പൃഥ്വിയുടെ വില്ലൻ വേഷവും രക്ഷയായില്ല; ‘ബഡേ മിയാൻ’ കലക്‌ഷൻ റിപ്പോർട്ട്
Mail This Article
പൃഥ്വിരാജ് സുകുമാരൻ വില്ലൻ വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘ബഡേ മിയാൻ ചോട്ടേ മിയാന്’ സമ്മിശ്ര പ്രതികരണം. ആക്‌ഷനും വലിയ സെറ്റും സ്റ്റൈലും ഉണ്ടെങ്കിലും ചിത്രത്തിനൊരു കഥയോ ആത്മാവോ ഇല്ലെന്ന് പ്രശസ്ത നിരൂപകനായ തരൺ ആദർശ് സ്വീറ്റ് ചെയ്തു. അഞ്ചിൽ രണ്ടാണ് തരൺ സിനിമയ്ക്കു നൽകിയ റേറ്റിങ്.
അതേസമയം ഇന്ത്യയിൽ നിന്നുള്ള സിനിമയുടെ ആകെ കലക്‌ഷൻ 15.5 കോടിയാണ്. 320 കോടി ബജറ്റ് ഉള്ള സിനിമയെ സംബന്ധിച്ചടത്തോളം ഈ തുക തീർത്തും നിരാശപ്പെടുത്തുന്നതാണ്. പ്രത്യേകിച്ചും ഈദ് പോലുളള വിശേഷ ദിനം ആയിട്ടുപോലും സിനിമയ്ക്കു കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
ഹൃതിക് റോഷന്റെ ഫൈറ്റർ ആണ് ഈ വർഷം ആദ്യ ദിനം ഏറ്റവും കൂടുതൽ പണം വാരിയ ഹിന്ദി ചിത്രം. 24.6 കോടിയായിരുന്നു സിനിമയുടെ ആദ്യദിന കലക്‌ഷൻ. ഷാറുഖ് ഖാന്റ ജവാൻ ആദ്യ ദിനം 75 കോടി കലക്‌ട് ചെയ്തിരുന്നു.
റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മോശം റിപ്പോർട്ട് ആണ് സിനിമയ്ക്കു ലഭിക്കുന്നത്. അക്ഷയ് കുമാറിന്റെ ആരാധകർ ആദ്യ ദിനം സിനിമയെ പിന്തുണച്ചെത്തിയെങ്കിലും രണ്ടാം ദിനം മുതൽ സിനിമ വീഴുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
പൃഥ്വിരാജിന്റെ പ്രകടനവും അക്ഷയ് കുമാർ–ടൈഗർ ഷ്രോഫ് കൂട്ടുകെട്ടിന്റെ ആക്‌ഷനുമാണ് സിനിമയുടെ ആകെയുള്ള പോസിറ്റിവ്. കൊടും വില്ലനായ കബീർ എന്ന കഥാപാത്രമായി പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നു. പൃഥ്വി അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്.
അലി അബ്ബാസ് സഫർ ആണ് സംവിധാനം. സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ എന്നിവരാണ് നായികമാർ. സംഗീതം മിശാൽ മിശ്ര. വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷൻ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നാണ് നിർമാണം.