ADVERTISEMENT

‘മലയാളി ഫ്രം ഇന്ത്യ’ എന്ന സിനിമയുടെ തിരക്കഥാ മോഷ്ടിച്ചുവെന്ന ആരോപണത്തിൽ പ്രതികരിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നിഷാദ് കോയ എഴുതിയ തിരക്കഥയുമായി ‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥയ്ക്ക് സാമ്യം തോന്നിയത് തികച്ചും ആകസ്മികമാണെന്നും ഒരേപോലുള്ള ആശയം ഒന്നിലധികം പേർക്ക് തോന്നാമെന്നും അസോസിയേഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിൽ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഈ സിനിമയുടേതിനു സമാനമായ ആശയത്തിലൊരു തിരക്കഥ ദിലീപിനെ നായകനാക്കി മറ്റൊരാൾ എഴുതിരുന്നതായും  ബി. ഉണ്ണികൃഷ്ണൻ വിശദമാക്കുന്നു.

‘‘നിഷാദ് കോയ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ നിന്നും മനസ്സിലായത്, അദ്ദേഹത്തിന്റെ പൂർത്തായാക്കിയ തിരക്കഥയാണ് ഡിജോ ജോസ് സംവിധാനം ചെയ്ത ‘മലയാളി ഫ്രം ഇന്ത്യ’യുടെ പ്രധാന പ്രമേയമെന്നാണ്. രണ്ടാമത്തെ പ്രശ്നം ഈ സിനിമയുടെ തലേദിവസം ആ സിനിമയുടെ കഥ വെളിപ്പെടുത്തി ഫെയ്സ്ബുക്കില്‍ അദ്ദേഹം പോസ്റ്റ് ഇടുന്നു. ഇതുകാരണം ഒരു നിർമാതാവിനുണ്ടാകുന്ന നഷ്ടം എത്രയെന്ന് മനസ്സിലാകും. അതിന്റെ കാര്യങ്ങളെക്കുറിച്ച് നിർമാതാക്കളുടെ സംഘടന പറയും.

ആദ്യത്തെ പ്രശ്നത്തെക്കുറിച്ച് ഇപ്പോൾ പറയാം. മലയാളി ഫ്രം ഇന്ത്യയുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ഷാരിസ് ആണ്. ഇന്ത്യയും പാകിസ്താനും ക്വാറന്റീനിലായിപ്പോകുന്ന കഥ. കോവിഡ് സമയത്ത് ഷാരിസ് മുഹമ്മദ് ഈ കഥ 'എല്ലാം ശരിയാകും' എന്ന സിനിമയുടെ ഛായാ​ഗ്രാഹകനായിരുന്ന ശ്രീജിത്തിനോട് പറഞ്ഞിരുന്നു. അവർ ഒരുക്കിയ ഡ്രാഫ്റ്റുകൾ കയ്യിലുണ്ട്. ഇത് സിനിമയാക്കുന്നതിനായി ഇരുവരും 2021 ഓഗസ്റ്റിൽ ഹാരിസ് ദേശം എന്ന പ്രൊഡക്‌ഷൻ കൺട്രോളറെ സമീപിച്ചിരുന്നു. അദ്ദേഹം റോഷൻ മാത്യുവിനെ കാണാൻ പറയുന്നു. പക്ഷേ പിന്നീട് ഈ ചർച്ചകൾ മുന്നോട്ടുപോകാത്ത അവസ്ഥയുണ്ടായി.

അങ്ങനെ ഈ സിനിമ നടക്കാതെ പോകുകയും ഷാരിസ് ‘ജനഗണമന’ ചെയ്യുകയുമായിരുന്നു. ആ സമയത്താണ് ‍ഡിജോയുമായി ഈ ആശയം ഷാരിസ് പങ്കുവയ്ക്കുന്നത്. അതുകൊണ്ട് തന്നെ മലയാളി ഫ്രം ഇന്ത്യയുടെ ടൈറ്റിലിൽ ക്രിയേറ്റിവ് കോൺട്രിബ്യൂട്ടർ എന്ന നിലയിൽ ശ്രീജിത്തിന് ക്രെഡിറ്റ് നൽകിയിട്ടുണ്ട്.

