ADVERTISEMENT

സൗഹൃദങ്ങളുടെ മറുവാക്കാണ് ദിലീപ്. അടുപ്പമുളളവര്‍ക്കിയാം ദിലീപിന്റെ സ്‌നേഹവും കരുതലും. ഉയരങ്ങളുടെ പാരമ്യതയില്‍ നില്‍ക്കുമ്പോഴും അടിത്തട്ടിലേക്കിറങ്ങി വന്ന് ആള്‍ക്കൂട്ടത്തിലൊരാളെ പോലെ പെരുമാറാന്‍ കഴിയുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് ദിലീപ്. നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും ദിലീപ് മനസില്‍ അവശേഷിപ്പിച്ച മുദ്രകളില്‍ വിളളലുകളില്ല.അതീവ സാധാരണമായ ജീവിതസാഹചര്യങ്ങളില്‍ നിന്ന് അത്യദ്ധ്വാനത്തിലൂടെ ഒരു മനുഷ്യന് എവിടെ വരെ എത്താമെന്നതിന്റെ എക്കാലത്തെയും വലിയ ഉദാഹരണങ്ങളിലൊന്നാണ് ദിലീപിന്റെ ജീവിതം.150 ല്‍ പരം സിനിമകളില്‍ സിംഹഭാഗവും ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളുമാക്കി മാറ്റിയ കരിയര്‍ ഗ്രാഫ്. ഒരു നായകനടന് വേണമെന്ന് ശഠിച്ചിരുന്ന ആകാരസൗഷ്ഠവം ഇല്ലാതിരുന്നിട്ടും ഒരു കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും സ്വീകാര്യതയുളള നായകനടനായി നിലനിന്ന ചരിത്രവുമുണ്ട് ഈ നടന്.

സീറോയില്‍ നിന്ന് ഹീറോയിലേക്ക്

ആലുവയിലെ ഇടത്തരത്തിലും താഴെയുളള ഒരു കുടുംബത്തിലെ മൂന്ന് മക്കളില്‍ മൂത്തവനായിരുന്ന ദിലീപിന്റെ ചുമലിലായിരുന്നു സ്വാഭാവികമായും കുടുംബഭാരം. നിത്യവൃത്തി കഴിക്കാന്‍ ആലുവാപ്പുഴയില്‍ നിന്നും മണല്‍വാരാന്‍ പോയ ഒരു കൗമാര കാലം അദ്ദേഹം ആത്മകഥയില്‍ വരഞ്ഞിട്ടിട്ടുണ്ട്. ചെറിയ തുകയ്ക്ക് മിമിക്രി പരിപാടികളും ചാനൽ പരിപാടിയായ കോമിക്കോളയിലെ സ്‌കിറ്റുകളും ചെയ്തു നടന്ന് ഉപജീവനം കണ്ടെത്തിയ കുറിയ മനുഷ്യന്‍ മഹാരാജാസ് കോളജില്‍ നിന്നും ചരിത്രത്തില്‍ ബിരുദം നേടി. സിനിമയായിരുന്നു എന്നും ദിലീപിന്റെ സ്വപ്നങ്ങളില്‍..

dileep-mimicry
കെ.എസ്. പ്രസാദ്, നാദിർഷ, ദിലീപ്, ജയറാം, നെടുമുടി വേണു, ഭര‍തൻ, ഇന്നസന്റ്

ലക്ഷ്യങ്ങളിലേക്ക് എത്തിപ്പെടാനുളള വഴികള്‍ കൃത്യമായി ആസൂത്രണം ചെയ്ത് ചിട്ടയോടെ നീങ്ങുന്ന ജാഗ്രതയുളള ഒരു മനസ്സ് അദ്ദേഹത്തെ നയിച്ചിരുന്നു എന്നും. പക്ഷേ ഏതിനും ഒരു തുടക്കം ആവശ്യമാണല്ലോ? മിമിക്രി രംഗത്ത് സീനിയറായിരുന്നു ജയറാം അന്ന് സിനിമയില്‍ കത്തി നില്‍ക്കുകയായിരുന്നു. അഭിനയിക്കാന്‍ അവസരം തേടി അദ്ദേഹത്തെ സമീപിച്ചെങ്കിലും കൃശഗാത്രനായ ഈ മനുഷ്യനെ സ്‌ക്രീനിലേക്ക് ശിപാര്‍ശ ചെയ്യാന്‍ അദ്ദേഹത്തിന് ധൈര്യം വന്നില്ല. പകരം സിനിമയില്‍ കയറിക്കൂടി പടിപടിയായി വളരുന്നതാവും ഉചിതമെന്ന ഉപദേശത്തോടെ അദ്ദേഹം സംവിധായകന്‍ കമലിന്റെ സഹായി നില്‍ക്കാന്‍ അവസരം ഒരുക്കി. മോഹന്‍ലാലും ഉര്‍വശിയും അഭിനയിച്ച വിഷ്ണുലോകത്തില്‍ ലാസ്റ്റ് അസിസ്റ്റന്റായി ദിലീപ് എത്തി.

