ADVERTISEMENT

അച്ഛൻ കുര്യന് പിറന്നാൾ ആശംസകള്‍ നേർന്നുകൊണ്ടുള്ള നയൻതാരയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ശ്രദ്ധേയമാകുന്നു. ചെറുപ്രായത്തില്‍ തന്നെ എടുത്തുകൊണ്ടു നിൽക്കുന്ന അച്ഛന്റെ ചിത്രമാണ് നയൻതാര പങ്കുവച്ചത്. ‘‘എന്റെ ഹീറോയ്ക്ക് പിറന്നാൾ ആശംസകൾ, എന്നും എന്റെ സ്നേഹം. സ്നേഹം മാത്രം അച്ഛാ.’’–ചിത്രത്തിനൊപ്പം നയൻതാര കുറിച്ചു.

നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും മക്കളും കുര്യന്റെ പിറന്നാൾ ആഘോഷിക്കാൻ കൊച്ചിയിലെത്തിയിട്ടുണ്ട്. മുത്തച്ഛനു വേണ്ടി മൂന്ന് സ്പെഷൽ പിറന്നാൾ കേക്കുകളുമായാണ് ഉയിരും ഉലകവും എത്തിയത്. കേക്കുകളിൽ കുഞ്ഞിക്കൈകളിലെ വിരലുകൾ കൊണ്ട് കുത്തിക്കളിക്കുന്ന കുഞ്ഞുവാവകളുടെ വിഡിയോ വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

nayanthara-father-cake

‘ഹാപ്പി ബർത്ഡേ അച്ഛൻ, മിസ്റ്റർ കുര്യൻ’ എന്ന അടിക്കുറിപ്പോടെയാണ് വിഘ്നേഷ് വിഡിയോ പങ്കുവച്ചത്. 

അച്ഛനുമായി ഹൃദയബന്ധം സൂക്ഷിക്കുന്ന മകളാണ് നയൻതാര. മൂന്നു വർഷം മുമ്പ് നൽകിയ അഭിമുഖത്തിൽ അച്ഛനെക്കുറിച്ച് നയൻതാര പറഞ്ഞ വാക്കുകൾ വൈറലായിരുന്നു.

‘‘എന്റെ അച്ഛന്‍, അമ്മ, കുടുംബം എന്നിവരെക്കുറിച്ച് ഞാന്‍ ഇത് വരെ സംസാരിച്ചിട്ടില്ല. കുടുംബവും ജോലിയും രണ്ടായിത്തന്നെ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്‌ ഞാന്‍. അച്ഛനും അമ്മയും അവരുടെ ലോകത്ത് മാത്രം ജീവിക്കുന്നവരാണ്. ഞാന്‍ ഏതു സിനിമ ചെയ്യുന്നു എന്നു പോലും അവര്‍ക്ക് അറിയില്ല. സിനിമ റിലീസ് ആവുന്ന ദിവസം ഞാന്‍ വിളിച്ചു പറയും, അമ്മാ ഈ ചിത്രം റിലീസ് ആയിട്ടുണ്ട്‌ എന്ന്. അപ്പോള്‍ അവര്‍ പോയി കാണും. ഭാഷ മനസ്സിലായില്ലെങ്കില്‍ പോലും ഞാന്‍ അഭിനയിച്ച സിനിമകള്‍ എല്ലാം കാണും. ഇത്രേയുള്ളൂ അവര്‍ക്ക് എന്റെ സിനിമകളുമായുള്ള ബന്ധം.

അച്ഛനെ എന്നും ഒരു ഹീറോ ആയിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത്. ഇന്നെന്റെ ജീവിതത്തില്‍ ഒരു ചിട്ടയുണ്ടെങ്കില്‍, അധ്വാനിക്കാനുള്ള ആര്‍ജ്ജവമുണ്ടെങ്കില്‍, സമയനിഷ്ഠയുണ്ടെങ്കില്‍, എല്ലാം അച്ഛനില്‍നിന്നു പകര്‍ന്നു കിട്ടിയതാണ്. ജോലി സംബന്ധമായി മാത്രമല്ല, എന്നെ ഞാന്‍ ആക്കുന്നതിലും അദ്ദേഹത്തിനു വലിയ പങ്കുണ്ട്. അച്ഛനും അമ്മയ്ക്കും, രണ്ടു പേര്‍ക്കുമുണ്ട്. പക്ഷേ ജോലിയില്‍ അദ്ദേഹം കൂടുതല്‍ സ്വാധീനിച്ചിട്ടുണ്ട്.

എന്നും വളരെ പെര്‍ഫെക്റ്റ്‌ ആയി മാത്രമേ അച്ഛനെ കണ്ടിട്ടുള്ളൂ. മുടക്കമില്ലാതെ, ജോലിക്കു പോകാന്‍ യൂണിഫോം ധരിച്ച് എത്തുന്ന അച്ഛനെയാണ് എനിക്ക് ഓര്‍മ. അദ്ദേഹത്തെക്കുറിച്ച് നല്ലത് മാത്രമേ കേട്ടിട്ടുള്ളൂ. അത് പോലുള്ള ഒരാള്‍, പെട്ടെന്ന് രോഗബാധിതനാവുകയാണ്. ഞാന്‍ സിനിമയില്‍ എത്തി രണ്ടു മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ത്തന്നെ അച്ഛന് വയ്യാതെയായി. അമ്മയാണ് അച്ഛനെ നോക്കുന്നത്. ഇത്രയും കാലമായി അമ്മ അച്ഛനെ നോക്കിയ പോലെ മറ്റാർക്കും സാധിക്കില്ല. രണ്ടു പേരും ഏതാണ്ട് സമപ്രായക്കാര്‍ ആണ്. അച്ഛന്റെ അസുഖം മാറി, അദ്ദേഹത്തെ പഴയ പോലെ കണ്ടാല്‍ കൊള്ളാം എന്നുണ്ട്.’’ നയന്‍‌താരയുടെ വാക്കുകൾ.

English Summary:

Nayanthara Celebrates Father's Birthday, Posts Rare Photo From Her Childhood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com