ADVERTISEMENT

സിനിമയിലെ സഹപ്രവർത്തകരെ ഇലക്‌ഷൻ പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ലെന്ന് നടൻ മുകേഷ്.  ഏതെങ്കിലും ഒരു പാർട്ടിയുടെ പ്രചാരണത്തിന് ഇറങ്ങുന്നവരെ എതിർപാർട്ടിക്കാർ സമൂഹ മാധ്യമങ്ങളിൽ വലിച്ചുകീറുന്ന നിരവധി സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. അവരുടെ സിനിമ ഇറങ്ങുമ്പോൾ പോസ്റ്റർ വലിച്ചുകീറുക, അവരെ തേജോവധം ചെയ്യുക എന്ന രീതിയാണ് നിരന്തരം കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ പ്രചാരണത്തിന് ആരെയും വിളിച്ച് ബുദ്ധിമുട്ടിക്കാൻ പോകുന്നില്ല. കഴിഞ്ഞ തവണ ആസിഫ് അലി പ്രചാരണത്തിന് വന്നപ്പോൾ അദേഹത്തിന് കിട്ടിയ പിന്തുണ കണ്ടിട്ട് വലിയ സന്തോഷം തോന്നിയിരുന്നു. ആരെങ്കിലും സ്വമേധയാ വരുന്നെങ്കിൽ വരട്ടെ എന്നും താൻ ആയിട്ട് ആരെയും പ്രചാരണത്തിന് ക്ഷണിക്കുകയില്ലെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. 

‘‘ഇലക്‌ഷൻ പ്രചാരണത്തിന് സിനിമയില്‍ നിന്ന് ആരെയും ക്ഷണിച്ചിട്ടില്ല. അവരോട് ആരോടും വരാന്‍ ആവശ്യപ്പെടാറുമില്ല. ആദ്യത്തെ ഇലക്‌ഷനൊക്കെ കുറേപ്പേര് പ്രചാരണത്തിനു വന്നിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. കൂടെ നില്‍ക്കുന്നവരെ പോലും സിനിമയില്‍ നിന്നും വരാന്‍ നിര്‍ബന്ധിക്കില്ല. മനസ്സ് അറിഞ്ഞു വരാം. കാര്യം നമ്മള്‍ കണ്ടോണ്ട് ഇരിക്കുവല്ലേ, ഒരാള്‍ അങ്ങോട്ടു പോയാലും ഇങ്ങോട്ടും പോയാലും അവരെ സോഷ്യല്‍ മീഡിയയില്‍ തേജോവധം ചെയ്യുകയാണ്.  

ഏതെങ്കിലുമൊരു പാര്‍ട്ടിയെ സഹായിച്ചാല്‍ പിന്നെ അവരുടെ പോസ്റ്റര്‍ വലിച്ചു കീറുക, അവരുടെ പടത്തിന് മോശം റിവ്യൂ ചെയ്യുക ഒക്കെയാണ് ചെയ്യുന്നത്.  ഏറ്റവും വലിയ നടനായ മോഹന്‍ലാലിനോടും ഇത് തന്നെയാണ് ചെയ്യുന്നത്.  ഇതൊക്കെ രാഷ്ട്രീയമാണ് എന്നൊക്കെ പറയുമ്പോഴും ഒരുപാട് പേര്‍ മടിക്കും.  കഴിഞ്ഞ പ്രാവിശ്യം ആസിഫ് അലി എന്റെ പ്രചാരണത്തിന് വന്നിരുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ കൂടെ  ഉണ്ടായിരുന്നു. 

ആസിഫ് എന്നോട് പറഞ്ഞത് "ഞാന്‍ തിരിച്ചറിഞ്ഞു, ഇത്രയും ആള്‍ക്കാര്‍ എന്നെ സ്‌നേഹിക്കുന്നുണ്ട്. ഇത്ര ആഴത്തില്‍ ആളുകള്‍ തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് ഞാന്‍ ആദ്യമായിട്ട് മനസിലാക്കുകയാണ്” എന്നായിരുന്നു.  കാരണം ജീപ്പിന്റെ പുറകെ കിലോമീറ്റര്‍ കണക്കിന് ചെറുപ്പക്കാരായിട്ടുള്ള ആള്‍ക്കാര്‍ ഓടുകയാണ്. അങ്ങനെ ഓടരുത് എന്ന്  ആസിഫ് അലി പറയുന്നുണ്ട് എന്നിട്ട് പോലും വിടുന്നില്ല. അതൊക്കെ ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസം ഉയർത്തുന്ന കാര്യമാണ്. അങ്ങനെ സ്വമേധയാ വരുന്നവര്‍ വരട്ടെ.”–മുകേഷ് പറയുന്നു.

വരുന്ന ലോക്‌സഭാ ഇലക്ഷനിൽ ഇടതുപക്ഷ സ്ഥാനാർഥിയായി കൊല്ലം നിയോജകമണ്ഡലത്തിൽ മത്സരിക്കുകയാണ് നടനും നിലവിൽ എംഎൽഎയുമായ മുകേഷ്.  

English Summary:

Will not bring film stars for election campaign: Says Mukesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com