ADVERTISEMENT

അതിസൂക്ഷ്മങ്ങളായ വൈകാരിക മുഹൂർത്തങ്ങളെ അതിന്റെ ആഴത്തിലും പരപ്പിലും പഠിക്കുകയും ഉൾക്കൊള്ളുകയും, അത് ഇണങ്ങിയ സന്ദർഭങ്ങളിലൂടെ കോർത്തിണക്കി അഭിനേതാവിനെക്കൊണ്ട് ജീവിപ്പിച്ചു ക്യാമറയിലൂടെ വെള്ളിത്തിരയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുകയെന്ന മാജിക്കൽ സ്റ്റോറി ടെല്ലിങ്ങ് ആവർത്തിച്ചിരിക്കുകയാണ് ‘ആടുജീവിത’ത്തിലൂടെ ബ്ലെസി എന്ന ചലച്ചിത്രകാരൻ. അനശ്വരങ്ങളായ ചലച്ചിത്ര കാവ്യശ്രേണിയിൽ ‘ആടുജീവിതം’ ഉയർന്ന തട്ടിൽ തന്നെ സ്ഥാനം പിടിക്കും. അത് കാലം തെളിയിക്കേണ്ടതാണ്. ‘കാഴ്ച’ എന്ന ആദ്യ സിനിമയിൽ തന്നെ അതുവരെയുണ്ടായിരുന്ന കഥപറച്ചിൽ രീതിയിൽ നിന്നും വഴിമാറി ഈ കഥാകാരൻ സഞ്ചരിച്ചത് കണ്ടില്ലെന്ന് നടിക്കാൻ നിരവധി കലകളുടെ സംഗമരൂപമായ സിനിമയെ സത്യസന്ധമായി നിരീക്ഷിക്കുകയും നിരൂപിക്കുകയും അതിന്റെ ഗതിവിഗതികളെ വിമർശിക്കുകയും ചെയ്യുന്ന കലാസ്നേഹികൾക്ക് കഴിയില്ല. അന്ന് അത് സാവധാനമായിരുന്നു സംഭവിച്ചത്. 

ആഴ്ചകളോളം ‘കാഴ്ച’ എന്ന സിനിമ ഒരു ശരാശരിയിൽ താഴ്ന്ന സിനിമയായിരുന്നു. പിന്നീടങ്ങോട്ട് കത്തിക്കയറുകയായിരുന്നു. ലോകമാകമാനമുള്ള മലയാളി പ്രേക്ഷകരുടെയിടയിൽ ‘കാഴ്ച’ സംസാര വിഷയമായി. പുതിയൊരു ആസ്വാദനബോധം പ്രേക്ഷകരുടെ മനസ്സിൽ രൂപപ്പെട്ടു തുടങ്ങി. സിനിമ തീരുമ്പോഴേക്കും കാഴ്ചക്കാരന്റെ ഹൃദയത്തിൽ ഒരു വിങ്ങൽ അവരെ അലട്ടാൻ തുടങ്ങി. ഒരുപക്ഷേ, മമ്മൂട്ടി എന്ന നടൻ അവസരം കൊടുത്തതുകൊണ്ടായിരിക്കാം അന്ന് പുതുമുഖസംവിധായകനായിരുന്ന ബ്ലെസിയുടെ ‘കാഴ്ച’യ്ക്ക് മാധ്യമശ്രദ്ധ കിട്ടിയത്. ആദ്യത്തെ അവസരം ഒരു പുതുമുഖത്തിന് എല്ലാ രീതിയിലും നിർണായകമാണ്. എത്ര മികച്ച സൃഷ്ടിയായാലും ജനങ്ങളിലേക്ക് വ്യാപകമായി എത്തപ്പെടുക എന്ന പ്രക്രിയ നിർണായകമാണ്. അതിന് മാധ്യമങ്ങളുടെ പിന്തുണ അത്യാവശ്യമാണ്. 

