ADVERTISEMENT

സുബീഷ് സുധി, ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം റാവുത്തർ തിരക്കഥ സംഭാഷണമെഴുതി ടി.വി. രഞ്ജിത്ത്  സംവിധാനം ചെയ്യുന്ന ‘ഒരു ഭാരത് സർക്കാർ ഉത്പന്നം’ എന്ന ചിത്രം അനൗൺസ് ചെയ്തപ്പോൾ തന്നെ ആ പേരിൽ  ഒരു കൗതുകം അന്ന് എനിക്ക് തോന്നിയിരുന്നു. പിന്നീട് സെൻസർ ബോർഡിന്റെ ഇടപെടൽ കാരണം ‘ഒരു സർക്കാർ ഉത്പന്നം’ എന്ന് ചുരുക്കിയെഴുതിയ സിനിമ ഇന്നലെയാണ് കണ്ടത്. ഒറ്റവാക്കിൽ പറഞ്ഞാൽ മനോഹര ചിത്രം. 

താര പരിവേഷമില്ലാതെ ഓരോ സംഭാഷണങ്ങളിലും ഒളിപ്പിച്ചു വച്ചിരിക്കുന്ന നർമത്തിന്റെ രസക്കൂട്ടുകളിലൂടെയാണ് ചിത്രം തുടങ്ങുന്നത്, സന്താനസൗഭാഗ്യമില്ലാത്ത ഒട്ടനവധി പേരെത്തുന്ന മീനൂട്ടിക്കാവിലമ്മ ക്ഷേത്രം നിലനിൽക്കുന്ന അച്ചാംതുരുത്തിയെന്ന മനോഹരമായ നാടിനെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. സർക്കാറിന്റെ പുരുഷവന്ധ്യംകരണം പദ്ധതി അച്ചാംതുരുത്തിലെ ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്റെ നർമത്തിൽ ചാലിച്ച ആഖ്യാനവുമാണ് സിനിമയുടെ ഇതിവൃത്തം. സർക്കാർ പദ്ധതികൾ ഒരു സാധാരണക്കാരനെ, അവന്റെ ജീവിതത്തെ എങ്ങിനെ ബാധിക്കുന്നു എന്ന് കളി ചിരിയിലൂടെ പറഞ്ഞു തുടങ്ങുന്നുവെങ്കിലും പിന്നീട് ആ കളി പ്രേക്ഷകരുടെ കണ്ണ് നനയിക്കാൻ പാകത്തിൽ കാര്യമാകുന്നുമുണ്ട്.

ഒരു പുതുമുഖ സംവിധായകന്റെ ചിത്രമാണിതെന്ന് ഒരു സീനില്‍ പോലും തോന്നാത്തത്ര രഞ്ജിത്ത് മികവുറ്റതാക്കിയിരിക്കുന്നു, ഓരോ കഥാപാത്രങ്ങളെയും അവർ ജീവിക്കുന്ന കഥാ പരിസരവും പ്രതിസന്ധികളും അസ്വാഭാവികതയും ഏച്ചുകെട്ടുകളുമില്ലാതെ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചു.

നാല് മക്കളുള്ള പ്രദീപനാണ് കഥയിലെ നായകന്‍. പ്രദീപനെ അവതരിപ്പിച്ചിരിക്കുന്നത് ക്യാരക്ടർ റോളുകളിലൂടെ ശ്രദ്ധേയനായ സുബീഷ് സുധിയാണ്, തന്റെ പെയിന്റ് പാട്ടയിലെ നിറക്കൂട്ടുകൾക്കൊപ്പം ബ്രഷ് ചലിപ്പിച്ച്‌ നല്ല ഒരു കുടുംബവും നിറം പിടിപ്പിക്കുന്ന സാധാരണക്കാരനായ പ്രദീപൻ കല്യാണം കഴിഞ്ഞ് ഏറെ കാലമായിട്ടും പ്രണയം തുളുമ്പുന്ന മനസ്സുമായാണ് ഭാര്യ ശ്യാമയുടെ അടുത്ത് എത്തുന്നത്. അയാളുടെ പ്രണയവും കള്ളത്തരവും ചമ്മലും സങ്കടവും രോഷവും വേദനയും കൃത്യമായ അളവിൽ അഭിനയിച്ചു ഫലിപ്പിക്കാൻ സുബീഷിന് സാധിച്ചു. സർക്കാർ ഉത്പന്നത്തിലെ പ്രദീപൻ സുബീഷിന്റെ കൈകളിൽ ഭദ്രമായിരുന്നു.

