ADVERTISEMENT

‘ചങ്ക്’ എന്ന വാക്കിനു രണ്ടു പുതിയ പര്യായപദങ്ങൾ കൂടി ഉണ്ടായിരിക്കുന്നു: അമൽ ഡേവിസ്, അമ്പാൻ. വിൽ യു ബീ മൈ അമൽ ഡേവിസ്? ‘പ്രേമലു’ കണ്ടശേഷം ഇങ്ങനെയാരോടെങ്കിലും ഒന്നു ചോദിക്കാൻ തോന്നാത്ത ആരാണുണ്ടാകുക? ‘പ്രേമിക്കാൻ ഒരു പെണ്ണില്ലെങ്കിലും ചങ്ക് പറിച്ചു കൂടെ നിൽക്കാൻ ഒരു ‘അമൽ ഡേവിസ്’ എങ്കിലും ഉണ്ടാവണം’. പ്രേമലു റിലീസ് ആയി തിയറ്റർ നിറഞ്ഞോടിക്കൊണ്ടിരുന്നപ്പോൾ ഇറങ്ങിയ ഒരു ട്രോളിലെ വരികളാണിത്. 

‘അമ്പാൻ രംഗണ്ണന്റെ കൂടെ നിൽക്കുന്നതു പോലെ നിനക്ക് എന്റെ കൂടെ നിൽക്കാൻ പറ്റുമോ’? സ്നേഹിക്കാൻ ആരുമില്ലെങ്കിലും കൂടെ നിൽക്കാൻ ഒരു ‘അമ്പാൻ’ എങ്കിലും ഉണ്ടാകണം. ‘ആവേശം’ തിയറ്ററുകളിൽ ഉന്മാദം സൃഷ്ടിച്ചയുടൻ ഇങ്ങനെ ട്രോളുകളിറങ്ങി. രണ്ടു സിനിമകളിലെയും ഈ സഹതാരങ്ങൾ നായകർക്കൊപ്പമോ ചില സീനുകളിലെങ്കിലും അവർക്കു മുകളിലോ നിന്ന പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്നുവെന്നതാണു യാഥാർഥ്യം. 

still-from-aavesham-movie
ആവേശത്തിൽ ഫഹദും സജീൻ ഗോപുവും (Photo: @sajingopu/instagram)

തമാശയ്ക്കുപരി, ഇരു സിനിമകളിലെയും നായക കഥാപാത്രങ്ങളുടെ ചങ്കുകളായ അമൽ ഡേവിസും അമ്പാനും സമീപകാല സിനിമകളിൽകണ്ടിട്ടുള്ളവയിൽ വച്ച് ഏറ്റവും ആഴത്തിലുള്ള സഹ കഥാപാത്രങ്ങളാണെന്നത് അവർക്കു രണ്ടുപേർക്കും ലഭിച്ച പ്രേക്ഷകശ്രദ്ധ തന്നെ തെളിവ്. അമലിനെ അവതരിപ്പിച്ച സംഗീത് പ്രതാപിനും അമ്പാനെ അവതരിപ്പിച്ച സജിൻ ഗോപുവിനും സമീപകാലത്തൊന്നും അവരുടെ യഥാർഥ പേരിൽ അറിയപ്പെടാൻ കഴിയുമോയെന്നും ഇനി കണ്ടറിയണം. കാരണം, ഈ രണ്ടു പേരുകൾ അത്രമേൽ അവരുമായി ഇഴുകിച്ചേർന്നു കഴിഞ്ഞിരിക്കുന്നു. 

ഈ രണ്ടു ബ്ലോക് ബസ്റ്റർ സിനിമകളിലെയും നായക കഥാപാത്രങ്ങളുടെയൊപ്പം സിനിമയുടെ ആരംഭം മുതൽ അവസാനം വരെ നിഴലായി ഒപ്പമുള്ള കഥാപാത്രങ്ങളാണ് അമൽ ഡേവിസും അമ്പാനും. നിർണായക നിമിഷങ്ങളിൽ കഥാഗതി വഴി തിരിച്ചു വിടുന്നതും നായകകഥാപാത്രങ്ങളുടെ ജീവിതയാത്രയിൽ സ്വാധീനം ചെലുത്തുന്നതും ഇവർ രണ്ടു പേരുമാണ്. പലപ്പോഴും നായകരുടെ ശത്രുക്കൾക്കെതിരെ അവരേക്കാളധികം വലിയ നിലപാടുകളെടുക്കുന്നത് ഇവരാണെന്നും കാണാം.

