ADVERTISEMENT

പെണ്‍കുട്ടികള്‍ ദൈവത്തിന്റെ സമ്മാനങ്ങളാണെന്നു പറയാറുണ്ട്. വിഷമഘട്ടങ്ങളില്‍ ആണ്‍കുട്ടികളേക്കാള്‍ സ്‌നേഹത്തോടെ, കരുതലോടെ ഒപ്പം നില്‍ക്കുന്നവര്‍ എന്നും കേട്ടിട്ടുണ്ട്. എന്തായാലും എനിക്കും ഭര്‍ത്താവ് രാജേട്ടനും രണ്ടു പെണ്‍മക്കളാണ്. മൂത്തവള്‍ ഐശ്വര്യ രാജന്‍. ഇളയകുട്ടി അനശ്വര രാജന്‍. ഐശ്വര്യയെ ഞങ്ങള്‍ വീട്ടില്‍ ഓമനിച്ച് വിളിക്കുന്നത് അച്ചു എന്നാണ്. അനശ്വരയെ അനു എന്നും.

അച്ചു ജനിച്ചപ്പോള്‍ ഞാനും ഏട്ടനും ചേര്‍ന്ന് ഒരു കുഞ്ഞു മതിയെന്ന് തീരുമാനം എടുത്തു. സാധാരണ ദമ്പതികള്‍ക്കിടയില്‍ ആരെങ്കിലും ഒരാളാവും ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുക. ഞങ്ങളുടെ കാര്യത്തില്‍ യോജിച്ചുളള തീരുമാനമായിരുന്നു. പക്ഷേ ഏട്ടന്റെ അമ്മയും എന്റെ അമ്മയും അതിനോട് യോജിച്ചില്ല. ഏട്ടന്റെ അച്ഛന്‍ അച്ചൂന് രണ്ട് വയസ്സുളളപ്പോള്‍ മരിച്ചു. അനുമോളെ അദ്ദേഹം കണ്ടിട്ടു കൂടിയില്ല.
 

Read more at: നേരാണ്, അനശ്വര രാജന്റെ ടൈം; അഭിമുഖം

അതുകൊണ്ടുതന്നെ ആ രണ്ട് അമ്മമാരുടെ വാക്കുകള്‍ക്ക് വലിയ വിലയുണ്ടായിരുന്നു ഞങ്ങളുടെ മനസ്സുകളില്‍. ഒരു കുട്ടി മാത്രമായാല്‍ മാതാപിതാക്കള്‍ക്ക് അത്രയും ബാധ്യതയും കഷ്ടപ്പാടും കുറഞ്ഞിരിക്കും. പക്ഷേ ആ കുട്ടിക്ക് ഒരു കൂട്ടില്ലാതെ വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവപ്പെടും എന്നായിരുന്നു അവരുടെ ന്യായം. അവര്‍ നിരന്തരം അതു പറഞ്ഞു കൊണ്ടേയിരുന്നു. കേട്ടപ്പോള്‍ ശരിയാണെന്നു ഞങ്ങള്‍ക്കും തോന്നി. 

അങ്ങനെ ഞാന്‍ വീണ്ടും പ്രഗ്നന്റായി. ആ സമയത്ത് ഏട്ടന് ഗള്‍ഫില്‍ ഒരു ജോലി ശരിയായി. ഏട്ടന്‍ പോകാന്‍ നില്‍ക്കുമ്പോള്‍  ഞാന്‍ മൂന്നു മാസം ഗര്‍ഭിണിയാണ്. ഏട്ടന്‍ പോയതോടെ എനിക്ക് വല്ലാത്ത ഏകാന്തതയും ഒറ്റപ്പെടലും അനുഭവപ്പെട്ടു. നമുക്ക് എന്തു പ്രശ്‌നം വന്നാലും അത് ഷെയര്‍ ചെയ്യാനുളള ഒരാള്‍ പെട്ടെന്ന് ഏറെ അകലെയായപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത പ്രയാസമായി. അന്ന് ഇന്നത്തെപ്പോലെ വിഡിയോ കോളോ മൊബൈലോ ഒന്നുമില്ല. ഐഎസ്ഡി വിളിക്കണമെങ്കില്‍ വീട്ടില്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. ആകെയുളളത് അമ്മയുടെ അനുജത്തിയുടെ വീട്ടിലാണ്. അവിടെ എത്തിപ്പെടണമെങ്കില്‍ കുറെ ദൂരം നടന്നു പോകണം. ഞങ്ങള്‍ക്കുളള കോളുകള്‍ അവിടേക്കാണ് വരിക. ഒരു കോള്‍ വന്നാല്‍ കുറച്ച് കഴിഞ്ഞ് വിളിക്കൂ എന്ന് അവര്‍ പറയും. എന്നിട്ട് ഇവിടെ വന്ന് വിവരം പറയും. ഞങ്ങള്‍ അവിടെ പോയി കുറെസമയം വെയ്റ്റ് ചെയ്യും. എന്നിട്ട് വരുന്ന കോള്‍ അറ്റന്‍ഡ് ചെയ്യും.

