ദിലീപ് ചിത്രവുമായി ലിസ്റ്റിൻ സ്റ്റീഫൻ; സംവിധാനം ബിന്റോ സ്റ്റീഫൻ
![dileep-listin ദിലീപ്, ലിസ്റ്റിൻ സ്റ്റീഫൻ](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2024/4/2/dileep-listin.jpg?w=1120&h=583)
Mail This Article
നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപ് നായകൻ. ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം പകുതിയോടെ കോലഞ്ചേരി, പിറവം എന്നിവിടങ്ങളിലായി ആരംഭിക്കും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമാണം. മാജിക് ഫ്രെയിംസ് നിർമ്മിക്കുന്ന ചിത്രത്തിൽ ദിലീപ് ഭാഗമാകുന്നത് ആദ്യമായാണ്.
ഫാമിലി എന്റർടെയ്നറായി ഒരുങ്ങുന്ന സിനിമ ഓണം റിലീസായി തിയറ്ററുകളിലെത്തും. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുടെ രചനയും ഷാരിസ് മുഹമ്മദാണ് നിർവഹിച്ചത്. ചിത്രത്തിൽ ദിലീപ് സാധാരണക്കാരനായാണ് എത്തുന്നത്. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ എത്തിയേക്കും. താരനിർണയം പുരോഗമിക്കുകയാണ്.
നിരവധി സിനിമകളിൽ അസോഷ്യേറ്റ് ആയി പ്രവർത്തിച്ച ബിന്റോ, ഡിജോ ജോസ് ചിത്രം മലയാളി ഫ്രം ഇന്ത്യയുടെ ചീഫ് അസോഷ്യേറ്റ് ഡയറക്ടറായിരുന്നു.
അതേ സമയം പവി കെയർ ടേക്കർ ആണ് ദിലീപ് നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഏപ്രിൽ 26ന് ചിത്രം റിലീസ് ചെയ്യും. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ പുതുമുഖ നായികമാർ. നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോണി ആന്റണി, രാധിക ശരത് കുമാർ, ധർമ്മജൻ ബോൾഗാട്ടി തുടങ്ങി വൻതാര നിരതന്നെ അണി നിരക്കുന്നുണ്ട്. ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്കുശേഷം രാജേഷ് രാഘവൻ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്.