ADVERTISEMENT

 ‘സിനിമയ്ക്കായി വളരെയധികം മെലിഞ്ഞപ്പോഴുള്ള ചിത്രങ്ങൾ എപ്പോഴെങ്കിലും അമ്മയെ കാട്ടിയിട്ടുണ്ടോ? എന്തായിരുന്നു അമ്മയുടെ പ്രതികരണം?’ നടൻ പൃഥ്വരാജിനോടു ചോദ്യം തൊടുക്കുമ്പോൾ സുധാമ്മയുടെ ശബ്ദത്തിൽ നിറഞ്ഞത് മകന്റെ ആരോഗ്യത്തെപ്പറ്റിയുള്ള അമ്മയുടെ ആശങ്ക. പ്രതിസന്ധികളോടും സെർവിക്കൽ കാൻസറിനോടും പടവെട്ടി തിരിച്ചുപിടിച്ച ജീവിതവുമായി തട്ടേക്കാട് പക്ഷിസങ്കേതത്തിൽ ഗൈഡായി ജോലി നോക്കുന്ന സുധാമ്മയും നടനും ആടുജീവിതം സിനിമയുടെ പ്രചാരണഭാഗമായി സംഘടിപ്പിച്ച അതീജീവിതരുടെ സംഗമത്തിലാണു കണ്ടുമുട്ടിയത്. ചിത്രത്തിനായി ക്രമാതീതമായി മെലിഞ്ഞത് അമ്മയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെന്നായിരുന്നു സുധാമ്മയ്ക്കുള്ള പൃഥ്വിയുടെ മറുപടി. ആ സമയത്ത് അമ്മയെ വിഡിയോ കോൾ വിളിക്കുമ്പോൾ തന്റെ ശരീരം അമ്മ കാണാതിരിക്കാൻ മുഖത്തോടു ചേർത്തുവച്ചായിരുന്നു സംസാരിക്കാറെന്നും പൃഥ്വി പറഞ്ഞു.  

 നജീബിന്റെ കഥയുമായി 'ആടുജീവിതം' റിലീസിനൊരുങ്ങുമ്പോൾ യഥാർഥ നജീബുമായി സർവൈവേഴ്സ് മീറ്റ് വേദിയിൽ ബ്ലെസി മുഖാമുഖം
നജീബിന്റെ കഥയുമായി 'ആടുജീവിതം' റിലീസിനൊരുങ്ങുമ്പോൾ യഥാർഥ നജീബുമായി സർവൈവേഴ്സ് മീറ്റ് വേദിയിൽ ബ്ലെസി മുഖാമുഖം

സമാനതകളില്ലാത്ത പ്രതിസന്ധികളെ അതിജീവിച്ച് ജീവന്റെ മരുപ്പച്ചയിലേക്കു തിരിച്ചെത്തിയ നജീബിന്റെ കഥയുമായി 'ആടുജീവിതം' റിലീസിനൊരുങ്ങുമ്പോൾ, വേറിട്ട ഒരു ഒത്തുചേരലായി ‘സർവൈവേഴ്സ് മീറ്റ്’. ആടുജീവിതം എന്ന നോവലിനു കാരണക്കാരനായ നജീബ് ഉൾപ്പെടെ അത്ഭുതകരമായ പോരാട്ടങ്ങളിലൂടെ ജീവനും ജീവിതവും തിരിച്ചുപിടിച്ച  28 പേരാണു സർവൈേഴ്സ് മീറ്റിൽ വേദിയിലെത്തിയത്.മനോരമ ഓൺലൈൻ ജെയിൻ സ്കൂൾ ഓഫ് ഡിസൈൻ മീഡിയ ആൻഡ് ആർട്സ്, ആടുജീവിതം സിനിമയുടെ അണിയറ പ്രവർത്തകർ എന്നിവരുമായി ചേർന്നാണു സംഗമം സംഘടിപ്പിച്ചത്.

ആടുജീവിതം സിനിമയെപ്പറ്റിയുള്ള തന്റെ ഏറ്റവും വലിയ ഓർമ വിശപ്പാണെന്നു പൃഥ്വി പറഞ്ഞു. ഷൂട്ടിങ് വേളയിൽ മറ്റെല്ലാവരും ഭക്ഷണം കഴിക്കുമ്പോൾ താൻ മാറിയിരിക്കാറാണു പതിവെന്നും ഇതേ വിശപ്പിലൂടെയാകും നജീബും കടന്നുപോയതെന്നതു കണക്കിലെടുക്കുമ്പോൾ താൻ അത്രയെങ്കിലും ചെയ്യേണ്ടതുണ്ടെന്നും നജീബുൾപ്പടെയുള്ളവരുടെ അതിജീവനത്തിനു മുന്നിൽ തന്റെ അതിജീവനം ഒന്നുമല്ലെന്നും പൃഥ്വി പറഞ്ഞു.

