ADVERTISEMENT

വിജയ് ദേവെരകൊണ്ടയും രശ്‌മിക മന്ദാനയും പ്രധാനവേഷങ്ങളിലെത്തുന്ന ഡിയർ കോമ്രേഡ് പ്രണയവും വിരഹവും നാടകീയതയും എല്ലാംകൂടിച്ചേരുന്ന കോക്ടെയിലാണ്. ബോബിയുടെയും ലില്ലിയുടെയും പ്രണയകഥയാണ് ചിത്രം. യുവാക്കൾ ഏറെ ആഘോഷിച്ച ഗീതാഗോവിന്ദത്തിനുശേഷം വിജയ്‌യും രശ്മികയും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് കോമ്രേഡിന്. കേരളമാണ് കഥാപശ്‌ചാത്തലം. രണ്ടു കാലഘട്ടത്തിലായാണ് ചിത്രം കഥ പറയുന്നത്.

Chat with Dear Comrade Team

 

മൈത്രി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ, മോഹൻ, യഷ് രങ്കിനേനി എന്നിവർ നിർമിച്ചിരിക്കുന്ന ചിത്രം ഭരത് കമ്മ സംവിധാനം ചെയ്യുന്നു. തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളിൽ ചിത്രം കഥപറയുന്നു. ഇഫോർ എന്റെർടെയ്ൻമെന്റ്സ് ആണ് കേരളത്തിലെ വിതരണാവകാശം എടുത്തിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകരനാണ് സംഗീത സംവിധാനം  ചെയ്തിരിക്കുന്നത്. 

 

dear-comrade-movie

പ്രമേയം 

 

ബോബി ചോരത്തിളപ്പുള്ള വിദ്യാർത്ഥി നേതാവാണ്. മൂക്കിൻ തുമ്പിലെ ദേഷ്യം ആവശ്യമില്ലാത്ത പ്രശ്നങ്ങളിൽ അയാളെ കൊണ്ടു ചാടിക്കുന്നുണ്ട്.  വർഷങ്ങൾക്കുശേഷം ബാല്യകാല സുഹൃത്ത് കൂടിയായ ലില്ലിയെ ബോബി കണ്ടുമുട്ടുന്നു. ലില്ലി ഇപ്പോൾ സ്റ്റേറ്റ് ക്രിക്കറ്റ് താരമാണ്. ദേശീയ ടീമിലേക്ക് സെലക്ഷൻ പ്രതീക്ഷിച്ചിരിക്കുകയാണ്.

dear-comrade-teaser

പിന്നീട് ഇരുവർക്കുമിടയിൽ ഉടലെടുക്കുന്ന പ്രണയവും പ്രണയഭംഗവും ഇരുവരുടെയും ജീവിതത്തിൽ വരുത്തുന്ന പരിവർത്തനങ്ങളും തിരിച്ചറിവുകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇതിനിടയിൽ സ്ത്രീ സുരക്ഷയും അധികാരി വർഗ്ഗത്തിന്റെ ദുഃസ്വാധീനവുമെല്ലാം ചിത്രം  ചർച്ച ചെയ്യുന്നു. സമീപകാലത്ത് നാം ഏറെ ചർച്ച ചെയ്ത സ്ത്രീസുരക്ഷയ്ക്ക് നേരിടുന്ന വെല്ലുവിളികളും വഴങ്ങിക്കൊടുക്കലിന്റെ നിർബന്ധിത രാഷ്ട്രീയവും 'മീ ടൂ' തുറന്നു പറച്ചിലുകളും കഥാഗതിയെ മറ്റൊരു വഴിത്തിരിവിലെത്തിക്കുന്നു. സ്ത്രീകൾക്കൊപ്പം നല്ലൊരു കോമ്രേഡ് ആയി നിൽക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് ചിത്രം പര്യവസാനിക്കുന്നത്.

 

അഭിനയം..

 

വിജയ് ദേവെരകൊണ്ട ആരാധകർക്ക് ആഘോഷിക്കാനുള്ളതെല്ലാം ചിത്രത്തിലുണ്ട്.  താരം അർജുൻ റെഡ്ഢിയിൽ അവതരിപ്പിച്ച ക്ഷുഭിത യൗവനത്തിന്റെ മറ്റൊരു പകർപ്പാണ് ഡിയർ കോമ്രേഡിലും കാണാനാവുക. കോളജ് കാലത്തെ വിപ്ലവം, ശേഷം അവധൂതനെ പോലെ അലയുന്ന കാലം, ഒരുവിൽ  തിരിച്ചറിവിന്റെ പക്വതയുള്ള കാലം..ഇവയെല്ലാം വിജയ് മനോഹരമായി അവതരിപ്പിക്കുന്നു.

