ADVERTISEMENT

തൃശൂരിലെ ഏറ്റവും ഉശിരുള്ള ആണാണ് കാട്ടാളൻ പൊറിഞ്ചു. അവന്റെ പെണ്ണാണ് മറിയം. അവന്റെ ചങ്ങാതിയാണ് ജോസ്. പൊറിഞ്ചുവും മറിയവും ജോസും കൂടപ്പിറപ്പുകളോളം പോന്ന ചങ്കുകളാണ്. അടിയായാലും ഇടിയായാലും കുടിയായാലും കട്ടയ്ക്ക് നിക്കുന്ന ചങ്കുകൾ. ഇവരുടെ കഥയാണ് ഇൗ സിനിമ. പ്രണയവും പ്രതികാരവും കണ്ണീരും ചേർന്ന കഥ. ഇതുവരെ സാക്ഷാത്ക്കരിക്കാനാകാത്ത ഒരു പ്രണയത്തിന്റെ കഥ. ആരെയും വിറപ്പിക്കുന്ന ചങ്കൂറ്റത്തിന്റെ കഥ. ആരും അലിഞ്ഞു പോകുന്ന കണ്ണീരിന്റെ കഥ. 

 

ജോഷി എന്ന സംവിധായകന്റെ മികവ് എത്രത്തോളമാണെന്ന് എടുത്തു കാണിക്കുന്നതാണ് ഇൗ ചിത്രം. മാസും മസാലയും തമാശയുമൊക്കെ പാകത്തിന് ചേർത്തിരിക്കുന്നു. കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതിലും കഥാപശ്ചാത്തലത്തിലേക്ക് ആസ്വാദകരെ ആകർഷിക്കുന്നതിലുമാണ് അദ്യ പകുതി ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. ജോജു സ്നേഹമൊളിപ്പിച്ചു വച്ച തന്റെ പരുക്കൻ കഥാപാത്രത്തെ മനോഹരമാക്കി അവതരിപ്പിച്ചു. ചെമ്പൻ വിനോദിന്റെ ‍ഡിസ്ക്കോ ഡാൻസ് ആദ്യ പകുതിയുടെ ഹൈലൈറ്റ്. ജോസിന്റെ ചുണ്ടിലെ ഏരിയുന്ന ബീഡി വാങ്ങി പുകച്ചു നൃത്തം ചെയ്യുന്ന മറിയത്തിനും ആദ്യ പകുതിയിൽ കയ്യടി ലഭിച്ചു. 

 

ആദ്യ പകുതി പോലെയല്ല രണ്ടാം പകുതിയിൽ കഥാഗതിയുടെ സഞ്ചാരം. വിഷമങ്ങളെക്കുറിച്ചോർക്കാതെ ജീവിതം മതി മറന്നാ‌സ്വദിക്കുന്ന പൊറിഞ്ചുവിനും മറിയത്തിനും ജോസിനും ഇടയിലേക്ക് കണ്ണീർക്കണങ്ങൾ മഴയായി പെയ്തിറങ്ങുന്നു. ജീവിതത്തിന്റെ മറ്റൊരു മുഖത്തെ അവർ നേരിൽ കാണുന്നു. ആദ്യ പകുതിയിലെ കഥാപാത്രങ്ങളുടെ ‘അഴിഞ്ഞാട്ടത്തിൽ’ നിന്ന് രണ്ടാം പകുതിയിൽ അവരെ കുടുംബവും ബന്ധങ്ങളുമെന്ന തൊഴുത്തിൽ പിടിച്ചു കെട്ടുന്നു സംവിധായകൻ. കഥാസന്ദർഭങ്ങൾ പരിചിതമാണെങ്കിലും ഒരുപാട് പ്രവചനാത്മകമാകുന്നുമില്ല. 

 

മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റമാനായ ജോഷി ഇൗ സിനിമ‌യിലൂടെ ഒരിക്കൽ കൂടി തന്റെ മികവ് വിളിച്ചോതുന്നു. പുതുതലമുറയുടെ താളത്തിനൊപ്പിച്ച് പാകപ്പെടുത്തിയെടുത്ത തന്റെ സംവിധാനശൈലിയിലൂടെ അദ്ദേഹം ആസ്വാദകരെ ആകർഷിക്കുന്നു. ഇൗ ചിത്രം കാണുന്ന ആരും അദ്ദേഹത്തിന്റെ മേക്കിങ് ശൈലിയെ വാഴ്ത്തും. പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാവരും മികച്ചു നിന്നു. ജോജു പൊറിഞ്ചുവായി അനായാസം മാറിയപ്പോൾ ചെമ്പൻ വിനോദ് മാന്ത്രികച്ചുവടുകളും മികച്ച അഭിനയമുഹൂർത്തങ്ങളുമായി വിസ്മയിപ്പിച്ചു. നൈല ഉഷയുയെ മറിയം എന്ന കഥാപാത്രവും സുധി കോപ്പ അവതരിപ്പിച്ച ജോസിന്റെ അനിയൻ കഥാപാത്രവും മികച്ചു നിന്നു. ടി.ജി. രവി, സലിംകുമാർ, സ്വാസിക, വിജയരാഘവൻ തുടങ്ങിയവരും തങ്ങളുടെ ഭാഗങ്ങൾ മികച്ചതാക്കി. 

 

സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ച ജേക്സ് ബിജോയ് സിനിമയെ കൂടുതൽ മിഴിവുറ്റതാക്കി. ഛായാഗ്രഹണവും എഡിറ്റിങ്ങും ചിത്രത്തിനു യോജിച്ചതായി. എൺപതുകളിലെ കഥ പറഞ്ഞ സിനിമയുടെ കലാസംവിധാനവും മികച്ചു നിന്നു. ജോഷിയെ പോലൊരു സംവിധായകൻ ഒരുക്കുന്ന മാസ് സനിമയെന്നു കേൾക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ക്ലൈമാക്സല്ല ഇൗ ചിത്രത്തിന്റേത്. പൊറിഞ്ചുവും മറിയവും ജോസും ആടിത്തിമിർക്കുന്ന സിനിമയാണിത്. അവരുടെ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും സൗഹൃദത്തിന്റെയം കഥ. ജോഷി എന്ന സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ മികച്ച ചിത്രം. നല്ല സിനിമയെ സ്നേഹിക്കുന്ന ആർക്കും ധൈര്യമായി കാണാവുന്ന ചിത്രം. 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com