സെറ്റില്‍ ചുറുചുറുക്കോടെ ഓടി നടന്ന ആ യുവാവിന്റെ കണ്ണുകളിലെ അഗ്നി പലരും തിരിച്ചറിഞ്ഞു. മായാലോകം സ്വപ്നം കണ്ടു വന്ന് അതിലേറെ വേഗത്തില്‍ കൊഴിഞ്ഞു പോയ അനേകം ഈയാംപാറ്റകളില്‍ ഒരാളായിരിക്കില്ല ദിലീപെന്നും വലിയ ലക്ഷ്യങ്ങളിലേക്ക് ചുവട് വയ്ക്കുന്ന പരിശ്രമശാലിയായ ഒരാളാണെന്നും പലരും ചന്നംപിന്നം പറയാന്‍ തുടങ്ങി. ദിലീപ് ഒന്നിനും ചെവികൊടുക്കാതെ തന്നെ ഏല്‍പ്പിച്ച ജോലികളില്‍ മുഴുകി. അന്ന് സ്വന്തമായി ഒരു റൂം ഇല്ലാതിരുന്ന ഘട്ടത്തില്‍ ലാല്‍ജോസിന് ഒപ്പം സഹമുറിയനായി കൂടിയ ദിലീപ് ഒരു നിതാന്ത സൗഹൃദത്തിന് തുടക്കമിട്ടു.

മമ്മൂട്ടിയിലൂടെ ‘മാനത്തെ കൊട്ടാരത്തി’ലേക്ക്

ഏതാനും സിനിമകളില്‍ ഒതുങ്ങി നിന്നു ദിലീപിന്റെ സഹസംവിധാനം. ‘എന്നോടിഷ്ടം കൂടാമോ’ എന്ന കമല്‍ ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചുകൊണ്ട് ക്യാമറയ്ക്ക് മുന്നില്‍ തുടക്കമിട്ടു. പൂക്കാലം വരവായി എന്ന സിനിമയിലും ചെറിയ റോളില്‍ അഭിനയിച്ചു. ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് മുന്നേറുമ്പോഴും നായകന്‍ എന്ന സ്വപ്നം ദിലീപിന്റെ ഉളളില്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ അനുകൂല സാഹചര്യങ്ങള്‍ക്കായി അദ്ദേഹം കാത്തിരുന്നു.

dileep-sainyam
സൈന്യം സിനിമയിൽ നിന്നും

മമ്മൂട്ടി-ജോഷി ടീമിന്റെ സൈന്ന്യം അടക്കം പല പടങ്ങളിലും അപ്രധാനമായ ചെറുവേഷങ്ങളില്‍ മിന്നിമറഞ്ഞുകൊണ്ടിരിക്കുന്ന കാലത്താണ് ഭാഗ്യദേവത മമ്മൂട്ടിയുടെ രൂപത്തില്‍ ദിലീപിനെ അനുഗ്രഹിക്കുന്നത്. കോമിക്കോളയിലെ സ്ഥിരം സാന്നിധ്യമായിരുന്ന ദിലീപിനെ മമ്മൂട്ടി അന്നേ ശ്രദ്ധിച്ചിരുന്നു. ‘സൈന്യ’ത്തിന്റെ സെറ്റില്‍ മിമിക്രി നമ്പറുകളുമായി എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച യുവാവിന്റെ അഭിനയപാടവം അന്നേ മനസില്‍ കുറിച്ചിട്ടു കഴിവുളളവരെ കണ്ടെത്തുന്നതില്‍ അഗ്രഗണ്യനായ മമ്മൂട്ടി.

ആയിടയ്ക്കാണ് ‘കുക്കു പ്രിയപ്പെട്ട കുക്കു’ എന്ന സിനിമയിലുടെ ശ്രദ്ധേയനായ സുനില്‍, ‘മാനത്തെ കൊട്ടാരം’ എന്ന പടം പ്ലാന്‍ ചെയ്യുന്നത്. സുരേഷ്‌ഗോപി അതിഥിതാരമായി വന്ന സിനിമയിലെ നായകന്‍ ആരായിരിക്കണമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്ന കാലം. സൗഹൃദത്തിന്റെ പേരില്‍ സിനിമയുടെ കഥ കേട്ട മമ്മൂട്ടിയാണ് ദിലീപിന്റെ പേര് സുനിലിനോട് പറയുന്നത്. അങ്ങനെ ‘മാനത്തെ കൊട്ടാര’ത്തിലുടെ ദിലീപ് നായകനായി അരങ്ങേറി.

lal-jose-dileep-akku
ലാൽ ജോസിനും അക്കു അബ്റിനുമൊപ്പം ദിലീപ്

പടം ഹിറ്റായതോടെ ദിലീപിന്റെ രാശി തെളിഞ്ഞെങ്കിലും പ്രശസ്തരായ സംവിധായകരോ എഴുത്തുകാരോ ഈ നടനെ കണ്ടതായി ഭാവിച്ചില്ല. ഉയരം കുറഞ്ഞ എടുത്തു പറയത്തക്ക രൂപ ഭംഗിയോ വ്യവസ്ഥാപിത ഹീറോ ലുക്കോ ഇല്ലാത്ത ഒരു നായകനെ ഉള്‍ക്കൊളളാന്‍ അന്ന് മലയാളം ഫിലിം ഇന്‍ഡസ്ട്രി പാകപ്പെട്ടിരുന്നില്ല. എന്നാല്‍ പരിമിതികളില്‍ തളച്ചിടപ്പെടാന്‍ ദിലീപിന്റെ ഇച്ഛാശക്തി അനുവദിച്ചില്ല.

