ADVERTISEMENT

പ്രണയത്തിനും പ്രണയസിനിമകൾക്കും പ്രത്യേകിച്ചൊരു കാലക്രമമോ കാലഭേദമോ ഇല്ല. സിനിമയിൽ ഏറ്റവുമധികം മാർക്കറ്റുള്ള പ്രമേയങ്ങളിലൊന്നും പ്രണയം തന്നെയാണ്. 2018–ലെ പ്രണയദിനം മുതൽ ഇന്ത്യൻ സിനിമ ചർച്ച ചെയ്ത അഡാറ് ലവ് എന്ന ചിത്രം റിലീസ് ചെയ്യാൻ സംവിധായകൻ ഒമർ ലുലു തിരഞ്ഞെടുത്തത് 2019–ലെ വാലന്റൈൻസ് ഡേയാണ്. ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷമെത്തിയ ചിത്രം പക്ഷേ പ്രേക്ഷകരുടെ പ്രതീക്ഷയെ പൂര്‍ണമായും കാക്കുന്നതായില്ല. 

 

Oru Adaar Love | Official Teaser ft Priya Prakash Varrier, Roshan Abdul | Shaan Rahman | Omar Lulu

പേരിലും ഉള്ളടക്കത്തിലും പ്രണയമുള്ള ചിത്രത്തിൽ ഒരു സ്കൂളും അവിടുത്തെ അധ്യാപകരും കുട്ടികളും അവർക്കിടയിലെ സംഭവങ്ങളുമാണ് അവതരിപ്പിക്കപ്പെടുന്നത്. നായകനും നായികയും പ്രണയിക്കുന്നു, പിരിയുന്നു, വീണ്ടും ഒന്നിക്കുന്നു അതിനിടയിൽ മറ്റൊരു പ്രണയം വരുന്നു. 

 

oru-adaar-love-tamil-teaser

ഒരു സ്കൂളിലെ പ്ലസ് വൺ ക്ലാസ് തുടങ്ങുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. അധ്യാപകരും വിദ്യാർഥികളും ചേർന്നുള്ള രംഗങ്ങളും തമാശകളുമൊക്കെ സിനിമയിലുണ്ട്. ചില തമാശകൾ ‘ഏൽക്കാതെ’ പോകുന്നതാണെങ്കിൽ ചിലത് ദ്വയാർഥം കലർന്നതാണ്. പ്രേക്ഷകനെ ചിരിപ്പിക്കുന്ന രംഗങ്ങളുണ്ടെങ്കിലും ആകെത്തുകയിൽ നോക്കിയാൽ അത് അളവിൽ ഏറെ കുറവാണ്. 

 

പ്രണയവും പ്രണയനഷ്ടവും സൗഹൃദവുമൊക്കെയായാണ് കഥ പുരോഗമിക്കുന്നത്. എന്നാൽ പ്രണയത്തിന്റെ ഫീലോ പ്രണയനഷ്ടത്തിന്റെ ദുഃഖമോ സൗഹൃദത്തിന്റെ ആവേശമൊ മുഴുവനായി പ്രേക്ഷകരിലേയ്ക്ക് എത്തിക്കാൻ കഴിഞ്ഞോ എന്ന് സംശയം. അനവസരത്തിൽ കുത്തിക്കയറ്റിയിരിക്കുന്ന പാട്ടുകളും ആസ്വാദനത്തിന് തടയിടുന്നവയാണ്. അപൂർവം ചില രംഗങ്ങൾ പ്രേക്ഷകനെ ആകർഷിക്കുമെങ്കിലും അത് സിനിമയിലുടനീളം നിലനിർത്താൻ അണിയറപ്രവർത്തകർ ശ്രമിച്ചിട്ടില്ല.

 

സിനിമ ഇറങ്ങും മുമ്പ് തന്നെ പ്രശസ്തരായ റോഷനും പ്രിയയും തങ്ങളുടെ ഭാഗങ്ങൾ തരക്കേടില്ലാതെ അഭിനയിച്ചു പ്രതിഫലിപ്പിച്ചു. പ്രിയയെ ബിഗ് സ്ക്രീനിൽ ആദ്യമായി കാണുന്നതിന്റെ ആവേശം പ്രേക്ഷകർക്കുണ്ടാകുമെങ്കിലും തന്റെ അഭിനയത്തിലൂടെ ആസ്വാദകനെ കൂടുതൽ ആകർഷിച്ചത് ചിത്രത്തിലെ മറ്റൊരു നായികയായ നൂറിൻ ഷെരീഫാണ്. സലിംകുമാർ, സിദ്ദിഖ്, ഹരീഷ്, അനീഷ് ജി. മേനോൻ, അൽത്താഫ് എന്നിവരുടെ കഥാപാത്രങ്ങൾ ചെറുതായിരുന്നെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കുന്നതായിരുന്നു. 

 

തിരക്കഥയുടെ ആഴമില്ലായ്മ സംവിധാനത്തിലൂടെ മറികടക്കാൻ ഒമർ ലുലു ശ്രമിച്ചെങ്കിലും ഒരു പരിധി വരെ അതിന് സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. സംഗീതവും ഛായാഗ്രഹണവും എഡിറ്റിങ്ങും സിനിമയ്ക്ക് യോജിച്ചതായി. പക്ഷേ അപ്പോഴും ഒരു ക്യാംപസ് സിനിമയിൽ നിന്ന് പ്രേക്ഷകന് ലഭിക്കേണ്ടതൊന്നും നൽകാൻ അഡാറ് ലവ്വിനായില്ല എന്നതാണ് സത്യം. സിനിമയുടെ കഥയിൽ അൽപം പുതുമ കൊണ്ടുവന്നിരുന്നെങ്കിൽ കുറച്ച് കൂടി നന്നായേനെ.

 

ചുരുക്കത്തിൽ കാത്തിരുന്ന് കാത്തിരുന്ന പുറത്തിറങ്ങിയ അഡാറ് ലവ് എന്ന സിനിമ, പേരിൽ മാത്രം ‘അഡാറ്’ ആകുന്നു എന്നതാണ് സത്യം. ടീസറിൽ കണ്ട കണ്ണിറുക്കലും ചില നല്ല രംഗങ്ങളും ഗാനങ്ങളും സിനിമയുടെ ആകർഷണമാണ്. പുതുമുഖതാരനിരയുടെ സിനിമയെന്ന നിലയിൽ അമിത പ്രതീക്ഷകളൊന്നുമില്ലാതെ പോയാൽ പ്രേക്ഷകരെ ചിത്രം നിരാശരാക്കില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com