ADVERTISEMENT

കട്ടപ്പ എന്തിനാണു ബാഹുബലിയെ കൊന്നത് എന്ന ചോദ്യത്തിനുളള ഉത്തരത്തിനായി കാത്തിരുന്നതിനെക്കാൾ കൂടുതൽ ഒരുപക്ഷേ താനോസിനെ ആരു വക വരുത്തും എന്നു കാണാനാവും മലയാളികൾ കാത്തിരുന്നിട്ടുണ്ടാവുക. മലയാളികൾ മാത്രമല്ല ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ മുഴുവൻ കഴിഞ്ഞ ഒരു വർഷമായി അവഞ്ചേഴ്സ് എൻഡ് ഗെയിം എന്ന ബ്രഹമാണ്ഡ സിനിമയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു. മാർവെൽ സിനിമാറ്റിക്ക് യൂണിവേഴ്സിൽ നിന്നുള്ള 22 ാമത് ചിത്രമായ അവഞ്ചേഴ്സ് എൻഡ് ഗെയിം റെക്കോർഡുകൾ കട പുഴക്കി ലോകമെമ്പാടും പ്രദർശനം തുടരുമ്പോൾ കേരളത്തിലും അതിന്റെ അലയൊലികൾ ആഞ്ഞടിക്കുന്നുണ്ട്. 

 

ആക്‌ഷനും കോമഡിയും സെന്റിമെന്റ്സും എന്നു വേണ്ട ഒരു സാധാരണ പ്രേക്ഷകന്റെ (ഏതു പ്രായക്കാരന്റെയും) പൾസ് അറിയുന്ന എല്ലാ ചേരുവകളും ചേർത്തിട്ടുള്ള ചിത്രമാണ് അവഞ്ചേഴ്സ് എൻഡ് ഗെയിം. ഒരു സാധാരണ മാർവെൽ സൂപ്പർ ഹീറോ ചിത്രം പോലെ അടിമുടി ഇടി നിറഞ്ഞ പടവുമല്ല ഇത്. മറിച്ച്, മുമ്പുള്ള 22 ഭാഗങ്ങളിൽ നിന്നുള്ള ഏടുകൾ കഥയോട് കൂട്ടിയിണക്കി ഒരുക്കിയിരിക്കുന്ന, പേരിനോടു നൂറുശതമാനം കൂറു പുലർത്തുന്ന ഒരു ‘വിടവാങ്ങൽ’ ചിത്രമാണ് എൻഡ് ഗെയിം. 

avengers-teaser

 

അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ എവിടെ നിർ‌ത്തിയോ അവിടെ നിന്നുമാണ് എൻഡ് ഗെയിം ആരംഭിക്കുന്നത്. താനോസ് ഒരു ഞൊടിയിൽ പ്രപഞ്ചത്തിന്റെ പാതിയെത്തന്നെ ഇല്ലാതാക്കിക്കളഞ്ഞു. പലർക്കും തങ്ങൾക്കു പ്രിയപ്പെട്ട പലതും നഷ്ടപ്പെട്ടു. എന്നാൽ നഷ്ടപ്പെട്ടതു വീണ്ടെടുക്കാൻ അവഞ്ചേഴ്സിന് ഒരു അവസരം കൈ വരുന്നു. എന്നാൽ അവഞ്ചേഴ്സ് ഇപ്പോൾ പഴയതു പോലെ ഒന്നിച്ചല്ല ഉള്ളത്. പലരും പലയിടങ്ങളിൽ പല അവസ്ഥകളിൽ. എന്നാൽ ലോകത്തിന്റെ രക്ഷയ്ക്കായി അവർ വീണ്ടും ഒന്നിക്കാൻ തീരുമാനിക്കുന്നു. താനോസ് കൈക്കലാക്കിയ ആ കല്ലുകൾ സ്വന്തമാക്കി ലോകം തിരിച്ചു പിടിക്കാൻ അവർ ഇറങ്ങിപ്പുറപ്പെടുന്നതാണ് എൻഡ് ഗെയിമിന്റെ പ്രമേയം. 

avengers-end-game-new-trailer

 

ആദ്യം പറഞ്ഞതു പോലെ ആദ്യാവസാനം ആക്‌ഷൻ നിറഞ്ഞ സിനിമയല്ല എൻഡ് ഗെയിം. ക്ലൈമാക്സിലെ ബ്രഹ്മാണ്ഡ ആക്‌ഷൻ രംഗമൊഴിച്ചു നിർത്തിയാൽ മറ്റു പറയത്തക്ക ഫൈറ്റുകളൊന്നും ചിത്രത്തിലില്ല. മാർവെൽ സീരീസിനെക്കുറിച്ച് മുഴുവനല്ലെങ്കിലും ഒരു ഏകദേശ ധാരണയുള്ളവർക്ക് മാത്രമേ ചിത്രം ആസ്വദിക്കാനും സാധിക്കൂ. സെന്റിമെന്റൽ രംഗങ്ങളിലാണ് ചിത്രം ആരംഭിക്കുന്നത്. എന്നാൽ പിന്നീട് അത് ചെറിയ നർമങ്ങളിലേക്കു വഴി മാറുന്നു. അയൺമാൻ, ഹൾക്ക്, തോർ തുടങ്ങിയ കഥാപാത്രങ്ങളെ ഇതു വരെ കണ്ടതിൽ നിന്നു വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും ചിത്രത്തിൽ‌ കാണാം. ഇവരുടെ ഇൗ ഭാവമാറ്റം പ്രേക്ഷകരെ രസിപ്പിക്കുന്നതാണ്. ആദ്യ പകുതി വരെ ഇപ്രകാരമാണ് സിനിമ മുന്നോട്ടു പോകുന്നതും. 