‘സല്ലാപ’ത്തിലൂടെ സീരിയസ് ആയി

ത്രീമെന്‍ ആര്‍മി, കല്യാണസൗഗന്ധികം എന്നിങ്ങനെ ലോ ബജറ്റ് സിനിമകളില്‍ നായകനായി തിളങ്ങിയ ദിലീപ് അതൊക്കെയും ഹിറ്റുകളാക്കി. ഈ ഘട്ടത്തിലാണ് ലോഹിതദാസിന്റെ രചനയില്‍ ഒരുങ്ങിയ സല്ലാപത്തിലെ നായകതുല്യവേഷം ലഭിക്കുന്നത്. ദിലീപിന്റെ കരിയറിലെ ആദ്യത്തെ സീരിയസ് വേഷം എന്നതിലുപരി ലോഹിതദാസിനെ പോലൊരു അതുല്യ പ്രതിഭയുടെ തിരക്കഥയിലും ശിക്ഷണത്തിലും അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് വഴിത്തിരിവായി. ‘സല്ലാപം’ മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളില്‍ ഒന്നായി പരിണമിച്ചു. തൊട്ടുപിന്നാലെ ഗുരുനാഥനായ കമല്‍ ദിലീപിനെ നായകനാക്കി ഈ പുഴയും കടന്ന് എന്ന സിനിമയൊരുക്കി. രണ്ട് പടങ്ങളും മികച്ചത് എന്നതിലുപരി ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു. കേവലം തമാശപ്പടങ്ങളില്‍ നിന്ന് കാതലുളള സിനിമകളിലേക്കുളള പടികയറ്റം സംഭവിക്കുന്നത് ഈ ഘട്ടത്തിലാണ്.

dileep-sallapam
‘സല്ലാപം’ സിനിമയിൽ ദിലീപ്

ഐ.വി.ശശിയുടെ മോഹന്‍ലാല്‍ ചിത്രമായ വര്‍ണപ്പകിട്ടാണ് ദിലീപിന്റെ ആദ്യത്തെ ബിഗ്ബജറ്റ് ചിത്രം. അതില്‍ ഉപനായകനായിരുന്നെങ്കിലും കാര്യമായ പ്രാധാന്യം ഉണ്ടായിരുന്നില്ല.

എന്നാല്‍ ലോഹിയുടെ തിരക്കഥയിലും സംവിധാനത്തിലും പുറത്തു വന്ന ജോക്കര്‍ ദിലീപ് എന്ന നടന്റെ അഭിനയശേഷിയൂടെ മാറ്റുരച്ചു. നര്‍മത്തിനപ്പുറം ഉളളില്‍ തറയ്ക്കുന്ന മുഹൂര്‍ത്തങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ താന്‍ പ്രാപ്തനാണെന്ന് ദിലീപ് ആവര്‍ത്തിച്ച് തെളിയിച്ചു. ക്രമേണ പരിമിതികളില്ലാത്ത ഒരു നടനായി മാറുകയായിരുന്നു ദിലീപ്. 

സ്റ്റീരിയോ ടൈപ്പ് പടങ്ങളിലൂടെ വിപണന വിജയം ഉറപ്പ് വരുത്തുമ്പോഴും ചാന്തുപൊട്ട്, കുഞ്ഞിക്കൂനന്‍, പച്ചക്കുതിര, സൗണ്ട് തോമ എന്നിങ്ങനെ പരീക്ഷണാത്മക കഥാപാത്രങ്ങളും സിനിമകളും ഏറ്റെടുത്ത് വിജയിപ്പിച്ചു. പൊടിമീശ പോലും പാകമാകാത്ത നടന്‍ എന്ന് പലരും എഴുതിതളളിയ ദീലീപ് മീശ പിരിച്ചപ്പോള്‍ നര്‍മ്മത്തിന്റെ മേമ്പൊടിയുളള ഒരു സീരിയസ് കഥാപാത്രവും സിനിമയും ഉയിര്‍കൊണ്ടു. മീശ മാധവന്‍. ഇന്നത്തെ കണക്കില്‍ ഇരുനൂറു കോടി ക്ലബ്ബില്‍ കയറാന്‍ യോഗ്യമാം വിധം അക്കാലത്ത് ആ സിനിമ നേടിയ കലക്‌ഷന്‍ റെക്കോര്‍ഡായിരുന്നു.

സൂപ്പര്‍താരപദവിയിലേക്ക്

സൂപ്പര്‍താരങ്ങളോ സിദ്ദിഖ്–ലാലോ ഇല്ലാത്ത ഒരു പടം ആ വിധത്തില്‍ അഭൂതപൂര്‍വമായ വിപണനവിജയം നേടുന്നത് മലയാള സിനിമയെ ശരിക്കും ഞെട്ടിച്ചു. അതിന് കാലം ദിലീപിന് നല്‍കിയ സമ്മാനമായിരുന്നു സൂപ്പര്‍താരപദവി. എന്നാല്‍ സൂപ്പര്‍-മെഗാ വിശേഷണങ്ങള്‍ തന്റെ പേരിനൊപ്പം ചാര്‍ത്താന്‍ ദിലീപ് ആവേശം കൊണ്ടില്ല. അയല്‍വീട്ടിലെ പയ്യന്‍ ഇമേജില്‍ നിന്നുകൊണ്ട് കുട്ടികളുടെയും കുടുംബങ്ങളുടെയും ഒപ്പം ചെറുപ്പക്കാരുടെയും പ്രിയങ്കരനാകാന്‍ ശ്രമിച്ച ദിലീപ് പിന്നീട് അറിയപ്പെട്ടത് ജനപ്രിയനായകന്‍ എന്ന പേരിലായിരുന്നു.