ആടുജീവിതം സർവൈവേഴ്സ് മീറ്റിൽ പൃഥ്വിരാജും ബ്ലെസിയും
ആടുജീവിതം സർവൈവേഴ്സ് മീറ്റിൽ പൃഥ്വിരാജും ബ്ലെസിയും

പത്താം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ, സപ്ലി തോറ്റാൽ, കൂട്ടുകാരൻ ഉപേക്ഷിച്ചു പോയാൽ ജീവിതം മുന്നോട്ടില്ല എന്നു കരുതുന്നവരാണ് ഇന്നത്തെ തലമുറയെന്നു ചിത്രത്തിന്റെ സംവിധായകൻ ബ്ലസ്സി പറഞ്ഞു. ജീവിതത്തിലെ ഒരു ഘട്ടത്തിൽ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായില്ലെങ്കിൽ ജീവൻ ഒടുക്കുമെന്നു താനും ചിന്തിച്ചിരുന്നു. പ്രതിസന്ധികളോട് അക്ഷീണം പൊരുതി ജീവിതം തിരിച്ചുപിടിച്ച അതിജീവിതരാണ് ആടുജീവിതത്തിന്റെ യഥാർഥ ബ്രാൻഡ് അംബാസഡർ എന്നും ബ്ലസ്സി പറഞ്ഞു.

താൻ വിദേശത്തേക്കു പോകുമ്പോൾ എട്ടു മാസം ഗർഭിണിയായിരുന്നു ഭാര്യ എന്നതിനാൽ ജനിച്ച കുഞ്ഞിനെപ്പറ്റിപ്പോലും ഒന്നും അറിയാനാവാതെയാണു താൻ മരുഭൂമിയിലെ ദുരിതകാലം തള്ളി നീക്കിയതെന്നും സത്യത്തിൽ ഭാര്യയാണു തന്നേക്കാൾ ദുരിതം അനുഭവിച്ചതെന്നും കുടുംബാംഗങ്ങൾക്കൊപ്പം വേദിയിലെത്തിയ നജീബ് പറഞ്ഞു. നജീബിനെ ബ്ലസ്സി ആദരിച്ചു. ബ്ലെസിയുടെ ജീവിതവും ആടുജീവിതം സിനിമാനുഭവങ്ങളും ഉൾച്ചേർത്ത ‘ജീവിതം ആടുജീവിതം’ എന്ന പുസ്തകം പൃഥ്വിരാജ് നജീബിനു നൽകി പ്രകാശനം ചെയ്തു. പ്രവീൺദാസ് തയാറാക്കിയ പുസ്തകം മനോരമ ബുക്സാണു പ്രസിദ്ധീകരിച്ചത്.

വയലിൻ കലാകാരൻ ശബരീഷ് പ്രഭാകർ ‘ആടുജീവിതം’ ഉൾപ്പെടെ പൃഥ്വിരാജ് ചിത്രങ്ങളിലെ ഗാനങ്ങളും എ.ആർ.റഹ്മാൻ ഗാനങ്ങളും കോർത്തിണക്കി അവതരിപ്പിച്ച ഫ്യൂഷനോടെയായിരുന്നു സംഗമത്തിന്റെ തുടക്കം. സർവൈവർ തീം ഡാൻസുമായി ചാലക്കുടി സേക്രഡ് ഹാർട്ട് കോളജിലെ വിദ്യാർഥിനികളും വേദിയിലെത്തി. ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇൻഷ്യേറ്റീവ്സ് ഡയറക്ടർ ടോം ജോസഫ്, മലയാള മനോരമ മാർക്കറ്റിങ് സീനിയർ ജനറൽ മാനേജർ ബോബി പോൾ എന്നിവർ പ്രസംഗിച്ചു.

‘‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്കു വെറും കെട്ടുകഥകൾ മാത്രമാണ്’’ എന്ന ബെന്യാമിന്റെ വാക്കുകൾ പോലെ മാനസികമായോ ശാരീരികമായോ നേരിടേണ്ടിവന്ന പ്രതിസന്ധികളെ അതിജീവിച്ച് ജീവിത വിജയം കൈവരിച്ച വ്യക്തികളാണ് ഈ മീറ്റിൽ പങ്കെടുത്തത്. ആടുജീവിതത്തിലെ നായകനായ പൃഥ്വിരാജിനും സംവിധായകൻ ബ്ലെസിക്കും മറ്റു അണിയറപ്രവർത്തകർക്കുമൊപ്പം ഇവർ തങ്ങളുടെ ജീവിത വിശേഷങ്ങളും അതിജീവിച്ച വഴികളും പങ്കുവച്ചു.

മാർച്ച് 28 നാണ് ആടുജീവിതം ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തുന്നത്. ബെന്യാമിന്റെ രചനയില്‍ പുറത്തുവന്ന ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് സംവിധായകന്‍ ബ്ലെസി ‘ആടുജീവിതം’ ഒരുക്കിയിരിക്കുന്നത്. 2008 ല്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച്, ഏറെ തയാറെടുപ്പുകള്‍ക്കൊടുവില്‍, 2018 ലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്.  മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റുമധികം കാലമെടുത്തു ചിത്രീകരിച്ച സിനിമ പൂർത്തിയായത് 2023 ജൂലൈ 14 നാണ്. ജോർദാൻ ആയിരുന്നു പ്രധാന ലൊക്കേഷൻ.

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ.ആർ. റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ.ആർ. ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ.എസ്. ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്‌ക്യൂറ എന്റർടെയ്ൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com