sections
MORE

കലാജീവിതത്തിന്‍റെ പുതുമയാർന്ന അവതരണം; റിവ്യു

oru-desha-vishesham
SHARE

കലയുടെ ഏത് ഔന്നത്യത്തിൽ നിൽക്കുമ്പോഴും പരസ്പര സ്നേഹവും വിശ്വാസവും ജീവിതത്തിനു നൽകുന്നതാണ് ശരിയായ താളമെന്ന് ചൂണ്ടിക്കാണിച്ചു തരുന്നതാണ് ‘ഒരു ദേശവിശേഷം’ സിനിമ. ഒരുപറ്റം വാദ്യ കലാകരൻമാരുടെ ജീവിതത്തിലൂടെയുള്ള യാത്ര. ആ യാത്രയ്ക്കിടെ അവർ നേരിടുന്ന വൈകാരികതയും പച്ച ജീവിതത്തിന്റെ യാഥാർഥ്യങ്ങളുമെല്ലാമാണ് ചിത്രത്തിൽ വരച്ചു കാണിക്കുന്നത്. മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെല്ലാം യഥാർഥ വാദ്യ കലാകാരൻമാരായിരുന്നു എന്നത് ചിത്രത്തിന് കൂടുതൽ കലാഭംഗി നൽകുന്നുണ്ട്. ഒരുപറ്റം പുതുമുഖ താരങ്ങളെ അവതരിക്കുമ്പോഴും അപക്വതയുടെ ലാഞ്ചന പോലുമില്ലാതെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നവാഗത സംവിധായകനായ ഡോ. സത്യനാരായണനുണ്ണിക്കു സാധിച്ചതും അതുകൊണ്ടു തന്നെയാണ്. കഥയും തിരക്കഥയുമെല്ലാം സത്യനാരായണനുണ്ണിയുടേതു തന്നെ.

സിനിമയിൽ നായകനായെത്തുന്ന വീരരാഘവ പൊതുവാളായി പോരൂര്‍ ഉണ്ണിക്കൃഷ്ണൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. പ്രതിനായക സ്ഥാനത്തുള്ള ഇരിക്കൂര്‍ മാധവന്‍കുട്ടിയെന്ന ശക്തമായ കഥാപാത്രമായി എത്തുന്ന പനമണ്ണ ശശിയും മറക്കാനാവാത്ത കാഴ്ചയാണ്. സിനിമയിൽ മികച്ച വേഷമൊരുക്കിയ മറ്റൊരു തായമ്പക കലാകാരനാണ് കൽപാത്തി ബാലകൃഷ്ണൻ. ചിത്രത്തിൽ തുടക്കം മുതൽ നായകനൊപ്പം യോജിച്ചും വിയോജിച്ചും കൂട്ടുകൂടിയും കൂട്ടുവെട്ടിയും കൽപാത്തിയുണ്ട്. താണ ജാതിയിൽ ജനിച്ചതുകൊണ്ട് വാദ്യകലയും ആയോധനകലയുമെല്ലാം നിഷേധിക്കപ്പെട്ടിട്ടും എല്ലാം സ്വന്തമാക്കിയ വേലുവിന്റെ മകൻ വാസു വൈദ്യർ.

Oru Desa Visesham Official Trailer | Dr. Sathyanarayananunni | K.T Ajayan | K.T Ramakrishnan

