ADVERTISEMENT

ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കാവുന്ന കൊച്ചുകേരളത്തെയും എന്തിന് ഇന്ത്യാ മഹാരാജ്യത്തെപ്പോലും ഭരിക്കുന്നത് ഇവിടെയുള്ള രാഷ്ട്രീയനേതാക്കന്മാരും ബിസിനസ് ടൈക്കൂണുകളുമാണ്. എന്നാൽ അവർ പോലുമറിയാതെ അവരെ നിയന്ത്രിക്കുന്നൊരു ശക്തി എവിടെയോ ഉണ്ട്. തിന്മയുടെ ശക്തി. അവനെ ‘ലൂസിഫർ’ എന്നുവിളിക്കാം.

 

വിന്‍‌സന്‍റ് ഗോമസ്, സാഗര്‍ എലിയാസ് ജാക്കി, ജഗന്നാഥൻ, ഇന്ദുചൂഡൻ, അവസാനം വന്ന പുലിമുരുകൻ.... അങ്ങനെയൊരു, മോഹൻലാല്‍ കഥാപാത്രത്തിന്റെ അവതാരപ്പിറവി കാത്തിരിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. ഇവരോടൊക്കെ കട്ടയ്ക്ക് നിൽക്കാൻ പറ്റുന്ന ഇരട്ടച്ചങ്കൻ തന്നെയാണ് ഹൈറേഞ്ചിലെ സ്റ്റീഫൻ നെടുമ്പളളി.

lucifer-movie-review-5

 

കേരള മുഖ്യമന്ത്രി പി.െക. രാംദാസിന്റെ അകാലമരണത്തോടെയാണ് ചിത്രത്തിന്റെ തുടക്കം. രാംദാസിന്റെ പിന്തുടർച്ചാവകാശി ആരെന്നതാണ് പിന്നീടുളള ചോദ്യം. അത് നീളുന്നത് അഞ്ചുപേരിലേക്കും. മൂത്തമകൾ പ്രിയദർശിനി, മരുമകൻ ബോബി, ഇളയമകൻ ജതിൻ, രാംദാസിന്റെ വിശ്വസ്തനായ മഹേന്ദ്ര വർമ, പിന്നെ സ്റ്റീഫൻ നെടുമ്പള്ളി. പാർട്ടിയിലെ ഒറ്റയാനായ സ്റ്റീഫന് പിന്തുണയായുളളത് നേതാക്കന്മാരല്ല അണികൾ തന്നെയാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ ചതികളിൽ വീണുപോകുന്ന സ്റ്റീഫന്റെ കൈകളിൽനിന്ന് അധികാരം നഷ്ടപ്പെടുന്നു. പകരം പിന്നിൽനിന്നു ബോബി നയിക്കുന്ന ഭരണം. ആ ഭരണം കേരളത്തെ കൊണ്ടുപോകുന്നത് വലിയൊരു വിപത്തിലേക്കാണെന്ന സത്യവും സ്റ്റീഫന് അറിയാമായിരുന്നു.

 

lucifer-movie-review-tovino

മോഹൻലാൽ ആരാധകർക്കും സിനിമാപ്രേമികൾക്കും വേണ്ട എല്ലാ ചേരുവകളും നിറഞ്ഞ മസാല എന്റർടെയ്നറാണ് ലൂസിഫർ. പൃഥ്വിരാജിന്റെ സംവിധാനമികവും സുജിത്ത് വാസുദേവിന്റെ അതിഗംഭീര ഫ്രെയിമുകളും അതിനൊക്കെ മുകളില്‍ മോഹൻലാൽ എന്ന സൂപ്പർ ബ്രാൻഡിന്റെ സ്ക്രീൻപ്രസൻസും. 

 

lucifer-mohanlal-prithviraj

കൃത്യതയോടെയും കൈയൊതുക്കത്തോടെയും കണക്കുകൂട്ടി എടുത്ത ഫ്രെയിമുകളാണ് തുടക്കം മുതൽ ഒടുക്കം വരെ ലൂസിഫറിലേത്.  അനമോർഫിക് ലെൻസ് ഉപയോഗിക്കുന്ന അനമോർഫിക് ഫോർമാറ്റിലാണു ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. തിയറ്ററുകളിൽ വൈഡ് സ്ക്രീനിൽ കാണുന്ന സിനിമ പുതിയൊരു അനുഭവമാകും പ്രേക്ഷകന് സമ്മാനിക്കുക.

