കേരളത്തിലെ ഏറ്റവും വലിയ ആഡംബര തിയറ്റർ; ഫോറം മാളിൽ 9 സ്ക്രീനുകളുമായി പിവിആർ

Mail This Article
ഇന്ത്യയിലെ ഏറ്റവും വലുതും ആഡംബര പൂർണവുമായ തിയറ്റർ ശൃംഖലയായ പിവിആർ ഐനോക്‌സ് കൊച്ചിയിൽ ഒൻപത് സ്ക്രീനുകൾ അടങ്ങിയ വിശാലമായ പുതിയ മൾട്ടിപ്ളെക്സ് തുറന്നു. കേരളത്തിലെ വിപണിസാന്നിധ്യം വിപുലീകരിച്ചുകൊണ്ടുള്ള കമ്പനിയുടെ ശ്രദ്ധേയമായ നീക്കമാണിത്. കേരളത്തിൽ ആദ്യമായി പി (എക്സ്.എൽ.) ഫോർമാറ്റിൽ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള സ്‌ക്രീനും കൊച്ചിയിലെ ഏറ്റവും വലിയ സ്ക്രീനും ഉൾപ്പെടെയുള്ള പുതിയ തിയറ്റർ സമുച്ചയം ഫോറം മാളിലാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിനോദവ്യവസായരംഗത്ത് മുഴുവൻ വലിയ ചലനങ്ങളുണ്ടാക്കുന്ന പുതിയൊരു നാഴികക്കല്ലാണ് പിവിആർ ഐനോക്‌സ് പിന്നിട്ടിരിക്കുന്നത്. സുഖസമൃദ്ധമായ ദൃശ്യാനുഭവം കാഴ്ചവെയ്ക്കുന്ന രണ്ട് LUXE സ്‌ക്രീനുകളും ഇതിലുൾപ്പെടുന്നു.
ഇതോടെ കൊച്ചിയിൽ മൂന്നിടങ്ങളിലായി പിവിആർ ഐനോക്‌സ് സ്‌ക്രീനുകളുടെ എണ്ണം 22 ആയി ഉയർന്നു. കേരളത്തിലാകെ ആറിടങ്ങളിലായി 42 സ്ക്രീനുകളാണുള്ളത്. ദക്ഷിണേന്ത്യയിൽ 99 ഇടങ്ങളിലായി 558 സ്‌ക്രീനുകളും പ്രവർത്തിക്കുന്നു.

മരടിലെ കുണ്ടന്നൂരിൽ സ്ഥിതി ചെയ്യുന്ന ഫോറം മാൾ, കൊച്ചിയിലെ ഏറ്റവും വലിയ രണ്ടാമത്തെ മാളാണ്. ഇവിടുത്തെ പിവിആർ ഐനോക്‌സ് മൾട്ടിപ്ലെക്സിൽ 1489 അതിഥികൾക്ക് ഒരേസമയം സിനിമകൾ ആസ്വദിക്കാൻ കഴിയും. പിവിആറിന്റെ ഏറ്റവും വലിയ സ്‌ക്രീനിൽ സിനിമ കാണാൻ കഴിയുന്ന ഫോർമാറ്റാണ് പി (എക്സ്.എൽ.). ഫോർ കെ ലേസർ പ്രൊജക്ടറും ഡോൾബി അറ്റ്മോസ് ശബ്ദവിന്യാസവും കൂടിച്ചേരുന്നതോടെ അനിതരസാധാരണമായ കാഴ്ചാനുഭവമായിരിക്കും പി (എക്സ്.എൽ.) സിനിമാപ്രേമികൾക്ക് സമ്മാനിക്കുക. കൂടാതെ റിയൽ ഡി 3D സംവിധാനവും ദൃശ്യാനുഭവത്തിന് മിഴിവേറ്റുന്നു. മറ്റെങ്ങും കിട്ടാത്തത്രയും സൗകര്യങ്ങളോടെ സിനിമകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കാണ് LUXE സ്ക്രീനുകൾ സജ്ജമാക്കിയിട്ടുള്ളത്. ഈ സ്‌ക്രീനുകൾക്കായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന കിച്ചനും സജ്ജമായിരിക്കും. വിവിധതരം ഭക്ഷണങ്ങൾ പാകം ചെയ്ത് സീറ്റുകളിൽ എത്തിച്ചുനൽകും.