പ്രേമലുവിൽ സച്ചിന്റെ എതിരാളി ആയി വരുന്ന ആദിക്കെതിരെ തുടക്കം മുതൽ പ്രതിരോധം തീർക്കുന്നതും സച്ചിന്റെ പ്രണയം കണ്ടില്ലെന്നു നടക്കുന്ന റീനുവിന്റെയും കാർത്തികയുടെയും മുൻപിൽ ആദിക്കെതിരെയുള്ള സച്ചിന്റെ വാദഗതികൾ അവതരിപ്പിക്കുന്നതും അമൽ ഡേവിസ് ആണ്. പലപ്പോഴും സച്ചിനെ വിമർശിക്കുകയും ഉപദേശിക്കുകയും വഴിതിരിച്ചുവിടുകയുമൊക്കെ ചെയ്യുന്നുമുണ്ട് അമൽ ഡേവിസ്. 

naslen-and-sangeeth-in-premalu
പ്രേമലുവിൽ നസ്ലിനും സംഗീത് പ്രതാപും (Photo: @sangeeth.prathap/instagram)

അതേസമയം, കണ്ണുംപൂട്ടി നായകന്റെ ചെയ്തികൾക്കൊപ്പം നിൽക്കുന്ന കഥാപാത്രമാണ് ആവേശത്തിലെ അമ്പാൻ. സമ്പൂർണ വിധേയത്വമാണ് അമ്പാന്റെ ട്രേഡ് മാർക്ക്. തല്ലാനും കൊല്ലാനും സ്നേഹിക്കാനും മാത്രമല്ല, രംഗന്റെ കയ്യിൽനിന്നു ദേഹോപദ്രവം ഏറ്റുവാങ്ങാനും വേണമെങ്കിൽ കൊല്ലപ്പെടാൻ തന്നെയും ഉറപ്പിച്ചാണ് അമ്പാന്റെ ജീവിതം. മനസ്സിൽ രംഗണ്ണനോട് ഉപാധികളില്ലാത്ത സ്നേഹം സൂക്ഷിക്കുന്നയാളുമാണ് അമ്പാൻ. 

ആവേശം സിനിമയുടെ അവസാന സീനികളിലൊന്നിൽ തന്നെ ആരും സ്നേഹിക്കുന്നില്ല എന്ന് രംഗൻ വീടിനുള്ളിൽ നിന്നുകൊണ്ടു പറയുമ്പോൾ ജനലിനു പുറത്തു നിന്നു നിറകണ്ണുകളോടെ രംഗനെ നോക്കുന്ന അമ്പാന്റെ ഒരു ദൃശ്യമുണ്ട്. അയാളുടെ നിസ്വാർഥ സ്നേഹം പുറത്തുകാണിക്കുന്ന പ്രധാനപ്പെട്ട ദൃശ്യങ്ങളിലൊന്നാണത്. 

stills-from-avesham-movie
ആവേശം സിനിമയിൽ നിന്നുള്ള രംഗം (Photo: @sajingopu/instagram)

സച്ചിനു വിഷമമാകും എന്നതുകൊണ്ട് പ്രേമലുവിലെ ആദ്യ രംഗങ്ങളിലൊന്നിൽ തന്റെ ഗേൾഫ്രണ്ടിനെപ്പറ്റി സംസാരിക്കാൻ വിമുഖത കാണിക്കുന്ന അമൽ ഡേവിസിനെ കാണാം. അമലിന്റെ സുഹൃത്തിനോടുള്ള സ്നേഹം വ്യക്തമാക്കുന്ന പ്രഥമ രംഗങ്ങളിലൊന്നാണത്. ഗേറ്റ് കോച്ചിങ്ങിന് ഹൈദരാബാദിൽ പോകാമെന്ന ആശയം പറയുന്നതും സച്ചിനെ ക്ഷണിക്കുന്നതും കൂടെക്കൂട്ടി ഹൈദരാബാദിലെത്തി ഒറ്റ മുറിയിൽ താമസിക്കുന്നതുമൊക്കെ അമൽ ഡേവിസിന്റെ പദ്ധതിയാണ്. 