 

മോഹൻലാൽ എന്ന നടനെ ഇഷ്ടപ്പെടുന്നവർക്കു വേണ്ട എല്ലാക്കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. സ്റ്റീഫൻ നെടുമ്പള്ളി ഇങ്ങനെയായിരിക്കണമെന്ന് സിനിമ കാണുമ്പോൾ നമുക്കു തോന്നും. 

 

sujith-vasudev-lucifer-4

ഇങ്ങനെ പറയുമ്പോൾ ഇതുപൂർണമായും സൂപ്പർസ്റ്റാർ ചിത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. രാംദാസ് എന്ന രാഷ്ട്രീയ അതികായന്റെ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. അത്തരമൊരു കുടുംബത്തിൽ സംഭവിക്കാവുന്ന സംഘർഷ, വൈകാരിക നിമിഷങ്ങളെല്ലാം ഈ ചിത്രത്തിലുമുണ്ട്. ഈ കഥാസന്ദർഭങ്ങളെ കോര്‍ത്തിണക്കി പതിഞ്ഞ താളത്തിലാണ് സിനിമയുടെ ആദ്യ പകുതി. ഇടവേളയില്‍ സർപ്രൈസ് താരത്തിന്റെ വരവും ജതിന്റെ രംഗപ്രവേശവും കൂടി ആകുന്നതോടെ സിനിമ ട്രാക്കിലാകുന്നു.

 

sujith-vasudev-lucifer-1

രാഷ്ട്രീയം പശ്ചാത്തലമാക്കി മയക്കുമരുന്ന് മാഫിയ, കളളപ്പണം, നേതാക്കന്മാരുടെ വഴിവിട്ട ബന്ധം ഇതൊക്കെ സിനിമയിൽ പറഞ്ഞുപോകുന്നു. തന്റെ മുൻകാല സിനിമകൾ പോലെ അതിഗൗരവമുള്ള തിരക്കഥാനിർമിതിയല്ല മുരളി ഗോപി നടത്തിയിരുക്കുന്നത്. പൂർണമായും ലൂസിഫറിനെ കൊമേഴ്സ്യൽ എന്റർടെയ്നറാക്കി മാറ്റിയിട്ടുണ്ട് മുരളി. മോഹൻലാൽ എന്ന താരത്തെയും ഒരുപരിധിവരെ നടനെയും ഒരുപോലെ ഉപയോഗപ്പെടുത്താൻ തിരക്കഥയ്ക്ക് കഴിയുന്നുണ്ട്. കഥാഗതിയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താതെ കഥാപാത്രത്തെ കരുത്തനാക്കുന്ന ഘടകങ്ങൾക്കാണ് സംവിധായകനും തിരക്കഥാകൃത്തും പ്രാമുഖ്യം നൽകിയത്. 

 

കഥാപാത്രം കരുത്തനാണെങ്കിലും കഥയുടെ ബലക്കുറവിൽ വീണുപോകുന്ന മാസ് എന്റർടെയ്നറുകൾ ഉണ്ടായിട്ടുണ്ട്. ഇവിടെ കഥാപാത്രത്തിനൊപ്പം കരുത്തുറ്റ മാസ് സന്ദർഭങ്ങൾ ലൂസിഫറിനെ വ്യത്യസ്മാക്കുന്നു. എന്നാൽ പക്കാ കൊമേഴ്സ്യൽ സിനിമകൾക്കുവേണ്ട ഐറ്റം ഡാൻസ് ഉൾപ്പടെയുള്ള ചേരുവകളും കരുതിയിട്ടുണ്ട്.

 

27 കാരക്ടർ പോസ്റ്ററുകളിൽ ആയി പരിചയപ്പെടുത്തിയ എല്ലാവരും കഥാപാത്രങ്ങളോട് നീതി പുലർത്തുന്ന പ്രകടനം തന്നെ കാഴ്ച വച്ചു. ബോബി എന്ന വില്ലനായി വിവേക് ഒബ്റോയി തിളങ്ങി. നടൻ വിനീത് ആണ് വിവേകിന് ശബ്ദം നൽകിയിരിക്കുന്നത്. പ്രിയദർശിനി എന്ന കരുത്തുറ്റ കഥാപാത്രത്തെ ഒരുപിടി മുകളിലെത്തിക്കാൻ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്.