kazhcha
കാഴ്ച സിനിമയിൽ നിന്നും

കാഴ്ചയിൽ‍ മമ്മൂട്ടി എന്ന നടന്റെ സാന്നിധ്യം ആദ്യത്തെ കടമ്പ കടക്കാൻ സഹായിച്ചു. പക്ഷേ, അതുകൊണ്ട് തീർന്നില്ല. സിനിമയ്ക്ക് ആസ്വാദകന്റെ മനസ്സിൽ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രാഥമികമായി കിട്ടുന്ന ആനുകൂല്യങ്ങൾ നിലനിൽക്കില്ല. ‘കാഴ്ച’ പ്രേക്ഷകഹൃദയങ്ങളിൽ സൃഷ്ടിച്ച ഓളം ചെറുതായിരുന്നില്ല. സിനിമ തീരുമ്പോഴേക്കും പ്രത്യേകിച്ചു സ്ത്രീ പ്രേക്ഷകരുടെ കണ്ണീർ പ്രവാഹം ആ സിനിമയ്ക്ക് കൊടുത്ത മൈലേജ് വളരെ വലുതായിരുന്നു. അത് മമ്മൂട്ടി എന്ന നടന്റെ സാന്നിധ്യം കൊണ്ടായിരുന്നില്ല. മെലോഡ്രാമ എന്ന് വിശേഷിപ്പിക്കാവുന്ന ജനുസ്സിൽത്തന്നെയാണ് ഈ സിനിമയെങ്കിലും അതിന്റെ കലാമൂല്യവും കഥ പറച്ചിലിലെ കൈയൊതുക്കവും വിസ്മരിക്കാവുന്നതല്ല. ഇഴയടുപ്പമുള്ള വൈകാരിക മുഹൂർത്തങ്ങളുടെ നൈരന്തര്യം തുടർന്നുള്ള സിനിമകളുടെ നിർമിക്കലിലും ബ്ലെസിയുടെ കയ്യൊപ്പായി തിരിച്ചറിഞ്ഞു തുടങ്ങി. 

മോഹൻലാലിനെ നായകനാക്കി ‘തന്മാത്ര’ ഒരുക്കിയപ്പോഴും ഇതേ രസതന്ത്രം ആസ്വദിക്കാനായി. ചലച്ചിത്രകാരന്റെ ക്രാഫ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന സവിശേഷതകൾ ശ്രദ്ധേയമായി. നിസ്സാരമായിട്ടു പറഞ്ഞാൽ സീത എന്ന നടിയുടെ കാസ്റ്റിങ്ങിൽ തുടങ്ങി അവരുടെ വേഷവിധാനത്തിൽ വരെ ഈ ചലച്ചിത്രകാരന്റെ അഭിരുചി തിരിച്ചറിഞ്ഞു. ഒറ്റവരിയിൽ പറഞ്ഞാൽ തന്മാത്രയുടെ കഥ എന്താണ്? രോഗഗ്രസ്തനാകുന്ന ഗൃഹനാഥൻ. തുടർന്ന്, കുടുംബത്തിന്റെ താളംതെറ്റൽ. അതിൽകവിഞ്ഞു ആ കഥയില്‍ ത്രില്ലടിപ്പിക്കുന്ന ഒരു ട്വിസ്റ്റോ വയലൻസോ ഇല്ല. ഒരു കൊച്ചുവീട്ടിലും പരിസരത്തുമായി ഒതുങ്ങി നിൽക്കുന്ന വലിയ താരങ്ങളുള്ള ഒരു കൊച്ചു മലയാള സിനിമ. ‘തന്മാത്ര’, ലോകത്താകമാനമുള്ള മലയാളി പ്രേക്ഷകരെ ഇന്നും വിഷാദക്കയത്തിൽ മുങ്ങിത്താഴുന്ന അനുഭവം നൽകുന്ന സിനിമയായി നിലനിൽക്കുന്നു. 

