ADVERTISEMENT

‘സോളോ’ കഴി​ഞ്ഞുള്ള ഒന്നരവർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല! നീണ്ട ഇടവേളയ്ക്കുശേഷം ദുൽഖറിന്റെ തറവാട്ടിലേക്കുള്ള മടങ്ങിവരവ് എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിച്ചു കാണാവുന്ന ഒരു കോമഡി ത്രില്ലറുമായാണ് - ഒരു യമണ്ടൻ പ്രേമകഥ. കാഴ്ചക്കാരുടെ പൾസ് അറിഞ്ഞുള്ള തിരക്കഥയാണ്  വിഷ്ണു ഉണ്ണികൃഷ്ണന്‍ - ബിബിന്‍ ജോര്‍ജ് എന്നിവര്‍ ഒരുക്കിയിരിക്കുന്നത്. കോമഡിക്കൊപ്പം സെന്റിമെൻറ്സും പ്രണയവുമെല്ലാം ഫലപ്രദമായി കൂട്ടിയിണക്കാൻ വിഷ്ണുവിനും  ബിബിനും കഴിഞ്ഞിട്ടുണ്ട്. നവാഗതനായ ബി.സി. നൗഫലാണ് സംവിധാനം. ആന്റോ ജോസഫാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

Oru Yamandan Premakadha first look poster

 

പ്രമേയം

 

കുലീന കുടുംബത്തിൽ ജനിച്ചിട്ടും നാട്ടിലെ ലോക്കൽ പിള്ളേരുമായി കൂട്ടുകൂടി നടക്കുകയാണ് ലല്ലു. പെയിന്റിങ് പണിക്കാരനായ പാഞ്ചിയുടെ അസിസ്റ്റന്റാണ് ലല്ലുവും കൂട്ടരും.  കാറ്റത്തഴിച്ചു വിട്ട പട്ടംപോലെ നടക്കുന്ന ലല്ലുവിനെ പെണ്ണുകെട്ടിക്കാനുള്ള വീട്ടുകാരുടെ ശ്രമം പാഴായപ്പോൾ പെണ്ണിനെ കണ്ടെത്താനുള്ള ചുമതല വീട്ടുകാർ കൂട്ടുകാരെ ഏൽപ്പിക്കുന്നു. ആദ്യ പകുതി ഇത്തരം രസക്കാഴ്ചകളുമായി മുന്നോട്ടുനീങ്ങുന്നു. 

oru-yamandan-premakadha-first-look

ഇടവേളയിൽ ലല്ലുവിന്റെ ഹൃദയത്തിൽ 'സ്പാർക്' അടിപ്പിച്ചു കൊണ്ട് ഒരു പെൺകുട്ടി കടന്നുവരുന്നു. പക്ഷേ അതിനുശേഷം ലല്ലുവിന്റെയും കൂട്ടുകാരുടെയും ജീവിതത്തിന്റെ വേഗം കൂടുന്നതും ചില ദുരൂഹതകൾ കണ്ടെത്താൻ വേണ്ടി അവർ നടത്തുന്ന അന്വേഷണവുമാണ് ചിത്രത്തിന്റെ രണ്ടാം പകുതി സജീവമാക്കുന്നത്. ലല്ലുവിന്റെ അന്വേഷണം ഫലപ്രാപ്തിയിലെത്തുമോ എന്നുള്ള ചോദ്യത്തിന്റെ ഉത്തരത്തിൽ ചിത്രം പര്യവസാനിക്കുന്നു. ക്ളൈമാക്സിൽ ചെറിയ ട്വിസ്റ്റുകളും ചിത്രം ബാക്കിവയ്ക്കുന്നുണ്ട്. പൊതുവെ മധ്യവർഗ മലയാളി പുച്ഛത്തോടെ കാണുന്ന ലോക്കൽ ജോലികൾക്കും  അതിന്റേതായ നന്മകളുണ്ട് എന്നും ചിത്രം സമർഥിക്കുന്നുണ്ട്. ആദ്യം യുക്തിയില്ലെന്നു തോന്നുന്ന ചില കാര്യങ്ങൾക്ക് ചിത്രത്തിന്റെ അവസാനം വിശദീകരണം നൽകാനും തിരക്കഥാകൃത്തുക്കൾക്ക് സാധിച്ചിട്ടുണ്ട്. 