dileep-meesamadhavan
മീശ മാധവൻ സിനിമയിൽ നിന്നും

ആ വാക്ക് അക്ഷരാര്‍ഥത്തില്‍ അന്വര്‍ത്ഥമാക്കുകയായിരുന്നു തുടര്‍ന്നുണ്ടായ ഹിറ്റുകള്‍. തെങ്കാശിപ്പട്ടണം, കല്യാണരാമന്‍, മായാമോഹിനി, സിഐഡി മൂസ, കൊച്ചിരാജാവ്, പഞ്ചാബി ഹൗസ്...എന്നിങ്ങനെ തുടര്‍ച്ചയായി വന്നത് ഡസന്‍ കണക്കിന് ഹിറ്റുകള്‍. അക്കാലത്ത് മലയാളത്തില്‍ ഒരു താരത്തിനും ഇങ്ങനെയൊരു കരിയര്‍ ഗ്രാഫ് ഉയര്‍ത്തി കാണിക്കാനായില്ല. മമ്മൂട്ടി-മോഹന്‍ലാല്‍-സുരേഷ്‌ഗോപി ത്രയങ്ങളുടെ പോലും ചില സിനിമകള്‍ ഭീമന്‍ വിജയം നേടുമ്പോള്‍ മറ്റ് ചില പടങ്ങള്‍ പരാജയമായി. ദിലീപാകട്ടെ ആ ഘട്ടത്തില്‍ പരാജയത്തിന്റെ രുചി അറിയാത്ത താരമായി.

ദിലീപിന്റെ വളർച്ച

മാസ് ആക്‌ഷന്‍ ത്രില്ലറുകള്‍ മാത്രം ഒരുക്കുന്ന ജോഷിയെ പോലൊരു സംവിധായകന്‍ ദിലീപിനെ നായകനാക്കി ആക്‌ഷന്‍ ഓറിയന്റഡ് സിനിമകള്‍ ഒരുക്കാന്‍ തയാറായി. ലയണ്‍ പോലുളള സിനിമകള്‍ വലിയ വിപണണവിജയം കൈവരിക്കുകയും ചെയ്തു. ഇതേ ഘട്ടത്തില്‍ തന്നെ ഒരു നടന്‍ എന്നതിനപ്പുറം മലയാള സിനിമയുടെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന ഒരു പ്രസ്ഥാനമായി ദിലീപ് വളര്‍ന്നു കൊണ്ടേയിരുന്നു. ചലച്ചിത്രനിർമാണത്തില്‍ നിന്ന് വിതരണത്തിലേക്കും അവിടെ നിന്ന് തീയറ്റര്‍ ഉടമ എന്ന നിലയിലേക്കും ദിലീപിന്റെ സിനിമാ സ്വപ്നങ്ങള്‍ വ്യാപരിച്ചു.

kunjikoonan
കുഞ്ഞിക്കൂനനിൽ നടി മന്യയ്‌ക്കൊപ്പം

താരസംഘടനയായ അമ്മയും നിര്‍മാതാക്കളുടെയും വിരതണക്കാരുടെയും തിയറ്റര്‍ ഉടമകളുടെയും സംഘടനകളില്‍ ദിലീപിന് വലിയ പ്രാമാണികത്വം ലഭിച്ചു. സമാന്തരമായി തന്നെ ദേ പുട്ട് പോലുളള മറ്റ് ബിസിനസ് സംരംഭങ്ങളിലേക്കും റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലേക്കും പടര്‍ന്നു കയറി. ഉയരങ്ങള്‍ സ്വപ്നം കാണുന്ന ഏതൊരു യുവാക്കള്‍ക്കും മാതൃകയും പ്രചോദനവുമായിരുന്നു അക്കാലത്ത് ദിലീപ്.

അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളിലൊരാള്‍ അന്ന് പറഞ്ഞ വാക്കുകള്‍ ഈ ഘട്ടത്തില്‍ പ്രസക്തമാണ്. ‘‘ഒരു ദിവസം മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ദിലീപ് ഉറങ്ങുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പകല്‍ മുഴുവന്‍ ഷൂട്ട് കഴിഞ്ഞാല്‍ രാത്രി ഏറെ വൈകുവോളം അടുത്ത സിനിമകളുടെ കഥാചര്‍ച്ചകള്‍..മറ്റ് ബിസിനസ് ചര്‍ച്ചകള്‍.വീണ്ടും വെളുപ്പാന്‍ കാലത്ത് ഉണര്‍ന്ന് അഭിനയം.’’

താന്‍ ഏറ്റെടുത്ത ചുമതലകളുടെ ഭാരം ഒരിക്കലും ദിലീപ് പുറത്തു കാണിച്ചില്ല. എല്ലാവരോടും ചിരിച്ച് ഹൃദ്യമായി ഇടപഴകിക്കൊണ്ട് എവിടെ തുടങ്ങി എവിടെ എത്തി എന്ന ബോധ്യമുളള മനുഷ്യനായി ജീവിച്ചു.ഒരു ഘട്ടത്തില്‍ ദിലീപിന്റെ വളര്‍ച്ച എല്ലാ അതിരുകളും കടന്നു.

അഭിനയത്തിലെയും സംരംഭകത്വത്തിലെയും  ദിലീപ് ഇഫക്ട്

മലയാളത്തില്‍ ഏറ്റവും മിനിമം ഗാരണ്ടിയുളള നടനായി മാറി ദിലീപ്. ഒരു പ്രത്യേക കാലയളവില്‍ അദ്ദേഹം വിപണനവിജയത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും മുകളില്‍ എത്തി. അതിന് കാരണങ്ങള്‍ രണ്ടായിരുന്നു. ഒന്ന് ദിലീപ് ചിത്രങ്ങള്‍ക്കായിരുന്നു അന്ന് ഏറ്റവും വലിയ ഇനീഷ്യല്‍ കലക്‌ഷൻ. കുടുംബപശ്ചാത്തലത്തിലുളള നര്‍മ രസപ്രധാനമായ കഥകള്‍ പറഞ്ഞ ദിലീപ് ചിത്രങ്ങളില്‍ പലതും കുട്ടികളെക്കൂടി ഫോക്കസ് ചെയ്തു കൊണ്ടുളളതായിരുന്നു. കുട്ടികളെയും ഒപ്പം ഫാമിലിയെയും കൂട്ടത്തോടെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ ദിലീപിന് കഴിഞ്ഞതോടെ സിനിമകളുടെ കലക്‌ഷന്‍ സര്‍വകാല റെക്കോര്‍ഡുകളിലേക്ക് മുന്നേറി. തുടര്‍ച്ചയായ ഹിറ്റുകള്‍ കൂടി സംഭവിച്ചതോടെ തന്റെ പരിമിതികള്‍ക്കുളളില്‍ നിന്ന് സങ്കപ്പിക്കാനാവാത്ത താരപദവി അദ്ദേഹത്തെ തേടിയെത്തി. റിപ്പീറ്റ് വാല്യൂ ഉളള ദിലീപ് സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് ഉയര്‍ന്ന തുകയ്ക്ക് എടുക്കാന്‍ ചാനലുകള്‍ പരസ്പരം മത്സരിച്ചു.