 

ഇന്ദ്രജിത്, സായികുമാർ, നന്ദു, ബൈജു, കലാഭവൻ ഷാജോൺ, സാനിയ, നൈല ഉഷ, ജോൺ വിജയ്, ശിവജി ഗുരുവായൂർ, ജിജു ജോണ്‍, അനീഷ് ജി. മേനോൻ, സച്ചിൻ ഖഡേക്കർ (പി.കെ. രാംദാസ്), സുരേഷ് ചന്ദ്ര േമനോൻ(അബ്ദുൾ) തുടങ്ങിയവരും ചിത്രത്തിലെ പ്രധാനതാരങ്ങളാണ്. സയീദ് മസൂദ് എന്ന ഗാങ്സ്റ്ററായി പൃഥ്വിരാജ് ഉടനീളം ചിത്രത്തിലുണ്ട്. ജതിൻ രാംദാസ് എന്ന കഥാപാത്രത്തെ അനായസമായി അവതരിപ്പിച്ച് ടൊവീനോ കൈയടി നേടുന്നു.

 

ഇംഗ്ലിഷിലും മലയാളത്തിലുമുള്ള മോഹൻലാലിന്റെ പഞ്ച് ഡയലോഗുകൾ ആരാധകരുടെ സിരകളെ രസിപ്പിക്കും. എന്നിരുന്നാലും കഥയിൽ പുതുമ കൊണ്ടുവരാൻ സംവിധായകനോ തിരക്കഥാകൃത്തോ ശ്രമിച്ചിട്ടില്ല. രണ്ടാം പകുതിയിൽ കാര്യമായ സംഭവവികാസങ്ങളൊന്നും ഉണ്ടാകുന്നില്ല. അപ്രതീക്ഷിതമായ ചില ചെറിയ ട്വിസ്റ്റുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. 

 

ക്ലൈമാക്സ് എടുത്തുപറയണം. ഈ ചിത്രം എവിടെ തുടങ്ങുന്നോ അവിടെയാണ് അവസാനിക്കുന്നതും. അതായത്, ലൂസിഫർ ആര് എന്ന ചോദ്യത്തിനുത്തരമാണ് ഈ സിനിമയുടെ ക്ലൈമാക്സ്.

 

ആദ്യ സംവിധാനസംരംഭമെന്ന നിലയിൽ പൃഥ്വിരാജ് തീർച്ചയായും പ്രശംസ അർഹിക്കുന്നു. ആരാധകനെന്ന നിലയില്‍ മാത്രമല്ല കൃത്യബോധമുള്ള സംവിധായകനെന്ന നിലയിലും മികവോടെ തന്നെ ഈ ചിത്രത്തെ അവതരിപ്പിച്ചു ഫലിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു. തിരക്കഥ പൂർണമായും ഉൾക്കൊണ്ടു എന്നതാണ് പൃഥ്വിയെ വേറിട്ടുനിർത്തുന്നത്. കൂടാതെ സംവിധായകനും ഛായാഗ്രാഹകനും തമ്മിലുള്ള മനപ്പൊരുത്തം ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും തെളിഞ്ഞുകാണാം. സുജിത്ത് വാസുദേവിന്റെ ഏറ്റവും മികച്ച വർക്ക് എന്നു ലൂസിഫറിനെ വിശേഷിപ്പിക്കാം.

 

ദീപക് ദേവിന്റെ ബിജിഎം, സംഗീതം സിനിമയുടെ കരുത്താണ്. എഡിറ്റിങ്, സൗണ്ട് ഡിസൈൻ, ആക്‌ഷന്‍ കൊറിയോഗ്രഫി തുടങ്ങി സാങ്കേതികപരമായ എല്ലാ മേഖലകളിലും സിനിമ മികവുപുലർത്തുന്നു. മോഹൻലാൽ എന്ന സൂപ്പർതാരത്തിന്റെയും നടന്റെയും ആരാധകരെ തിയറ്ററിൽ പിടിച്ചിരുത്തുന്ന ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജിനും മോഹൻലാലിനും പിഴച്ചിട്ടില്ല; പ്രതീക്ഷയോടെ കാത്തുകാത്തിരുന്ന ആരാധകർക്കും.

 

English Summary: Lucifer Movie Review in Malayalam.
Cast: Mohanlal, Prithviraj, Manju Warrier, Tovino Thomas, Vivek Oberoi, Kalabhavan Shajohn.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com