ADVERTISEMENT

തമിഴ് സിനിമാ നടനും നിർമാതാവുമായ ദിലീപൻ പുഗഴേന്തിക്കെതിരെ ഗുരുതര ആരോപണവുമായി അതുല്യ പാലക്കൽ. ശാരീരികവും മാനസികവുമായ ഉപദ്രവം ഭയന്നാണ് അയാളിൽനിന്ന് ഓടി സ്വന്തം വീട്ടിൽ തിരിച്ചെത്തിയതെന്നും ഇപ്പോൾ ആ വ്യക്തി തന്നെയും കുടുംബത്തെയും സമൂഹ മാധ്യമങ്ങളിലൂടെ  മോശമായ രീതിയിൽ ചിത്രീകരിക്കുകയാണെന്നും അതുല്യ പറയുന്നു. ഇൻസ്റ്റഗ്രാം ലൈവ് വിഡിയോയിലൂടെയായിരുന്നു അതുല്യയുടെ പ്രതികരണം.

നടൻ ദിലീപനുമായി കഴിഞ്ഞ വർഷമായിരുന്നു അതുല്യ പാലക്കലിന്റെ വിവാഹം. എന്നാൽ അധികം വൈകാതെ ഈ ബന്ധത്തില്‍ വിള്ളലുണ്ടായി. അതുല്യ സ്വന്തം വീട്ടിലേക്കു മടങ്ങുകയും ഒരു കുട്ടിക്കു ജന്മം നൽകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ദിലീപൻ സമൂഹ മാധ്യമങ്ങളിലൂടെ അതുല്യയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. അതുല്യയും കുടുംബവും കുഞ്ഞിനെ കാണാൻ അനുവദിക്കുന്നില്ലെന്നും കുഞ്ഞിന്റെ ജീവൻ അപകടത്തിലാണെന്നുമായിരുന്നു ദിലീപന്റെ ആരോപണം. പിന്നാലെ ചില പോസ്റ്റുകളിലൂടെ ദിലീപന് മറുപടി പറയാൻ അതുല്യ ശ്രമിച്ചിരുന്നു. നിലവിൽ ദിലീപന് എതിരെ ഡിവോഴ്സ് അടക്കമുള്ള കേസുകൾ അതുല്യ നൽകിയിട്ടുണ്ട്. ഇതിനിടെയാണ് ദിലീപനെതിരെ ചില നിർണായക വെളിപ്പെടുത്തലുമായി അതുല്യ ലൈവ് വിഡിയോയിൽ എത്തിയത്.

‘‘ദിലീപൻ എന്ന വ്യക്തി എന്നെയും കുടുംബത്തെയും വളരെ മോശമായ രീതിയിൽ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത് നിങ്ങൾ കണ്ടു കാണും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ ഇത്രയും കാലം മിണ്ടാതെ ഇരുന്നത് കോടതിയിൽ കേസ് നടക്കുന്നത് കൊണ്ടും ആരോഗ്യപരമായി എനിക്ക് വയ്യാഞ്ഞതുകൊണ്ടും ആണ്. ഞാൻ പ്രഗ്നന്റ് ആയിരുന്നു, പിന്നെ ഡെലിവറിയും. അതാണ് മിണ്ടാതെ ഇരുന്നത്. ആ വീട്ടിൽ എന്റെ അവസ്ഥ അത്രയും മോശം ആയിരുന്നു. എന്റെ കയ്യിൽ വിഡിയോ തെളിവുകളുണ്ട്. അതൊക്കെ താമസിയാതെ പുറത്തുവിടും.