ഒരു സർക്കാർ ഉല്പന്നത്തിന്റെ റിലീസിന് രണ്ടു ദിവസം മുന്‍പേ അന്തരിച്ച നിസാം റാവുത്തറാണ് കഥയും തിരക്കഥയും  രചിച്ചിരിക്കുന്നത്. ആരോഗ്യമേഖലയിൽ നിരവധി കാലം സേവനമനുഷ്ഠിച്ച അദ്ദേഹം ആരോഗ്യ പ്രവര്‍ത്തകരായ ആശാ വര്‍ക്കര്‍മാരുടെ ജീവിതം സ്വന്തം അനുഭവത്തിലൂടെ സത്യസന്ധമായി വരച്ചുകാണിച്ചിട്ടുണ്ട്. നിസാം റാവുത്തറിന്റെ വിടവാങ്ങൽ മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്ന് ഈ സിനിമ കാണുമ്പോൾ ബോധ്യമാകും.

സിനിമയുടെ രസച്ചരടിനും റിയലിസ്റ്റിക്  പരിചരണത്തിനും ആഖ്യാന ഭദ്രതക്കും കോട്ടമുണ്ടാക്കുന്ന ഒരാൾ പോലുമില്ല അഭിനേതാക്കളിൽ,  മിന്നൽ മുരളിയിലെ പ്രകടനത്തിന് ശേഷം ഷെല്ലിയുടെ മികച്ച പ്രകടനമാണ് ഈ ചിത്രത്തിലെ ശ്യാമ, പ്രണയവും സന്തോഷവും നിസ്സഹായാവസ്ഥയും അവർ മികവുറ്റതാക്കി. സുബീഷ് -ഷെല്ലി കോംബോ സ്‌ക്രീനിൽ വർക്ക് ആയിട്ടുണ്ട്.

പ്രണയം, സൗഹൃദം, കുടുംബബന്ധങ്ങള്‍ എന്നിവയിലൂടെ യാത്ര ചെയ്യുന്ന ചിത്രം ഒരുപിടി മികച്ച നടീനടന്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. എന്റെ ഗുരുനാഥനും മലയാളികളുടെ പ്രിയ സംവിധായകനുമായ  ലാല്‍ ജോസ് സാർ ദാസേട്ടന്‍ എന്ന സാമൂഹ്യപ്രവർത്തകന്റെ വേഷം മികച്ചതാക്കി, വിനീത് വാസുദേവ് ഓർമ്മയിൽ തങ്ങി നിൽക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇവരോടൊപ്പം അജു വർഗീസ്, ഗൗരി ജി കിഷൻ, ദർശന എസ് നായർ, ജോയിമാത്യൂ, വിജയ് ബാബു, ജാഫർ ഇടുക്കി, ഗോകുൽ, ഹരീഷ്‌ കണാരൻ, രാജേഷ് അഴീക്കോടൻ തുടങ്ങിയവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി.  

നാട്ടിൻപുറത്തെ സ്വാഭാവികതയെ നശിപ്പിക്കാതെ ക്യാമറ ചലിപ്പിച്ച  അൻസർ ഷാ, സംഗീതം കൊണ്ട് പിന്തുണച്ച  അജ്മൽ ഹസ്ബുള്ള, കഥ പറച്ചിലിന്റെ ഒഴുക്കിനെ ചിട്ടയായി ക്രമീകരിച്ച ജിതിൻ ഡി.കെ., കലാ സംവിധാനം നിർവ്വഹിച്ച ഷാജി മുകുന്ദ്, താരങ്ങളെ മേക്കപ്പ് ചെയ്ത റോണക്സ്, വസ്ത്രമൊരുക്കിയ സമീറ സനീഷ്,  ചെറിയ ബജറ്റില്‍ ഒരു മൂല്യമുള്ള സിനിമ സൃഷ്ടിക്കാമെന്ന് തെളിയിച്ച ഭവാനി പ്രൊഡക്‌ഷൻസിന്റെ രഞ്ജിത്ത് ജഗനാഥൻ, ടി.വി. കൃഷ്ണൻ തുരുത്തി, കെ.സി. രഘുനാഥ് ഇവരുടേതെല്ലാം കൂടിയാണ് ഈ സർക്കാർ ഉത്പന്നം.

English Summary:

Salam Bappu praises oru sarkar ulpannam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com