ADVERTISEMENT

സമകാലിക ഇന്ത്യയുടെ സ്പന്ദനങ്ങള്‍ക്ക് ദൃശ്യഭാഷയൊരുക്കി സിനിമയിലൂടെയും ഡോക്യുമെന്ററികളിലൂടെയും അദ്ഭുതം സൃഷ്ടിക്കുന്ന സംവിധായകനാണ് ഭരത് ബാല. അദ്ദേഹം എയർ ഇന്ത്യയ്ക്കു വേണ്ടി ചെയ്ത ഏറ്റവും പുതിയ പരസ്യ ചിത്രം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടുകയാണ്. ഇപ്പോഴിതാ പരസ്യ പ്രോജക്ടിൽ ലൈൻ പ്രൊഡ്യൂസർ ആയ കബീർ, ഭരത് ബാലയ്ക്കൊപ്പമുള്ള ചിത്രീകരണവിശേഷങ്ങൾ പങ്കുവയ്ക്കുന്നു

ഒരുമയുടെ സന്ദേശം പങ്കുവയ്ക്കുന്ന പരസ്യ ചിത്രം

നമ്മുടെ രാജ്യത്തെ കലാരൂപങ്ങൾ എല്ലാം കോർത്തിണക്കി ഒരുക്കിയ പരസ്യചിത്രം. രാജസ്ഥാൻ, തഞ്ചാവൂർ, നാഗപട്ടണം, ആലപ്പുഴ തുടങ്ങിയ ഇടങ്ങളിൽ ആയിരുന്നു ചിത്രീകരണം. മറ്റു ചിലയിടങ്ങൾ കൂടെ തീരുമാനിച്ചെങ്കിലും ചിലതൊക്കെ പല കാരണങ്ങൾ കൊണ്ട് ഒഴിവാക്കേണ്ടി വന്നു എന്നും പറയാം. ആലപ്പുഴ കൈനകരിയിലെ ചെറിയ തോടുകളിലും വേമ്പനാട്ട് കായലിന്റെ പരിസരവും ഒക്കെ ഉൾപ്പെടുത്താൻ കഴിഞ്ഞു. പരസ്യ ചിത്രങ്ങളുടെ എണ്ണം കൂടി വരുന്ന ഈ സമയത്ത് നമ്മൾ ചെയ്ത ഒരു വർക്ക് ശ്രദ്ധിക്കപ്പെടുന്നത് കാണുമ്പോൾ സന്തോഷമുണ്ട്.

ഭരത് ബാലയ്ക്കൊപ്പം?

ഞാൻ 25 വർഷമായി ബാലയ്ക്കൊപ്പം ലൈൻ പ്രൊഡ്യൂസർ ആയി വർക്ക് ചെയ്യുകയാണ്. സൗമ്യനും ഗാന്ധിയനുമായ ഒരു മനുഷ്യനാണ് അദ്ദേഹം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സിനിമാരംഗത്തുള്ള പലർക്കൊപ്പവും ഞാൻ വർക്ക് ചെയ്തിട്ടുണ്ടെങ്കിലും അവരിൽ നിന്നൊക്കെയും വളരെ വ്യത്യസ്തനായ ഒരാളാണ്‌ ബാല. എല്ലാം കൃത്യമായി മാർക്ക് ചെയ്തതിനുശേഷം ആണ് അദ്ദേഹം ചിത്രീകരണം തുടങ്ങാറുള്ളത്. ആവശ്യമില്ലാത്ത ഒരു ഷോട്ട് പോലും എടുക്കാത്ത ഒരു സംവിധായകനാണ് അദ്ദേഹം എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. കാരണം അത്രയും കൃത്യമായി പഠിച്ച്, അതിനുവേണ്ട തയാറെടുപ്പുകൾ എടുത്തതിനുശേഷം ആണ് അദ്ദേഹം സെറ്റിലേക്ക് എത്തുന്നത്. കണ്ണൂരിൽ ഉള്ള തീ തെയ്യത്തെ ബേസ് ചെയ്ത ഒരു വർക്ക് ആണ് അദ്ദേഹം ഇപ്പോൾ പൂർത്തിയാക്കിയിട്ടുള്ളത്. പുറം രാജ്യങ്ങളിൽ മാത്രമാണ് അതിപ്പോൾ സ്ക്രീൻ ചെയ്തു കൊണ്ടിരിക്കുന്നത്. 2010 ൽ നടന്ന കോമൺവെൽത്ത് ഗെയിംസിന്റെ കൺസൾട്ടന്റ് പ്രോഗ്രാം ഡയറക്ടർ ആയിരുന്നു ബാല. ഒരു കോഡിനേറ്റർ ആയിട്ട് അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ ആ സമയത്തും എനിക്ക് കഴിഞ്ഞിട്ടുണ്ട്.

dhanush-kabeer
മരിയാൻ സിനിമയുടെ ചിത്രീകരണത്തിനിടെ ധനുഷിനൊപ്പം

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ?