dileep-meenakshi
മകൾ മീനാക്ഷിക്കൊപ്പം ദിലീപ്

ദിലീപിന്റെ ഡേറ്റിനായി എത്ര വലിയ തുകയും അഡ്വാന്‍സ് നല്‍കാന്‍ തയാറായി നിര്‍മാതാക്കള്‍. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, താരസംഘടനയായ അമ്മ, തിയറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ എല്ലാം ചുക്കാന്‍ പിടിക്കുന്ന തലത്തിലേക്ക് ആ വ്യക്തിപ്രഭാവം വളര്‍ന്നു. ‘അമ്മ’യുടെ ധനശേഖരണാര്‍ത്ഥം നിര്‍മിച്ച ‘ട്വെന്റി ട്വെന്റി’ എന്ന സിനിമയുടെ നിര്‍മാണച്ചുമതല ഏറ്റെടുക്കാന്‍ എല്ലാവരും ഭയന്ന് നിന്നപ്പോള്‍ ആ ഹെവി റിസ്‌ക് പുഷ്പം പോലെ ഏറ്റെടുത്ത് വിജയിപ്പിച്ചു ദിലീപ്.

dileepde-puttu

‘ട്വെന്റി ട്വെന്റി’ എന്ന ഭീകര പ്രോജക്ട്

വെല്ലുവിളികളെ അനായാസം നേരിടാനുളള ചങ്കൂറ്റമായിരുന്നു എന്നും  കൈമുതല്‍. പ്രതിസന്ധികളില്‍ തളര്‍ന്ന് പോകുന്ന ഹൈപ്പര്‍ സെന്‍സിറ്റീവായ കലാകാരന്‍മാര്‍ക്കിടയില്‍ വിപരീതഘട്ടങ്ങളിലെ സാധ്യതകള്‍ തിരഞ്ഞു ദിലീപ്.തന്റെ ആജീവനാന്ത സമ്പാദ്യം മുഴുവന്‍ ചോര്‍ന്നൊലിച്ചു പോകാന്‍ സാധ്യതയുളള ‘ട്വെന്റി ട്വെന്റി’ എന്ന പ്രൊജക്ട് ഭീകരമായ പ്രതിസന്ധികളെ നേരിട്ട സന്ദര്‍ഭങ്ങളിലും അടിപതറാതെ അത് പൂര്‍ത്തീകരിച്ച് വന്‍ഹിറ്റാക്കി മാറ്റി. മുഴുവന്‍ താരങ്ങളെയും എണ്ണയിട്ട യന്ത്രം പോലെ ആ സിനിമയില്‍ സഹകരിപ്പിക്കാനും ദിലീപിന്റെ നയചാതുര്യവും നേതൃത്വശേഷിയും കൊണ്ട് സാധിച്ചു.

mohanlal-dileep
ട്വെന്റി ട്വെന്റിയിൽ മോഹൻലാലിനൊപ്പം

അന്ന് പറഞ്ഞു കേട്ട ഒരു കഥയുണ്ട്. നയന്‍താര ‘ട്വെന്റി ട്വെന്റി’യില്‍ അഭിനയിക്കാമെന്ന് വാക്ക് പറഞ്ഞെങ്കിലും തമിഴ് സിനിമയിലെ തിരക്ക് മൂലം അവര്‍ക്ക് പറഞ്ഞ സമയത്ത് എത്താന്‍ കഴിഞ്ഞില്ല. പലരും ശ്രമിച്ചിട്ട് നയന്‍താരയെ സമയത്ത് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ഈഗോയും കോംപ്ലക്‌സുകളും സീനിയര്‍ ജാഡകളും കൊണ്ടു നടക്കുന്ന മലയാള സിനിമയില്‍ ആരും ചെയ്യാത്ത ഒരു ദൗത്യം ദിലീപ് ഏറ്റെടുത്തു. തന്നേക്കാള്‍ ജൂനിയറായ നയന്‍താരയെ ക്ഷണിക്കാന്‍ അദ്ദേഹം നേരിട്ട് ചെന്നെയില്‍ എത്തി. നയന്‍സ് ഒടുവില്‍ ‘ട്വെന്റി ട്വെന്റി’യില്‍ അഭിനയിക്കുകയും ചെയ്തു.

അസാധ്യമായി ഒന്നുമില്ല എന്നതായിരുന്നു എന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. മറ്റ് പലരെയും പോലെ അതിവാചാലതയില്‍ അഭിരമിക്കാതെ സ്വന്തം കര്‍മ മണ്ഡലത്തില്‍ നിശബ്ദം മുന്നേറുന്നതിലായിരുന്നു എന്നും ദിലീപിന്റെ ശ്രദ്ധ.

