ആദ്യവാരം 88 കോടി; ഭീഷ്മയെയും നേരിനെയും പിന്നിലാക്കി ‘ആടുജീവിതം’
Mail This Article
ബോക്സ്ഓഫിസിൽ കുതിപ്പു തുടർന്ന് പൃഥ്വിരാജ്–ബ്ലെസി ടീമിന്റെ ആടുജീവിതം. റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിടുമ്പോൾ സിനിമ ഇതുവരെ വാരിയത് 88 കോടി രൂപയാണ്. മലയാളത്തിൽ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിൽ ആറാം സ്ഥാനത്താണ് സിനിമ ഇപ്പോൾ. മഞ്ഞുമ്മല്‍ ബോയ്സ്, 2018, പുലിമുരുകൻ, പ്രേമലു, ലൂസിഫർ, ആടുജീവിതം, നേര്, ഭീഷ്മ പർവം, ആർഡിഎക്സ്, കണ്ണൂർ സ്ക്വാഡ് എന്നിവയാണ് മലയാളത്തില്‍ ആദ്യ പത്തിലുള്ള പണം വാരി സിനിമകൾ.
കേരളത്തിൽ നിന്നും മാത്രമുള്ള കലക്‌ഷൻ 35 കോടിയാണ്. ഈ കുതിപ്പു തുടരുകയാണെങ്കിൽ ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന ആദ്യ മലയാള സിനിമയായി ആടുജീവിതം മാറും. നേരത്തെ ഏറ്റവും വേഗത്തിൽ അൻപത് കോടി കടക്കുന്ന മലയാള സിനിമയെന്ന റെക്കോർഡും ‘ലൂസിഫറി’നൊപ്പം ചിത്രം സ്വന്തമാക്കിയിരുന്നു. 2024ൽ റിലീസ് ചെയ്ത പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ സിനിമകൾക്കു പിന്നാലെയാണ് ആടുജീവിതത്തിന്റെ നേട്ടം.
ദുൽഖർ സൽമാൻ നായകനായി എത്തിയ ‘കുറുപ്പ്’ ആണ് ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിലെത്തിയ മൂന്നാമത്തെ മലയാള സിനിമ. അഞ്ച് ദിവസം കൊണ്ട് ഈ ചിത്രം 50കോടി തികച്ചത്. പ്രീമിയർ ഉൾപ്പടെ ആണിത്. അമൽ നീരദും മമ്മൂട്ടിയും ഒന്നിച്ച ഭീഷ്മപർവം ആണ് നാലാം സ്ഥാനത്ത്. ആറ് ദിവസം കൊണ്ടായിരുന്നു ഈ മമ്മൂട്ടി ചിത്രം 50 കോടി തൊട്ടത്. 2018 ആണ് അഞ്ചാം സ്ഥാനത്ത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സും ഏഴ് ദിവസത്തിലാണ് അൻപത് കോടിയിലെത്തിയത്.
അവധി ദിനങ്ങൾ തുടർച്ചയായി വന്നതും മറ്റു സിനിമകളുടെ റിലീസ് ഇല്ലാതിരുന്നതും വലിയ കലക്‌ഷൻ നേടാൻ കാരണമായി. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ആദ്യദിനം ചിത്രം കേരളത്തിൽ നിന്നും വാരിയത് 5.83 കോടി രൂപയാണ്. സിനിമയുടെ ആദ്യ ദിവസത്തെ ആഗോള കലക്‌ഷൻ 16.73 കോടിയാണ്. നിർമാതാക്കൾ തന്നെയാണ് ഔദ്യോഗിക കലക്‌ഷൻ പുറത്തുവിട്ടത്.
ഇന്ത്യയിൽ നിന്നും ആദ്യ ദിനം 8.78 കോടിയായിരുന്നു കലക്‌ഷൻ. മോഹൻലാലിന്റെ ഒടിയൻ സിനിമയ്ക്കു ശേഷം ഇന്ത്യയിൽ നിന്നും ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഉയർന്ന തുക കൂടിയാണിത്.മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കർണാടകയിൽ നിന്നും ആദ്യദിനം ഒരുകോടി രൂപ ഗ്രോസ് കലക്‌ഷൻ നേടുന്ന സിനിമയായും ആടുജീവിതം മാറി. തമിഴ്നാട്ടിലും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.
പൃഥ്വിരാജ്–ബ്ലെസി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതത്തി’നു ഗംഭീര പ്രതികരണം. മലയാളത്തിന്റെ മാസ്റ്റർപീസ് സിനിമകളിലൊന്ന് എന്നാണ് ചിത്രത്തെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ബ്ലെസിയുടെ സംവിധാന മികവും ‘ചോര നീരാക്കി’യുള്ള പൃഥ്വിയുടെ ഗംഭീര പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റ്. എ.ആർ. റഹ്മാന്റെ സംഗീതവും സുനിൽ കെ.എസി.ന്റെ ഛായാഗ്രഹണവും റസൂൽ പൂക്കുട്ടിയുടെ ശബ്ദമികവുമെല്ലാം സിനിമയുടെ മുതൽക്കൂട്ടാണ്. ഹക്കീം ആയി എത്തുന്ന ഗോകുൽ ആണ് ഞെട്ടിക്കുന്ന മറ്റൊരു പ്രകടനം കാഴ്ചവച്ചത്.