 

 

അഭിനയം

 

അന്യഭാഷകളിൽ മോഡേൺ നായകനെ അവതരിപ്പിച്ച ശേഷം ലോക്കൽ കഥാപാത്രമായുള്ള ദുൽക്കറിന്റെ മാറ്റം ശ്രദ്ധേയമാണ്. സംഭാഷണത്തിലും ഡാൻസിലും സംഘട്ടനത്തിലുമെല്ലാം ആ നാടൻ ഛായ കാണാം. രണ്ടേമുക്കാൽ മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം എങ്കിലും തുടക്കം മുതൽ രസച്ചരട് പൊട്ടിക്കാതെ ചിത്രം മുന്നോട്ടു കൊണ്ടുപോകുന്നത് സലിം കുമാർ, സൗബിൻ, വിഷ്ണു കൂട്ടുകെട്ടാണ്. ‌അതിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത് സലിംകുമാറും. അതുവരെ പൊട്ടിച്ചിരിപ്പിച്ച താരത്തിന്റെ  ഒരു രംഗത്തിലെ പരിവർത്തനം കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. മിന്നായം പോലെ വന്നു അഭിനയമികവ് കൊണ്ടു കയ്യടി നേടി പോകുന്ന ചില താരങ്ങളുണ്ട്. ആക്‌ഷൻ ഹീറോ ബിജുവിൽ കണ്ടശേഷം അത്തരമൊരു കഥാപാത്രമായി സുരാജ് വെഞ്ഞാറമൂട് ഇൗ ചിത്രത്തിലും വിസ്മയിപ്പിക്കുന്നു. ഹരീഷ് കണാരൻ, ധർമജൻ എന്നിവരും ചിരിപ്പിക്കുന്നുണ്ട്. അന്ധനായി വിഷ്ണുവും വില്ലനായി ബിബിനും കട്ടയ്ക്ക് നിൽക്കുന്ന പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. പ്രകാശനെ തേച്ചിട്ടുപോയ നിഖില ഇത്തവണ പ്രേക്ഷകരുടെ ഇഷ്ടം നേടുമെന്നുറപ്പ്. ദുൽഖറിന്റെ മാതാപിതാക്കളായി അഭിനയിച്ച രഞ്ജി പണിക്കർ വിജി രതീഷ് എന്നിവരും കയ്യടി നേടി. സിനിമയുടെ നിർണായകഘട്ടത്തിൽ നായകനെ സഹായിക്കുന്നതും വിജി രതീഷിന്റെ അമ്മ കഥാപാത്രമാണ്. സംയുക്ത മേനോന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. 

 

 

സാങ്കേതിക മേഖലകൾ

 

ഒരു നവാഗത സംവിധായകൻ എന്ന നിലയിൽ നൗഫൽ കയ്യടി അർഹിക്കുന്നു. കടമക്കുടിയുടെ സൗന്ദര്യവും ഗ്രാമീണജീവിതവും സംഘട്ടനങ്ങളുമെല്ലാം സുകുമാറിന്റെ ക്യാമറ നന്നായി പകർത്തിയിരിക്കുന്നു.നാദിര്‍ഷ സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങളും ചിത്രത്തിന്റെ കഥാഗതിയോട് നീതിപുലർത്തുന്നുണ്ട്. ജോണ്‍ കുട്ടിയുടെ എഡിറ്റിങ്ങും ചിത്രത്തിന്റെ കാഴ്ചാക്ഷമത വർധിപ്പിക്കുന്നു.

 

 

രത്നച്ചുരുക്കം

 

ജീവിതത്തിൽ ചില കാര്യങ്ങളെങ്കിലും യാദൃശ്ചികമല്ലെന്നും മനുഷ്യരെ അറിയാതെ ബന്ധിപ്പിക്കുന്ന പല ഘടകങ്ങളുമുണ്ട് എന്നും ചിത്രം പറഞ്ഞുവയ്ക്കുന്നു. അവസാനം വരെ സസ്പെൻസായി അവശേഷിപ്പിച്ച ദുൽഖർ കഥാപാത്രത്തിന്റെ മുഴുവൻ പേര് വെളിപ്പെടുത്തുമ്പോഴാണ് തിയറ്ററിൽ ഏറ്റവും കയ്യടികൾ മുഴങ്ങുന്നത്. ചുരുക്കത്തിൽ അവധിക്കാലത്ത് വലിയ മസിലുപിടിത്തമൊന്നും ഇല്ലാതെ കുടുംബസമേതം പോയിക്കാണാവുന്ന ലോക്കൽ കോമഡി പ്രേമകഥയാണ് ചിത്രം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com