എന്റെ കയ്യിൽനിന്നു സമ്മാനം വാങ്ങുന്ന ‘ഇതിയാൻ’ ഇപ്പോൾ സംസാര വിഷയമാണ്: ബാലചന്ദ്രമേനോൻ
Mail This Article
ബാലചന്ദ്ര മേനോന്റെ ഒരു ഫെയ്സ്‌ബുക് പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. വർഷങ്ങൾക്കു മുൻപ് ഇന്റർ കോളീജിയറ്റ് നാടക മത്സരത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത സമയത്ത് വിജയിക്കു ട്രോഫി സമ്മാനിക്കുന്ന ചിത്രമാണ് ബാലചന്ദ്രമേനോൻ പങ്കുവച്ചത്. ഇത്തരമൊരു പുരസ്‌കാരം സമ്മാനിച്ചത് താൻ ഓർക്കുന്നില്ലെങ്കിലും ഈ ട്രോഫി ഏറ്റുവാങ്ങുന്നത് ഇപ്പോൾ തിളങ്ങി നിൽക്കുന്ന ഒരു താരമാണെന്ന സൂചന ബാലചന്ദ്രമേനോൻ കുറിപ്പിൽ നൽകുന്നുണ്ട്. ഒപ്പമുള്ള കലാകാരന്റെ പേരു വെളിപ്പെടുത്താതെ ബാലചന്ദ്രമേനോൻ പങ്കുവച്ച ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തിയത്. ലോകമെമ്പാടുമുള്ള ആരാധകർ ഇപ്പോൾ ചർച്ച ചെയ്യുന്ന ‘ആടുജീവിതം’ എന്ന ഗംഭീര സിനിമ മലയാളത്തിന് സമ്മാനിച്ച ബ്ലെസി ആണ് ആ യുവാവെന്നാണ് ആരാധകരുടെ കണ്ടെത്തൽ.
‘‘പണ്ട് പണ്ടൊരിക്കൽ ബാലചന്ദ്രമേനോൻ ആയ ഞാൻ ഒരു ഇന്റർ കോളീജിയറ്റ് നാടക മത്സരത്തിൽ മുഖ്യാതിഥി ആയി പങ്കെടുത്തു പോലും. തീർന്നില്ലാ, ആ മത്സരത്തിലെ വിജയിക്ക് ഒന്നാം സ്ഥാനക്കാരനുള്ള ട്രോഫി സമ്മാനിച്ചു പോലും. അമ്മയാണേ സത്യം, ഈ നിമിഷങ്ങൾ ഒന്നും ഞാൻ ഇപ്പോൾ ഓർമിക്കുന്നില്ല. എന്റെ കയ്യിൽ നിന്നു സമ്മാനം വാങ്ങുന്ന വിദ്യാർഥി ഇന്ന് അറിയപ്പെടുന്ന ഒരു കലാകാരനാണ് പോലും. അതേ, സിനിമയിൽ തന്നെ. ഒന്നു മാത്രം നിങ്ങൾക്കൊപ്പം പങ്കിടാൻ സന്തോഷമുണ്ട്. ഇപ്പോൾ ‘ഇതിയാൻ’ സംസാരവിഷയമാണെന്ന്. പിടി കിട്ടിയോ ? ഇല്ലെങ്കിൽ ഉത്തരം നാളെ ഇവിടെ, ഇതേ നേരം പ്രതീക്ഷിക്കുക.’’– ബാലചന്ദ്രമേനോൻ കുറിച്ചു.
ബാലചന്ദ്രമേനോന്റെ കുറിപ്പ് വൈറലായതോടെ കമന്റുമായി നിരവധി പേരാണ് എത്തിയത്. ബ്ലെസിയാണ് ആ മിടുക്കനെന്ന് കൂടുതൽ ആളുകളും കമന്റ് ചെയ്തു. ബ്ലെസി തന്നെയാണ് ബാലചന്ദ്രമേനോൻ പരിചയപ്പെടുത്തിയ ആ വിജയി.
‘താങ്കൾ പരിചയപ്പെടുത്തിയ ആരും മോശക്കാരല്ല. താങ്കളുടെ അനുഗ്രഹാശിസ്സുകളോടെ വന്നവരാരും മോശമായിട്ടില്ല. അതൊരു വലിയ ഈശ്വരാനുഗ്രഹമാണ്’, എന്നൊക്കെയാണ് കമെന്റുകൾ.
നിരവധി താരങ്ങളെ മലയാള സിനിമയ്ക്കു പരിചയപ്പെടുത്തിയ സംവിധായകനാണ് ബാലചന്ദ്ര മേനോൻ. ശോഭന, നന്ദിനി, പാര്‍വതി തുടങ്ങി ബാലചന്ദ്ര മേനോന്‍ പരിചയപ്പെടുത്തിയ അഭിനേതാക്കളെല്ലാം പിന്നീട് മലയാള സിനിമയുടെ മുന്‍നിര താരങ്ങളായി മാറിയിട്ടുണ്ട്.