ADVERTISEMENT

ചിരിയും ഉദ്വേഗവും വഴിത്തിരിവുകളും സമാസമം ചേർത്തൊരുക്കിയ എന്റർടെയ്നറാണ് ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’ എന്ന ചിത്രം. 'വടക്കൻ സെൽഫി'ക്ക് ശേഷം ജി. പ്രജിത് സംവിധാനം ചെയ്ത ചിത്രം ഒരു നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്.

 

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന പ്രേക്ഷകപ്രീതി നേടിയ ചിത്രത്തിനുശേഷം സജീവ് പാഴൂർ കഥയും തിരക്കഥയും രചിച്ചിരിക്കുന്നു. ഗ്രീന്‍ ടിവി എന്റര്‍ടെയിനർ , ഉര്‍വ്വശി തിയറ്റേഴ്സ് എന്നിവയുടെ ബാനറിൽ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

 

Sathyam Paranja Vishwasikuvo | Official Teaser 01 | Biju Menon | Samvritha Sunil | G Prajith

സുനി കെട്ടിടനിർമാണത്തൊഴിലാളിയാണ്. പ്രേമിച്ചു കെട്ടിയ ഭാര്യയും മകളുമുളള കുടുംബമുണ്ടെങ്കിലും നല്ലൊരു ഗൃഹനാഥനല്ല കക്ഷി. അധ്വാനിച്ചു സമ്പാദിക്കുന്ന കാശിന്റെ ഭൂരിഭാഗവും മദ്യത്തിനും ലോട്ടറിക്കും കൂട്ടുകാരുമൊത്തുള്ള ഒത്തുചേരലുകൾക്കും പൊടിക്കുന്നതാണ് അയാളുടെ രീതി. ഇതിന്റെ പേരിൽ വീട്ടിൽ അസ്വാരസ്യങ്ങളുമുണ്ട്. 

 

samvrutha-biju3

എങ്ങനെയെങ്കിലും കുറച്ച് കാശുണ്ടാക്കി ജീവിതം കളറാക്കണം എന്ന് ചിന്തിച്ചിരിക്കെ അതിനുള്ള ഒരു അവസരം സുനിയുടെ മുന്നിൽ വന്നുവീഴുന്നു. അയാൾ ഒരു അപകടത്തിന് ദൃക്‌സാക്ഷിയാകുന്നു. അത് മുതലാക്കാൻ ശ്രമിക്കുന്ന സുനിയെയും കൂട്ടുകാരെയും പക്ഷേ കാത്തിരുന്നത് അതിലും വലിയ വയ്യാവേലികളായിരുന്നു. ഒടുവിൽ അനുഭവങ്ങൾ അയാളെ കൊണ്ടെത്തിക്കുന്ന തിരിച്ചറിവുകളാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്. മറ്റൊരു 'നാട്ടിൻപുറം നന്മകളാൽ സമൃദ്ധം' ക്ളീഷേയുടെ പിന്നാലെ മാത്രം പോകാതെ ലോക്കൽ രാഷ്ട്രീയ കളികളും നാട്ടുകാരുടെ കള്ളത്തരവും സ്വാർഥതയും പകയുമെല്ലാം സ്വാഭാവികത്തനിമയോടെ ആവിഷ്കരിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

 

ബിജുമേനോൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഒരിടവേളയ്‌ക്കുശേഷം സംവൃത സുനിൽ നായികയായി എത്തുന്നു. അലൻസിയർ, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുകിളി പ്രകാശ്, വിജയകുമാര്‍, ശ്രുതി ജയന്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾ. 

 

ബിജുമേനോൻ തന്റെ പതിവുശൈലിയിൽ അലസനും കുടിയനുമായ സുനിയെ ഗംഭീരമാക്കുന്നു. ആറ് വർഷത്തിന് ശേഷം സംവൃതയുടെ തിരിച്ചുവരവാണ് ചിത്രത്തിന്റെ മറ്റൊരാകർഷണം. ഭർത്താവിന്റെ ഉത്തരവാദിത്തമില്ലായ്മ കൊണ്ട് പൊറുതിമുട്ടിയ നാട്ടിൻപുറത്തുകാരിയായ ഭാര്യയുടെ വേഷം സംവൃത ഭംഗിയാക്കിയിട്ടുണ്ട്, വിശേഷിച്ചു വൈകാരികരംഗങ്ങളിൽ. എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം ശ്രുതി ജയൻ എന്ന നടിയുടേതാണ്. ശക്തമായ അഭിനയത്തിലൂടെ ഇവർ ചിത്രത്തിൽ സ്‌കോർ ചെയ്യുന്നുണ്ട്. മൂലകഥയ്ക്കു സമാന്തരമായി വികസിക്കുന്ന ലോക്കൽ രാഷ്ട്രീയ കഥയിലെ അഭിനേതാക്കളും നാട്ടുകാരുമെല്ലാം തങ്ങളുടെ റോൾ ഭദ്രമാക്കുന്നു.

 

ഷെഹനാദ് ജലാല്‍  ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങ് നിര്‍വഹിക്കുന്നു. ഗാനങ്ങൾ ഷാൻ റഹ്മാൻ. പശ്ചാത്തല സംഗീതം ബിജിപാൽ. ഒരു അപകടത്തെ ചുറ്റിപ്പറ്റിയാണ് കഥാഗതിക്ക് ചൂടുപിടിക്കുന്നത്. ചിത്രത്തിലെ നിർണായകമായ ഈ രംഗം വളരെ സ്വാഭാവികതയോടെ ദൃശ്യവത്കരിച്ചത് ശ്രദ്ധേയമാണ്. രണ്ടാം പകുതിയിൽ ഒരു മിസ്റ്ററി ത്രില്ലർ ശൈലിയിലേക്ക് ചിത്രം ചുവടുമാറ്റുന്നു. ഇതിനു പശ്ചാത്തലസംഗീതം പിന്തുണയേകുന്നു. ഗാനങ്ങൾ നിലവാരം പുലർത്തുന്നു.

 

ചെറുതെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തിരക്കഥയാണ് ചിത്രത്തിലെ താരം. കല്യാണം വന്നാലും മരണം വന്നാലും കുപ്പി പൊട്ടിച്ച് വീശുന്ന മലയാളിയുടെ ശീലത്തെ ചിത്രത്തിൽ നർമത്തിൽ പൊതിഞ്ഞവതരിപ്പിച്ചിട്ടുണ്ട്. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടി മുട്ടിക്കാൻ പാടുപെടുന്ന കുടുംബങ്ങളിൽ മദ്യപാനം വരുത്തിവയ്ക്കാവുന്ന ദുരന്തങ്ങളെ കുറിച്ചൊരു ഓർമപ്പെടുത്തൽ നൽകിയാണ് ചിത്രം പര്യവസാനിക്കുന്നത്. ചുരുക്കത്തിൽ കുടുംബപ്രേക്ഷകരെ ചിത്രം രസിപ്പിക്കും എന്നുതീർച്ച.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com