കലയുടെ നാട്ടുമുറ്റത്തു ജനിച്ചു വളർന്ന മൂന്നു കൂട്ടുകാരുടെ കഥ എന്നു ചുരുക്കിപ്പറയാനാവില്ല ഒരു ദേശവിശേഷത്തെ. സൗഹൃദത്തിന്റെ വിവിധ അർഥ തലങ്ങളിലൂടെ ഓരോ പ്രായത്തിലും കഴിഞ്ഞു പോകുന്നുണ്ട് ഈ മൂന്നു ചങ്ങാതിമാർ. മൂന്നു പേരും ഒരുമിച്ചു നിന്നാൽ അതിനെ തോൽപിക്കാൻ ഒന്നുമുണ്ടാകില്ലെന്നു പറയുന്ന മമ്മുവിന്റെ പിതാവിന്റെ വാക്കുകൾ കേട്ടു വളർന്നവർ. അഭിപ്രായ വ്യത്യാസങ്ങളിൽ വിഘടിക്കുകയും സ്നേഹിക്കുകയും പരസ്പരം പൊരുതുകയുമെല്ലാം ചെയ്യുമ്പോഴും അവസാനം സ്നേഹമെന്ന ഒരേ താളത്തിലേയ്ക്ക് ലയിച്ചു ചേരുന്നു മൂന്നു പേരും. കലാകാരന്റെ ജീവിതത്തിലുണ്ടാകുന്ന ഉയർച്ച താഴ്ചകളും ഓരോ ഘട്ടത്തിലുമുണ്ടാകുന്ന തിരിച്ചറിവുകളും കോറിയിടുന്നുണ്ട് സിനിമയിൽ. 

തായമ്പകയിൽ തന്നെ കൊട്ടിത്തോൽപ്പിക്കാൻ ആരുമില്ലെന്ന അഹങ്കാരത്തിനൊപ്പം എന്തിനു മുന്നിലും മാറാത്ത നിലപാടുകളും വീരരാഘവ പൊതുവാളിന് ശത്രുക്കളെ സമ്മാനിക്കുന്നുണ്ട്. ആർക്കും മുന്നിൽ വഴങ്ങാതിരിക്കുമ്പോഴും മനസാൽ വരിച്ച ഗുരുവിനു കൊടുത്ത വാക്കു പാലിക്കാനാവാതെ പോകുന്നതും ഗുരുവിന്റേതായിരുന്നതെല്ലാം ശത്രുപക്ഷത്തുള്ളവർ തട്ടിയെടുക്കുന്നതും കാണേണ്ടി വരുന്നു പൊതുവാളിന്. സ്വന്തം തട്ടകത്തിൽ കൊട്ടാനുള്ള അവസരം നഷ്ടപ്പെടുന്നതു മുതൽ അന്യനാട്ടിൽ ലഭിച്ച ആദ്യ പരിപാടിയിൽ പാതിക്കു വച്ചു കൊട്ടവസാനിപ്പിക്കേണ്ട അനുഭവം വരെ പുതിയ പാഠം നൽകുന്നു. അതോടൊപ്പം ജീവിതത്തിൽ സ്വന്തമെന്ന് കരുതിയ പ്രണയത്തിനു മുന്നിൽ വാതിൽ കൊട്ടിയടയ്ക്കപ്പെടുകയും ചെയ്തതോടെ അനുഭവം പൂർണമായി. ഒടുവിൽ എല്ലാം വച്ചു കീഴടങ്ങി തന്നെ സ്നേഹിച്ച് കാത്തിരുന്ന പത്നിക്കു മുന്നിൽ കൊട്ടിക്കയറുകയാണ് പൊതുവാൾ.. പുതിയ അനുഭവത്തിലേയ്ക്ക്.. പുതിയ ജീവിതത്തിലേയ്ക്ക്..

തായമ്പക എന്ന വാദ്യ കലയെ ചിത്രത്തിൽ തുടക്കം മുതൽ അനുഭവിച്ചറിയാനുള്ള അവസരം കൂടിയാണ് ഒരു ദേശവിശേഷത്തിന്റെ അണിയറക്കാർ ഒരുക്കിയിരിക്കുന്നത്. വാദ്യ കലയോട് അൽപമെങ്കിലും താൽപര്യമുള്ളവർക്ക് ദേശ വിശേഷം മികച്ച സിനിമയാണ്. കലാകാരൻമാർ തന്നെ അവരുടെ കഥപറയുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. കലയെ അൽപമെങ്കിലും സ്നേഹിക്കുന്നവർക്ക് മികച്ച അനുഭവമാകും ഒരു ദേശവിശേഷം. ആര്യചിത്ര ഫിലിംസിന്റെ ബാനറിൽ അഭിഭാഷകനായ കെ ടി അജയന്‍, കെ ടി രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കെ എം ശൈലേഷാണ്  എഡിറ്റിങ്. സരോജ് ഉണ്ണിക്കൃഷ്ണന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
FROM ONMANORAMA