thanmatra
തന്മാത്രയിൽ മോഹൻലാൽ

ബന്ധങ്ങളുടെ ആർദ്രതയെ, അനുഭവവേദ്യമാക്കുന്ന മുഹൂർത്തങ്ങൾ ഈ സിനിമയിലും കാണാം. മോഹൻലാലിന്റെ കഥാപാത്രം അച്ഛനോട് യാത്ര പറയാൻ ഒരുങ്ങുമ്പോൾ, താൽക്കാലികമാണെങ്കിലും ഒരു വേർപിരിയൽ അത് നൽകുന്ന അസ്വസ്ഥത, അത് കൊച്ചു കുറുമ്പ് നിറഞ്ഞ ദേഷ്യത്തിലൂടെയായാലും പ്രകടിപ്പിക്കുന്ന അച്ഛനും അച്ഛന്റെ മകനും. സംഗീതയുടെ കഥാപാത്രം സ്നേഹം കലർന്ന അമർഷത്തോടെ, വിതുമ്പലോടെ അത് പറയുന്നുണ്ട്. ‘‘ഓരോ പ്രാവശ്യം വരുമ്പോഴും വഴക്കടിക്കാതെ പോകാൻ പറ്റില്ല’’ എന്ന്. നെടുമുടി വേണുവും മോഹൻലാലും ആ രംഗങ്ങളെ അനശ്വരമാക്കി. ബന്ധങ്ങളുടെ ആഴം പ്രകടിപ്പിക്കാൻ ദേഷ്യം എന്ന വികാരം എത്ര വൈരുധ്യമാണ്. എന്നാൽ അത് തന്റെ സ്വതസിദ്ധമായ കൈയൊതുക്കത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു. കഥാപാത്രങ്ങളുടെ ഇഴയടുപ്പം എടുത്തുകാണിക്കുന്ന രംഗങ്ങളിൽ ഒന്നാണിത്. ചില മുഹൂർത്തങ്ങളെ സ്വാഭാവികമാക്കാൻ ബ്ലെസി ഒരുക്കിയ തിരക്കഥയിൽ അതിനു തിരഞ്ഞെടുത്ത ലൊക്കേഷൻ വീടിന് പുറത്തുള്ള പറമ്പായിരുന്നു. തെങ്ങിൽ നിന്നും അവിചാരിതമായി വീഴുന്ന കോഞ്ഞാട്ട. അത് കണ്ടു സ്വാഭാവികമായും ഞെട്ടിത്തിരിഞ്ഞു നോക്കുന്ന ഇന്നസെന്റിന്റെ കഥാപാത്രം. 

പ്രേക്ഷകർ തുള്ളിത്തൂകി അടക്കി ചിരിച്ചു. ഇങ്ങനെ കൊച്ചു കൊച്ചു രസങ്ങളും ചേർത്തുള്ള നിരവധി സ്വാഭാവിക മുഹൂർത്തങ്ങളിലൂടെയാണ് ബ്ലെസി സിനിമകളുടെ നിർമിക്കൽ പ്രക്രിയ പൂർണമാകുന്നത്. സൂപ്പർസ്റ്റാറായ നായകനടനെ നഗ്നനായി പ്രദർശിപ്പിക്കാനുള്ള സാഹസികതയും ബ്ലെസി തന്മാത്രയിൽ കാണിച്ചു. സിനിമ സംവിധായകന്റെ കലയാണെന്ന് പറയുമ്പോഴും, തിരക്കഥാരചനയിൽ ആണ് അതിന്റെ സ്കെലിട്ടൻ രൂപപ്പെടുന്നതെന്നതാണ് വസ്തുത. തിരക്കഥയിൽ ഇല്ലാത്തത് സംവിധായകന് ഷൂട്ട് ചെയ്യാൻ കഴിയില്ലല്ലോ. ഇവിടെ ബ്ലെസി തന്നെ തിരക്കഥാകൃത്തും സംവിധായകനുമാകുമ്പോൾ നല്ലൊരു സിനിമയ്ക്കുള്ള സാധ്യത ഒട്ടുമേ ചോർന്നു പോകുന്നില്ല. 

മലയാളസിനിമ രംഗത്തെ ചിരപ്രതിഷ്ഠ നേടിയ ചലച്ചിത്രകാരന്മാർ പോലും ബ്ലെസിയുടെ രീതികൾ തങ്ങളെ സ്വാധീനിച്ചുവെന്ന് പിന്നീട് പരസ്യമായി പറഞ്ഞു. അത് അവരുടെ പിന്നീടുള്ള സിനിമകളിൽ പ്രകടവുമായി. 