സെല്‍ഫ് മാര്‍ക്കറ്റ് ചെയ്യാത്ത മനുഷ്യസ്‌നേഹി

ഉറ്റസുഹൃത്തായ കൊച്ചിന്‍ ഹനീഫ അകാലത്തില്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിനും കുടുംബത്തിനും ആവശ്യപ്പെടാതെ തന്നെ സഹായങ്ങള്‍ എത്തിച്ച ദിലീപിനെക്കുറിച്ച് ഹനീഫയുടെ കുടുംബം ഏറെ വികാരവായ്‌പോടെയാണ് പ്രതികരിച്ചത്. മലയാളത്തിലെ ഒരു മുതിര്‍ന്ന നടി മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് സാമ്പത്തികവിഷമതകള്‍ നേരിട്ട സന്ദര്‍ഭത്തിലും ആരും പറയാതെ തന്നെ ദിലീപ് സഹായഹസ്തവുമായെത്തി. ലോഹിതദാസിന്റെ കുടുംബത്തെയും മരണശേഷം അന്വേഷിച്ച സിനിമാ പ്രവര്‍ത്തകരിലൊരാൾ ദിലീപ് ആയിരുന്നെന്ന് അനുഭവസ്ഥര്‍ പറയുന്നു. മലയാളത്തിലെ ഒരു ഹാസ്യ നടന്‍ സിനിമകള്‍ ഇല്ലാതെ വീട്ടിലിരുന്ന സന്ദര്‍ഭത്തില്‍ ദിലീപ് അങ്ങോട്ട് വിളിച്ച് പടങ്ങള്‍ കൊടുക്കുമായിരുന്നെന്ന് വെളിപ്പെടുത്തുകയുണ്ടായി. ദിലീപിന്റെ കാരുണ്യത്തിന്റെ ഗുണഫലം അനുഭവിച്ച വേറെയും ധാരാളം പേരുണ്ട്. ഇതൊന്നും പുറത്ത് അറിയുന്നതോ പ്രചരിക്കുന്നതോ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ഒരു മനുഷ്യന്‍ എന്ന നിലയിലുളള കടമകള്‍ നിറവേറ്റുകയായിരുന്നു ദിലീപ്.

സ്വാഭാവിക അഭിനയത്തിന്റെ വക്താവ്

തിയറ്ററുകളില്‍ കേവലം ആളെ നിറയ്ക്കാന്‍ കെല്‍പ്പുളള ഒരു താരം മാത്രമായിരുന്നില്ല ദിലീപ്. അതിനപ്പുറം മികച്ച അഭിനയശേഷിയും തനത് ശൈലിയുമുളള നടന്‍ എന്ന നിലയിലും അദ്ദേഹം സ്വയം അടയാളപ്പെടുത്തി. സ്വാഭാവിക അഭിനയത്തിന്റെയും സൂക്ഷ്മാഭിനയത്തിന്റെയും മികച്ച മാതൃകകള്‍ സൃഷ്ടിക്കാനുളള കെല്‍പ്പ് അദ്ദേഹത്തിനുണ്ട് എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. സല്ലാപവും ജോക്കറും മുതല്‍ പിന്നീടങ്ങോട്ട് നിരവധി സിനിമകളില്‍ ദിലീപ് ഇത് ആവര്‍ത്തിച്ച് തെളിയിച്ചു. അതിഭാവുകത്വവും സ്ലാപ്‌സ്റ്റിക് കോമഡിയും നിറഞ്ഞ സിനിമകളില്‍ പോലും മികച്ച നടന്‍ എന്ന നിലയില്‍ പ്രതിഭയുടെ മിന്നാട്ടങ്ങള്‍ കാഴ്ച വയ്ക്കുന്ന ദിലീപിനെ കാണാം.

dileep-kadavasheshan
കഥാവശേഷനിൽ നിത്യ ദാസിനൊപ്പം

എന്നാല്‍ അദ്ദേഹത്തിലെ നടനെ പൂര്‍ണമായ അര്‍ത്ഥത്തിലും തലത്തിലും പ്രയോജനപ്പെടുത്താന്‍ ഉതകുന്ന കഥകളും കഥാപാത്രങ്ങളും സിനിമകളും ലഭിച്ചില്ല എന്നതാണ് സത്യം. അതുല്യസംവിധായകരുമായി സഹകരിക്കാന്‍ സാധിക്കാതെ പോയത് ദിലീപിലെ നടനെ പരിമിതപ്പെടുത്തി. ടി.വി.ചന്ദ്രന്റെ കഥാപുരുഷനില്‍ മികച്ച പ്രകടനം കാഴ്ചവച്ച ദിലിപിനെ നായകനാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ പിന്നെയും എന്ന സിനിമ ഒരുക്കിയെങ്കിലും ആ ചിത്രം അടൂരിന്റെയും ദിലീപിന്റെയും ഖ്യാതി ഉയര്‍ത്തിയില്ല.

ഉദയകൃഷ്ണ-സിബി കെ തോമസ്, ബെന്നി പി. നായരമ്പലം എന്നിങ്ങനെയുളള വാണിജ്യസിനിമാ രചയിതാക്കളുടെ തിരക്കഥകള്‍ ദിലീപിലെ വലിയ നടനെ ആഴത്തില്‍ അടയാളപ്പെടുത്താന്‍ തക്ക കാതലില്ലാത്തവയായിരുന്നു. ചാന്തുപൊട്ട് എന്ന ലാല്‍ജോസ് സിനിമയാണ് ഏക അപവാദം. അതിലെ സ്‌ത്രൈണഭാവമുളള നായകനെ ദിലീപ് ഉജ്ജ്വലമാക്കി.  ലഭ്യമായ സന്ദര്‍ഭങ്ങളെ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ കൊണ്ട് അനശ്വരമാക്കുവാന്‍ ദിലീപിന് സാധിച്ചു.