anaswara-rajan-child-actress
അനശ്വരയുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ

ഏട്ടനില്ലാതെ വന്നതോടെ, ഒന്നു പുറത്ത് പോകണമെങ്കില്‍ പോലും ബന്ധുക്കളുടെ സഹായം തേടേണ്ടി വന്നു. എപ്പോഴും മറ്റുളളവരെ ആശ്രയിക്കേണ്ടി വരുന്നതിന്റെ പ്രയാസമുണ്ടായിരുന്നു. അന്ന് ഞങ്ങള്‍ ഏട്ടന്റെ വീട്ടില്‍ തന്നെയായിരുന്നു താമസം. എന്റെ വീട്ടിലേക്കു മാറാമെന്ന് വച്ചാല്‍ വീട് കുന്നും മലയും ഒക്കെയുളള, കുറച്ച് ഉളളിലേക്ക് കയറിയ നീലേശ്വരം എന്ന സ്ഥലത്തായിരുന്നു. അവിടെനിന്ന് ഹോസ്പിറ്റലിലേക്ക് പോകാനൊക്കെ ബുദ്ധിമുട്ടായിരുന്നു. ആ സ്ഥലം വാസ്തവത്തില്‍ മനോഹരമായിരുന്നു. പക്ഷേ ആശുപത്രിക്കേസ് ഒക്കെ വരുമ്പോള്‍ നമ്മള്‍ പെട്ടു പോകും. ഏട്ടന്റെ വീട് ടൗണിനോട് അടുത്തായതു കൊണ്ട് അത്തരം പ്രയാസങ്ങളില്ല. അതുകൊണ്ട് തൽക്കാലം നീ എന്റെ വീട്ടില്‍ത്തന്നെ നിന്നാല്‍ മതിയെന്ന് ഏട്ടന്‍ പറഞ്ഞു.

ഒന്‍പതാം മാസമായപ്പോള്‍ എനിക്ക് പെട്ടെന്ന് എന്റെ അമ്മയെ കാണണമെന്ന് തോന്നി. ആഗ്രഹം വിളിച്ചു പറയേണ്ട താമസം ആങ്ങള ഏട്ടന്റെ വീട്ടിലേക്ക് വന്ന് എന്നെ കൂട്ടിക്കൊണ്ടു പോയി. അമ്മയ്ക്ക് അന്ന് കൂടെക്കൂടെ ഓരോരോ അസുഖങ്ങള്‍ വന്നുകൊണ്ടിരിക്കും. പലപ്പോഴും വല്ലാത്ത തലവേദന എന്നും പറഞ്ഞ് വിഷമിച്ചിരിക്കുന്നത് കാണാം. അമ്മ എനിക്ക് ഒരു ശക്തിയായിരുന്നു എല്ലാക്കാലത്തും. കല്യാണം കഴിഞ്ഞ് വന്നശേഷം ഞാന്‍ മനസ്സില്‍ വിചാരിച്ച മാതിരി അമ്മയെ ശ്രദ്ധിക്കാന്‍ പറ്റിയില്ല. ഇത്തവണ ചെന്നപ്പോഴും അമ്മയ്ക്ക് തീരെ വയ്യ. എന്നിട്ടും അമ്മ പറഞ്ഞു.

anaswara-rajan
അനശ്വര രാജൻ

‘‘മോള് ഹോസ്പിറ്റലില്‍ പോയിട്ട് വാ..ഞാന്‍ പറ്റുന്ന പോലെ നോക്കിക്കൊളളാം’’

കുറച്ചു ദിവസം വീട്ടില്‍ നിന്ന ശേഷം ആങ്ങള എന്നെ ഏട്ടന്റെ വീട്ടില്‍ കൊണ്ടുവിട്ടു. വന്നതിന്റെ മൂന്നാം ദിവസം അമ്മയ്ക്ക് സുഖമില്ല, ഹോസ്പിറ്റലില്‍ പോകണം എന്ന് പറഞ്ഞ് കോള്‍ വന്നു. അതുകേട്ടപ്പോള്‍ എന്തോ വല്ലാത്ത ഒരു അസ്വസ്ഥത തോന്നി. ഞാന്‍ നോക്കുമ്പോള്‍ ഏട്ടന്റെ ബന്ധുക്കളൊക്കെ വരുന്നു, വണ്ടി പിടിക്കുന്നു. ആകെക്കൂടി ഒരു അരുതാഴിക പോലെ. അപ്പോള്‍ത്തന്നെ എനിക്ക് അപകടം മണത്തു. 