മനുഷ്യമനഃശാസ്ത്രം മനഃപാഠമാക്കിയ ഈ മാന്ത്രിക ചലച്ചിത്രകാരൻ, പരിപ്രേക്ഷ്യം, അദ്ഭുതം, സംഭ്രമം, വിക്ഷോപം, ചിന്തനം തുടങ്ങി മനസ്സിന്റെ ഭാവതലങ്ങളെവിവേചിച്ച് ആഖ്യാനം ചെയ്യുന്നതിൽ തെളിയിക്കപ്പെട്ട നൈപുണ്യം കണക്കിലെടുത്താൽ ബ്ലെസി ഒരു സൈക്കോളജിസ്റ്റോ സൈക്യാട്രിസ്റ്റോ മറ്റോ ആകേണ്ടതായിരുന്നുവെന്നു വേണം കരുതാൻ. പക്ഷെ അദ്ദേഹം സുവോളജി എന്ന വിഷയമായിരുന്നു തിരുവല്ല മാർത്തോമ്മ കോളേജിൽ പഠിച്ചത്. 

robin-thomas-blessy-aadujeevitham

കഥപറച്ചിലിലെ ഈ ‘ബ്ലെസ്സിയൻ’ രീതി വെറുെത ഉപരിപ്ലവമായി അദ്ദേഹം സൃഷ്ടിക്കുന്നതല്ല. അത് അയാളുടെ നൈസർഗികമായ സ്വഭാവഗുണത്തിന്റെയോ ദോഷത്തിന്റെയോ തന്മാത്ര കണികകളിൽ അന്തർലീനമാണ്. അയാൾ പൊതുവെ റിയാക്ട് ചെയ്യുന്ന ആളല്ല എങ്കിലും എല്ലാ സാഹചര്യങ്ങളോടും വൈകാരികമായി ചിലപ്പോൾ അതിവൈകാരികമായും പ്രതികരിക്കുന്ന വ്യക്തിത്വമാണ്. കാഴ്ചയുടെ ഷൂട്ടിങ്ങ് വേളയിൽ ക്യാമറയുൾപ്പെടെ വെള്ളത്തിൽ വീണ സംഭവം. ഒരു കൊച്ചുകുട്ടിയെപ്പോലെ അയാൾ പൊട്ടിക്കരഞ്ഞു. മമ്മൂട്ടിയുടെ സാന്ത്വനം അയാളെ ആശ്വസിപ്പിച്ചു. ആടുജീവിതത്തിന്റെ അവസാന ഷൂട്ടിങ്ങ് വേളയിലും അയാൾ പൊട്ടിക്കരഞ്ഞുകൊണ്ട് കുഴഞ്ഞു വീണ സംഭവം. പ്രതിസന്ധികളിൽ തന്റെ മനോഗതികളെ ഒളിച്ചു വയ്ക്കാതെ സത്യസന്ധമായി പ്രകടിപ്പിക്കുന്ന എഴുത്തുകാരന്റെ രചനകളിലും അതിന്റെ നിർമലത തെളിഞ്ഞു നിൽക്കുന്നത് സ്വാഭാവികം. 