കോച്ചിങ് ക്ലാസിൽ പഠിപ്പിക്കുന്ന ഷോബി സാറിന്റെ കല്യാണത്തിനു പോകാമെന്നു തീരുമാനിക്കുന്നതും ബന്ധുവിന്റെ കാർ വാങ്ങി സച്ചിനുമൊത്ത് പോകുന്നതുമെല്ലാം അമലിന്റെ ഐഡിയയാണ്. ആ യാത്രയാണല്ലോ കഥാഗതിയിൽ നിർണായകമായിത്തീരുന്നത്. 

സച്ചിൻ നായിക റീനുവിനെ ആദ്യമായി കാണുന്നത് ആ കല്യാണവീട്ടിൽ വച്ചാണല്ലോ. കൂടാതെ, സച്ചിൻ ആവശ്യപ്പെട്ടയുടൻ ബന്ധുവായ മേരിയാന്റിയുടെ ചിക്കൻ റസ്റ്ററന്റിൽ ജോലി ശരിയാക്കി നൽകുന്നതിനും അമലിന് ഒരു വിമുഖതയുമില്ല. റീനുവും സച്ചിനുമായുള്ള ബന്ധം സുഗമമാക്കാനുള്ള പൊടിക്കൈകളൊക്കെ സൃഷ്ടിച്ചെടുക്കുന്നതും അമലാണ്. കപ്പിൾസായി പബ്ബിൽ പോകാനുള്ള ഐഡിയ പറയുന്നതിലൂടെ റീനുവും സച്ചിനും ഒരുമിച്ച് ആദ്യമായി പുറത്തു പോകുന്നതിന് അവസരമൊരുക്കുന്നതും അമൽ ഡേവിസാണ്. 

still-from-premalu
പ്രേമലു സിനിമയിലെ ഒരു രംഗം (Photo: @sangeeth.prathap/instagram)

ക്ലൈമാക്സ് സീനകളിലൊന്നിൽ ആദി അമലിനെ ഇടിക്കുമ്പോൾ അവനെ ഇടിക്കല്ലേ, എല്ലാ പരിപാടിയും നിർത്തി പോകുകയാണ് എന്നു കേണപേക്ഷിക്കുന്നതും കാണിക്കുന്നത് അമൽ ഡേവിസിന്റെ കൂട്ടുകാരനോടുള്ള കളങ്കമില്ലാത്ത സ്നേഹം തന്നെ. ഒപ്പം അവസാന സീനിൽ സച്ചിനെ കെട്ടിപ്പിടിച്ച് തലമുടിയിൽ തഴുകി യാത്രയാക്കുമ്പോൾ അമലിന്റെ കണ്ണുകളിൽ സച്ചിനെ പിരിയുന്നതിലുള്ള വിഷമം മുഴുവൻ വായിച്ചെടുക്കാനാകും. 

സമീപകാല സിനിമകളിലൊന്നും കാണാത്തത്ര ആഴത്തിലുള്ള കഥാപാത്ര സൃഷ്ടി തന്നെയാണ് അമലിന്റെയും അമ്പാന്റെയും വിജയത്തിനു പിന്നിൽ. നായകന്റെയോ നായികയുടെയോ വെറുമൊരു ‘സൈഡ് കിക്ക്’ ആയി വന്ന് സിനിമ കണ്ടിറങ്ങിയാലുടൻ പ്രേക്ഷകരുടെ മനസ്സിൽ നിന്നു മായുന്ന സഹതാരങ്ങളുടെയിടയിലാണ് സിനിമ സൂപ്പർഹിറ്റ് ആകുന്നതിനുപോലും കാരണമാകുന്നതരത്തിൽ ഈ രണ്ടു കഥാപാത്രങ്ങളുടെയും പ്രകടനം മാറുന്നത്. സച്ചിനും രംഗണ്ണനും പ്രേക്ഷക മനസ്സിൽ ഇടംനേടിയതിനു തുല്യമോ അതിലേറെയോ അമൽ ഡേവിസും‌ം അമ്പാനും അവരെ സ്വാധീനിച്ചുവെന്നതിനു തെളിവാണ് തുടരെയിറങ്ങിയ ട്രോളുകളും സമൂഹമാധ്യമ പോസ്റ്റുകളിൽ ഇരുവർക്കും ലഭിക്കുന്ന അഭിനന്ദനങ്ങളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com