ചേച്ചിയുടെ മകള്‍ പറഞ്ഞു, 'എങ്കില്‍ നമുക്ക് അനശ്വര എന്ന് പേരിടാം. ഒരിക്കലും നശിക്കാത്തത് എന്ന് അര്‍ഥം '

എന്നെയും വീട്ടിലേക്ക് കൊണ്ടുപോയി. കുറെ ഏറെ സ്ഥലത്തിന് നടുവില്‍ ഒറ്റപ്പെട്ട വീടായിരുന്നു ഞങ്ങളുടേത്. ഞാന്‍ ചെല്ലുമ്പോള്‍ ആദ്യം കാണുന്നത് കുറെ ആളുകള്‍ ചേര്‍ന്ന് ഒരു മാവ് മുറിക്കുന്നതാണ്. ആ കാഴ്ച കണ്ടപ്പോള്‍ തന്നെ പാതി ജീവന്‍ പോയി. ഞാന്‍ വന്ന വണ്ടിയില്‍ നിന്നിറങ്ങി ഓടി. കുത്തനെയുളള ഒരു ഇറക്കത്തിലാണ് വീട്. ഏതോ ഗര്‍ത്തത്തിലേക്ക് താഴ്ന്നു പോകും പോലെയാണ് തോന്നിയത്. വീടിന്റെ ഇറയത്ത് എത്തുമ്പോള്‍ അമ്മ മരിച്ചുകിടക്കുകയാണ്. അത് കണ്ടതോടെ എന്റെ ബോധം പോയി. മൂത്ത ഒരു കുട്ടിയുണ്ടെന്നോ വയറ്റിലൊരു കുഞ്ഞുണ്ടെന്നോ ഏട്ടന്‍ സ്ഥലത്തില്ലെന്നോ ഒന്നും ഞാന്‍ ഓര്‍ത്തില്ല. അത്രയ്ക്ക് ഇഷ്ടമായിരുന്നു അമ്മയെ.

anaswara-mother

സംസ്‌കാരച്ചടങ്ങുകള്‍ കഴിഞ്ഞ് തിരികെ ഏട്ടന്റെ വീട്ടിലെത്തിയിട്ടും  ഭക്ഷണം കഴിക്കാനോ ജലപാനം ചെയ്യാനോ പോലും കൂട്ടാക്കിയില്ല. ഒരു കുഞ്ഞ് വയറ്റില്‍ കിടക്കുന്നയാള്‍ ഇങ്ങനെ നിരാഹാരം കിടക്കാനും മനസ്സ് വിഷമിക്കാനും പാടില്ലെന്ന് എല്ലാവരും ഉപദേശിച്ചു. പക്ഷേ ഒന്നും ചെവിയില്‍ കയറിയില്ല. അവസാനം എനിക്ക് ഏറ്റവും അടുപ്പമുളള ഒരു മാമി അടുത്തു വന്നിട്ട് പറഞ്ഞു.

‘‘മോളെ, പോയവര് പോയി. രണ്ട് ജീവന്‍ നിനക്ക് മുന്നിലുണ്ട്. അത് നീ നോക്കണ്ടേ?’’

മാമി നിര്‍ബന്ധിച്ച് എന്നെക്കൊണ്ട് കുറേ വെളളം കുടിപ്പിച്ചു. കണക്കില്‍ കൂടുതല്‍ വെളളം കുടിച്ചിട്ടാണോ എന്നറിയില്ല വയറ്റില്‍ നിന്ന് ഒരു ചാട്ടമായിരുന്നു. വല്ലാത്ത ഒരു തരം പെയ്ന്‍. പ്രസവവേദനയാണ് എന്നറിഞ്ഞിട്ടും അപ്പോഴും മനസ്സ് നിറയെ അമ്മയായിരുന്നു. അമ്മയെക്കുറിച്ചുളള ചിന്ത മൂലം എനിക്ക് വേദന അനുഭവപ്പെട്ടില്ല. മനസ്സ് നീറിപ്പിടയുമ്പോള്‍ ശരീരത്തിന്റെ വേദന ഒന്നുമല്ലെന്ന് തോന്നി. സത്യം പറഞ്ഞാല്‍ ആ സമയത്ത് പ്രസവിക്കാന്‍ പോകുന്ന ഒരു സ്ത്രീയുടെ നിര്‍വൃതി ആയിരുന്നില്ല എനിക്ക് അനുഭവപ്പെട്ടത്. ഈ കുഞ്ഞ് ഉണ്ടായതു തന്നെ എന്റെ അമ്മയെ കൊല്ലാന്‍ വേണ്ടിയായിരുന്നോ എന്ന് തോന്നിപ്പോയി. ശരിക്കും കുഞ്ഞിനോട് എനിക്ക് ദേഷ്യമാണ് തോന്നിയത്. എത്ര ശ്രമിച്ചിട്ടും ആ കുഞ്ഞിനെ ഉള്‍ക്കൊളളാന്‍ കഴിഞ്ഞില്ല.

