ADVERTISEMENT

കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ എന്ന നർത്തകി നടത്തിയ അധിക്ഷേപത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടൻ ഹരീഷ് പേരടി. തങ്ങൾക്ക് "കാക്കയുടെ നിറമുള്ള" രാമകൃഷ്ണന്റെ മോഹിനിയാട്ടം മതിയെന്നും എന്നു കറുപ്പിനൊപ്പമെന്നും ഹരീഷ് പേരടി കുറിച്ചു.

‘‘മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ "കാക്കയുടെ നിറമുള്ള" രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി...രാമകൃഷ്ണനോടും ഒരു അഭ്യർഥന. ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ  ഒരു പ്രതിഷേധമെന്ന നിലയ്ക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്..ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം..കറുപ്പിനൊപ്പം..രാമകൃഷ്ണനൊപ്പം.’’–ഹരീഷ് പേരടിയുടെ വാക്കുകൾ.

കഴിഞ്ഞ ദിവസമാണ് കലാമണ്ഡലം സത്യഭാമയുടെ ജാതി വർണ അധിക്ഷേപത്തെക്കുറിച്ച് ഡോ ആര്‍എല്‍വി രാമകൃഷ്ണന്‍ സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചത്.  കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കുന്ന സമയം മുതല്‍ നിറത്തിന്‍റെയും കുലത്തെയും പറ്റിയുള്ള അധിക്ഷേപം നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം സത്യഭാമയുടെ അധിക്ഷേപത്തിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും  ഡോ ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

ഡോ. ആര്‍എല്‍വി രാമകൃഷ്ണന് എതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി നിരവധി പ്രമുഖരും രംഗത്തെത്തുന്നുണ്ട്. ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിനിടെയാണ് സത്യഭാമ രാമകൃഷ്ണനെതിരെ വിവാദപരമാർശം നടത്തിയത്.   

ആർഎൽവി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പരാമർശം.  ‘‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പറ്റ തള്ള പോലും സഹിക്കില്ല.’’- എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന.

English Summary:

Hareesh Peradi Support RLV Ramakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com