ജയസൂര്യയുമായി ഞങ്ങൾ സംസാരിച്ചിരുന്നു. ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനിടെ ഡിജോയോട് കഥയുടെ ഒരു വരിമാത്രം പറഞ്ഞിരുന്നെന്നും വിശദമായി പറഞ്ഞില്ലെന്നുമാണ് ജയസൂര്യ പറഞ്ഞത്. കൂടുതൽ കാര്യങ്ങൾ പറയാൻ നിഷാദ് കോയ വിളിക്കുമെന്നും പറഞ്ഞു. പക്ഷേ നിഷാദ് കോയയും ഡിജോയുമായി കമ്യുണിക്കേഷൻ നടന്നില്ല. അതിനിടെയാണ് പൃഥ്വിരാജ് പറഞ്ഞ്, ഈ കഥയുമായി സാമ്യത മനസ്സിലാക്കി ഡിജോയെ ലിജോ വിളിക്കുന്നത്. കഥയുടെ പ്രശ്നത്തക്കുറിച്ച് പറഞ്ഞ്് നിഷാദ് ഒരു പിഡിഎഫ് ഡിജോയ്ക്ക് അയയ്ക്കുന്നു. അത് ഞങ്ങൾ ഇന്ന് വേരിഫൈ ചെയ്തു. ആ പിഡിഎഫ് ഡിജോ ഇതുവരെ ഡൗൺലോഡ് ചെയ്തിട്ടില്ല. ഇപ്പോഴും അദ്ദേഹത്തിന്റെ ഫോണിൽ ഡൗൺ‍ലോഡ് ചെയ്യാത്ത പിഡിഎഫ് കിടപ്പുണ്ട്.

ഈ സാഹചര്യങ്ങൾ വിലയിരുത്തി നോക്കുമ്പോൾ മനസ്സിലാകുന്നത്, ഒരേ ആശയവും കഥയും ഒന്നലധികം എഴുത്തുകാർക്ക് ഉണ്ടാകാം. അങ്ങനെ ഉണ്ടായിട്ടുള്ള ചരിത്രമുണ്ട്. പാക്കിസ്ഥാനിയും ഇന്ത്യയും ക്വാറന്റീനിൽ പോകുന്നതാണ് രണ്ടുപേരുടെയും കഥ. പക്ഷേ സെക്കൻഡ് ഹാഫിൽ നടക്കുന്നത് വ്യത്യസ്തമായ കഥകളാണ്. 

2013ൽ ‘വടക്കൻ സെൽഫി’ എന്ന ചിത്രം സംവിധാനം ചെയ്ത പ്രജിത്തിന്റെ സംവിധാനത്തിൽ ദിലീപിനെ നായകനാക്കി രാജീവ് എന്ന വ്യക്തിയും ഇതിന് സമാനമായ തിരക്കഥ എഴുതിയിരുന്നു. അത് നിർമിക്കാനിരുന്നത് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് എം. രഞ്ജിത്താണ്. ദിലീപിന്റെ ചില അസൗകര്യങ്ങൾ മൂലം ആ സിനിമ നടക്കാതെ പോയി. രാജീവിന്റെ സിനിമ ഇതുവരെ നടന്നില്ലെന്നു മാത്രമല്ല അദ്ദേഹം സ്റ്റീല്‍ വർക്ക് ചെയ്യുന്ന തൊഴിലാളിയായി ഇപ്പോഴും ജോലി തുടരുകയാണ്.

വിചിത്രമായ ആകസ്മികത എന്തെന്നാൽ രാജീവിന്റെ കഥയിൽ പാക്കിസ്ഥാനിയെ ഒരു മലയാളി കബളിപ്പിക്കുന്നതായി ഒരു സംഭവമുണ്ട്. ആ വേഷത്തിലേക്ക് കാസ്റ്റ് ചെയ്തത് അജു വർ​ഗീസിനെയാണ്. മലയാളി ഫ്രം ഇന്ത്യയിലും ആ കഥാപാത്രമായി കാണിക്കുന്നത് അജുവിന്റെ ചിത്രമാണ്. മാത്രമല്ല അതിനകത്തെ ഒരു ഡയലോഗ് ഷാരിസും കൃത്യമായി തന്നെ ഈ സിനിമയിലും എഴുതിയിട്ടുണ്ട്. 