പിന്നെ ഏതോ ഒരു നിമിഷത്തില്‍ ആരോ ഉളളിലിരുന്ന് പറയും പോലെ തോന്നി.

‘‘അമ്മയുടെ പുനര്‍ജന്മമാണിത്. ശരിക്കും അമ്മ തന്നെയാണ് ഈ കുഞ്ഞ്’’

പെയിന്‍ തുടങ്ങി ആശുപത്രിയില്‍ ചെന്നപ്പോള്‍ അവര്‍ സ്‌കാന്‍ ചെയ്തു. കുഞ്ഞിന് അനക്കമില്ല. അമ്മയുടെയും കുഞ്ഞിന്റെയും കാര്യം സംശയമാണെന്നും നാളെ സര്‍ജറി ചെയ്യേണ്ടി വരുമെന്നും പറഞ്ഞു. പക്ഷെ അടുത്ത ദിവസം എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഒരു ബുദ്ധിമുട്ടുമില്ലാതെ ഞാന്‍ പ്രസവിച്ചു. കുഞ്ഞ് ജനിച്ചിട്ടും എനിക്ക് സന്തോഷിക്കാന്‍ കഴിഞ്ഞില്ല. അത്ര വലിയ ആഘാതമായിരുന്നു അമ്മയുടെ നഷ്ടം. ഏട്ടന്റെ അമ്മ വാസ്തവത്തില്‍ ഒരു പാവമായിരുന്നു. എന്നെ നന്നായി നോക്കുമായിരുന്നു. എന്നിട്ടും അമ്മയുടെ സ്ഥാനത്ത് എനിക്ക് ആരെയും പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞില്ല. ഏട്ടനെയോ മക്കളെയോ ആരെയും. അത്ര വലിയ ഷോക്കായിരുന്നു. ഏട്ടനാണെങ്കില്‍ ആ സമയത്ത് ലീവ് കിട്ടാത്തു കൊണ്ട് നാട്ടിലേക്ക് വരാന്‍ നിര്‍വാഹമില്ല. ശരിക്കും വല്ലാതെ തനിച്ചായതു പോലൊരു തോന്നല്‍.

anaswara-mother-3
അമ്മ ഉഷ രാജനും സഹോദരി ഐശ്വര്യ രാജനൊപ്പം അനശ്വര രാജൻ

കുഞ്ഞ് വളര്‍ന്ന് തുടങ്ങിയതോടെ മെല്ലെ മനസ്സ് അവളിലേക്ക് ചാഞ്ഞു തുടങ്ങി. അനശ്വര എന്നു പേരിട്ടെങ്കിലും വീട്ടില്‍ അനു എന്നായിരുന്നു വിളിച്ചിരുന്നത്. അനു ഭയങ്കര കുസൃതിയായിരുന്നു. ഒരു നിമിഷം പോലും ഒരിടത്ത് അടങ്ങിയിരിക്കാത്ത പോക്കിരി. ഹൈപ്പര്‍ ആക്ടീവ് നേച്ചര്‍. എപ്പോഴും അവള്‍ക്ക് എന്തെങ്കിലും  ചെയ്തുകൊണ്ടിരിക്കണം. 

വീടിന് തൊട്ടടുത്ത് രാധമ്മ എന്ന പേരില്‍ ഞങ്ങളുടെ ഒരു ബന്ധുവുണ്ട്. അവര്‍ക്കും മൂന്ന് പെണ്‍കുട്ടികളായിരുന്നു. അവിടെയായിരുന്നു അനു എപ്പോഴും.

വീട്ടില്‍  രണ്ടുവിള കൃഷിയായതുകൊണ്ട് എപ്പോഴും എനിക്ക് പണിയാണ്. സ്വയം പണിയെടുക്കുകയും പണിക്കാരുടെ മേല്‍നോട്ടം വഹിക്കുകയും വേണം. നിന്നു തിരിയാന്‍ നേരമില്ല. കുട്ടികളെ നോക്കാന്‍ പോലും സമയമുണ്ടായിരുന്നില്ല. പലപ്പോഴും കുഞ്ഞിന് പാല് കൊടുക്കാന്‍ പോലും സമയം കിട്ടിയിരുന്നില്ല. വേറൊരു ബന്ധുവീടുണ്ട്. അവിടത്തെ ചന്ദ്രച്ചന്റെയും ഗിരിജമ്മയുടെയും അടുത്തു നിന്നാണ് കുട്ടികള്‍ വളര്‍ന്നത്. രാവിലെ ഉറങ്ങിയുണര്‍ന്ന പാടെ അവര്‍ വന്ന് എടുത്തോണ്ട് പോകും. അന്ന് മറ്റൊരു അനുഗ്രഹമുണ്ടായത് എന്താണെന്നു വച്ചാല്‍ ഏട്ടന്റെ വീടിന് മുട്ടി മുട്ടി മുഴുവന്‍ ബന്ധുവീടുകളാണ്. ഏത് കാര്യത്തിനും ഏത് സമയത്തും ഒരാവശ്യത്തിന് നൂറാള്‍ ഉണ്ടാകും. 