മറ്റ് ആറ് സ്‌ക്രീനുകളിലെ അവസാനനിരയിലെ സീറ്റുകൾ പ്രത്യേക റിക്ലൈനറുകളാണ്. പിവിആർ ഐനോക്‌സിലെത്തുന്നവർക്ക് ഏറ്റവും മികച്ച സിനിമാനുഭവമായിരിക്കണം കിട്ടേണ്ടത് എന്ന ലക്ഷ്യത്തോടുകൂടിയാണ് പി (എക്സ്.എൽ.) ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോടെ കേരളത്തിലെ സാന്നിധ്യം വിപുലീകരിക്കുന്നതെന്ന് പിവിആർ ഐ നോഎക്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അജയ് ബിജ്‌ലി പറഞ്ഞു. കൊച്ചിയിലെ മൂന്നാമത്തെയും കേരളത്തിലെ ആറാമത്തെയും മൾട്ടിപ്ളെക്സ് ആണ് ഫോറം മാളിൽ ആരംഭിക്കുന്നത്. പ്രേക്ഷകരുടെ ആവശ്യങ്ങൾ കേട്ടറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ലോകോത്തര നിലവാരമുള്ള സിനിമാപ്രദർശനം ഒരുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഡംബരവും സമൃദ്ധിയും വിളിച്ചറിയിക്കുന്ന, അത്യാകർഷകമായ രൂപകല്പനയാണ് മൾട്ടിപ്ളെക്സിനെ ശ്രദ്ധേയമാക്കുന്നത്. മേൽത്തട്ടിൽ നിന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്ന തരത്തിൽ പ്രത്യേക ആർട്ട് വർക്കുകളും സ്ഥാപിച്ചിട്ടുണ്ട്. അതിമനോഹരമായ ഷാൻഡലിയർ ലൈറ്റുകൾ ഉള്ളകത്തിന്റെ മോഡി കൂട്ടുന്നു. സ്വർണനിറത്തിലുള്ള ലോഹവും നീലയും പച്ചയും കലർന്ന ലെതറും ചേർത്ത് നിർമിച്ച ഇരിപ്പിടങ്ങൾ കാണികൾക്ക് വിശ്രമിക്കാൻ ഏർപ്പെടുത്തിയിട്ടുള്ള ഹാളിനെ കൂടുതൽ ഭംഗിയാക്കുന്നു. പ്രത്യേക “ലക്സ്” ലോഞ്ച് കൂടുതൽ മനോഹാരിത നൽകുന്നു. ഇതിനെല്ലാം പുറമെ കഫേ സ്റ്റൈലിലുള്ള കേരളത്തിലെ ഏറ്റവും വലിയ മെനുവാണ് കാണികൾക്ക് ആസ്വദിക്കാനായി ഒരുക്കിയിട്ടുള്ളത്. കൊച്ചിയിൽ ആദ്യമായി ഇറ്റാലിയൻ നിയോപോളിറ്റൻ പിസ്സ ഇവിടെ ലഭ്യമായിരിക്കും. ഇറ്റലിയിലെ നേപ്പിൾസിൽ നിന്നുള്ള ഈ പിസ ഏറെ പ്രസിദ്ധമാണ്.

ദക്ഷിണേന്ത്യയിൽ സിനിമകൾ കാണുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ആവശ്യത്തിന് മൾട്ടിപ്ളെക്സുകൾ ഈ മേഖലയിലില്ല. വിപണി വികസിപ്പിക്കാനുള്ള ഒരു സുവർണാവസരമാണിതെന്ന് പിവിആർ ഐനോക്‌സ് എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജീവ് കുമാർ ബിജ്‌ലി പറഞ്ഞു. സിനിമയെ ആവേശത്തോടെ ഏറ്റെടുക്കുന്ന ഇവിടുത്തെ ജനങ്ങൾക്ക് അതാസ്വദിക്കുന്നതിനുള്ള വേദികൾ ഒരുക്കിനൽകി കമ്പനിയുടെ വളർച്ചയ്ക്ക് വേഗം കൂട്ടും. ലേസർ പ്രൊജക്‌ഷൻ ഉൾപ്പെടെ കൊച്ചിയിലെ ഏറ്റവും വലിയ സ്ക്രീൻ ഒരുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.