 

ക്രിക്കറ്റിനെ സ്നേഹിക്കുന്ന, ജീവിതത്തിൽ വ്യക്തമായ ലക്ഷ്യങ്ങളുള്ള പെൺകുട്ടിയാണ് ലില്ലി. തന്റെ സ്വപ്നങ്ങളിലേക്കെത്താൻ അവൾ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ചിത്രത്തിന്റെ രണ്ടാം പകുതിയിൽ  മറ്റൊരു കഥാതലത്തിലേക്ക് വഴിമാറ്റുന്നു. ഗീതാഗോവിന്ദത്തിൽ നിന്നും കോമ്രേഡിലേക്ക് എത്തിയപ്പോൾ അഭിനേത്രി എന്ന നിലയിൽ രശ്‌മിക മെച്ചപ്പെടുന്നത് ചിത്രത്തിൽ പ്രകടമാണ്. വിജയ്‍യും രശ്മികയും തമ്മിലുള്ള കെമിസ്ട്രി ചിത്രത്തിലെ പ്രണയരംഗങ്ങൾക്ക് മിഴിവ് പകരുന്നുണ്ട്. മലയാളിയായ ശ്രുതി രാമചന്ദ്രൻ ചിത്രത്തിൽ ഉടനീളം പ്രാധാന്യമുള്ള ഒരു കഥാപാത്രമായെത്തുന്നു.

 

സാങ്കേതികമേഖലകൾ

 

ചിത്രത്തിലെ ഛായാഗ്രഹണം നിലവാരം പുലർത്തുന്നു. കേരളത്തിന്റെ പ്രകൃതിഭംഗിക്കൊപ്പം ഹിമാലയത്തിന്റെ മനോഹരകാഴ്ചകളും സുന്ദരമായി ഒപ്പിയെടുത്തിട്ടുണ്ട്. അതോടൊപ്പം പശ്ചാത്തല സംഗീതവും  ചിത്രത്തിന്റെ ആസ്വാദനതലം ഉയർത്തുന്നു. സിദ് ശ്രീറാമും ഐശ്വര്യ രവിചന്ദ്രനും ആലപിച്ച മധുപോലെ പെയ്ത മഴയിൽ ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടംനേടിയിട്ടുണ്ട്. എന്നാൽ മറ്റുഗാനങ്ങളിൽ  മൊഴിമാറ്റത്തിന്റെ ഫലമായുള്ള പോരായ്മകളും ദൃശ്യമാണ്. 

കെട്ടുറപ്പുള്ള തിരക്കഥയുണ്ടെങ്കിലും സംവിധാനത്തിൽ പലയിടങ്ങളിലും പോരായ്മകൾ കാണാനാകും.

 

പോരായ്മകൾ...

 

അന്യഭാഷാ ചിത്രങ്ങൾ മൊഴിമാറ്റം ചെയ്തവതരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന കല്ലുകടി ചിത്രത്തിന്റെ ആസ്വാദനത്തിൽ വിലങ്ങുതടിയാകുന്നുണ്ട്. കഴിവതും തെലുങ്ക് ഭാഷയിൽ തന്നെ ചിത്രം കാണുന്നതാകും കൂടുതൽ ആസ്വാദ്യകരം. മലയാളം കഥാഭൂമികയായി തിരഞ്ഞെടുത്തപ്പോഴും, അതിനെ സാധൂകരിക്കുന്ന കാസ്റ്റിങ് നൽകുന്നതിൽ ചിത്രം വേണ്ടത്ര ശ്രദ്ധ പുലർത്തിയിട്ടില്ല. കേരളത്തിലെ കോളജിൽ പഠിക്കുന്ന വിദ്യാർത്ഥികൾ, പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എന്നിവർക്കൊന്നും പേരിനുപോലും മലയാളിഛായ ഇല്ലാത്തത് ഒഴിവാക്കാമായിരുന്നു. സമയദൈർഘ്യമാണ് മറ്റൊരു വില്ലൻ. വേണമെങ്കിൽ രണ്ടേകാൽ മണിക്കൂറിൽ ഒതുക്കാമായിരുന്ന ചിത്രം വലിച്ചു നീട്ടി രണ്ടു മണിക്കൂർ അമ്പതു മിനിറ്റാക്കിയതും പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്നുണ്ട്.  

 

രത്നച്ചുരുക്കം...

 

ഒരു ക്ളീഷേ പ്രണയചിത്രം എന്നതിൽ ഒതുക്കാതെ ആനുകാലിക പ്രസക്തമായ സംഭവങ്ങളിലൂടെ ഒരു രാഷ്ട്രീയം പറഞ്ഞു വയ്ക്കുന്നത് ശ്ലാഘനീയമാണ്.അർജുൻ റെഡ്ഡി ശൈലിയിലുള്ള ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി പോയികാണാം. അല്ലാത്തവർ ഒഴിവാക്കുന്നതാകും  ഉചിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com