anaswara-stage

കുട്ടികള്‍ക്കു പേരിട്ടത് ഏട്ടന്റെ ചേച്ചിയുടെ മക്കളാണ്. അവര് മൂന്നാളും പെണ്‍കുട്ടികളാണ്. പേരിടാന്‍ നേരത്ത് എനിക്ക് എന്തെങ്കിലും സജഷന്‍സ് ഉണ്ടോയെന്ന് അവര്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു. എന്റെ പേര് ഉഷ, 'യു'വില്‍ തുടങ്ങുന്നതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. സ്‌കൂളില്‍ എല്ലാ കാര്യത്തിലും ലാസ്റ്റ് ചാന്‍സായിരുന്നു. അതുകൊണ്ട് 'എ'യില്‍ തുടങ്ങുന്ന ഒരു പേരാണ് എനിക്കിഷ്ടം. അങ്ങനെയാണ് മൂത്തയാള്‍ക്ക് ഐശ്വര്യ എന്ന് പേരിട്ടത്. രണ്ടാമത്തെ ആള്‍ക്ക് ഇനി എന്ത് പേരിടും എന്നാണ് ആലോചന, അതുകേട്ടപ്പോള്‍ ചേച്ചിയുടെ മകള്‍ പറഞ്ഞു.

‘‘എങ്കില്‍ നമുക്ക് അനശ്വര എന്ന് പേരിടാം. ഒരിക്കലും നശിക്കാത്തത് എന്ന് അർഥം’’

കേട്ടപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമായി. ഇളയകുട്ടിയായതു കൊണ്ട് വീട്ടില്‍ ഞങ്ങള്‍ അനൂട്ടി എന്നാണ് വിളിക്കുക. അച്ചൂട്ടിയും അനൂട്ടിയും മാത്രമായിരുന്നു അക്കാലത്ത് ഞങ്ങളുടെ ആകെ സമ്പാദ്യം. രണ്ട് പെണ്‍മക്കള്‍. താമസം തറവാട്ട് വീട്ടില്‍. സ്വന്തമായി ഒരു വീടില്ല. എനിക്കും ഏട്ടനും കാര്യമായ ജോലിയുമില്ല. ഭാവി ആശങ്കയുടെ തുലാസില്‍ ഊയലാടുകയാണ്.

anaswara-rajan-family
അമ്മ ഉഷ രാജനും സഹോദരി ഐശ്വര്യ രാജനൊപ്പം അനശ്വര രാജൻ

ഏത് വിഷമഘട്ടത്തിലും ദൈവം നമുക്കായി ചില അദ്ഭുതങ്ങള്‍ ബാക്കി വയ്ക്കും എന്ന വിശ്വാസമായിരുന്നു എന്റെ ബലം. അന്ന് പിഎസ്‌സിയില്‍ ധാരാളം അവസരങ്ങളുണ്ട്. പക്ഷേ ഒരു സര്‍ക്കാര്‍ ജോലിയുടെ പരിമിതിയില്‍ ഒതുങ്ങാന്‍ ഏട്ടന് മനസുണ്ടായിരുന്നില്ല. വിദേശത്തേക്ക് പറക്കാനായിരുന്നു താൽപര്യം. അത് അറിഞ്ഞിട്ടും ഏട്ടന് വേണ്ടി പിഎസ്‌സിക്കുളള അപേക്ഷകളെല്ലാം അയച്ചിരുന്നത് ഇളയമ്മയുടെ മകനായിരുന്നു. അപേക്ഷയില്‍ ഒപ്പിടുക എന്നത് മാത്രമായിരുന്നു ഏട്ടന്റെ ജോലി. പഠിക്കണം എന്നൊക്കെ പറഞ്ഞ് അവന്‍ ഉപദേശിക്കും. വല്യേട്ടന്‍ സൗദിയിലുളളതു കൊണ്ട് ഏട്ടനെയും അവിടേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു. ഏട്ടന്‍ പോകാനായി ത്രില്ലടിച്ചു നില്‍ക്കുന്ന സമയത്ത് ഞാന്‍ പറഞ്ഞു.