athulya-palakkal-4

ശാരീരികവും മാനസികവുമായി എന്നെ അത്രയും അയാൾ ഉപദ്രവിച്ചു. എനിക്ക് ഫോൺ ഉപയോഗിക്കാൻ ആകുമായിരുന്നില്ല. എന്റെ വീട്ടുകാർ വിളിച്ചാൽ അവൻ ബ്ലോക്ക് ചെയ്ത വയ്ക്കും. ഫോൺ തരില്ല. അവർക്ക് എന്നോടോ എനിക്ക് അവരോടോ സംസാരിക്കാൻ ആകുമായിരുന്നില്ല. ഉപദ്രവം സഹിക്കാൻ വയ്യാതെ വീട്ടിൽ കാര്യങ്ങൾ അറിയിച്ചു. ഇവൻ അറിയാതെ എന്റെ അനുജത്തിയുടെ ഫോണിലേക്ക് അവന്റെ അനുജത്തിയുടെ ഫോണിൽ വിളിച്ചാണ് എന്നെ എങ്ങനെയും രക്ഷിക്കണം എന്ന് പറയുന്നത്. പൊലീസും അഭിഭാഷകരും പാർട്ടി അംഗങ്ങളുമൊക്കെയായാണ് എന്റെ വീട്ടുകാർ എന്നെ കൂട്ടാനായി എത്തിയത്. അങ്ങനെയാണ് തിരിച്ച് ഞാൻ കോഴിക്കോട്ട് എത്തിയത്. ഡൊമസ്റ്റിക് വയലൻസിന് ഞാൻ കേസ് കൊടുത്തിട്ടുണ്ട്. 25 ലക്ഷം രൂപ എന്റെ ചേട്ടൻ ചോദിച്ചുവെന്നും അതു നൽകാത്തതുകൊണ്ടാണ് എന്റെ വീട്ടുകാർ കൂട്ടിക്കൊണ്ടുപോയതെന്നുമാണ് ഇയാൾ ആരോപിക്കുന്നത്.

athulya-palakkal-wedding
വിവാഹവാർത്ത സ്ഥിരീകരിച്ച് അതുല്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ്

എന്റെ ചേട്ടൻ കഴിഞ്ഞ സെപ്റ്റംബറിൽ വിദേശത്തു പോകുകയും ചെയ്തു. അവൻ അറിയേണ്ടത് ഈ പൈസ ഞങ്ങൾക്ക് എവിടെ നിന്നു കിട്ടി എന്നാണ്. എന്റെ അമ്മ സിങ്കിൾ മദർ ആണ്. ഒരുപാട് കഷ്ടപ്പെട്ടാണ് ഞങ്ങളെ മൂന്നുപേരെയും വളർത്തിയത്. എന്നാൽ അവന്റെ കാഴ്ചപ്പാടിൽ സിങ്കിൾ മദർ എന്ന് പറഞ്ഞാൽ മോശം രീതിയിൽ കാശുണ്ടാക്കുന്നു എന്നാണ്. എന്റെ അമ്മയ്ക്ക് എവിടെ നിന്നാണ് പണം, വേറെ പരിപാടിക്ക് പോയതാണോ എന്നുള്ള ചോദ്യങ്ങൾ ആണ് അവൻ ചോദിക്കുന്നത്. സിങ്കിൾ മദർ വേശ്യയാണെന്നും അവരുടെ മക്കളും ആ രീതിയിലാകും പോകുകയെന്നും ഇയാൾ പറഞ്ഞു. 

athulya-palakkal
അതുല്യ പാലക്കൽ

എന്നെയും വീട്ടുകാരെയും തമ്മിൽ തല്ലിക്കാൻ ഇവൻ മാക്സിമം ശ്രമിച്ചു. അവൻ പറഞ്ഞ പോലെ ഞാൻ ഇമോഷനൽ ഫൂൾ ആണ്. അതാണ് അവന്റെ ഇമോഷനൽ ട്രാപ്പിൽ ഞാൻ വീണുപോയത്. അവന്റെ അഭിനയം കണ്ടു ഞാൻ വീണുപോയതാണ്. ഒരു പെണ്ണ് എന്തൊക്കെ ആഗ്രഹിക്കുന്നു അതെല്ലാം ആയിരുന്നു വിവാഹത്തിനു മുമ്പ് ഇയാൾ. എന്നാൽ ഞാൻ ആ വീട്ടിൽ ചെന്നതോടെ അവന്റെ ശരിക്കുള്ള മുഖം പുറത്തുവന്നു. 