വളരെ നല്ല ഒരു കൂട്ടായ്മ ആയിരുന്നു ഈ പരസ്യചിത്രം ഒരുക്കിയപ്പോൾ നമുക്കൊപ്പം ഉണ്ടായിരുന്നത്. ഡെന്മാർക്കിൽ നിന്നുള്ള മാർക്ക് ബെൽജിയം ആണ് ക്യാമറ ചെയ്തിരിക്കുന്നത്. ശങ്കർ മഹാദേവൻ ആണ് മ്യൂസിക്ക്. ബൃന്ദാ മാസ്റ്ററാണ് കൊറിയോഗ്രാഫി ചെയ്തിട്ടുള്ളത്. എല്ലാവരും അണിയറ പ്രവർത്തകരെക്കുറിച്ച് തിരക്കുന്നത് സന്തോഷം പകരുന്ന കാര്യമാണ്. പരസ്യചിത്രങ്ങളുടെ അണിയറ പലപ്പോഴും അറിയപ്പെടാതെ പോകുന്നത് കണ്ടിട്ടുണ്ട്. അതിൽ പലപ്പോഴും വിഷമവും തോന്നിയിട്ടുണ്ട്. 

kabeer-daughters
ബൃന്ദാ മാസ്റ്റർക്കും ഭരത് ബാലയ്‌ക്കുമൊപ്പം കബീറിന്റെ കുടുംബം

കേരളീയരുടെ സ്വന്തം കഥകളി?

കഥകളി ഷൂട്ട് ചെയ്തത് കൈനകരിയിലെ ചെറിയ തോടുകളിലാണ്. ഹൗസ് ബോട്ടിന്റെ മുകൾ വശമാണ് അത്. വള്ളത്തിന്റെ ഉൾവശമാണ് എന്ന് തോന്നിപ്പിക്കുന്ന വിധമാണത് ചിത്രീകരിച്ചത്. ആലപ്പുഴയിൽ ഉള്ള ഒരു സുഹൃത്തിന്റെ ഹൗസ് ബോട്ടിന്റെ മുകൾത്തട്ടിൽ സെറ്റ് ഇട്ടതും ഷൂട്ടിങ് നടന്നതും ഒക്കെ വളര പെട്ടെന്ന് ആയിരുന്നു.

മോഹിനിയാട്ടം?

വേമ്പനാട്ട് കായലിലെ പുന്നമട റിസോർട്ടിലുള്ള ഒരു ചങ്ങാടത്തിലാണ് മോഹിനിയാട്ടം ഷൂട്ട് ചെയ്തത്. മാർക്കിന്റെ മാർക്ക് പതിഞ്ഞ ഷോട്ടുകൾ എന്ന് പറയാം. വളരെ മനോഹരമായാണ് അദ്ദേഹം അവയെല്ലാം ഷൂട്ട് ചെയ്തത്.

salim-kumar-parvathy
സലിംകുമാറിനും പാർവതിക്കുമൊപ്പം
fazil-ala
കബീറിന്റെ മകളുടെ വിവാഹച്ചടങ്ങിൽ ഭരത് ബാലയും ഫാസിലും

വർഷങ്ങളുടെ പരിചയം?

നിരവധി സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതെല്ലാം വളരെ നല്ല അനുഭവങ്ങളാണ് തന്നിട്ടുള്ളത്. ഫാസിൽ സാറിനൊപ്പവും, സിദ്ദിക്ക് ലാൽ കൂട്ടുകെട്ടിലും ഒക്കെ വന്ന ചിത്രങ്ങൾക്ക് ലൊക്കേഷൻ തേടി പോയിട്ടുണ്ട്. കഥ കേൾക്കുമ്പോൾ തന്നെ മനസ്സിൽ വരുന്ന ചില ഇടങ്ങൾ കൃത്യമായി ഉപയോഗപ്രദമാകുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രിയങ്കരമാവുന്നു. അത് എല്ലാം ആ സമയത്തു തോന്നുന്നത് ഒരു നിമിത്തം ആയി ആണ് ഞാൻ കാണുന്നത്. പിന്നെ സൗഹൃദങ്ങളും ഒരു പരിധി വരെ അതിന് കൂട്ടായിട്ടുണ്ട്. ചിലതൊക്കെ അന്വേഷിക്കുമ്പോൾ തന്നെ മുന്നിലേക്ക് വന്നു ചേരും. അതിന്റെ ഉദാഹരണം ആണ് അനിയത്തി പ്രാവിലെ വീടും, വിയറ്റ്നാം കോളനിയും അതുപോലെ മറ്റു പലതും.

English Summary:

Kabeer about Bharat Bala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com