‘‘ഏട്ടാ.. പണ്ട് എഴുതിയ ഒരു പിഎസ്സി റാങ്ക്‌ലിസ്റ്റില്‍ പേര് കാണുന്നുണ്ടല്ലോ? അതിന്റെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യണ്ടേ?’’

ഏട്ടന്‍ തീരെ താത്പര്യമില്ലാത്ത മട്ടില്‍ പറഞ്ഞു.

‘‘അതൊന്നും കിട്ടാന്‍ പോകുന്നില്ല’’

മൂപ്പര്‍ക്ക് എത്രയും വേഗം സൗദിയില്‍ എത്താനുളള തിടുക്കമായിരുന്നു. വിദേശത്തു പോയിക്കഴിഞ്ഞാല്‍ പിന്നെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ പറ്റില്ല. ഏതെങ്കിലും തരത്തില്‍ ഒരു സര്‍ക്കാര്‍ ജോലി കിട്ടാനുളള യോഗമുണ്ടെങ്കില്‍ അത് ഇതോടെ തീര്‍ന്നു കിട്ടും. ഞാന്‍ സകല ഈശ്വരന്‍മാരെയും വിളിച്ച് പ്രാർഥിച്ചു. ഇന്റര്‍വ്യൂവിന്റെ തലേന്നാണ് ഏട്ടന് പോകേണ്ടത്. ഇനി ഈ അവസരം ലഭിക്കില്ല എന്ന് വിചാരിച്ച് വിഷമിച്ചിരിക്കുമ്പോള്‍ മെഡിക്കലില്‍ എന്തോ പ്രശ്‌നം വന്ന് യാത്ര ഒരാഴ്ചത്തേക്ക് മാറ്റി വച്ചു. അങ്ങനെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. എന്തായാലും എനിക്ക് വലിയ സന്തോഷമായി. ദൈവം എന്റെ പ്രാർഥന കേട്ടല്ലോ.

anaswara-rajan-familt
അമ്മ ഉഷ രാജനും അച്ഛൻ രാജനൊപ്പം അനശ്വര

ഞാന്‍ വിചാരിച്ച കാര്യം നടന്നു എന്ന് മാത്രമല്ല, ഒരാഴ്ച കഴിഞ്ഞ് ഏട്ടന്‍ ആഗ്രഹിച്ചതു പോലെ വിദേശത്ത് പോകാനും സാധിച്ചു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അനിയന്റെ കല്യാണമായി. അതിന് വല്യേട്ടന്‍ വന്നു. ലീവില്ലാത്തതു കൊണ്ട് ഏട്ടന്‍ അവിടെ ഒറ്റയ്ക്കായി. തനിച്ചായപ്പോള്‍ ഏട്ടന് വലിയ സങ്കടമായി. കല്യാണത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമം വേറെ. വല്യേട്ടന്‍ തിരിച്ചുപോയതിന് പിന്നാലെ ഏട്ടനും നാട്ടില്‍ വന്നു. 

വന്നു കഴിഞ്ഞാണ് അറിയുന്നത് ഏട്ടന്‍ ജോലി ഉപേക്ഷിച്ച് പോന്നിരിക്കുകയാണ്. ഞങ്ങള്‍ക്ക് ആകെ ടെന്‍ഷനായി. നാട്ടില്‍ വന്നിട്ട് ജോലിയൊന്നും ശരിയായില്ലെങ്കില്‍ എന്ത് ചെയ്യും. അപ്പോള്‍ വല്യേട്ടന്‍ പറഞ്ഞു: ‘‘നീ വിഷമിക്കുകൊന്നും വേണ്ടാ. ഇവിടെത്തന്നെ വേറെ ഏതെങ്കിലും ജോലി ശരിയാക്കാം’’

anaswara-rajan-3

എനിക്കായിരുന്നു കൂടുതല്‍ ടെന്‍ഷന്‍. രണ്ട് പെണ്‍കുട്ടികളാണ്. എങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയില്ലല്ലോ. ആ സമയത്ത് എനിക്കും ജോലി ഉണ്ടായിരുന്നില്ല. നാട്ടില്‍ വന്ന് രണ്ടാമത്തെ ദിവസം ഏട്ടന് പിഎസ്‌സിയില്‍നിന്ന് അഡ്വൈസ് മെമ്മോ വന്നു. സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. ഞാനും കുട്ടികളും എത്ര ഭാഗ്യവതികളാണെന്ന് തോന്നിപ്പോയി.

