ഡ്യൂപ്പോ? അജിത്തിനോ? തല കുത്തി മറിയുന്ന ഹമ്മറിൽ താരം; ശ്വാസം നിലയ്ക്കും വിഡിയോ
![Ajith-vidamuyarchi വൈറൽ വിഡിയോയിൽ നിന്നുള്ള ദൃശ്യം](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2024/4/4/Ajith-vidamuyarchi.jpg?w=1120&h=583)
Mail This Article
‘വിടാമുയർച്ചി’ സിനിമയിലെ അതിസാഹസികമായ ആക്‌ഷൻ രംഗത്തിന്റെ വിഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. അതിവേഗത്തിൽ ഓടിച്ചു വരുന്ന ഹമ്മർ വണ്ടി തലകുത്തി മറിയുന്നതാണ് വിഡിയോയിൽ കാണാനാകുന്നത്. ഓടിക്കുന്നതോ സാക്ഷാൽ അജിത്തും.
വിഡിയോയുടെ ഡ്രോൺ ഷോട്ടും വാഹനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങളുമാണ് ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നത്. നടൻ ആരവിനെയും അജിത്തിനൊപ്പം വണ്ടിയില്‍ കാണാം.
ഇതാദ്യമായല്ല അജിത്ത് ഇത്തരം അപകടം നിറഞ്ഞ സ്റ്റണ്ട് രംഗങ്ങൾ ചെയ്യുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്ത ‘വലിമൈ’ എന്ന സിനിമയിലെ ബൈക്ക് സ്റ്റണ്ട് രംഗങ്ങളും ഇതുപോലെ വൈറലായിരുന്നു. അന്ന് ഗുരുതരമായ പരുക്കും അദ്ദേഹത്തിനു സംഭവിച്ചു. വിടാമുയർച്ചിയുടെ ലൊക്കേഷനിലും അജിത്തിനു പരുക്ക് സംഭവിച്ചുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലറാണ് വിടാമുയർച്ചി. തൃഷയാണ് നായിക. അർജുൻ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അജിത്തിന്റെ തുനിവിനും വലിമൈയ്ക്കും ഛായാഗ്രഹണം നിർവഹിച്ച നീരവ് ഷാ ആണ് ഈ സിനിമയുടെയും ഛായാഗ്രഹണം. അസർബൈജാൻ ആണ് പ്രധാന ലൊക്കേഷൻ.