Avengers-Endgame

 

രണ്ടാം പകുതിയിൽ കഥ കൂടുതൽ ഗൗരവമുള്ളതാകും. പ്രേക്ഷകരെ മുൾമുനയിലാക്കുന്ന പല രംഗങ്ങളും അവിടെയുണ്ട്. മുൻ ഭാഗങ്ങളിലെ രംഗങ്ങളിലേക്കുള്ള സിനിമയുടെ പോക്ക് മാർവെൽ ഫാൻസിന്റെ നൊസ്റ്റാൾജിയ ഉണർത്തുന്നതാണ്. പലയിടത്തായി ചിതറിക്കിടക്കുന്ന പലരും ഒറ്റ ദൗത്യത്തിനായി ഒന്നിക്കുമ്പോൾ ചിലരുടെ വേർപാട് പ്രേക്ഷകരെ വേദനിപ്പിക്കും. ഏതാണ്ട് അരമണിക്കൂറോളം ദൈർഘ്യമുള്ളതാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. അതുവരെ കഥ കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രം പിന്നീട് മാസ്സ് ആയി മാറും. സൂപ്പർ ഹീറോസ് എല്ലാവരും ഒന്നൊന്നായി അണിനിരന്നപ്പോൾ അവരെ ഒറ്റ ഫ്രെയിമിൽ ഉൾപ്പെടുത്താൻ സംവിധായകൻ നന്നേ കഷ്ടപ്പെട്ടിരിക്കണം. ഇങ്ങനെയൊരു ചിത്രത്തിന്റെ ക്ലൈമാക്സ് പ്രവചനീയമാണെങ്കിലും എൻഡ് ഗെയിമിൽ അവസാനം ചില ട്വിസ്റ്റുകളൊക്കെ ഉണ്ട്. അവ എന്താണെന്ന് കണ്ടു തന്നെ അറിയണം.

 

അവഞ്ചേഴ്സ് പോലുള്ള ഒരു സിനിമയുടെ സാങ്കേതിക വശങ്ങളെ വിലയിരുത്തേണ്ട ആവശ്യമില്ല. സംവിധായകരായ റൂസോ സഹോദരന്മാർ മുതലിങ്ങോട്ട് ഛായാഗ്രാഹകനും എഡിറ്ററും വിഎഫ്എക്സ് വിഭാഗവും എല്ലാം ഒന്നിനൊന്ന് മികച്ചത്. അവഞ്ചേഴ്സിന്റെ ഗംഭീര പശ്ചാത്തല സംഗീതം എൻഡ് ഗെയിമിലും സമർഥമായി ഉപയോഗിച്ചിരിക്കുന്നു. റോബർട്ട് ഡൗണി ജൂനിയർ, ക്രിസ് ഇവാൻസ്, ക്രിസ് ഹെംസ്‌വർത്ത്, സ്കാർലെറ്റ് ജോൺസൺ തുടങ്ങിയ എണ്ണമറ്റ താരനിരയും തങ്ങളുടെ ഭാഗം മികച്ചതാക്കി. വ്യക്തിപരമായ മികവിനേക്കാൾ ഒരു ടീമിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇൗ ചിത്രവും എന്ന് വ്യക്തം. 

 

മൾട്ടിസ്റ്റാർ ചിത്രങ്ങൾ പൊതുവേ തിയറ്ററിലും പ്രേക്ഷകന്റെ മനസ്സിലും ഉണ്ടാക്കുന്ന വികാരങ്ങൾ വലുതാണ്. അപ്പോൾ ഒരു മൾട്ടി സൂപ്പർസ്റ്റാർ ചിത്രം ഉണ്ടാക്കുന്ന ഒാളം എത്രത്തോളമാകും. എണ്ണമറ്റ സൂപ്പർ ഹീറോകൾ ഒന്നിക്കുന്ന എൻഡ് ഗെയിം പ്രേക്ഷകന് സമ്മാനിക്കുന്നതും അതേ എനർജിയാണ്. കയ്യടിക്കാനും വിസിലടിക്കാനും കണ്ണീരണിയാനും ഒടുവിൽ ഒരു പുഞ്ചിരിയോടെ തിയറ്റർ വിട്ടിറങ്ങാനും കഴിയുന്ന ഒരു ഗംഭീര ചിത്രം – അവഞ്ചേഴ്സിനെ അങ്ങനെ വിശേഷിപ്പിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com