ആറുമാസത്തിനുളളില്‍ എനിക്കും ജോലി കിട്ടി. ജീവിതത്തില്‍ സംഭവിച്ച ഓരോ കാര്യങ്ങളും ഒരു നിയോഗം പോലെയോ നിമിത്തം പോലെയോ ആയിരുന്നു. അതിന് നന്ദി പറയേണ്ടത് ഞങ്ങളുടെ പറശ്ശിനിക്കടവ് മുത്തപ്പനോടാണ്. വിളിച്ചാല്‍ വിളിപ്പുറത്താണ് മുത്തപ്പന്‍.

anaswara-rajan-34
അമ്മ ഉഷ രാജനും സഹോദരി ഐശ്വര്യ രാജനൊപ്പം അനശ്വര രാജൻ

അച്ചു ജന്മനാ ശാന്തസ്വഭാവിയായിരുന്നു. അനു നേരെ മറിച്ചും. ആള് കുഞ്ഞാണെങ്കിലും കയ്യിലിരിപ്പ് മഹാപ്രശ്‌നമായിരുന്നു. ഒരാളും ഇതിനെ നോക്കാന്‍ പോലും തയാറാവില്ല. അത്ര പോക്കിരിയായിരുന്നു. കയ്യില്‍ കിട്ടുന്നവരെയെല്ലാം എടുത്തിട്ട് ഇടിക്കും.

അങ്കണവാടിയില്‍ കൊണ്ടു പോയി വിട്ട് പ്രശ്‌നം തീര്‍ക്കാമെന്ന് വച്ചാല്‍ അവിടത്തെ കുട്ടികള്‍ക്കും അവള് നല്ല പെട വച്ച് കൊടുക്കും. ഉച്ചയ്ക്ക് കുട്ടികള്‍ക്ക് ഉറങ്ങാനുളള സമയമുണ്ട്. ആ നേരത്ത് ഇവള് ഉറങ്ങില്ലെന്ന് മാത്രമല്ല മറ്റ് കുട്ടികളെ ഉറങ്ങാനും അനുവദിക്കില്ല. ടീച്ചര്‍ ആ സമയത്ത് റജിസ്റ്റര്‍ എഴുതാനൊക്കെയാണ് വിനിയോഗിക്കുക. അനു അതിനും സമ്മതിക്കില്ല. ഇവളുടെ പ്രശ്‌നം തീര്‍ത്തിട്ട് ടീച്ചര്‍ക്ക് വേറൊന്നിനും സമയമില്ലാതായി. അങ്കണവാടിയില്‍ ഒരു ആയയുണ്ട്. അവര്‍ കുട്ടികളെ നന്നായി നോക്കുകയൊന്നുമില്ല. അനു വീട്ടില്‍ വന്ന് അവരെക്കുറിച്ച് പരാതി പറഞ്ഞുകൊണ്ടിരിക്കും. അങ്ങനെ വീട്ടിലും സ്‌കൂളിലും അവളൊരു തലവേദനയായി.

ഏതായാലും 5 വയസ്സ് വരെ അവള്‍ അങ്കണവാടിയില്‍ പോയി. അച്ചു ആ സമയത്ത് കുറച്ച് ദൂരെയുളള ഒരു സ്‌കൂളില്‍ നാലാം ക്ലാസിലായിരുന്നു. അച്ചുവും കുഞ്ഞുവും തമ്മില്‍ 4 വയസ്സിന്റെ വ്യത്യാസമുണ്ട്. അനൂനെ യുകെജിയില്‍ എവിടെ ചേര്‍ക്കുമെന്ന ആലോചന വന്നപ്പോള്‍ ചേച്ചിയുടെ സ്‌കൂളില്‍ തന്നെയാകാം എന്ന് തോന്നി. അവളുടെ മേല്‍നോട്ടമുണ്ടെങ്കില്‍ കുഞ്ഞിനെ നന്നായി ശ്രദ്ധിക്കുമല്ലോ എന്നതായിരുന്നു എന്റെ സമാധാനം. അങ്ങനെ ടൗണില്‍ അച്ചു പഠിക്കുന്ന സ്‌കൂളില്‍ കൊണ്ടുപോയി ചേര്‍ത്തു.

സ്‌കൂളില്‍ എത്തിയതോടെ പഴയ കുസൃതികളൊക്കെ കുറഞ്ഞു. നല്ല ആക്ടീവായ കുട്ടിയായിരുന്നു അനശ്വര. ടീച്ചേഴ്‌സിനെല്ലാം അവളെ വലിയ കാര്യമായിരുന്നു. അച്ചു അനുജത്തിയെ നന്നായി നോക്കും. ടൗണിലായതു കൊണ്ട് എനിക്കും ഇടയ്ക്കിടെ പോയി നോക്കാന്‍ പറ്റും. 