പൃഥ്വിരാജ് സുകുമാരൻ, ബ്ലെസി
പൃഥ്വിരാജ് സുകുമാരൻ, ബ്ലെസി

രണ്ടു പതിറ്റാണ്ടിലേറെയായി കാത്തു സൂക്ഷിക്കുന്ന സൗഹൃദം. ഞാൻ ബ്ലെസിയെന്ന സംവിധായകനെ കാണുന്നത് ഹൃദയത്തിന്റെ ടെലിഫോട്ടോ ലെൻസിൽ കൂടിയാണെങ്കിൽ ബ്ലെസിയെന്ന സുഹൃത്തിനെ മനസ്സിന്റെ 50 mm ലെൻസിൽ കൂടിയാണ്. ഈ മാസം (ഏപ്രിൽ) ഒന്നാം തീയതി തിങ്കളാഴ്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിലെ അദ്ദേഹത്തിന്റെ ഓഫിസിൽ വച്ച് കാണുമ്പോൾ ചേംബറിൽ നിന്നും ഇറങ്ങി വന്ന് ഒരു ഗാഢ ആലിംഗനത്തോടെയാണ് സ്വീകരിച്ചത്. കുറെ വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾ നേരിട്ട് കാണുന്നത്. ആ സമയത്ത് ഓഫിസിൽ ഉണ്ടായിരുന്ന ക്യാമറാമാനേയും മറ്റും ബ്ലെസി പരിചയപ്പെടുത്തി. യൂണിറ്റ് മെംബേഴ്സ് എല്ലാം ഓഫിസിനു പുറത്തുള്ള ഇടത്തേക്ക് മാറി ഇരുന്നു. രണ്ടു പേർക്കും കട്ടൻ കാപ്പി വരുത്തി, അത് ആസ്വദിച്ചുകൊണ്ട് കുറെ നേരം കുശലാന്വേഷണങ്ങൾ. ഏറെ വൈകിയില്ല കയ്യിലിരുന്ന മൊബൈൽ ഫോണുകൾ ശബ്ദിക്കാൻ തുടങ്ങി. ‘ആടുജീവിതം’ റിലീസായി മൂന്ന് ദിവസങ്ങളാകുന്നതേയുള്ളൂ. ലോകമാകമാനമുള്ള തീയേറ്ററുകളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. 

blessy-sibi3

രണ്ടായിരത്തി ഒന്ന് – രണ്ടായിരത്തി രണ്ട് കാലഘട്ടങ്ങളിൽ ഒരു സിനിമ ചെയ്യുക എന്ന മോഹവുമായി പല സ്വപ്നങ്ങളും അദ്ദേഹം പങ്കു വയ്ക്കുമായിരുന്നു. തന്റെ ഗുരുവായി ഏറെ അഭിമാനത്തോടെ എന്നും അനുസ്മരിക്കാറുള്ള പദ്മരാജൻ എഴുതിയ ‘ഓർമ’ എന്ന ചെറുകഥ സിനിമയാക്കാനുള്ള മോഹവും ബ്ലെസി അക്കാലത്ത് പറയുമായിരുന്നു. പദ്മരാജന്റെ മകൻ അനന്തപദ്മരാജനെക്കൊണ്ട് തിരക്കഥയെഴുതിക്കണമെന്നും ബ്ലെസി ആഗ്രഹിച്ചിരുന്നു. ഇങ്ങനെയുള്ള സമയത്താണ് ഗുജറാത്ത് ഭൂകമ്പം ഉണ്ടാകുന്നതും അതുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ ഒരു കൊച്ചു കുട്ടിയുടെ കഥയിലേക്ക് ശ്രദ്ധ മാറുന്നതും. അങ്ങനെ ‘കാഴ്ച’യുണ്ടായി. 

