ ലേമിന്റെ ക്രിസ്റ്റഫർ നോളനുമായുള്ള രണ്ടാമത് ചിത്രമാണ്. 

കന്നി ഓസ്കർ

കിലിയൻ മർഫിയുടെയും, റോബർട്ട് ഡൗണി ജൂനിയറിന്റെയും വിജയവും ഈ വർഷത്തെ ഓസ്കർ പുരസ്കാരങ്ങളിൽ എടുത്ത് പറയേണ്ടതാണ്. നിരവധി ആരാധകരുള്ള, വാണിജ്യ സിനിമകളിലും അല്ലാതെയും നിരവധി പ്രകടനങ്ങൾ കാഴ്ച്ചവെച്ചിട്ടുള്ള ഇരുവരും ആദ്യമായാണ് ഓസ്കാർ നേടുന്നത്. റോബർട്ട് ഡൗണി ജൂനിയർ ഇരുതവണകളിലായി നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. കിലിയാൻ മർഫിയുടെ ആദ്യ നോമിനേഷൻ കൂടെയായിരുന്നു ഈ വർഷത്തേത്.  ക്രിസ്റ്റഫർ നോളനും റോബർട്ട് ഡൗണി ജൂനിയറിനും കിലിയർ മർഫിക്കും ഇതു കന്നി ഓസ്കർ ആണ്.

 

പുവർ തിങ്സ്, സ്ട്രോങ് എമ്മ

നോമിനേഷനിൽ ആദ്യമായി ഒരു തദ്ദേശീയ വനിത നാമനിർദ്ദേശം ചെയ്യപ്പെട്ടത് ഈ വർഷമായിരുന്നു. മാർട്ടിൻ സ്കോർസസി ഒരുക്കിയ കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ എന്ന ചിത്രത്തിലെ പ്രകടനത്തിന് ലിലി ഗ്ലാഡ്സ്റ്റോൺ തന്നെ പുരസ്കാരം കരസ്ഥമാക്കുമെന്ന് നിരവധി നിരൂപകർ പ്രവചിച്ചിരുന്നെങ്കിലും ബെല്ല ബാക്സ്റ്ററായി വന്ന് എമ്മാ സ്റ്റോൺ ആ പ്രതീക്ഷകൾ തകർത്തു. പകരം വയ്ക്കാനില്ലാത്ത പ്രകടനമായിരുന്നു ഒരു സങ്കല്പികകഥാപാത്രമായികൊണ്ട് എമ്മ കാഴ്ചവച്ചത്. ലാലാലാൻഡിന് ശേഷം ഇത് രണ്ടാം തവണയാണ് എമ്മ സ്റ്റോൺ ഓസ്കറിൽ നോമിനേറ്റ് ചെയ്യപ്പെടുന്നതും അവാർഡ് നേടുന്നതും. പുവർ തിങ്ങ്സ് എന്ന ചിത്രത്തിന് ഇത് കൂടാതെ മൂന്ന് അവാർഡുകൾ കൂടെയുണ്ട്. മേക്ക് അപ്പ് ആൻഡ് ഹെയർസ്റ്റൈൽ, വസ്ത്രാലങ്കാരം, പ്രൊഡക്ഷൻ ഡിസൈൻ എന്നീ വിഭാഗങ്ങളിലും പുവർ തിങ്ങ്സ് നേട്ടം കണ്ടു. മേക്ക് അപ്പ് കാറ്റഗറിയിൽ സൊസൈറ്റി ഓഫ് ദ് സ്നോയും, ഒപ്പൺഹൈമറും മുൻനിരയിൽ തന്നെയുണ്ടായിരുന്നെങ്കിലും പ്രതീക്ഷകൾ തെറ്റുകയായിരുന്നു.   

സോൺ ഓഫ് ഇന്ററസ്റ്റ് 

അനാട്ടമി ഓഫ് എ ഫാൾ, സോൺ ഓഫ് ഇൻട്രസ്റ്റ് എന്നീ രണ്ട് ചിത്രങ്ങൾ ഇത്തവണ മികച്ച ചിത്രത്തിനായി മത്സരിച്ചു. മികച്ച വിദേശ ഭാഷ ചിത്രമടക്കം മൂന്ന് അവാർഡുകളാണ് സോൺ ഓഫ് ഇൻട്രസ്റ്റ് നേടിയത്. നാസി പട്ടാളത്തിന്റെ ഭാഗമായിരുന്ന സൈനിക ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ കോൺഫ്ലിക്റ്റുകൾ പ്രമേയമായ സിനിമ, മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച സൗണ്ട് എന്നീ വിഭാഗങ്ങളിൽ വിജയിച്ചു. യുദ്ധകാലജീവിതം പ്രമേയമാക്കിയ ചിത്രത്തിന്റെ സംവിധായകൻ ജോനാഥൻ ഗ്ലേസർ ഗാസയിൽ നടക്കുന്ന വംശഹത്യയെ എതിർത്ത് നയം വ്യക്തമാക്കി. 