വെല്‍ കണ്‍സ്ട്രക്ഡഡ് സ്‌ക്രിപ്റ്റിങും ക്യാരക്ടറൈസേഷനെക്കുറിച്ച് സമുന്നതമായ ധാരണകളുളള റാഫി മെക്കാര്‍ട്ടിന്റെ പഞ്ചാബി ഹൗസിലും രഞ്ജന്‍ പ്രമോദിന്റെ മീശ മാധവനിലും ദിലീപിന് നന്നായി തിളങ്ങാന്‍ സാധിച്ചു. എന്നാല്‍ ഈ സിനിമകളും പരമ്പരാഗത വാണിജ്യ സിനിമകളുടെ ബേസിക് പാറ്റേണില്‍ നിന്നും പൂര്‍ണമായി വ്യതിചലിച്ച ചിത്രങ്ങളായിരുന്നില്ല.

dileep-chanthupott
ചാന്തുപൊട്ടിൽ ദിലീപ്

തനിയാവര്‍ത്തനവും മതിലുകളും പൊന്തന്‍മാടയും മൃഗയയും വടക്കന്‍ വീരഗാഥയും ലഭിച്ച മമ്മൂട്ടിക്കും വാനപ്രസ്ഥവും ഭരതവും കിരീടവും സ്ഫടികവും ലഭിച്ച മോഹന്‍ലാലിനുമൊപ്പം നില്‍ക്കാന്‍ ദിലീപിന് പലപ്പോഴും കഴിയാതെ പോയത് അത്തരം അവസരങ്ങളുടെ ദൗര്‍ലഭ്യം കൊണ്ട് തന്നെയായിരുന്നു. നടന്‍ എന്ന നിലയില്‍ ദിലീപ് എക്കാലവും മിതത്വം പാലിച്ച സ്വാഭാവിക അഭിനയശൈലിയുടെ വക്താവായിരുന്നു. പ്രകടനപരമായ ഹാസ്യത്തേക്കാള്‍ നാച്വറല്‍ ഹ്യൂമറായിരുന്നു ദിലീപിന്റെ രീതി. ചാന്തുപൊട്ടിലെയും കുഞ്ഞിക്കൂനനിലെയും വേഷങ്ങള്‍ കേവലം ഫാന്‍സിഡ്രസ് എന്ന നിലയില്‍ തരംതാഴാന്‍ സാധ്യതയുളള ഒന്നായിരുന്നു. നൂല്‍പ്പാലത്തിലൂടെയുളള പരീക്ഷണം എന്ന് തന്നെ പറയാം. 

കൂനനില്‍ മേക്കപ്പ് ഒരു പരിധിവരെ തുണയ്ക്കെത്തിയെങ്കിലും ചാന്തുപൊട്ടില്‍ അതിഭാവുകത്വത്തിലേക്ക് വഴുതിവീഴാതെ സൂക്ഷ്മഭാവങ്ങളിലൂടെ സ്ത്രീത്വത്തിന്റെ വശ്യമനോഹാരിതകള്‍ പ്രകടിപ്പിക്കേണ്ട ബാധ്യതയും ഈ നടനിലുണ്ടായിരുന്നു. അതൊക്കെ അണുവിട വ്യതിചലിക്കാതെ അസാധാരണ മെയ്‌വഴക്കത്തോടെ ഈ നടന്‍ അഭിനയിച്ച് ഫലിപ്പിച്ചു. ദിലീപിന്റെ ഒന്നാംകിട അഭിനയമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ പല സിനിമകളും മികച്ച നടനുളള സംസ്ഥാന പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടില്ല. എന്നാല്‍ വെളളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലുടെ ദിലീപ് മികച്ച നടനുളള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി.

മാറ്റങ്ങളെ സ്വാഗതം ചെയ്ത് ദിലീപ്

ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നു എന്നതാണ് കരിയറില്‍ ദിലീപിന് പലപ്പോഴും തിരിച്ചടിയായത്. ഒരേ പാറ്റേണിലുളള ഫോര്‍മുല ചിത്രങ്ങളുടെ തടവുകാരനായി അദ്ദേഹം ദീര്‍ഘകാലം നിലകൊണ്ടു.ചര്‍വിചതചര്‍വണം ചെയ്യപ്പെട്ട ഹാസ്യവും ആഖ്യാനരീതികളും ഒരു കാലത്ത് അദ്ദേഹത്തെ പിന്തുണച്ചെങ്കിലും കോവിഡാനന്തര മലയാള സിനിമയില്‍ അതിന്റെ സാധ്യത പൂര്‍ണമായും നഷ്ടപ്പെട്ടു. മലയാള സിനിമയെ കോവിഡിന് മുന്‍പും പിന്‍പും എന്ന് തരംതിരിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് സമീപകാലത്ത് മമ്മൂട്ടി ഒരു അഭിമുഖത്തില്‍ ഇങ്ങനെ പറയുകയുണ്ടായി. അതിന്റെ സാരാംശം ഇപ്രകാരമായിരുന്നു.

keshu
കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയിൽ നിന്നും

‘‘കോവിഡ് കാലത്ത് തിയറ്ററുകള്‍ അടയ്ക്കുകയും ഒടിടി വ്യാപകമാവുകയും യൂട്യൂബ് അടക്കമുളള പ്ലാറ്റ്‌ഫോമുകളിലൂടെ കൊറിയന്‍-സ്പാനിഷ്-ഇംഗ്ലിഷ്-ചൈനീസ് സിനിമകളുമായി പ്രേക്ഷകസമൂഹം കൂടുതല്‍ പരിചിതമാവുകയും ചെയ്തു. സിനിമകളുടെ ഇതിവൃത്ത-ആഖ്യാനരീതിയില്‍ വന്ന കാതലായ മാറ്റങ്ങളാല്‍ സ്വാധീനിക്കപ്പെട്ട ഒരു തലമുറയുടെ സംവേദനശീലങ്ങളും ഭാവുകത്വവും മാറി മറിഞ്ഞൂ. ഇതിനിടയിലേക്ക് വീണ്ടും പഴയ പാറ്റേണിലുളള സിനിമകള്‍ വന്നാല്‍ വിജയിക്കണമെന്നില്ല.’’

