ADVERTISEMENT

1983 എന്ന സിനിമയ്ക്കുശേഷം ക്രിക്കറ്റ് പശ്ചാത്തലമായി പ്രണയവും ചിരിയും വിതറുന്ന കൊച്ചുചിത്രമാണ് സച്ചിൻ. തൊണ്ണൂറുകളിൽ, നമ്മുടെ നാട്ടിൽ, വിശേഷിച്ച് കുടുംബസദസ്സുകളിൽ ക്രിക്കറ്റിന് സ്വീകാര്യത ലഭിക്കാൻ ഒരു താരവും കാരണമായിട്ടുണ്ട്- സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ.  അതിനുശേഷമാണ് മലയാളികൾക്ക് ക്രിക്കറ്റ് ഒരാവേശമായി മാറിയത്. 

 

SACHIN | OFFICIAL TRAILER | Santhosh Nair | Jude Agnel Sudhir | Vineeth | Aju | Dhyan

സച്ചിൻ തെൻഡുൽക്കർ തന്റെ കരിയറിലെ മികച്ച ഒരു സെഞ്ചുറി കുറിച്ച ദിവസം ജനിച്ച മകന് ക്രിക്കറ്റ് പ്രേമിയായ അച്ഛൻ ആ പേര് തന്നെയിട്ടു- സച്ചിൻ. വർഷങ്ങൾക്കുശേഷം, സാക്ഷാൽ സച്ചിന്റെ ജീവിതത്തിൽ സംഭവിച്ചത് പോലെ കഥയിലെ സച്ചിൻ തന്നെക്കാൾ പ്രായമുള്ള ഒരു പെൺകുട്ടിയെ (അവളുടെ പേരും അഞ്ജലി) കണ്ടുമുട്ടുന്നതും പ്രേമിക്കുന്നതുമാണ് ചിത്രത്തിലെ പ്രമേയം. പക്ഷേ സാക്ഷാൽ സച്ചിന്റെ പ്രണയം പോലെ അത്ര സുഗമമല്ലായിരുന്നു ഇവിടെ കഥാനായകന്റെ കാര്യം. ഇരുവീട്ടുകാരുടെയും എതിർപ്പ് മറികടന്നു അഞ്ജലിയെ സ്വന്തമാക്കാൻ സച്ചിൻ നടത്തുന്ന ശ്രമങ്ങളാണ് ഹാസ്യത്തിൽ പൊതിഞ്ഞു ചിത്രം അവതരിപ്പിക്കുന്നത്. 

 

sachin-trailer

സന്തോഷ് നായർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍. പുരം ജയസൂര്യയാണ്. ജൂഡ് ആഗ്‌നേല്‍, ജൂബി നൈനാന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിർമിച്ചിരിക്കുന്നു. അജു വര്‍ഗീസ്, മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

 

അലസനായ സച്ചിന്റെ വേഷം ധ്യാൻ ഭംഗിയാക്കിയിട്ടുണ്ട്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ അന്ന രേഷ്മ രാജനാണ് അഞ്ജലിയായി എത്തുന്നത്. ചിത്രത്തിൽ ചിരിയുടെ സ്‌പോൺസർഷിപ് ഏറ്റെടുത്തിരിക്കുന്നത് അജു വർഗീസും ഹരീഷ് കണാരനും രമേശ് പിഷാരടിയുമാണ്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും നിലവാരം പുലർത്തുന്നുണ്ട്.

 

ഒരു നാട്ടിൻപുറമാണ് കഥാപശ്ചാത്തലം. അവിടുത്തെ സ്പോർട്സ് ക്ലബുകൾ തമ്മിലുള്ള മത്സരവും ക്രിക്കറ്റുമെല്ലാം ചിത്രത്തിൽ വിഷയങ്ങളാകുന്നു. സമയം കളയാൻ മാത്രം ക്രിക്കറ്റ് കളിച്ചിരുന്ന സച്ചിന്റെ ഭാവി ജീവിതത്തെ നിർണയിക്കുന്ന ഘടകമായി ഒരുവേള ക്രിക്കറ്റ് മാറുന്നു. പ്രണയത്തിനും ക്രിക്കറ്റിനുമപ്പുറം അയാൾ യാഥാർഥ്യബോധത്തോടെ ചിന്തിക്കുന്നിടത്ത് ചിത്രം പര്യവസാനിക്കുന്നു. നാട്ടിൻപുറത്ത് കളിച്ചു വളർന്നവർക്ക് ഗൃഹാതുരതയോടെ താദാത്മ്യപ്പെടുത്താവുന്ന നിരവധി നർമ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്. അതുപോലെ ക്ളീഷേ രംഗങ്ങൾ ഒരുപരിധി വരെ ചിത്രത്തിന് ബാധ്യതയാകുന്നുമുണ്ട്. അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ പോയാൽ ഒരുതവണ കണ്ടാസ്വദിക്കാവുന്ന ചിത്രമായിരിക്കും സച്ചിൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com