പരാമവധി എന്നെ ഉപദ്രവിക്കും. അടിച്ച ശേഷം എന്നോടു മേക്കപ്പ് ഇട്ടുവരാൻ പറയും. നാട്ടുകാരെയും എന്റെ വീട്ടുകാരെയും കാണിക്കാൻ വേണ്ടിയാണത്. അവന്റെ ഫോളോവേഴ്‌സിനെയും അവന്റെ എക്സ് റിലേഷൻ ഷിപ്പിൽ ഉള്ള ആളുകളെയും കാണിക്കാൻ വേണ്ടി നല്ല ഫോട്ടോയും വിഡിയോയും എടുക്കും അത് പോസ്റ്റ് ചെയ്യും. എന്റെ എക്സ് റിലേഷൻഷിപ്പിന്റെ പേരും പറഞ്ഞാണ് എന്നെ ഉപദ്രവിക്കുന്നത്. വിവാഹത്തിനു മുൻപേ അതെല്ലാം ഞാൻ പറഞ്ഞതാണ്. ലിപ്സ്റ്റിക് ഇടാൻ ആകില്ല, ഞാൻ ഡ്രസ് ധരിക്കുന്നതിൽ വരെ പ്രശ്നങ്ങൾ ആണ്. ചുമന്ന ലിപ്സ്റ്റിക് ഇട്ടാൽ വേശ്യ എന്നാണ് അയാൾ പറയുന്നത്. ആറുമാസം ഇയാളാണ് എന്റെ ഇൻസ്റ്റഗ്രാം ഉപയോഗിച്ചിരുന്നത്. ഷോർട്സ് ധരിച്ചതിന് മുറ്റത്തുവച്ച് അത് ഊരി വാങ്ങിയിട്ടുണ്ട്. അങ്ങനെ ഉപദ്രവങ്ങൾ സഹികെട്ടാണ് ഞാൻ ആ ബന്ധത്തിൽ നിന്നും ഇറങ്ങി പോരുന്നത്. 

athula-palakkal-mother-sister
അമ്മയ്ക്കും സഹോദരിക്കുമൊപ്പം അതുല്യ

ഡെലിവറിയുടെ സമയത്തുപോലും എനിക്ക് സമാധാനം തന്നിട്ടില്ല. ഇത്രയും ഉപദ്രവിച്ച ആൾക്ക് എന്റെ കുഞ്ഞിനെ എങ്ങനെ കാണിച്ചുകൊടുക്കും. കുഞ്ഞ് അയാളുടെയല്ല, ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നൊക്കെ പറഞ്ഞതാണ്. മൂന്നാം മാസത്തിലൊക്കെ ഉപദ്രവമായിരുന്നു. എന്റെ കുഞ്ഞിനെ രക്ഷപെടുത്താൻ വേണ്ടി ഞാൻ പില്ലോ വയറിൽ വച്ച് അമർത്തി പിടിക്കുമായിരുന്നു. എന്നെ വ്യക്തിപരമായി സമൂഹ മാധ്യമങ്ങളിലെ ആക്ഷേപിക്കുകയല്ലാതെ നേരിട്ടു വിളിക്കുകയൊന്നും ചെയ്തിട്ടില്ല. വീട്ടിൽ നിന്നും ആരും വിളിച്ചില്ല. കാരണം അയാളെ പേടിയാണ് വീട്ടുകാർക്ക്. ’’–അതുല്യയുടെ വാക്കുകൾ.

ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം, മോജ്, തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധേയയായ താരമാണ് അതുല്യ പാലക്കൽ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ഏറെ ആരാധകരുണ്ട്.  തമിഴ്നാട് സ്വദേശിയായ ദിലീപൻ പുഗഴേന്തി നടനും സംവിധായകനും നിർമാതാവുമാണ്. 2023ൽ തമിഴിൽ റിലീസ് ചെയ്ത ‘യെവൻ’ എന്ന സിനിമ ദിലീപൻ സംവിധാനം ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിൽ നായകനായെത്തിയതും ദിലീപന്‍ ആണ്.

English Summary:

Athulya Palakkal against actor Dhileepan Pugazhendhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com