കാതലും പുഴുവും പോലുളള വന്‍പരീക്ഷണ സിനിമകള്‍ ചെയ്യുക വഴി കാലത്തിന്റെ മാറ്റം തിരിച്ചറിഞ്ഞ മമ്മൂട്ടിയും പൃഥ്വിരാജും സുരാജും ഫഹദും അടക്കമുളള നടന്‍മാര്‍ ബഹുദൂരം മൂന്നേറിയപ്പോള്‍ ദിലീപ് അടക്കം ചിലരെങ്കിലും പതറി നിന്നു. ഈ ഒരു പോരായ്മ ഒഴിച്ചു നിര്‍ത്തിയാല്‍ ദിലീപ് എന്ന നടനിലെ പ്രതിഭയ്ക്ക് കാര്യമായ ഒരു ഉടവും തട്ടിയിട്ടില്ലെന്ന് ‘തങ്കമണി’, ‘കേശു ഈ വീടിന്റെ നാഥന്‍’ പോലുളള സിനിമകളിലെ അഭിനയ മുഹൂര്‍ത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

dileep-150-pooja3
ദിലീപിന്റെ 150ാം സിനിമയുടെ പൂജയിൽ നിന്നും

ഇനി യുവസംവിധായകര്‍ക്കൊപ്പം

സച്ചിയുടെ ഉജ്ജ്വലമായ തിരക്കഥയില്‍ പുറത്തു വന്ന ‘രാമലീല’ വന്‍വിജയം കൊയ്തത് ദിലീപിന്റെ ജീവിതത്തിലെ ഏറ്റവും വിപരീത ഘട്ടത്തിലായിരുന്നു. പിന്നീട്‌സംഭവിച്ച വീഴ്ചകള്‍ സിനിമകള്‍ തിരഞ്ഞെടുത്തതിലുളള പോരായ്മ തന്നെയായിരുന്നു. സംവേദന ശീലങ്ങള്‍ മാറി മാറിയുകയും ഭാവുകത്വപരമായ പരിണാമങ്ങള്‍ സംഭവിക്കുകയും ആഗോള സിനിമകളിലുടെ മികച്ച ചലച്ചിത്രസാക്ഷരത കൈവരിക്കുകയും ചെയ്ത കാണികള്‍ക്ക് മുന്നിലേക്ക് ഈയിടെ റിലീസ് ചെയ്ത ചില സിനിമകളുമായി വരാന്‍ പാടില്ലായിരുന്നു എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായില്ല എന്നതാണ് വാസ്തവം. 

ട്രെയിലറിൽ നിന്നും
പവി കെയർ ടേക്കർ എന്ന സിനിമയിൽ നിന്നും

അതുകൊണ്ട് ദിലീപ് എന്ന നടന്റെ അഭിനയശേഷിയിലോ ജനപ്രീതിയിലോ ഇടിവ് സംഭവിച്ചു എന്ന് അർഥമില്ല. കാലത്തിന് ചേര്‍ന്ന മികച്ച കഥയും കഥാപാത്രവും ആഖ്യാന രീതിയുമുളള ഒരു സിനിമയുമായി വന്നാല്‍ നിശ്ചയമായും അദ്ദേഹം സ്വീകരിക്കപ്പെടുക തന്നെ ചെയ്യും. അതിനുളള വിവേചനശേഷി അദ്ദേഹം പ്രകടിപ്പിക്കുമെന്ന് തന്നെയാണ് ദിലീപിനെ ഇഷ്ടപ്പെടുന്ന പ്രേക്ഷക സമൂഹം പ്രതീക്ഷിക്കുന്നത്. 149ാം സിനിമയായ പവി കെയർേടക്കർ സംവിധാനം ചെയ്യുന്നത് വിനീത് കുമാർ ആണ്. പഴയ ദിലീപിനെ ഈ സിനിമയിൽ വീണ്ടും കാണാൻ സാധിക്കുമെന്നാണ് സംവിധായകൻ അവകാശപ്പെടുന്നത്.

ദിലീപിന്റെ 150 ാമത് ചിത്രം നിർമിക്കുന്നത് ട്രാഫിക്കും ജനഗണമനയും പോലെ പാത്ത് ബ്രേക്കിങ് സിനിമകള്‍ ഒരുക്കിയ ലിസ്റ്റിന്‍ സ്റ്റീഫന്റെ നിര്‍മാണക്കമ്പനിയായ മാജിക്ക് ഫ്രെയിംസാണ്. നവതരംഗം കൊണ്ടു വന്ന നിരവധി യുവസംവിധായകര്‍ക്ക് ദിലീപ് ഇതിനോടകം ഡേറ്റ് നല്‍കിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ സിനിമകള്‍  അദ്ദേഹത്തിന്റെ കരിയറില്‍ പുതിയ വഴിത്തിരിവുകള്‍ക്ക് ഇടയാക്കിയേക്കാം.

English Summary:

Dileep completing his 150th Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com