രാജീവ് ജീവിതത്തിൽ ഇന്നുവരെയും ഷാരിസിനെയോ ആരെയും കണ്ടിട്ടില്ല, ഇവരാരെയും പരിചയവുമില്ല. ഇത്തരം ആകസ്മികതകളാവാം എഴുത്തിനെ മനോഹരമാക്കുന്നത്. ഷാരിസിനും ഡിജോയ്ക്കുമെതിരെ ആൾക്കൂട്ട ആക്രമണം നടക്കുന്നുണ്ട്. സോഷ്യൽ മീഡിയ പോലും ഉപയോ​ഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇരുവരും നിൽക്കുന്നത്. ഈ തിരക്കഥ സ്വതന്ത്രമായാണ് ഷാരിസ് പൂർത്തിയാക്കിയതെന്ന് പൂർണമായും ഞങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സംഘടനകളുണ്ട്. അതിനെ പ്രയോജനപ്പെടുത്തുക. അതിവൈകാരിത മൂലം നമ്മുടെ രോഷം സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിക്കുമ്പോൾ ഉണ്ടാകുന്നത് ഇതുപോലുള്ള കലഹങ്ങൾ മാത്രമാണ്. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഇതുപോലുള്ള ഘട്ടം കടന്നുപോയിട്ടുണ്ട്. 2012ൽ ഗ്രാൻഡ് മാസ്റ്റർ ചെയ്യുമ്പോൾ ജീത്തു എന്റെ അടുത്തുവന്നു. മെമ്മറീസ് സിനിമയുമായി ഈ സിനിമയ്ക്ക് സാമ്യമുണ്ടെന്ന് കേട്ടുവെന്ന് പറഞ്ഞു.

2005ൽ ചെയ്ത ഒരു ടിവി സീരിയലിലെ ഒരു കഥയിൽ നിന്നുമാണ് ഗ്രാൻഡ് മാസ്റ്ററിന്റെ കഥ എടുക്കുന്നത്. അതിലെ കഥാപാത്രങ്ങളെ മാറ്റിയപ്പോൾ ജീത്തുവിന്റെ മെമ്മറീസുമായി സാദൃശ്യം വന്നു. പിന്നീട് അത് മാറ്റുകയായിരുന്നു. അതിനുശേഷം ഞങ്ങൾ രണ്ടുപേരും ആ സിനിമ ചെയ്തു. സിനിമയിൽ ഇത്തരം തുറന്നുപറച്ചിലുകൾ അത്യാവശ്യമാണ്. അല്ലെങ്കിൽ സംഘടനകളെ പ്രയോജനപ്പെടുത്തണം. നിഷാദ് കോയയെ ആരും പിന്തുണയ്ക്കുന്നില്ലെന്നല്ല. അദ്ദേഹത്തിനൊപ്പവും ഞങ്ങൾ നിൽക്കുന്നു. നിയമപരമായും നിഷാദിന് മുന്നോട്ടുപോകുവാനുള്ള അവകാശമുണ്ട്. ഇവിടെ ഷാരിസിന്റെ ഭാഗം വ്യക്തമാക്കാനാണ് ഞങ്ങൾ ഇവിടെ വന്നത്. ഒരു തിരക്കഥ നടക്കാതെ പോകുന്നതിന്റെ വിഷമം അദ്ദേഹത്തിനുമുണ്ട്. ഇത് എഴുത്തുകാർക്കിടയിൽ സംഭവിച്ച വിചിത്രമായ ആകസ്മികതയാണ്. അതുപോലെ രാജീവ് ഇനി സിനിമ എഴുതണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നുണ്ട്.’’– ബി. ഉണ്ണിക്കൃഷ്ണന്റെ വാക്കുകൾ.

English Summary:

B Unnikrishnan on Malayali From India script controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com