anaswara-rajan-09
അനശ്വര രാജൻ

കാര്യം കുരുത്തക്കേടുണ്ടെങ്കിലും നാട്ടിലും എല്ലാര്‍ക്കും അനൂനെ വലിയ ഇഷ്ടമായിരുന്നു. ഒന്നാമത് കിലുക്കാംപെട്ടി പോലെ നന്നായി സംസാരിക്കും. എല്ലാവരോടും കയറി ഹെഡ് ചെയ്യും. അച്ചുവും ഏറെക്കുറെ അങ്ങനെ തന്നെയായിരുന്നു. അന്ന് നാട്ടിന്‍പുറത്ത് ഒരു ശീലമുണ്ട്. ആഴ്ചയില്‍ ഒരിക്കലെങ്കിലും കരിയിലകളും ചപ്പ്ചവറുകളുമൊക്കെ വാരിക്കൂട്ടി കത്തിക്കും. ഏട്ടന്റെ അമ്മയാണ് അത് പതിവായി ചെയ്തിരുന്നത്. 

anaswara-rajan344
അനശ്വര രാജൻ

അന്ന് ടിവിയില്‍ ഏതോ സിനിമയില്‍ കുപ്പിയില്‍ നിന്ന് ഭൂതം വരുന്ന സീന്‍ അനു കണ്ടിട്ടുണ്ട്. ആദ്യം പുകയും തീയും വന്നശേഷമാണ് ഭൂതം വരിക. അനൂന് ഇതൊന്ന് പരീക്ഷിക്കണമെന്ന് തോന്നി. അവള്‍ ഒരു കുപ്പി സംഘടിപ്പിച്ച് അമ്മ കരിയിലകൂട്ടി തീ കത്തിക്കുന്നിടത്ത് കൊണ്ടു ചെന്ന് പരീക്ഷിച്ചു നോക്കി. ഞാന്‍ അന്ന് അങ്കണവാടിയില്‍ പഠിപ്പിക്കുന്നുണ്ട്. ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ കുഞ്ഞൂന്റെ മുഖത്ത് കുപ്പിയുടെ വാ വട്ടത്തിലുളള ഒരുപാട്. ഇതെന്ത് പറ്റിയെന്ന് ചോദിച്ചിട്ട് അവള്‍ മിണ്ടുന്നില്ല. അച്ചുവിന്റെ അടുത്ത് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു.

‘‘അമ്മേയിത്...കുപ്പീന്ന് ഭൂതം വരുമോന്ന് അവള്‍ നോക്കീതാ.’’

അത്ര പോക്കിരിയായിരുന്നു അനു അന്ന്. അതൊക്കെ പിന്നെ നമ്മളെ മാത്രം ബാധിക്കുന്ന കാര്യമാണെന്ന് സമാധാനിക്കാം. പക്ഷേ വികൃതിത്തരം മറ്റുളളവരെക്കൂടി ബാധിക്കുമെന്നായപ്പോള്‍ ആകെ പ്രശ്‌നമായി.  ആ സമയത്ത് ഏട്ടന്റെ അനുജന് ഒരു കുഞ്ഞുണ്ടായി. ഇത്തിരിപ്പോന്ന കുഞ്ഞ്. അതിന് ആകെ കുറച്ച് മുടിയേയുളളു തലയില്‍. അതിങ്ങനെ മുളളന്‍പന്നിയുടെ മുളള് പോലെ പൊങ്ങി നില്‍ക്കും. അനു മുടിയിഴകളെല്ലാം കൂടി ഒരുമിച്ച് കൂട്ടിപ്പിടിച്ചിട്ട് ഒറ്റവലിയാണ്. കുട്ടി വലിയ വായില്‍ നിലവിളിക്കും. അത് കേട്ട് അതിന്റെ അമ്മ ഓടി വരും. എന്ത് പറ്റിയെന്ന് അവര്‍ തിരക്കുമ്പോള്‍ വാതിലില്‍ മുട്ടി ശബ്ദം കേട്ട് കുട്ടി പേടിച്ച് കരഞ്ഞതാണെന്ന് ഞാന്‍ കളളം പറഞ്ഞു.

അങ്ങനെ ആ പ്രായത്തില്‍ അനു കാട്ടിക്കൂട്ടിയ കുസൃതിത്തരങ്ങള്‍ക്ക്  കണക്കും കയ്യുമില്ല. അനശ്വര രാജന്‍ എന്നതിന് പകരം പോക്കിരിരാജ എന്ന് വിളിക്കേണ്ട അവസ്ഥ. പ്രായത്തിന്റെ വികൃതികള്‍ ഒഴിച്ചാല്‍ അവള്‍ നല്ല സ്മാര്‍ട്ടായിരുന്നു. സ്‌നേഹമുളള കുട്ടിയായിരുന്നു.

തുടരും...

English Summary:

Usha Rajan, Anaswara Rajan's mother, unveils undisclosed anecdotes from the actor's personal journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com