തുടർന്നിങ്ങോട്ട് പളുങ്ക്, കൽക്കട്ട ന്യൂസ്, ഭ്രമരം, പ്രണയം, കളിമണ്ണ് ഇപ്പോഴിതാ ‘ആടുജീവിത’ത്തിൽ എത്തി നിൽക്കുന്നു ബ്ലെസിയെന്ന നവയുഗചലച്ചിത്രകാരന്റെ സിനിമാ ജീവിതം. കൈയൊപ്പ് ചാർത്തിയ എട്ടു സിനിമകളും വ്യത്യസ്തങ്ങളെന്ന പൊൻതൂവൽ ബ്ലെസിക്ക് മാത്രം. ഇതിനിടയിൽ രണ്ടു സിനിമകളിൽ അഭിനയിച്ചു. സിനിമാരംഗത്തെ സാഹസികനെന്ന് തെളിയിക്കുന്നതായിരുന്നു സിനിമകൾക്ക് പുറമെ അദ്ദേഹം സംവിധാനം ചെയ്ത, മൺമറഞ്ഞ ക്രിസോസ്റ്റം തിരുമേനിയെക്കുറിച്ചുള്ള ഡോക്യുമെന്ററി. അത് ഏറ്റവും ദൈർഘ്യമേറിയ ഡോക്യുമെന്ററി എന്ന ഖ്യാതി നേടി ഗിന്നസ് ബുക്കിൽ ഇടം നേടി. ആ സാഹസിക കലോപാസക ജീവിതത്തെ അതിന്റെ പാരമ്യത്തിൽ എത്തിച്ച പ്രോജക്ടായിരുന്നു ‘ആടുജീവിതം’. ഒരുപക്ഷേ, മലയാള സിനിമ ‘ആടുജീവിത’ത്തിന് മുൻപും പിൻപും എന്ന് രേഖപ്പെടുത്തുന്ന ഒരു അളവുകോലായി ഈ സിനിമ മാറിയേക്കാം. കാരണം ഇനി വരാൻ പോകുന്ന യുവപ്രതിഭകൾക്ക് വലിയൊരളവിൽ ഊർജവും കരുത്തും നൽകുന്ന ഒരു സിനിമയാണിത്. വലിയ സ്വപ്നങ്ങൾ കാണാനും വലിയ അളവിൽ സിനിമയെ സമീപിക്കാനും ഇത് തീർച്ചയായും വഴിവയ്ക്കും.

blessy-sibi
ലേഖകൻ ബ്ലെസിക്കൊപ്പം

ഇപ്പോൾ കരഗതമായിരിക്കുന്ന പ്രശസ്തിയും പണവുമൊന്നും അയാൾ നിസ്സാരമായി നേടിയതല്ല. സഹസംവിധായകരായ പദ്മരാജൻ, ജയരാജ്, ലോഹിതദാസ്, രാജീവ് അഞ്ചൽ എന്നിവരുടെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായും അസോസ്സിയേറ്റ് ഡയറക്ടറായും പതിനെട്ടിലധികം വർഷങ്ങൾ വർക്ക് ചെയ്തിട്ടുള്ള ബ്ലെസിയുടെ സമർപ്പണവും കഠിനാധ്വാനവുമാണ് ഈ രംഗത്ത് അദ്ദേഹത്തിന് വിജയങ്ങൾ കൊണ്ടുവന്നത്. പ്രത്യേകിച്ചു അയാൾക്ക് സിനിമയോടുള്ള അത്യുത്കടമായ ആത്മാര്‍പ്പണം. 

‘കാഴ്ച’യും ‘തന്മാത്ര’യും റിലീസായ വർഷങ്ങളിൽ ബ്ലെസിയിലെ പ്രതിഭയെ തിരിച്ചറിഞ്ഞു അദ്ദേഹത്തെ ആദ്യം പ്രോത്സാഹിപ്പിച്ചതിൽ അമേരിക്കൻ മലയാളികൾക്കും അഭിമാനിക്കാൻ വകയുണ്ട്. രണ്ടായിരത്തിയഞ്ചിലും രണ്ടായിരത്തിയാറിലും തിരുവനന്തപുരത്തു അരങ്ങേറിയ ചലച്ചിത്ര അവാർഡ് നിശകളിൽ, മികച്ച സംവിധായകനുള്ള അവാർഡുകൾ നൽകി അദ്ദേഹത്തെ ആദരിക്കാൻ കലാവേദി യു. എസ്. എ എന്ന സംഘടന മുന്നോട്ടു വന്നത് തികച്ചും സ്വാഭാവികം. അതുല്യപ്രതിഭയുടെ മിന്നലാട്ടം കണ്ടില്ലെന്ന് നടിക്കാൻ ആവില്ലല്ലോ. തുടർന്ന് അദ്ദേഹത്തെ തേടി നിരവധി പുരസ്കാരങ്ങളുടെ ഘോഷയാത്രതന്നെയുണ്ടായി. ‘ആടുജീവിതം’ ലോകസിനിമയിലേക്ക് ബ്ലെസിയെന്ന കലാകാരനെ പൂമാലയിട്ട് വരവേൽക്കുന്ന ഒരു ചുവടുവയ്പ്പാകട്ടെ.

English Summary:

Special article about Blessy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com