ADVERTISEMENT

ഒരു സിനിമ സംവിധാനം ചെയ്യണമെന്ന മോഹം ബാക്കിയാക്കിയാണ് തിരക്കഥാകൃത്തും സാഹിത്യകാരനുമായ ബൽറാം മട്ടന്നൂർ വിടവാങ്ങിയതെന്ന് സംവിധായകൻ ജയരാജ്. ദേശാടനം എന്ന സിനിമയിലൂടെ ബൽറാമിനെ ചലച്ചിത്രലോകത്തിന് പരിചയപ്പെടുത്തിയത് ജയരാജായിരുന്നു. വീണ്ടുമൊരു പ്രൊജക്ടിനായി പല തവണ ഇരുന്നെങ്കിലും അതൊന്നും നടന്നില്ലെന്ന് ജയരാജ് പറയുന്നു. ബൽറാം മട്ടന്നൂരിന്റെ ഓർമകളുമായി ജയരാജ് മനോരമ ഓൺലൈനിൽ. 

പറഞ്ഞത് ചങ്ങമ്പുഴ, സംഭവിച്ചത് കളിയാട്ടം

1996ലാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ദേശാടനം കഴിഞ്ഞ സമയമായിരുന്നു. ചങ്ങമ്പുഴയെക്കുറിച്ച് അദ്ദേഹം ഒരു തിരക്കഥ എഴുതിയിരുന്നു. അതു സിനിമായാക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം സമീപിച്ചത്. അപ്പോൾ ആ സിനിമ ചെയ്യാൻ പറ്റുന്ന അന്തരീക്ഷം ഉണ്ടായിരുന്നില്ല. വേറൊരു സിനിമ ചെയ്യാമെന്നു പറഞ്ഞപ്പോഴാണ് ഞാൻ എന്റെ മനസിലുണ്ടായിരുന്ന ആശയം പങ്കുവച്ചത്. അങ്ങനെയാണ് ഷേക്സ്പിയറുടെ നാടകമായ ഒഥല്ലോയെ അധികരിച്ച് കളിയാട്ടം സംഭവിക്കുന്നത്. അദ്ദേഹം മട്ടന്നൂർക്കാരനാണ്. തെയ്യത്തെക്കുറിച്ച് നല്ല അറിവുണ്ട്. തെയ്യത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം ഒരുക്കിയ തിരക്കഥ മനോഹരമായിരുന്നു. കളിയാട്ടം വലിയ വിജയമായി. 

അവസാനം കൊടുത്ത വാക്ക്

കളിയാട്ടത്തിനു ശേഷം വീണ്ടും പല സിനിമകളെക്കുറിച്ച് ആലോചിച്ചെങ്കിലും ഒന്നും നടന്നില്ല. പലപ്പോഴും നേരിൽ കാണാറുണ്ട്. ഈയടുത്ത കാലത്ത് അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പ്രകാശനകർമത്തിൽ പങ്കെടുക്കാൻ പോയിരുന്നു. ആരോഗ്യസ്ഥിതി മോശമായിരുന്നതിനാൽ വീട്ടിൽ വച്ചു തന്നെയായിരുന്നു ചടങ്ങ്. ബൽറാം എഴുതിയ ആദ്യത്തെ തിരക്കഥ ചങ്ങമ്പുഴ സിനിമയായി കാണണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. ബൽറാമിനു തന്നെ ആ സിനിമ സംവിധാനം ചെയ്യണം എന്നുമുണ്ടായിരുന്നു. പക്ഷേ, അസുഖബാധിതനായപ്പോൾ അതു നടക്കില്ലെന്നു മനസിലാക്കി ഉപേക്ഷിച്ചതാണ്. അതു സിനിമായാക്കാമെന്ന് അവിടെ വച്ചു ഞ​ാൻ പറഞ്ഞു. അതായിരുന്നു ഞങ്ങൾ തമ്മിലുള്ള അവസാന കൂടിക്കാഴ്ച. 

കളിയാട്ടവും കർമയോഗിയും 

ബൽറാം നല്ലൊരു കഥാകൃത്തായിരുന്നു. ഒരുപാടു നല്ല കഥകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. പിന്നീടാണ് സിനിമയിലേക്കു വരുന്നത്. ചങ്ങമ്പുഴയെക്കുറിച്ച് അദ്ദേഹം എഴുതിയ തിരക്കഥ സമഗ്രമായിരുന്നു. കുറെയധികം കാലമെടുത്താണ് ബൽറാം ആ തിരക്കഥ എഴുതി പൂർത്തിയാക്കിയത്. കളിയാട്ടം പക്ഷേ, ചുരുങ്ങിയ സമയത്തിൽ ചെയ്യേണ്ടി വന്നു. ഒഥല്ലോയെ തെയ്യത്തിന്റെ പശ്ചാത്തലത്തിൽ സിനിമയാക്കിയപ്പോൾ അദ്ദേഹത്തിന്റെതായ ചില കഥാപാത്രങ്ങളെ ഉൾപ്പെടുത്തി. അതിലുപയോഗിച്ച ഭാഷയും ആ കഥയുടെ പശ്ചാത്തലത്തെ വിസ്തൃതമാക്കിയ സൂക്ഷ്മാംശങ്ങളും അദ്ദേഹത്തിന്റെ മാത്രം സംഭാവനയാണ്. പിന്നീട്, വി.കെ. പ്രകാശിനൊപ്പം അദ്ദേഹം കർമയോഗി ചെയ്തു. അതും ഒരു ഷേക്സ്പിയർ നാടകത്തിന്റെ ചലച്ചിത്രാവിഷ്കരണമായിരുന്നു. 

സിനിമ നടന്നില്ല, അതു പുസ്തകമാക്കി

ഞാനും ബൽറാമും വീണ്ടുമൊരു ഷേക്സ്പിയർ നാടകം അധികരിച്ചു സിനിമയൊരുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. കുറെ ചർച്ചകൾ ചെയ്തു. പക്ഷേ, അതൊന്നും നടന്നില്ല. ആരോഗ്യസ്ഥിതി മോശമായിരുന്നുവെങ്കിലും അദ്ദേഹം എഴുത്തു മുടക്കിയിരുന്നില്ല. അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകം സുരേഷ് ഗോപി റിലീസ് ചെയ്തിരുന്നു. അവസാനകാലത്ത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു സിനിമ സംവിധാനം ചെയ്യണമെന്നു തന്നെയായിരുന്നു. ഒറ്റ കഥാപാത്രം മാത്രമുള്ള സിനിമയുടെ തിരക്കഥ അദ്ദേഹം പൂർത്തിയാക്കുകയും ചെയ്തു. ഇന്ദ്രജിത്തുമായി ഈ പ്രൊജക്ട് സംസാരിച്ചിരുന്നു. കഴിഞ്ഞ വർഷം ഇന്ദ്രജിത്ത് ഡേറ്റ് തന്നിരുന്നു. ലൊക്കേഷൻ വരെ ഉറപ്പിച്ചു. പക്ഷേ, ബൽറാമിനു അതു കഴിയാതെ പോയി. ആ തിരക്കഥ പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചു. അതിന്റെ പ്രകാശനത്തിനാണ് ഞാൻ പോയത്. ആ കൂടിക്കാഴ്ച അവസാനത്തേത് ആയിരിക്കുമെന്ന് അറിഞ്ഞില്ല.  

English Summary:

Director Jayaraj Remembering Writer Balram Mattannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com