ഇപ്പോൾ, തങ്ങളുടെ യഹൂദത്വത്തെയും ഹോളോകോസ്റ്റിനെയും നിരപരാധികളായ നിരവധി മനുഷ്യരെ സംഘർഷത്തിലേക്ക് നയിച്ച ഒരു അധിനിവേശമായിക്കണ്ട് അത് റദ്‌ചെയ്യുന്നവരായാണ് ഇവിടെ നിൽക്കുന്നത്. ഇസ്രായേലിൽ ഒക്ടോബർ 7 ന് ഇരയായവരോ, അല്ലെങ്കിൽ ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ആക്രമണത്തിൻ്റെ ഇരകളോ, ഈ മാനുഷികവൽക്കരണത്തിന്റെ ഇരകളോ ആകട്ടെ, അത് നാം എങ്ങനെ ചെറുക്കും? എന്നാണ് ഗ്ലേസർ ഓസ്കർ വേദിയിൽ ഉന്നയിച്ചത്. പലസ്തീൻ അനുകൂല നിലപാട് വ്യക്തമാക്കുന്ന ചുവന്ന പിൻ ധരിച്ചെത്തിയ ബില്ലി ഐലിഷ്, സഹോദരൻ ഫിന്നിയാസ്, മാർക്ക് റൂഫാലോ, റാമി യൂസഫ് എന്നിവരും ശ്രദ്ധനേടി. 

ഓസ്കറിലെ രാഷ്ട്രീയം

20 ഡേയ്സ് ഇൻ മരിയുപോൾ എന്ന ചിത്രം ആദ്യമായി ഉക്രെയ്ന് ഓസ്കർ നേടിക്കൊടുത്തു. അവാർഡ് സ്വീകരിക്കവേ, സംവിധായകൻ എംസ്റ്റിസ്ലാവ് ചെർനോവ് ഉക്രയ്നിനു മേൽ റഷ്യനടത്തുന്ന അധിനിവേശത്തെ ചെറുത്തും, എതിർത്തും സംസാരിച്ചു. ഉക്രെയ്ന്റെ ചെരിത്രത്തിൽ ഈ അവാർഡിനുള്ള സ്ഥാനം വലുതാണ്. എങ്കിലും ഒരുപക്ഷേ ഈ വേദിയിൽ വന്ന് ഈ സിനിമ ചെയ്യാൻ സാധിച്ചിരുന്നില്ലെങ്കിൽ എന്നാഗ്രഹിച്ചുപോകുന്ന ആദ്യത്തെ സംവിധായകൻ ഞാനായിരിക്കും. ഇനി ഒരിക്കലും ഞങ്ങളുടെ രാജ്യത്തെ പട്ടണങ്ങളെ കയ്യേറാതിരിക്കാൻ ഈ അവാർഡ് അവർക്ക് കൈമാറാൻ സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയാണ്" എന്നാണ് ചെർനോവ് പറഞ്ഞത്.  

രാഷ്ട്രീയബോധവും ബോധ്യങ്ങളും നിയഴൽവിരിച്ചിരുന്ന ഈ വർഷത്തെ ഓസ്കർ വേദി പക്ഷെ മാർട്ടിൻ സ്കോർസേസി ചിത്രം കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂണിനെ തിരസ്കരിച്ചു. ഒരവാർഡിനു പോലും അർഹമാവാതിരുന്ന ചിത്രം തദ്ദേശീയരായ ജനങ്ങൾക്ക് ഓസ്കറിലേക്ക് നടന്നടുക്കാൻ വിരിച്ച പാത ചെറുതല്ല. ഒസേജ് നേഷൻ എന്ന അമേരിക്കൻ ഗോത്രത്തിനോട് ചെയ്ത ക്രൂരതകൾ വെളിപ്പെടുത്തിയ ചിത്രം തദ്ദേശീയരായ അഭിനേതാക്കളാലും, പിന്നണിപ്രവർത്തകരാലും മികവുറ്റതായിരുന്നു. ഒസേജ് നേഷൻ വംശജനായ സ്കോര്ട് ജോർജിന്റെ നേത്രത്വത്തിൽ കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂണിലെ വഹാഷെ (നമ്മുടെ ജനങ്ങളുടെ ഗാനം)( Wahzhazhe Song of Our People) അവതരിപ്പിച്ചതും വംശീയ ചേരിതിരുവുകളിൽ അക്കാദമിക്ക് വന്ന മാറ്റങ്ങളിൽ ഒന്നാണ്.

2000 കോടി മുടക്കിയെത്തിയ മാർവൽ ചിത്രം ഗാർഡിയൻ ഓഫ് ഗ്യാലക്സിയോടു മത്സരിച്ചാണ് ജാപ്പനീസ് ചിത്രമായ ഗോഡ്സില്ല മികച്ച വിഷ്വൽ ഇഫക്ടിനുള്ള പുരസ്കാരം നേടിയത്. വെറും 125 കോടി മുതൽ മുടക്കിലാണ് സിനിമയുടെ ഓസ്കർ നേട്ടമെന്നതും ശ്രദ്ധേയമായി.

English Summary:

Oscar analysis 2024: From Oppenheimer to Godzilla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com